Dec 16, 2008

കാഗസ് കി കഷ്ടി (കടലാസു വഞ്ചി)

എടുക്കാം
തിരിച്ചെടുക്കാം
ധനവും യശ്ശസും
തിരിച്ചെടുക്കാം
എൻ താരുണ്യവും
പറിച്ചെടുക്കാം
തരൂ പകരം തിരിച്ചു തരൂ
മഴനനയിച്ചൊരെൻ
ബാല്യ ദിനങ്ങളെ
ആ കടലാസു വഞ്ചിയും
മഴച്ചാറലും

അവൾ,ഗ്രാമീണപഴമ തൻ
അടയാളമായവൾ
അവൾ.ബാല്യങ്ങൾ
ഞങ്ങൾ
മുത്തശ്ശിയെന്നു വിളിച്ചവൾ
അവൾ,മാലാഖ തൻ ഗീതം
വാക്കുകളിലെറ്റിയോൾ
അവൾ,ദശകങ്ങൾ വദനത്തിൽ
ചുളിവായ് വരഞവൾ
ആവില്ല മായ്ചാലും
മറക്കുവാനാവില്ല
നീളുന്ന കഥയും
ചുരുങ്ങുന്ന രാത്രികളും

ആ കടലാസു തോണിയും
മഴച്ചാറലും

പോള്ളുന്ന വെയിലിൽ
കിളികളെ പിടിച്ചും
ശലഭങ്ങൾ തൻ
പിറകെ കുതിച്ചും
പാവകലാണത്തിൽ
തമ്മിൽ കലഹിച്ചും
തിരയുന്ന കണ്ണുകളിൽ
നിന്നകന്നൊളിച്ചും
കിലുകിലെ നാദം
മുഴക്കുന്ന വളകളും
വളപ്പൊട്ട് തീർത്തൊരു
മുറിവിന്റെ പാടും

കടലാസു വഞ്ചിയും
മഴച്ചാറലും

കുന്നിൻ
നെറുകയിൽ
കളിവീട് തീർത്തും.
നമ്മുടെ,
കളങ്കങ്ങളില്ലാത്ത
ആശതൻ ചിത്രവും
സ്വപ്നവുംകളിക്കോപ്പു
മാത്രമാം ജീവനും.

ദുനിയാവിൻ
ദുഖവും
ബന്ധ്ത്തിൻ
ബന്ധനവും
തീർക്കാത്തൊരാ
കാലമെത്ര മനോഹരം

Dec 6, 2008

വേശ്യ

നിസ്സഹായതയുടെ
മകൾ.
തെറിഭാഷ
തന്റേടിയാവാനുള്ള
ചമയം.
ചമയത്തിനടിയിൽ
ഭാവം ദൈന്യത.
എങ്കിലും
മനസ്സുതട്ടി
പറയും
എന്നും
തേവിട്ശ്ശി മോൻ

Nov 14, 2008

പെറ്റ വയറല്ലേ,,

പെറ്റവയറല്ലേ
ഒരു നോക്കെങ്കിലും

മാറും തലയും
വെടിയുണ്ട
പിളർത്തിയ
മയ്യത്ത്‌
കാണുന്നതിലും....!!
എന്നാലും
പെറ്റവയറല്ലേ
ഒരു നോക്കെങ്കിലും....

കാണെണ്ടന്ന്
മൊഴിഞ്ഞുപോയത്
പോയവൻ പോയി
ജീവിക്കുന്നവർ-
ക്കെങ്കിലും
എന്ന് നിനച്ചതു
കൊണ്ടല്ല,
ഭീകരരുടെ
വേലിക്കെട്ടിൽ
പെട്ടേക്കുമോ
എന്ന് ഭയം
കൊണ്ടുമല്ല

അവനെറിയുന്ന
ബോംബിൽ
കരിഞ്ഞ
ശരീരത്തിന്റെ
പെറ്റവയറിനെ
ഓർത്ത്‌


എന്നാലും
പെറ്റവയറല്ലേ
ഒരു നോക്കെങ്കിലും...

Oct 27, 2008

മൈഥുനം എണ്ണിയെടുക്കുന്നവര്‍

എന്റെ ജനനത്തിനും കൃത്യം ഒരു മാസം മുന്‍പാണ് എന്റെ ഉപ്പ പ്രവാസിയാകുന്നത്.ഞാന്‍ പ്രവാസിയായതിനും ആറുമാസങ്ങള്‍ക്ക് ശേഷമാണ് ഉപ്പ പ്രവാസം അവസാനിപ്പിക്കുന്നത്.
ഓര്‍മ വെച്ച നാള്‍ മുതലുള്ള ഈ ജീവിതത്തിനിടക്ക് ഉപ്പയുമായി ഒത്തു കഴിഞത് കേവലം മൂന്നു വര്‍ഷം മാത്രമാണെന്ന കണക്കെടുപ്പ് ഏറെ കാലം മുന്‍പേ എടുത്തു തുടങ്ങിയതാണ്. ഒരു പക്ഷേ ഒന്നു സ്വസ്ഥമായിരുന്നാല്‍ ഒരേകദേശ കണക്കെടുപ്പിനപ്പുറം കൃത്യമായ ദിനങ്ങളുടെ കണക്കെടുപ്പു തന്നെ എടുക്കാനായേക്കും.

വിവര സാങ്കേതികങ്ങള്‍ അത്രയൊന്നും വിപുലമല്ലാതിരുന്ന ഒരു കാല‍ത്തെ പിതാവ്-പുത്രന്‍ എന്ന ജൈവികവും സാമൂഹികവുമായ ക്രമത്തേയും പരസ്പര്യ ബന്ധത്തേയും എങനെയാണ് പടുത്ത് ഉയര്‍ത്തിയിരുന്നത് എന്നും ഞങ്ങള്‍ക്കിടയിലെ സ്നേഹ ബന്ധം എങനെയാണ് സൃഷ്ടിക്കപ്പെട്ടതും പരിപാലിക്കപെട്ടതും എന്നത് ഏറെ കൌതുകത്തോടെ ഓര്‍ത്തെടുക്കാറുണ്ട്.

കേരളത്തെ കുറിച്ചുള്ള യാത്രാവിവരണത്തില്‍ വൈദേശിയായ ഒരു പത്രപ്രവര്‍ത്തക വരച്ചു വെച്ചു.“ കേരളത്തിലെ പാതയോരത്തും കായലോരത്തും വലിയ മാളികകളും സൌധങ്ങളും കാണും ഭംഗിയുള്ള വീടുകളും ഒത്തിരി കാണും. പക്ഷേ അവയില്‍ പലതും ശൂന്യമാണ്. വിദേശത്ത് ജീവിച്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വന്നു താമസിച്ചു പോവുന്നവര്‍.മറ്റു ചിലതില്‍ കുഞുങ്ങളും സ്ത്രീകളും മാത്രമേ ജീവിക്കുന്നുള്ളൂ. പുരുഷന്മാര്‍ വിദേശത്ത് ജോലി നോക്കുന്നവര്‍ , ഈ വലിയ വീടുകളില്‍ വര്‍ഷത്തിലൊരിക്കല്‍ അഥിതികളായ് എത്തുന്നവര്‍”.
കേരളീയന്റെ പ്രവാസം ഈയടുത്തൊന്നും തുടങ്ങിയതല്ല. ആവശ്യത്തിലധികം ചര്‍ച്ച ചെയ്ത് ക്ലീഷേ ആയി പോയ പദമാണ് പ്രവാസമിപ്പോള്‍ മലയാളത്തില്‍. എങ്കിലും ഈയൊരു തലക്കെട്ടില്‍ ഇത്തരം ഒരു കുറിപ്പിനു ഇപ്പോള്‍ കാരണം ബീരാന്‍ കുട്ടിയുടെ ഗള്‍ഫ് ഭാര്യ പോസ്റ്റും അതിന്മേല്‍ നടന്ന ചര്‍ച്ചയും , മാധ്യമം വാര്‍ഷിക പതിപ്പില്‍ എന്‍.പി ഹാഫിസ് മുഹമദിന്റേതായി വന്ന ഒരു പഠനവും ചേര്‍ത്തു വായിച്ചതു കൊണ്ടാണ്.
കേരളത്തില്‍ മൊത്തം പതിനെട്ടര ലക്ഷത്തോളം പ്രവാസികള്‍ ഉണ്ടെന്നാണ് കണക്ക്, ഏറ്റവും കൂടുതല്‍ ഗള്‍ഫ് ഭാര്യമാര്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനം കേരളമാണ്.കേരളത്തിലെ നൂറു കുടുംബങ്ങളില്‍ 27 പേരും വിദേശത്ത്.
70 കളിലെ ഗള്‍ഫ് ബൂമോടെ ശക്തമായി തുടങ്ങിയ പ്രവാസം മലയാളി സാമൂഹിക സാമ്പത്തിക ജീവിതത്തെ മാറ്റി മറിച്ചത് നിസ്സാരാളവിലൊന്നുമല്ല.
കേരളീയന്റെ പ്രവാസം മലയാളത്തിന്റെ ചില വാക്കുകകളുടെ അര്‍ത്ഥതലം തന്നെ മാറ്റി കളഞു.കുടുംബം ,വിരഹം തുടങ്ങിയവ പോലെ,
അണുകുടുംബത്തില്‍ പോലും കുടുംബം എന്ന സങ്കല്പം അഛന്‍,അമ്മ, കുട്ടികള്‍ എന്നിവരുടെ ചേര്‍ന്നുള്ള ജീവിതമെങ്കില്‍ പ്രവാസകാല മലയാളത്തിലെ കുടുംബത്തില്‍ ആംഗങ്ങളില്‍ പലരും അതിഥികളെ പോലെയായ്.
ഏറ്റവും തീക്ഷണമായ വൈകാരികാനുഭവമായിരുന്നു വിരഹം. വിരഹം എന്ന് ആ വാക്ക് അതിതീക്ഷണ്മായി അത് അര്‍ത്ഥമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനിച്ചു വീഴുമ്പോഴേ കുടുബാംഗത്തിന്റെ അകന്നിരിക്കല്‍ അനുഭവിക്കയും അതിലേക്ക് മാനസികമായി കണ്ടീഷന്‍ ചെയ്യപ്പെടുകയും ചെയ്ത പുതു പ്രവാസ കുടുംബത്തിലെ തലമുറക്ക് വിരഹം തീക്ഷണമാവുന്നില്ല. വിരഹാവസ്ഥ ജീവിതത്തിലെ അനിവാര്യതയാണെന്ന് അവര്‍ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ മനസ്സില്‍ പാകപ്പെടുത്തി വെച്ചിരിക്കുന്നു. അത്തരത്തില്‍ പ്രവാസം അര്‍ത്ഥതീക്ഷണത ചോര്‍ത്തികളഞ വാക്കാണ് വിരഹം.
************************

എന്റെ ഫ്ലാറ്റിനോട് ചേര്‍ന്ന വാതിലുള്ള അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നത് ഒരു ഫിലിപ്പിനോ കുടുംബം , 50 കഴിഞ അച്ചന്‍, 27 ഉം 25 ഉം വയസ്സ് പ്രായമുള്ള രണ്ട് ആണ്മക്കള്‍. അമ്മയും അനിയത്തികുട്ടിയും വരുന്നത് അവധികാലത്ത് കേവലം ചില ദിനങ്ങളിലേക്ക് മാത്രം.

ആ ഫ്ലാറ്റിലേക്ക് പല ദിനങ്ങളിലും അച്ചന്‍ അയാളുടെയും മക്കള്‍ അവരുടെയും ഗേള്‍ഫ് ഫ്രണ്ട്സ് (സെക്സ് മേറ്റ്??)മായി വരുനു. ലൈഗികത, ദാഹ വിശപ്പ് വിസര്‍ജ്ജനം പോലെയുള്ള ശാരീരികാവശ്യമാണെന്ന മാനസിക ബോധമുള്ള ഒരു സമൂഹത്തില്‍ സംഭവിക്കാവുന്നത്.

എന്നാല്‍ ലൈഗികത ജീവിത നിലനില്‍പ്പിന് അനിവാര്യമായി വെള്ളവും ഭക്ഷണവും പോലെയോ, അല്ലെങ്കില്‍ വിസര്‍ജ്ജനം പോലെ അടക്കി വെക്കാനാവാത്ത ഒന്നെല്ലെന്നും അത് സ്വയം നിയന്ത്രിക്കാവുന്ന വികാരമാണെന്നും വിദഗദര്‍ പറയുന്നു. അതൊരിക്കലും അടക്കി വെക്കാനാവുമായിരുന്നില്ലെന്കില്‍ വിവാഹ പൂ‍ര്‍വ്വ ലൈഗിക ബന്ധം നമ്മുടെ സമൂഹത്തില്‍ സാധാ‍രണമായി പോയേനെ.

കേരളീയന്റെ മാനസിക ബോധം രതി എന്നത് പ്രണയത്തിന്റെയും സ്നേഹത്തിന്റേയും പൂരണതയിലാണ്. അത് ശാരീരികത്തോടൊപ്പം മാനസികവുമായ ആവശ്യമാണ്. മനസ്സു ചേരാതെ കേവലം ശരീരം കൊണ്ട് സംത്രൃപ്തമാക്കാന്‍ കഴിയാത്തത്. അതു കൊണ്ടാണ് ഇരുപതഞ്ചും ഇരുപതും വര്‍ഷം പ്രവാസിയാവുകയും ജീവിതത്തിലെ മൈഥുനങ്ങളെ എണ്ണിയെടുക്കാനും കഴിയുന്ന പ്രവാസികളൂം സംതൃപത കുടുംബ ജീവിതം നയിക്കുന്നത്.

എന്നാല്‍ നമ്മുടെ പൊതു സമൂഹത്തിന്റെ ഒരു ധാരണ പ്രവാസി ഭാര്യമാര്‍ രതി സംതൃപ്തികിട്ടാതെ കാമാ‍സക്തരായി തൃഷണ മുറ്റി നിലക്കയാണെന്നും ഒന്നും തൊട്ടാല്‍ അവള്‍ വളയും വീഴും എന്നൊക്കെയുള്ള മൌഢ്യമാണ്. ജീവിതത്തിന്റെ അനിവാര്യ ഘട്ടത്തില്‍ കുടുംബനാഥയാവേണ്ടി വന്ന അവള്‍ ആരോടെങ്കിലും സംസാരിക്കുന്നത് പോലും ഈയൊരു മഞ കണ്ണില്‍ നോക്കിയെടുത്ത് കളയും അത്തരക്കാര്‍. പ്രവാസി ഭര്‍ത്താക്കന്മാരൊക്കെയും പ്രവസിത ദേശത്ത് വിവാഹ ബാഹ്യ ലൈഗിക സംത്ര്പ്തി നേടുന്നു എന്ന വിപരീത അര്‍ഥം കല്പിച്ചു കൊടുക്കേണ്ടി വരും ഈ മിഥ്യാ ധാരണക്ക്. അല്ലെങ്കില്‍ അവരും അസംതൃപ്ത ലൈഗികതയുള്ളവരാണെന്ന് അര്‍ഥം വെക്കാം. മറ്റൊരു പ്രവാസ ജീവിത ശൈലി ലൈഗിക മരവിപ്പ് സൃഷ്ടിക്കുന്നുവെന്നും അവര്‍ക്ക് ഇണയെ സംതൃപ്തിപെടുത്താനാവില്ല എന്നുമുള്ള വിശ്വാസം. യുവത്വം പിന്നിടുന്ന ഒരു സമൂഹത്തിലെ വ്യായാമ ആരോഗ്യ ജീവിത ശീലങ്ങളില്‍ പ്രവാസിയിലും ഇതരനിലും വലിയ മാറ്റങ്ങളൊന്നുമില്ല്.മാനസീക തലത്തിലാണ് അവരുടെ വ്യത്യാസം കൂടുതലായും ഉള്ളത്. ഇത്തരം മരവിപ്പുകള്‍ ശരീരത്തിന്റെയല്ല മനസ്സിന്റെയാണ് , അതു തന്നെ പ്രവാസാത്തിലേക്ക് കണ്ടീഷന്‍ ചെയ്ത് വളര്‍ത്തിയെടുത്ത പുതു തലമുറയില്‍ വളരെ ന്യൂനപക്ഷത്തിനു സംഭവിച്ചേക്കാവുന്നതും.
പ്രവാസവും വിരഹവും അനിവാര്യമാണെന്ന് അറിഞു വളര്‍ന്ന യുവ തലമുറയുടെ ലൈഗിക പ്രതിക്ഷകളും അതിനൊടൊപ്പം തന്നെ അവര്‍ പാകപ്പെടുത്തുന്നുണ്ട്. അതു കൊണ്ട് തന്നെ തൊട്ടാല്‍ തെറിക്കുന്ന തൃഷണ പേറുന്നവരല്ല ഗള്‍ഫ് ഭാര്യമാര്‍.
അകന്നിരിക്കലിലൂടെ മരവിപ്പ് വരുന്നവരുമല്ല പുതു തലമുറയിലെ ഗള്‍ഫ് ഭര്‍ത്താക്കള്‍.
ലൈഗികത ഏകാംഗ പ്രക്രിയല്ലെന്നും അത് ഒരു കൂടിച്ചേരലിലൂടെ സാക്ഷാത്കരിക്കപ്പെടുന്ന കര്‍മവുമായിരിക്കെ അത് ഒരാള്‍ക്ക് മാത്രമായി നഷടപ്പെടുന്നോ നേടുന്നോ ഇല്ല പ്രവാസത്തിലൂടെ.പക്ഷേ ജീവിതത്തിലെ ഒരു വൈകാരിക ശമനത്തെ എണ്ണിയെടുക്കാവുന്നടെത്തോളം പരിമിതമാവുന്നതിന്റെ നിസ്സഹായതയില്‍ സങ്കടപെടാതെ വയ്യ.

വാല്‍കഷ്ണം:- പ്രവാസത്തെ ഈയിടെയായി കുടിയേറ്റം എന്ന് വിളിച്ച് കാണുന്നു. കുടിയേറ്റം എന്ന വാക്കിനര്‍ത്തം തന്നെ “അന്യ ദിക്കില്‍ കുടി പാര്‍ക്കല്‍ “ എന്നാണ്. കുടിയേറുന്നവന്‍ കുടിയേറ്റദേശത്ത് തന്നെ ജീവിതം കരുപിടിപിച്ച് ആദേശത്തിന്റെ അംഗമായി കുടുംബം അവിട്ടെ നട്ടു നനച്ചെടുത്ത് കുടിവെക്കുന്നവനാണ്. പലപ്പോഴും ആ ദേശത്തിനെ ചില സംസ്കാരങ്ങളെ സ്വാംശീകരിക്കുന്നവരും. നമ്മുടെ പഴയ മലയോര കര്‍ഷക കുടിയേറ്റങ്ങള്‍ തന്നെ ഉദാഹരണം.
എന്നാല്‍ പ്രവാസത്തിനര്‍ത്തം താല്‍കാലിക വിരഹം, വിദേശവാസം എന്നാണ്. പ്രവാസി ഒരിക്കലും പ്രവസിത ദേശത്തോട് ഒട്ടുന്നില്ല. അവന്‍ അവിടെ അന്യന്യായി തന്നെ നില്‍ക്കുന്നു. അതൊരു താല്‍കാലിക ഇടം മാത്രമാണെന്നും എത്രയും പെട്ടെന്ന് ഒരു തിരിച്ച് പോക്ക്ക് ആശിക്കുന്നവനുമാണ്.അതു കൊണ്ട് തന്നെ പ്രവസിത ദേശത്ത് അവന്‍ ഒന്നും സ്വന്തമാക്കുന്നില്ല. സ്വന്തമായതൊക്കെ അവന്‍ നാട്ടിലേക്ക് എത്തിക്കുന്നു. കുടും‌ബം നാട്ടിലായി പോവുന്നവനെ പ്രവാസി എന്ന് തന്നെ വിളിക്കലാവും ചേര്‍ച്ച എന്ന് തോന്നുന്നു. മലയാളിയുടേത് ഗള്‍ഫ് കുടിയേറ്റമല്ല പ്രവാസം തന്നെയാണെന്ന് പറയാലാവും ശരി എന്ന് തോന്നുന്നു.

Oct 16, 2008

സാക്ഷ്യങ്ങളാണ്‌

സാക്ഷ്യങ്ങളാണ്‌
മൊഴിയാവാന്‍
വാക്കുകളില്ലാത്ത
സാക്ഷ്യങ്ങള്‍

പാതി കടിച്ച
പേരക്ക
പഴയതെങ്കിലും
തേച്ചു വെളിപ്പിച്ച
ഒരു ജോടി ഹവായ്‌

അച്ചനെയറിയാത്ത
ജന്മം നല്‍കിയപ്പോഴെ
മരിച്ച അമ്മയുടെ
ഛായയുള്ള
പിച്ച വെച്ച്‌ തുടങ്ങുന്ന കുഞ്ഞ്‌
അമ്മയുടെ ഒക്കത്ത്‌
ചാനലുകളില്‍
ലൈവാകുന്ന
പിഞ്ചു കിടാവ്‌

ചേറില്‍ പൂണ്ട്‌
കിടക്കുന്ന തലയോടിന്റെ
പടവും
സാക്ഷ്യങ്ങളാണ്‌

പടിയിറങ്ങുന്ന
ബാലികമാരുടെ
അമ്മമാരുടെ
നെഞ്ചിലേക്ക്‌
ഉന്നം പിടിച്ച
കവണകളും

Sep 24, 2008

സ്മാര്‍ത്ത വിചാരം

അവന്‍ കറുത്ത
കോട്ടിട്ട വെളുത്തവനായിരുന്നു

സാരിയണിഞ്ഞ
പൊട്ടുകുത്തിയ
“സാധനത്തിന്റെ
സാരിതുമ്പു
പിടിച്ചു കൊടുത്തത്
തലപ്പാവണിഞ്ഞ മകന്‍
കൂട്ടികൊടുത്തത്
വെളുത്ത തൊലിയുളള്ള
മരുമോളും

അതിനും പിറകില്‍
വിചാരം കാ‍ത്തു കിടന്ന
അവളുമാര്‍ പലതായിരുന്നു.
കറുത്തും വെളുത്തും മഞ്ഞച്ചും
കുര്‍ത്തയും ബുര്‍ഖയും ജീന്‍സും
ധരിച്ചവര്‍,

അവന്‍ കറുത്ത
കോട്ടിട്ട വെളുത്തവനായിരുന്നു
പൂര്‍വികന്റെ ഛായയുള്ളവൻ,

Sep 18, 2008

പടിഞ്ഞാറ്

പുഴയുടെ ഒഴുക്കെന്നും
പടിഞാറേക്കെന്ന
വിശ്വസിപ്പികലിനെ
തകരത്തത് ആറാം
ക്ലാസിലെ സ്റ്റഡുടൂറിന്റന്ന്
കാവേരി പുഴയാണ്.

നമസ്കാരം പടിഞ്ഞറേക്ക്
തിരിഞെന്നത്
പ്രവാസത്തിന്റന്ന്
അറേബ്യയ്യും

തകര്‍ക്കാനാവാ‍ത്തത്,
ഉദയയും
വെളിച്ചം വിരിയികുന്നതും
കിഴക്കെന്നും
ഉദിപ്പിച്ചതിനേയും
വെളിച്ചത്തേയും
കവരുന്നത്
പടിഞ്ഞാറെന്നുമുള്ള
വിശ്വാസം മാത്രം

Sep 12, 2008

ഓർമ

ബാല്യത്തിലെ നോമ്പോർമകളിലേക്ക് പോയാലും ഞാൻ എത്തിപ്പെടുന്നത് പുഴ വലയം ചെയ്യുന്ന എന്റ് ഉമ്മ വീട്ടിലേക്കായിരിക്കും, ബാല്യ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ഉപ്പ വീട് അല്ലെങ്കിൽ ഞങളുടെ വീട്ടിലായിരുന്നെങ്കിലും ഓർമകളിൽ ഉമ്മ വീടിനു ഭൂരിപക്ഷം കൂടും,

നോമ്പുകാലം ഓർമകളിൽ നിശബ്ദമാണ്.പ്രത്യേകിച്ചും ഉമ്മ വീട്ടിൽ, പുലാശ്ശേരി എന്ന ഉമ്മവീട് ഏക്രറോളം പരന്നു കിടക്കുന്ന കവുങിൻ തോട്ടത്തിലാണ്. നോമ്പെല്ലാത്ത കാലത്തും അവിടെ ഒരു നിശബ്ദത വലയം വെക്കാറുണ്ട്.2 മണിയോടെ ഉച്ച ഭക്ഷണം കഴിച്ച ശേഷം അസർ വാങ്കു വരേയുള്ള മധ്യാഹ്ന സമയത്ത്, വീട്ടിലെ ആണുങളൊക്കെയും പുറത്തോ , ജോലിയിടങളിലോ ആയിരിക്കും , ഉമ്മമ്മയും ഉമ്മയും പുഴയിലെ കുളിയും ഉച്ച ചോറും കഴിഞ് ളുഹർ നിസ്കരിച്ച് നിസ്കാര കുപ്പായം മാറാ‍തെ അസർ വാങ്ക് കാത്ത് നിസ്കാരപായയിൽ മയങ്ങുന്നുണ്ടാവും, അമ്മായിമാരും നിശബ്ദമായി കിഴക്കേ മുറിയിൽ അന്നത്തെ പത്രം വായിച്ചോ, വനിതാ മാഗസിനിൽ കണ്ണോടിച്ചോ അതുമല്ലെങ്കിൽ ഒരു അർദ്ധമയക്കത്തിലോ ആവും, അന്നേരം ഏറ്റവും വിരസത അനുഭവപ്പെടുന്നത് കുട്ടികളായ എനിക്കും ഇക്കാക്കും ആയിരിക്കും, നിശ്ചലമായ ഈ നിഷ്ക്രിയത്തിൽ ആകെ ചെയ്യാനാവുന്നത് ബാലരമയോ പൂമ്പാറ്റയൊ അമാവന്മാർ കൊണ്ട് വന്നത് വീണ്ടും അമ്മായിമാരെ കൊണ്ട് വായിപ്പിച്ച് കേൾപ്പിക്കാൻ ശ്രമിക്കുക എന്നതാവും. ചിലപ്പോഴൊക്കെ ഞാനും അവനും ലിഖിത നിയമങ്ങളെയൊക്കെ അട്ടിമറിച്ച് ഞങളുടെതായ ഒരു ചെസ്സ് കളിയിലെക്ക് നിശബ്ദമാവും.

പക്ഷേ ഈ നിശബ്ദതയിൽ അസർ വാങ്കുയരുമ്പോൾ അത് സംഗീതമയമായി എന്നെ ആകർഷിക്കും, പൂവൻ കോഴികളുടേ ഇടക്കുള്ള കൂവലും വാങ്കും മാത്രം നിശബ്ദത ഭേദിക്കുന്ന ആ മദ്ധ്യാഹന വാങ്കുകളാണ് ഞാൻ കേട്ടിട്ടുള്ള ഏറ്റവും സംഗീതാത്മകമായ വാങ്കുകൾ, ആ വാങ്കുകൾ നിശബ്ദ പ്രകൃതിയിൽ വിലയം പ്രാപിക്കുന്നതു പോലെയാണ്. മദ്ധ്യാഹ്ന അതിരിലെ ഈ അസർ വാങ്കിന്റെ സംഗീതാത്മകത വെടിയം കുന്നെന്ന മൂത്താ‍പ്പാന്റെ വീട്ടിലും അനുഭവേദ്യമായിരുന്നു അന്നൊക്കെ . പുലാശ്ശേരി വീടെന്ന പോലെ വെടിയം കുന്നും ഏക്കറോളം പരന്ന തെങ്ങിൻ തോട്ടത്തിലായിരുന്നു. തറവാട് പൊളിച്ച് പുതിയൊരു വീട് വക്കും വരെയുള്ള ചെറിയ ഇടവേളയിൽ മാത്രമേ വെടിയം കുന്നിൽ താമസിച്ചിരുന്നോള്ളുവെങ്കിൽം ആ വാങ്കുവിളി ഇപ്പോഴും അങനൊക്കെ തന്നെ ചെവിയിലുണ്ട്. ഞങളുടെ വീട് മെയിൻ റോഡിനോരത്തയതു കൊണ്ടാവണം ആ നിശബ്ദതിയിലെ അസർ വാങ്ക് അവിടെ ഒരിക്കലും കേൾക്കുക സാധ്യമായിരുന്നില്ല. ഏതെങ്കിലും ഒരു വാഹത്തിന്റെ ശബ്ദം വാങ്കിനെ അപസ്വരമാക്കി കളയും.


പറഞു വന്നത് നോമ്പുകാലമാണ്. പുലാശ്ശേരി വീട്ടിൽ നോമ്പുകാലമായാൽ നിശബ്ദത വിരുന്നെത്തും. പുലാശ്ശേരിക്ക് ആ പേർ വന്നെത് എങ്ങനെയെന്ന് എനിക്കറിയില്ല. പിലാച്ചീരി എന്ന് ഞങൾ കുട്ടികളും ഇച്ഛിരി മുതിർന്നവരുമൊക്കെ വിളിക്കുമായിരുന്നെങ്കിലും ഉപ്പപ്പയും അദ്ദേഹത്തിന്റെ സമ പ്രായരും പ്‌ലാശ്ശേരി എന്നു മാത്രമായിരുന്നു വിളിക്കാറ് എന്ന് അന്നൊക്കെ ഞാൻ ഏറെ കൌതുകത്തോടേ നിരീക്ഷിചിരുന്നു.


നൊമ്പായാൽ പുലർച്ചെ രണ്ടര മൂന്നുമണിക്ക് ഉപ്പപ്പ മനസ്സിന്റെ അലാറം കേട്ടുണരും , കഞാണി കാക്ക , വല്യാക്ക മക്കത്തു നിന്നും കൊണ്ട് വരാറുള്ള –( അന്നൊക്ക് ഗൾഫിന്നാൽ മക്കമാണെന്നൊരു ധാരണ എന്നിൽ കുടി കൊണ്ടിരുന്നു. ഖത്തറിലെ മൂത്താപ്പ വന്നാലും “മൂത്താപ്പ മക്കത്ത് ന്ന് വന്നു“ എന്ന് തന്നെയാണ് ഞാൻ പറയാറുണ്ടായിരുന്നത്. )- കോഴി കൂവുന്നതും റോബ്ബോട്ട് സംസാരിക്കുന്നതുമായ അലാറങാ‍ാളൊക്കെ സജ്ജീകരിച്ച് നിര്ത്തുമായിരുന്നെങ്കിലും ഉപ്പപ്പ എണീറ്റ് കട്ടിലിനിരികെ സ്ഥിരമായി സൂക്ഷിക്കുന്ന സാനിയോ ടോറ്ച്ച് തെളിയിക്കുമ്പോഴാവും എല്ലാവരും ഉണരുന്നത് പിന്നെ വീട്ടിലെ പെണ്ണുങൾ പാചകത്തിലേക്ക്. ഭക്ഷണം കഴിഞാൽ എന്നേം ഇക്കാനേം ഉപ്പപ്പ വിളിച്ച് നൊമ്പിന്റെ നീയത്ത് വെച്ച് തരും “നവയ്തു. സൌമദിൻ”.7.30 ഉണർന്നാലാണ് നിശബ്ദത വരിഞ് മുറുക്കുക. ഉപ്പപ്പ മാത്രം എണീറ്റ് കോലായയിൽ പത്രം വായിക്കുന്നുണ്ടാവും . പെണ്ണുങ്ങളൊക്കെ നല്ല ഉറക്കം. ഞാനും ഇക്കാക്കയും ഒന്നും ചെയ്യാനില്ലാത്തതിന്റെ വിരസതയിൽ കോലായയിൽ ചുറ്റിപറ്റി നിൽക്കും . അയല്വക്കത്തെ ശിഹാബ് മദ്രസയിൽ ഹിസ്ബ് ഓത്തിലാവും , അവൻ വരുന്നവരെ ഒരു കളീക്കും സാധ്യതയില്ല. നിശബ്ദത നീണ്ട് 10 മണി കഴിഞാലേ വീട്ടിലെ പെണ്ണുങളുരണൂ. അത് വരെകും അറുബോറ്. പത്തായാൽ ശിഹാബും എത്തും പിന്നെ കുളിക്കാൻ പുഴയിലിറങ്ങൂ‍ം . ചാടികുളിക്കാൻ പാടില്ല നൊബ് മുറിയും. മൂക്കും ചെവിയും പൊത്തി ഒരു മുങ്ങൽ അത്രമാത്രം. ചാടി കുളിക്കാൻ പുഴ പ്രലോഭിച്ചും കൊണ്ടിരിക്കുന്മ്. നൊബും ചാടി കുളിയും സംഘർഷത്തിലാവുപോൾ മുതിർന്നവരുടെ സാനിധ്യത്തിൽ നോബും അസാനിധ്യത്തിൽ ചാടി കുളിയും അതി ജയിക്കും. ചാടി കുളിക്കാനാവാ‍ത്ത പുഴയിൽ ആകെ ചെയ്യാവുന്നത് തോർത്ത് മുണ്ട് കൊണ്ട് മീൻ പിടിക്കലാണ്. ഒരു പരലിനെ കിട്ടിയാൽ അതിനെ ഹോർളിക്സിന്റെ കുപ്പിയിലടച്ച് അത് ചാവുവോളം വെള്ളം മാറ്റി കൊണ്ടിരിക്കും.ഉച്ചക്ക് ശേഷം വീടുണരും, നോബ് മുറിക്കാൻ വീട്ടുകാരുടെ പ്രലോഭനവും തുടരും. ഞാനോ ഇക്കക്കായോ ആദ്യം ആരു നോമ്പു മുരിക്കും എന്നതിലേ ആശങ്കക്കിടയുള്ളൂ…

പിന്നെ പത്തിരി പരത്തലും ഇറച്ചിക്കറിയും തരിക്കഞിയും. പത്തിരി പരത്താൻ ഉരുളകളുണ്ടാക്കുന്നേടത്ത ഞാനും ഇക്കാക്കയും മത്സരിക്കും.എന്നാൽ പ്‌ലാശ്ശേരിവീട്ടിലെ പെരുനാൾ അതി വിരസ്മായിരുന്നു. അവിടെ പെരുന്നാളഘോഷിക്കാൻ ഞാനും ഇക്കാക്കയും ഒരിക്കലും താതപര്യപ്പെട്ടിരുന്നില്ല.പെരുന്നാളിന്റെ തലേനാൾ തൊട്ടെ ഉപ്പാരപറമ്പിലെ ഞങ്ങാളുടെ വീട്ടിലെത്താൻ ഞങ്ങൾ ധൃതി കൂട്ടും

Aug 13, 2008

കുടിയേറ്റ തെങ്ങുകൾ -ഒരു ദർവീശ് ഓർമ

ബാൽക്കണിയിലേക്ക്
പലയാനം ചെയത
ചെടികളെ
ഓമനിക്കുമ്പോൾ
പാതികിട്ടുന്ന
കാഴ്ചയിൽ
ഫ്ലാറ്റ് പങ്കിടുന്ന
വഹാബ്ക്കക്ക്
കവി ദർവീഷിന്റെ
ഛായയാണ്.


ബാൽക്കണിയിലെ
ചട്ടികളിലും,
ഫ്ലാറ്റിനു പിന്നിലെ
ഇടുങ്ങിയ
മുറ്റത്തെ
സിമന്റ് തറയിൽ
കുഴി കുഴിച്ചും,
അയാൾ
വെണ്ടയും
മുരിങ്ങയും നട്ട്
തോട്ടം സൃഷ്ടിക്കും
ആ തോട്ടങളിലൂടെ
ഒരു നാടിനേയും
ദർവീശ് വരികളിലെന്നപ്പോലെ.

എന്നിട്ടയാൾ
കഴിഞ അവധിക്ക്
നാട്ടിൽ പോയപ്പോൾ
നട്ട വാഴ കുലച്ചു
എന്ന് വീട്ടുകാരി
നൽകിയ
അറിവ് പങ്കു വെക്കും
ആവർത്തനമാവുന്ന
ഈ പങ്കിടൽ
ഞങളിൽ
കോട്ടുവായയെ
ഉണർത്തും
ദർവീശിന്റെ ദേശത്തെ
ആവർത്തനങളാവുന്ന
വർത്തമാനങൾ റ്റി.വി
വാർത്തയിൽ കാണുമ്പോഴെന്നപ്പോലെ.

ഉത്തരമായി
മാത്രം പറയും
ബാൽക്കണി
സിമന്റു തറത്തോട്ടങൾ
പ്രവസിക്കുന്നവനെ
പോലെയാണ്
അവ പുഷ്പിക്കുന്നത്
ആരുമറിയുന്നില്ല
അവയുടെ
ഫലങൾ
ആരു കൊത്തിപ്പറക്കുന്നു-
വെന്നും അറിയുന്നില്ല


വഹാബിന്റെ
അട്ടപെട്ടിയിൽ
ദിവസവും
പെന്നും, പെൻസിലും
പുതപ്പും വിരിപ്പും
സി.ഡിയും
ഡി.വി.ഡിയും
മൊബയിൽ ഫോണും
വന്ന് വീഴും
നിറയുമ്പോൾ
ആ പെട്ടി
വാതിൽ ചാടി
നാട്ടിലെ വീട്ടിലേക്കോടും
ദർവീശിന്റെ മനസ്സിൽ
വാക്കുകൾ
നിറയുമ്പോഴെന്ന പോലെ

തനിക്കായി
ഒരിക്കലും
പാടാത്ത
സി.ഡിയേയും
ഡി.വി.ഡിയേയും
രണ്ടു വർഷത്തിൽ
ഒരു മാസം മാത്രം
തനീക്കായ്
വിരിക്കപ്പെടുന്ന
വിരിപ്പിനേയും
പുതപ്പിനേയും
കുറിച്ച് ചൊദിച്ചാൽ
അയാൾ വർഷങളായി
നട്ടു നനച്ച് വളർത്തിയ
മുറ്റത്തെ വിളർത്ത
തെങിലേക്ക് ചൂണ്ടും
വഹാബ്
ഏകാന്തനായ ഒരു
കുടിയേറ്റ തെങ്ങ്

Aug 9, 2008

ഭാര്യയെ ബലാത്സംഗം ചെയ്യുന്നത്‌

സീറോ വാട്ടിന്റെ
മങ്ങിയ വെളിച്ചത്തിൽ
മത്തിച്ചൂര്‌
നടന്നടുത്ത് വരുമ്പോൾ


സമ്മാനിച്ച
പുടവകളൊക്കെയും
വിരുന്നെറങ്ങാനായി
വൃത്തിയായി മടക്കി
പൂട്ടി വെച്ച്‌
പിഞ്ഞിയ അഴുകിയ
പഴയ നൈറ്റിയിട്ട്‌
വരുമ്പോൾ.

നൈറ്റിയിലെ
മഞ്ഞളിന്റെ
കറയും
ചട്ടിയുടെ
കരിപ്പാടും
അറപ്പുളവാക്കുമ്പോൾ

വയറിലേക്ക്‌
ചലിപ്പിച്ച
കയ്യിലേക്ക്‌
തണുപ്പ്‌
അരിച്ചു
കേറുമ്പോൾ

മാറുകൾക്കിടയിലേക്ക്‌
കയ്യെത്തുമ്പോൾ
വിറകു കൊള്ളിയെ-
പോൽ മൃതവും
മൃദുല രഹിതവുമാണെന്ന
തോന്നലിൽ
ഊർജ്ജം ചോർന്നൊലിച്ച്‌
വാടി തുടങ്ങുമ്പോൾ

അമ്മ കാണെരുതെന്ന്
കരുതി
കൂട്ടുകാരന്റെ
പേരെഴുതിയ
കവറിൽ പൊതിഞ്ഞ്‌
സമ്മാനിച്ച
ഹെയർ റിമൂവർ
വടക്കേ പറമ്പിലെ
പൊട്ടകിണറിലേക്കെ-
ങാനും ഓടി പോയോ
എന്ന് സന്ദേഹപ്പെടുമ്പോൾ

കൂടെ തൊഴിലെടുക്കുന്ന
"ജെയിംസ്‌ റ്റെ"യുടേ
അമ്പതഞ്ച്‌ കഴിഞ്ഞ
ഭാര്യ ഉയർന്ന ഹീലിൽ
ലിപ്സ്റ്റിക്കിട്ട്‌
മുഖം മിനുക്കി
പെണ്ണാണെന്ന്
വിളിച്ച്‌ പറഞ്ഞ്‌
നടന്ന് വരുന്നത്‌
അറിയാതെ ഓർത്ത്‌
പോവുമ്പോൾ

അവധിദിനങ്ങൾ
ചോർന്നൊലിക്കുകയാണല്ലോ
എന്ന വേവലാതിയിൽ
ഒരു നിശ്വാസം കൊണ്ട്‌
പോലും പ്രതികരിക്കാത്ത
ശരീരത്തേക്ക്‌
മദിച്ച്‌ കയറുമ്പോൾ

25 ഡോളർ വില
കൊടുത്തു വാങ്ങിയ
ഭോഗത്തെക്കാൾ
കുറ്റബോധം
നിറയുക തന്നെയാണ്‌
ഭാര്യയെ ബലാത്സംഗം
ചെയ്ത്‌ പോവുകയാണ്‌.

Jul 27, 2008

ചെതലിമലയിലെ കല്ല്

ചെതലി മലയില്‍
നിന്നൊരാള്‍
ഒരു കല്ലുരുട്ടി വിട്ടു

ദശാബ്ദങ്ങള്‍
കഴിഞ്ഞിട്ടും
അത്‌
കാലത്തിനു
മീതേകൂടി
ഉരുണ്ടു കൊണ്ടേയിരിക്കുന്നു

കാലില്‍
കല്ലുകേറി
ചലന ശേഷി
നഷിച്ച
പുരാതന
യൌവ്വനങ്ങള്‍
കല്ലിനെ
കുറിച്ച്‌
പേര്‍ത്തും പേര്‍ത്തും
പറഞ്ഞ്‌ ഊറ്റം കൊള്ളുന്നു.

ഇന്നലത്തെ
യുവാക്കളുടെ
മുതുകിലൂടെ
ഉരുണ്ട കല്ല്
അതിന്റെ
പ്രതിരൂപം
അവിടെ ഒരു
മുഴയായി
സൃഷ്ടിച്ചു.
അവര്‍ മുതുകിലെ
മുഴയുടെ ഭാരം പേറി
വളഞ്ഞു കുത്തി
നടന്നു കൊണ്ടിരിക്കുന്നു.

കല്ലിടി കൊള്ളാതെ
കുതറി മാറിയ
ഇന്നത്തെ യുവാക്കളെ
ഇരു കൂട്ടരും
ചെതലി കല്ല്
കൊള്ളാത്ത
മണ്ണുണ്ണികള്‍
എന്ന് പരിഹസിച്ചു.

ഇനി നാളത്തെ
യുവാക്കളുടെ
മുഖത്തെങ്ങാന്‍
ചെതലി കല്ലിടിച്ച്‌
തല തിരിഞ്ഞ്‌
മുന്നോട്ട്‌ നോക്കാനാവാതെ
പിന്‍കാഴ്ചകള്‍
മാത്രം കാണുന്നവരായി
അവരെങ്ങാന്‍
മാറിപോവുമോ ദൈവമേ!!
അവരെ കാത്തോളണേ!!!

Jul 22, 2008

മഹ്സൂസ്

ഈഫലിന്റെ ഉയരം,
സിനിംഫ്സിന്റെ
ഭീകര രൂപം,
ചെരിഞ്ഞ
ഗോപുരത്തില്‍
ചാരി നിന്നത്‌,
നയാഗ്രക്കും
സ്വാതന്ത്ര പ്രതിമക്കും
മുന്‍പില്‍ ഫോട്ടോക്ക്‌
പോസ്‌ ചെയ്തത്‌,
താജ്‌ മഹലിന്റെ
മായിക സൌന്ദര്യം,
ലിബിയായിലെ
മരുഭൂവുകള്‍,
ആഫ്രിക്കന്‍ കാടുകള്‍,
നേപ്പാളിലെ തണുപ്പ്‌,
അറേബ്യായിലെ ചൂട്‌,
കവിയേ പോലെ
വര്‍ണ്ണിച്ചു പറയാനറിയാം
സമീര്‍ ഖാലിദിന്‌.
ഇളം തണുപ്പുള്ള
അവന്റെ
പുതിയ ലെക്സസ് LS-430 യിലിരുന്ന്
അടുത്ത അവധിക്ക്‌
കാണാന്‍ പോവുന്ന
ലാറ്റിനമേരിക്കയെ
കുറിച്ച്‌ വാചാലനായപ്പോള്‍
പറഞ്ഞു പോയി
ഖാലിദ്‌ നീ ഭാഗ്യവാന്‍

ഓടുന്ന വണ്ടി
ഓരത്തെ കെ ഫ്‌ സിക്ക്‌
മുന്‍പില്‍ പാര്‍ക്ക്‌ ചെയ്ത്‌
അവന്‍ പറഞ്ഞു
അങ്ങ്‌ ഗസ്സയില്‍
പാതി പൊളിഞ്ഞ
ഒരു വീടും
അതിനടുത്തൊരു
പല്ലു മുളക്കും മുൻപേ
ശഹീദായ ഒരു
അഖുവിന്റെ
ഖബറുമുണ്ട്‌
അവിടം
ഒരു സിയാറത്തിന്‌
ഞാന്‍ പോവുന്ന
കാലം നിനക്കെന്നോട്
പറയാം
"ഖാലിദ് ഇൻ‌ത മഹ്സൂസ്"

അപ്പോള്‍
തുഷാരത്തുള്ളിയില്‍
വെയിലേറ്റെന്നപ്പോല്‍
അവന്റെ കണ്ണുകള്‍
തിളങ്ങിയിരുന്നു.

പാര്‍ക്കു ചെയ്തില്ലെ
ഇനി ഒരു കെ.ഫ്‌.സി
കഴിച്ചിട്ടു പോവാം


സിയാറത്ത് - സന്ദർശനം
അഖു- സഹോദരൻ,
മെഹ്സൂസ് –ഭാഗ്യവൻ

Jul 20, 2008

ആതമവിമര്‍ശനത്തിന്റെ കവിതകള്‍

സ്വന്തം നെഞ്ചും മസ്തിഷ്കവും ചുഴിഞ്ഞ്‌ കീറിയുള്ള ആതമ വിമര്‍ശനം കൊണ്ട്‌ സമൂഹത്തെ പരിഹാസ്യമായി വിമര്‍ശിക്കുന്ന രീതിക്ക്‌ പുതുമ അവകാശപ്പെടാനാവില്ലെങ്കിലും നല്ല സങ്കേതമാണ്‌
അത്തരം സങ്കേതങ്ങളിലാണ്‌ നജൂസിന്റെ കവിതകള്‍ പടുത്തിയര്‍ത്തിയിരിക്കുന്നത്‌.
നജൂസിന്റെ ഒട്ടു മിക്ക കവിതകളും കപട നിരര്‍ത്ഥക മൂല്യങ്ങളുടെ നിരാസമാണ്‌. നേര്‍ക്കാഴ്ചകളോടുള്ള അവഗണനയും.

ഈ കവിതകളൊന്നും തന്നെ കണ്ണില്‍ പതിയുന്ന കാഴ്ചകളുടെ വെറും പകര്‍ത്തലുകളല്ല. അതേ സമയം കപട സദാചാര പ്രബുദ്ധതയുടെ മുഖം മൂടികളില്‍ വാക്കുകള്‍ കൊണ്ട്‌ പോറലുകളിടുന്നു. അതിലൂടെ മുഖങ്ങളുടെ യഥാര്‍ത്ഥ നിറങ്ങളില്‍ വേളിച്ചം തട്ടിക്കുന്നു. ഈ കവിതകളുടെ വായന ചങ്കില്‍ തറച്ചേക്കും പൊള്ളെലേല്‍പിച്ചേക്കും അതു കൊണ്ട്‌ വീണ്ടും വീണ്ടും ഇവനെ വായിക്കും

പ്രണയത്തെ പറയുകയാണെങ്കില്‍ വിരഹമായിരിക്കും നജൂസിന്റെ കവിതയിലെ ഭാവം. "കാത്തിരിപ്പ്‌" തീര്‍ത്തും ഒരു വിരഹ കവിതയാണ്‌. ബോഡി സെലിബ്രിറ്റി (ശരീരാഘോഷം) പ്രണയമാവുന്ന കാലത്തും ആത്മാവ്‌ പ്രണയാഘോഷ ശരീരത്തിലെ ഒരു അവയവമാണെന്നും അവക്ക്‌ വേദനിക്കുമെന്നും മുറിവേല്‍ക്കുമെന്നും ഈ കവിത പറയുന്നു. നൃത്തത്തിന്റേയും ചിലങ്കയുടേയും ആഘോഷത്തിനും ആരവത്തിനും ശേഷം ഇടവഴികളില്‍ ഒരു വളപ്പൊട്ട്‌ തേടുന്ന ഒരു ആത്മാവിനെ കവിതയുടെ വഴിയില്‍ കാണാം. ഏകദേശം ഇതേ അച്ചില്‍ വാര്‍ക്കപ്പെട്ട പ്രണയ വിരഹ കവിത തന്നെയാണ്‌ "പായയും" പക്ഷേ അതിതീവ്രവും വൈകാരിവുമായ ബിംബങ്ങളാണ്‌ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്‌,
“കാത്തിരിപ്പിലേതു” പോലെ അധികമായി പോയതും മുഴച്ചു നില്‍ക്കുന്നതുമായ ഒറ്റ വാക്കു പോലും ഇതിലില്ല . ഒരു പക്ഷേ കാത്തിരിപ്പെഴുതിയ ശേഷം എഴുതിയതായതു കൊണ്ട്‌ കവി എഴുത്തില്‍ പാകത കൈവരിച്ചതുമാവാം , പിന്നീട്‌ വരൂന്ന കവിതകളും കാലം കവിയുടെ കൈവഴക്കത്തിനും കരവിരുതിനും ചാരുത കൂട്ടുന്നതായും ന്യൂനതകളെ കുറക്കുകയും ചെയ്ത്‌ കവിയില്‍ പാകത വരുത്തിയതായി കാണാം.
പായ എന്ന കവിതയില്‍ തീക്ഷ്ണ ബിംബങ്ങള്‍ നോക്കുക. അസംതൃപ്ത രതിയുടെ ഏറ്റവും സമൂര്‍ത്ത
ബിംബങ്ങളാണല്ലോ നാഗങ്ങള്‍,തലക്കെട്ടിലെ പായ തന്നെ ചൂടും തണുപ്പുമുള്ള (കാമവും മരണവും) ബിംബമായി കവിതയില്‍ വരുന്നു.
പക്ഷേ ഈ കവിതയിലും ഞാനിലേക്കും എന്നിലേക്കും തന്നെയാണ്‌ കവി നടന്ന് കയറുന്നത്‌. എല്ലാ കവിതകളിലുമെന്ന പോലെ.

"മാപ്പ്‌ സതീര്‍ത്ഥ്യാ" എന്ന കവിത വ്യക്തിപരമായി ആര്‍ക്കോ ഉള്ള കുറിപ്പായി തോന്നും വായനയില്‍. ഭാഷയും വാക്കുകളുടെ പെറുക്കി വെക്കലും മാത്രമല്ല കവിത എന്നുള്ളതു കൊണ്ട്‌ തീര്‍ത്തും പരാജയപ്പെട്ട ഒരു കവിതയാണിത്‌.

ബിംബങ്ങളുടെ സഹായമൊന്നും തേടാത്തെ അയച്ചു കൊണ്ട്‌ തന്നെ സ്വയം വിമര്‍ശിച്ച്‌ ശക്തമായ സാമൂഹിക വിമര്‍ശം നടത്തുന്ന കവിതയാണ്‌ “പുരുഷമേധം“‘, ആഴവും വേരുമിറങ്ങാതെ തന്നെ നേര്‍ക്കുനേര്‍ വായിച്ചു പോവാവുന്ന ഒരു കവിത.
ചിന്തകളില്‍ നിന്നും കവിത പൊട്ടിയൊലിച്ച്‌ വന്നേക്കാം, അതിലെ ബിംബങ്ങളൊക്കെ ഒരു പ്ലാസ്റ്റിക് ബിംബങ്ങള്‍ പോലെ ജീവന്‍ കുറവാവും എന്നാല്‍ അവ ചിന്തിപ്പിക്കും , പക്ഷെ കുറെ കാണുമ്പോള്‍ മടുപ്പിക്കും അത്തരം ബിംബ നിര്‍മിതിയാണ്‌ കുപ്പായങ്ങള്‍ എന്ന കവിത. ചിന്തോദ്ധീപകമാണ്‌ കവിത, പക്ഷേ എഴുതാന്‍ വേണ്ടി എഴുതിയ പോലെ.

ഈ കവിതാ കൂട്ടത്തിലെ പതിരാണ്‌ സ്വതന്ത്ര്യം എന്ന കവിത.കവിത എന്ന് വിളിക്കാനാവാത്ത ഒന്ന്.

"ആദ്യരാത്രിയും" പറയുന്ന പ്രമേയത്തെ വേറിട്ട്‌ പറയുന്നതു കൊണ്ടുള്ള രസംകൊണ്ട്‌ വായനാ സുഖം നല്‍കുന്ന കവിതയാണ്‌. അവസാനവരി കവിയുടെ ആത്മീയതയും പുനര്‍ജനി വിശ്വാസവും പുറത്ത്‌ കൊണ്ട്‌ വരുമ്പോലെ തോന്നിക്കുന്നു.

"അന്യന്‍" നേരെ ചൊവ്വേയുള്ള വിരഹകവിതയെന്ന് തോന്നുമെങ്കിലും അത്‌ ആധുനിക കുമിള പ്രണയങ്ങള്‍ക്ക്‌ നേരെയുള്ള സാമൂഹിക വിമര്‍ശം കുറഞ്ഞ വരികളില്‍ ഞാനിലൂടെ ചിത്രീകരിച്ചതാണ്‌. എന്ത്‌ തന്നെ പറയുമ്പോഴും ഞാനിന്റെ കൂട്ട്‌ വേണമല്ലോ ഈ കവിക്ക്‌.

നജൂസിന്റെ ഏറ്റവും നല്ല കവിത "വേശ്യ"യാണെന്നതില്‍ സംശയമില്ല. നേരത്തെ പറഞ്ഞ പോലെ കപട പ്രബുദ്ധതയുടെയും മൂല്യ സദാചാരങ്ങളുടെയും നിരാസമാണീ കവിത. പ്രണയത്തിന്റെ വാര്‍പ്പുമാതൃകകളായ ഉപമകളെ പാടെ അട്ടിമറിച്ച്‌ കൊണ്ട്‌ കള്‍ട്ട്‌കളായ കവിതയേയും കവികളേയും കൊണ്ട്‌ പ്രണയത്തെ ഉപമികുന്നു. ആധുനികകാലത്തെ അത്യുദാത്തമായ ഉപമകള്‍ അതു തന്നെയാണ്‌. വേശ്യ ജീവിതത്തിന്റെ ഇരുണ്ട മേച്ചില്‍ പുറങ്ങളിലാണെന്നും അവിടെ വെളിച്ചം പോയിട്ട്‌ ഒരു തീ പൊരി പോലും കത്തിക്കാന്‍ അനുവദികാത്ത സമൂഹം അസംതൃപ്ത ലൈഗിംക തൃഷണയുമായി പാമ്പുകളേ പോലെ അവളില്‍ വിഷം ചീറ്റുമെന്നും പിശുക്കിയ വാക്കുകളില്‍ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അതും പോരാഞ്ഞ്‌ പോക്കറ്റിലെ ഗാന്ധിതലയിലെ ചുംബനം കൃത്രിമത്ത്വത്തിനപ്പുറം എങ്ങനെ തൃഷണയെ ക്ഷമിപ്പിക്കും എന്നു കൂടി ചോദിച്ച്‌ നിര്‍ത്തുന്ന കവിത അതി മനോഹരമായി അതീവ മുറുക്കത്തോടെ എഴുതിയതു തന്നെയാണ്‌. ഭോഗിക്കുമ്പോള്‍ ഏറ്റവും തരം താണ വേശ്യപ്രാപിക്കണമെന്ന ലൈഗിക ചൊല്ലുകളെ ഒരു നോട്ടിന്റെ വിലയുള്ള കൃത്രിമത്ത്വമേ ഈ ഭോഗത്തിനുമുള്ളൂ എന്ന വരിയിലൂടെ തിരുത്തിയടിക്കുന്നു കവി. പക്ഷേ അവസാന വരിയിലെ കടലിലെ അരയന്നങ്ങള്‍ എന്നത്‌ ശരിയായ ഒരു പ്രയോഗം തന്നെയോ എന്ന് സംശയിക്കേണ്ടിയിരിക്കും.കവിത മൊത്തത്തില്‍ അപനിര്‍മിതിയായതു കൊണ്ട്‌ തെറ്റാണെന്നും പറയാനുമാവില്ല

“കത്തിയും“ “വാതിലും“ ബിംബവല്‍ക്കരിച്ച കവിതയാണെങ്കിലും മസ്തിഷ്ക രചനയായതിനാല്‍ ബിംബങ്ങളിലൂടെ ആഴങ്ങളിലേക്കിറങ്ങേണ്ട അനിവാര്യതയില്ല. ഒരു ഈസി റീഡിഗ്‌ ആണ്‌ ഈ കവിതകള്‍ . എന്നാല്‍ നജു സ്പര്‍ശം ഈ കവിതകൾലിലെ പിരിമുറുക്കങ്ങളിലൂടെ നമ്മിലേക്ക്‌ ആഴ്ന്നിറങ്ങും.

“ആവലാതിയും“ “സംശയവും“ പുരുഷപക്ഷത്തു നിന്നുള്ള പെണ്‍ശബ്ദങ്ങളും സ്ത്രീപക്ഷ രചനയുമാണ്‌. മാതാവിന്റെ നൊമ്പരതെ അതി തീവ്രമായി ചിത്രീകരിക്കുന്നു ഇവ രണ്ടും. "സംശയം" കവിതയിലെ ഭാവനകൊണ്ട്‌ അത്ഭുതപ്പെടുത്തുന്നു ചേമ്പില കൂമ്പിലേക്ക്‌ അടയാളമില്ലാത്ത ചോര , പെണ്ണ് സ്നേഹവും കരുണയും തന്നെയാണെന്ന് ആവര്‍ത്തിച്ച്‌ പറയുന്നു ഈ കവിത. അതി മനോഹരമായ ശില്‍പഭംഗിയാണ്‌ “സംശയം" എന്ന കവിതക്ക്‌, നിസ്സാരമെന്ന് തൊന്നുന്ന വരികളില്‍ എന്തൊരു പിരിമുറുക്കമാണ്‌ പകരുന്നത്‌, വായിക്കുന്നവനൊക്കെയും പെണ്ണായി പോവുന്നു, പക്ഷേ കവി സ്വയം കുഴിക്കുക മാത്രമേ ചെയ്യുന്നുള്ളൂ..

"തടസ്സവും" ഒരു ഞാന്‍ കവിതയാണ്‌, എന്നാലും പ്രണയത്തിന്റെ ബോഡി സെലിബ്രിറ്റിയെ അല്ലെങ്കില്‍ ശരീരത്തിലൂടെ പ്രണയത്തിലേക്ക്‌ നടന്നു കയറാനാവത്തവന്റെ നിസ്സഹായതയെ ചിത്രീകരിക്കുന്നു.

“‘ഉഷ്ണം“ എന്ന കവിത അതിന്റെ ഘടനാശെയിലി കൊണ്ട്‌ രസകരമായ ഒന്നാണ്‌.

“‘ഉപ്പുമാങ്ങക്ക്‌“ ഇതര കവിതകളെ അപേക്ഷിച്ച്‌ മുറുക്കം കുറവാണ്‌. എന്നാലും അവ ചില സൂചകങ്ങളിലേക്ക്‌ ചൂണ്ടുവിരല്‍ നീട്ടുന്നുണ്ട്‌, കാണാതെ പോവുന്ന കാഴ്ചകളിലേക്ക്‌ അത്‌ വിരല്‍ ചൂണ്ടി കാണിക്കുന്നു. പൊന്നാനി കടപ്പുറത്തെ മുക്കുവരും ചെട്ടിച്ചിയും ഉമ്മൂമയും പിന്നെ വീണ്ടും ഞാനിലേക്ക്‌ തിരിക്കുന്ന മുത്തങ്ങാ മണം നുള്ളിമാറ്റിയതുമൊക്കെ കാണാതെ പോവുന്ന കാഴ്ചകളിലേേക്കുള്ള ഒരു ചൂണ്ടല്‍ മാത്രമാണ്‌.

പൊതുവായനയില്‍ ആത്മരതി എന്ന് തോന്നിപ്പോവും വിധത്തില്‍ എന്നിലേക്ക്‌ ഞാനിലേക്ക്‌ ആത്മത്തിലേക്ക്‌ ആഴ്ന്നിറങ്ങുന്ന കവിതകള്‍ എന്ന് തൊന്നുമെങ്കിലും ഞാന്‍,എന്നത്‌ സമൂഹത്തിലേക്ക്‌ തിരിച്ച്‌ വെച്ച കണ്ണാടി മാത്രമാണെന്ന് വേരുകളിറങ്ങിയ വായന തീര്‍ച്ചപ്പെടുത്തുന്നു.
ഈ കവിതകളൊക്കെയും സമൂഹത്തിന്റെ അടയാളപ്പെടുത്തലോ അവക്കു നേരേയുള്ള ചൂണ്ടലോ ആണ്‌. ഓരോ കവിതയിലൂടെയും സ്വയം വളര്‍ന്ന കവിയാണ്‌ നജൂസ്‌ എന്ന് ഈ ബ്ലോഗിന്റെ പൂര്‍ണ്ണ വായനമനസ്സിലാക്കുന്നു. പിരിമുറുക്കത്തിനും ബിംബസൃഷ്ടിക്കും വേണ്ടി ചിന്തിച്ചെടുത്ത്‌ ബുദ്ധി കൊണ്ട്‌ ബിംബങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നതാണ്‌ ഈ കവിയുടെ എറ്റവും വലിയ ന്യൂനത.

Jul 19, 2008

>2015

ഒരു മില്ലി വിഷത്ത്നു
2500 ക
അതുണ്ടെങ്കിൽ
വിഷം വാങ്ങണമായിരുന്നോ?

ഒരു മുഴം കയറ്
കിട്ടനേയില്ല
12 മുഴത്തിലെ
ഇപ്പോ ബ്രാഡുകൾ വരുന്നുള്ളൂ‍
വില കുറഞതുണ്ട്
പക്ഷേ ആർക്കു വേണം
ചൈനാ മെയ്ഡ്

പിന്നെ ഒറ്റ വഴിയേയുള്ളൂ
അതു ചെയാം
ഛായ്, സർക്കാറ്
ട്രെയിനുനു മുന്നിൽ
മാനം കളയുന്നതിനെക്കാൾ
നല്ലത്
ആത്മയത്യ ചെയ്യുന്നതാ..

Jul 1, 2008

മതം, കല, ആതമീയത, നിരീശ്വരവാദം

കലയുടെ ജനന ഹേതുവെന്താവാം, ഒരു പക്ഷേ ചില ബാഹ്യമോ ആന്തരികമോ ആയ ഉദ്ദീപനങ്ങള്‍ക്കു നേരെ പ്രതിഭയുടേയും ഭാവനയുടേയും പ്രതികരണമാവാം കലയും സാഹിത്യവുമൊക്കെ. പക്ഷേ അവ ഏതു രാസപരിണാമം കാരണമാണ്‌ ജന്തു ശാസ്ത്രപരമായി സൃഷ്ടിക്കപ്പെടുന്നത്‌? ഉത്തരമെനിക്കറിയില്ല.

അടിസ്ഥാനപരമായി മരണം അനിവാര്യമായ ഒരു വസ്തുതയാണെന്ന തിരിച്ചറിവുണ്ടായിരിക്കെ തന്നെയും മനുഷ്യന്‍ അമരത്ത്വം ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ അവന്‍ സ്വനാമത്തിന്റെ അനശ്വരതക്ക്‌ ശ്രമം തുടങ്ങുന്നു.,
ജീവിതാന്ത്യത്തിനു ശേഷവും സ്വനാമം ജനതതികള്‍ ഓര്‍ത്തിരിക്കണമെന്ന ചോദനയില്‍ അവന്‍ താന്‍ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നു.
അതോടെ അമരത്ത്വത്തിനുള്ള തന്റെ അഭിവാഞ്ചയുടെ പൂര്‍ത്തീകരോണപാധിയായ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്താനുള്ള വഴികള്‍ തേടുന്നു.
തന്റെ സഹമനുഷ്യ ജീവികളില്‍ നിന്ന് സമാനമല്ലാത്തതും വേറിട്ടതുമായ എന്തെങ്കിലും ചെയ്യുക എന്നതാണ്‌ അടയാളപ്പെടുത്തലിനുള്ള ഏറ്റവും ലളിതമായ മാര്‍ഗം.ഈ ഒരു തിരിച്ചറിവ്‌ തനിക്ക്‌ പൊതു സമൂഹത്തില്‍ നിന്ന് വിഭിന്നമായി ചെയ്യാനാവുന്നതും അവര്‍ക്കാസാധ്യമായത്‌ എന്ത്‌ എന്നുമുള്ള അന്വേഷണത്തിനും കണ്ടെത്തലിനും ഹേതുവാവുന്നു.അതിന്റെ പ്രകടനങ്ങളാണ്‌ കല, സാഹിത്യം , സ്പോര്‍ട്‌സ്‌ എന്നിവയൊക്കെ.

ദൈവാസ്ഥിത്വ നിഷേധിയും ഭൌതികവാദിയും ആയ ഒരാള്‍ക്ക്‌ ജീവിതാടയാളപ്പെടുത്തലിന്റെ ഉപാധിയായി കല മാറുമ്പോള്‍ അയാള്‍ക്ക്‌ കല സൃഷ്ടിക്കേണ്ടത്‌ അയാളുടെ ആവശ്യമായി വരുന്നു. ഭാവനക്കപ്പുറം അനിവാര്യത നിര്‍ണ്ണയിക്കുന്ന ഇത്തരം കലകള്‍ മൌലികതക്കും മേലെ കൃത്രിമത്ത്വത്തിന്റെ കയ്പ്‌ പേറുന്നു.

എന്നാല്‍ ആത്മീയവാദിയോ മത വിശ്വാസിയോ ആയ ഒരാള്‍ മരണാനന്തരമായ ജീവിതത്തില്‍ വിശ്വസിക്കുന്നതു കൊണ്ട്‌ അവന്‌ അമരത്ത്വം ആവശ്യമായി തോന്നാതിരിക്കുകയും ജീവിതം അടയാളപ്പെടുത്തല്‍ അനിവാര്യമല്ലാതാവുകയും ചെയ്യുന്നു. കല ഒരു വികാരവും ചോദനയും ആയി വരുമ്പോഴാണ്‌ അവന്‍ കലയെ പ്രകടനാത്മകമാക്കുന്നതും അതില്‍ പ്രവര്‍ത്തിക്കുന്നതും. അതുകൊണ്ട്‌ കൃത്രിമത്ത്വത്തെക്കാള്‍ അതിന്‌ മൌലികത കൂടും.
പ്രതിഭയുടെ കാര്യത്തില്‍ ഈ വൈജാത്യം ഉണ്ടാവും എന്നല്ല പറഞ്ഞുവന്നത്‌.കലയുണ്ടാവാന്‍ വേണ്ടി കല നിര്‍മിക്കുമ്പോള്‍ പ്രതിഭ ഉണ്ടായാല്‍ പോലും കൃത്രിമത്ത്വത്തിന്റെ കല്ലുകടി അനുഭവപ്പെട്ടേക്കും.
ദൈവത്തെ , പുനര്‍ജനിയെ നിരകരിക്കുന്നവന്റെ എല്ലാ കലയും മൌലികമല്ല എന്നുമല്ല പറയുന്നത്‌. ഹൃദയത്തില്‍ ഒരു സ്പാര്‍ക്‌ അത്‌ ഭാവനയില്‍ തൊടുന്ന നിമിഷം അവന്‍ സൃഷ്ടിക്കുന്ന എല്ലാ സാഹിത്യവും കലയും മൌലികമായിരിക്കും. അതേ സമയം എനിക്ക്‌ ഇപ്പോള്‍ ഒരു കല, സാഹിത്യം സൃഷ്ടിക്കേണ്ടതുണ്ട്‌ എന്ന അവന്റെ മസ്തിഷ്ക വികാരം ഹേതുവായി സൃഷ്ടിക്കപ്പെടുന്ന കലകളിലേറെയും മൌലികമായിരിക്കില്ല, കൃത്രിമത്ത്വത്തിന്റെ വിരസത ഉണ്ടാവും.
പറഞ്ഞു വരുന്നത്‌ കല ആത്മാവിന്റെ സൃഷ്ടിയാണ്‌. ആത്മാവില്‍ വിശ്വസികുന്ന.ആത്മാവില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്ന എല്ലാം അത്മീയമെങ്കില്‍ കലയെയും ആത്മീയമെന്ന് പറയേണ്ടി വരും.

"മൃഗത്ത്വം നിരാകരിക്കുന്ന മൃഗമാണ്‌ മനുഷ്യന്‍" കാമു പറഞ്ഞു വെച്ചതാണ്‌. പരിണാമ ദശയില്‍ ഏറ്റവും വികാസം പ്രാപിച്ച മൃഗമാണ്‌ മനുഷ്യന്‍ എന്ന് ശാസ്ത്രവും ഭൌതികവാദവും പറയുന്നു. ആ വികാസത്തില്‍ ഏറ്റവും ശ്രേഷ്ടമായത്‌ വിവേചന ബുദ്ധിയെന്നും ശാസ്ത്രം പറയുന്നു.
ഈ വിവേചന ബുദ്ധിയേയും മൃഗത്വത്തെ നിരാകരിക്കലിനേയും നാം മനുഷ്യത്ത്വം എന്നും പറയുന്നു. മൃദുലമായ പല വികാരങ്ങളേയും നാം മനുഷ്യത്ത്വം എന്ന ഈ തലക്കെട്ടിനു താഴെ ചേര്‍ക്കുന്നു, പ്രണയം , വിരഹം, കരുണ, ദയ തുടങ്ങിയവ,

ഈ ഗുണങ്ങള്‍ ഏറിയ തോതിലുള്ളവനെ നാം ഹൃദയമുളവനെന്നോ ആതമാവുള്ളവനെന്നോ വിളിക്കുന്നു. അതേ സമയം ശാസ്ത്രീയ പ്രശങ്ങളെ അനായാസം നിര്‍ദ്ദാരണം ചെയ്യാന്‍ കഴിവുള്ളാ ബുദ്ധികൂര്‍മതയുള്ളവനെ , ശാസ്ത്രകാരനെ തലച്ചോറുള്‍ലവന്‍ എന്നു വിളിക്കുന്നു. ആത്മാവുള്ളവന്റെ ഈ വികാരത്തില്‍ നിന്നാണല്ലോ കലയുടെ ജനനം.

മനുഷ്യനെ പ്രദ്ധാനമായും മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന ഒരു വ്യത്യാസമാവുന്നു കല. ഒരു വര്‍ഗത്തിനു സമാനമല്ലാത്തതോ മറ്റുള്ളവയില്‍ ഇല്ലാത്തതോ ജൈവ ശാസ്ത്രപരമായ എന്റെങ്കിലും ധര്‍മം നിര്‍വഹിക്കാത്തതൊ ആയ ഒരു കലയോ കളിയോ മൃഗങ്ങളില്‍ കണ്ടെത്താനാവുന്നില്ല. അതായത്‌ മനുഷ്യത്ത്വത്തിന്റെ ഒരു ചിഹനം കൂടിയാണ്‌ കല. ഹൃദയമുള്ളവന്റെ ഗുണങ്ങളായ കരുണ, ദയ, വിരഹം എന്നിവ മനുഷ്യനില്‍ ഉണ്ടാവാന്‍ കാരണമെന്തെന്നും അത്‌ ഏത്‌ രാസ ഹോര്‍മോണ്‍ പ്രക്രിയയുടെ പ്രതിഫലനമാണെന്നും അജ്നാതമായതു പോലെ തന്നെയും കലക്കു പിറകിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെയും കണ്ടു പിടീക്കുക അസാധ്യമാണ്‌.

ആദിമ മനുഷ്യരുടെ കലകളൊക്കെ തന്നെയും സ്വയം അണിഞ്ഞൊരുങ്ങാനോ ദൈവത്തെ പ്രീതിപ്പെടുത്താനോ ആയിരുന്നു.പ്രാചീന ഗുഹാചിത്രങ്ങളില്‍ ഭൂരിപക്ഷവും ദൈവപ്രീതിക്കുള്ളതായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ആത്മീയ വികാരങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനുള്ള ഉപാധിയായി കലയെ അന്നേ സ്വീകരിച്ചിരുന്നു.
ഏകാന്തമായിരിക്കുന്ന ഒരാള്‍ പാടുന്നതിന്‌ ആത്മാവിന്റെ ചോദനക്കപ്പുറം അതിന്‌ ബൌദ്ധിക കാരണങ്ങള്‍ കണ്ടെത്താനാവാത്തത്‌ പോലെ തന്നെ കലയുടെ ഉറവിടങ്ങളൊക്കെയും മനുഷ്യന്റെ ഹൃദയത്തോട്‌ അല്ലെനിലില്‍ മനസ്സിനോട്‌ ആത്മാവിനോടുള്ള സംവാദനമാണെന്ന് പറയാം. അതുകൊണ്ടാണ്‌ കല ആത്മീയമാണേന്ന് പറയേണ്ടി വരുന്നതും

അതുകൊണ്ടു തന്നെയാണ്‌ ഒരുശാസ്ത്രകാരന്‍ നിര്‍ദ്ധരിച്ചു അപൂര്‍ണ്ണമാക്കിയ ഒരു ശാസ്ത്ര പ്രശ്നത്തിന്റെ തുടര്‍ച്ച കണ്ടെത്താന്‍ ഇതര ശാസ്ത്രകാരന്‌ കഴിയുന്ന അനായാസതയോടെ ഒരു കവിയുടെ ചിത്രകാരന്റെ അപൂര്‍ണ്ണ സൃഷ്ടി മറ്റൊറാള്‍ക്ക്‌ പൂര്‍ത്തീകരിക്കാ സാധിക്കാത്തത്‌.
മനുഷ്യന്‌ തീര്‍ത്തും അജ്നാതമായ ആതമാവിന്റെ ഏതോ ഗുണങ്ങളില്‍ ഒന്നായി കലയേ കാണേണ്ടി വരുന്നതും കല ആത്മീയതയുമായി സമരസപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടിവരുന്നതും അതുകൊണ്ടാണ്‌.

Jun 20, 2008

സ്വാറ്ത്ഥം

സനാതനന്റെ കവിതയാണ്‌ സ്വാറ്ത്ഥം എന്ന വാക്കിനനെ കുറിച്ച് ചിന്തിപ്പിച്ചത്‌. ചില കവിതകളങ്ങനെയാണ്‌ നമ്മുടെ ബോധത്തില്‌ പൊടിപിടിച്ച്‌ കിടക്കുന്ന ചില വാക്കുകളുടെ അറ്ത്ഥത്തെ കുറിച്ചും അതിന്റെ വിശാലമായ നിറ്വചനങ്ങളെ കുറിച്ചും ജീവിതത്തില് അതിന്റെ സ്വാധീനത്തെ കുറിച്ചുമൊക്കെ ഓറ്മ്മിപ്പിച്ചേക്കും

സ്വാറ്ത്ഥം എന്ന വാക്കിനു തന്കര്യം അതിന് മേലുള്ള ശ്രദ്ധ എന്ന് വ്യാഖ്യാനം നല്‌കാം.
സനാതനന്റെ ഈ കവിതയില് വൈരുധ്യാതമകമെന്ന് തൊന്നുന്നതും എന്നാല് തുടറ്ച്ചയുള്ളത് എന്ന് തോന്നിപ്പിക്കുന്നതുമായ രണ്ട് കാഴ്ചകളുടേയും ചില വാക്യ പ്രവറ്ത്തികളുടേയും ആപേക്ഷിയകതയാണ്‌ സനാതന് ചിത്രീകരിച്ചത്‌. എന്നാല് ഈ രണ്ടു കാഴ്ചകളും മനുഷ്യന്റെ ഒരു വികാരത്തിന്റെ അല്ലെങ്കില് ഒരു സ്വഭാവത്തിന്റെ ഉല്പന്നമാണ്‌. അപരനില് കണ്ട നന്മയുടെ ഗുണത്തില്‌ എനിക്കും പങ്കു കാരനാവണം എന്ന സ്വാറ്ത്ഥം അയാളെ ഒരുമിച്ചു ജീവിക്കാന് പ്രേരിപ്പിക്കുന്നു എന്നാല് എന്റെ അഭിരുചിയെ അപരന്റെ ആ നന്മ നശിപ്പിക്കുന്നു എന്നും അതേ നന്മകൊണ്ട്‌ അപരിനിലa എന്റെ സ്വാറ്ത്ഥം നിഷ്‌ഫലമാവുന്നു എന്നും തൊന്നുമ്പോള്‌ പിരിയേണ്ടിയും വരുന്നു.

സ്വാറ്ത്ഥം നമ്മള്‌ മനുഷ്യന്റെ മ്ലേഛമായ വികാരങ്ങള്ക്കു താഴെയുള്ള പട്ടികയിലാണൂ ഉള്പെടുത്തിയിരിക്കുന്നത്‌.
എന്നാല് എല്ലാ ജീവിതത്തേയും അടിസ്ഥാനപരമായി മുന്നോട്ട്‌ നയിക്കുന്നത്‌ സ്വാറ്ത്ഥം എന്ന വികാരമാണ്‌.
എനിക്കും നല്ല ജീവിതം, പാറ്പ്പിടം എന്ന സ്വാറ്ത്ഥം നിന്നെ തൊഴിലെടുപ്പിക്കുമ്പോള്,ജീവിക്കണം എന്ന സ്വാറ്ത്ഥം നിന്നെ അപകടങ്ങളിന്മേല് ശ്രദ്ധാലുംവാക്കുമ്പോള്‌ ആ കാണുന്ന സൗന്ദര്യം അല്ലെങ്കില് അവളിലുള്ള ആ നല്ല ഗുണം എനിക്ക്‌ സ്വന്തമാവണം എന്ന സ്വാറ്ത്ഥം നിന്നില്‌ പ്രണയവും സൃഷ്ടിക്കുന്നു.

വിപണിയും ആത്മീയതയും പാഞ്ഞു കേറുന്നതും ഈ സ്വാറ്ത്ഥത്തിനുമേലേക്കാണ്‌. എനിക്ക്‌ നന്മ എന്ന ചിന്തയിലാണ്‌ ആത്മീയത വിജയിക്കുന്നത്‌. എനിക്ക്‌ സ്വന്തമാക്കണാം എന്ന വികാരത്റ്റില് വിപണിയും.

രണ്ടു സ്വാറ്ത്ഥങ്ങള്‌ തമ്മില് മത്സരിക്കുമ്പോഴാണു കാലുഷ്യവും സംഘറ്ഷവും സംഘട്ടനങ്ങളും ഉണ്ടാവുന്നത്‌.
യുദ്ധങ്ങളുടേയും സംഘട്ടനങ്ങളുടേയും അടിസ്ഥന കാരണം എന്റെ സ്വാർത്ഥത്തെ അപരന് വക വെച്ചു തരാത്തതോ അല്ലെങ്കില് എന്റെ സ്വാറ്ത്ഥത്തിനുമെലേക്ക്‌ അവന് കടന്നു കയറുന്നതോ ആണ്‌.

ഒരു സൂഫികഥയുണ്ട്‌. ഒരാൾLഅ്‌ വന്ന് ഒരു സൂഫിയുടെ വാതിലില് മുട്ടുന്നു. സൂഫി ചോദിക്കുന്നു "ആരാണ്‌" പുറത്തു നിന്ന് ഉത്തരം "ഞാനാണ്‌ " സൂഫി പരയുന്നു "ഇവിടെ ഇപ്പോൾല്‌ ഒരു ഞാന്‌ ഉണ്ട്‌ രണ്ടു ഞാനുകളക്കിവിടേ സഥാനമില്ല" പുറത്തു നിന്ന ആള് വീണ്ടും മുട്ടുന്നു. സൂഫി ചോദിക്കുന്നു "ആരാണ്‌" പുറത്തുനിന്ന് ഉത്തരം "നീയാണ്‌". സൂഫിയുടെ മറുപടി "എങ്കില് നിനക്ക്‌ കടന്നു വരാം"
രണ്ടു ഞാനുകള് സ്വാറ്ത്ഥം സൃഷ്ടിക്കുകയും അത്‌ സംഘർഷത്തിനു കാരണമാവുകയും ചെയ്യുന്നു എന്ന ബോധ്യം സൂഫിസത്തിന്റെ അടിസ്ഥനങ്ങളിള് ഒന്നാണേന്ന് "അനല്‌ ഹഖ്‌" ഒന്നാണൂ സത്യം എന്ന സൂഫി തത്ത്വം ബോധ്യമാക്കുന്നു.

സ്വറ്ഗ്ഗം വേണം എന്ന എന്റെ സ്വാറ്ത്ഥം എന്റെ ആത്മീയ മതവിശ്വാസങ്ങൾക്ക്‌ കാരണമാവുമ്പോള്‌ അത്‌ യഥാറ്ത്ഥ ആത്മീയതയല്ല എന്ന് സൂഫിസം പറയുന്നു. അതിലപ്പുറം ദൈവത്തോടുള്ള സ്നേഹവും നന്ദിയും അവന്റെ സ്മരണയുമാണ്‌ യഥാറ്ത്ഥ ആത്മീയതക്കു നിദാനം എന്നും സൂഫിസം പറയുന്നു.അല്ലെങ്കില് ഞാനെന്ന എന്ന സ്വാറ്ത്ഥത്തെ മറ്റീവക്കപ്പെടുമ്പോഴാണ്‌ ആത്മീയത പൂറ്ണ്ണമാവുന്നത്‌ എന്ന് പറയേണ്ടി വരും

സ്വാറ്ത്ഥം മൃഗങ്ങളിലും കാണപ്പെടുന്ന ഒരു വികാരം തന്നെ ആണു എന്ന് തോന്നുന്നു. എന്നാല് ആവശ്യങ്ങള്ക്കപ്പുറം സ്വാറ്ത്ഥം അവയിലില്ല. പരിണാമ വാദത്തെ വിശ്വസിക്കാമെങ്കില്‌ പരിണാമത്തില് നഷ്ടമാവാതെ പോയ എന്നാല് കൂടുതല് രൂഢമൂലമാവുകയും ചെയ്ത വികാരങ്ങളിലൊന്നാവാം സ്വാറ്ത്ഥം.
നമ്മള് മനുഷ്യത്ത്വം എന്നു പറയുന്നതൊക്കെയും മനുഷ്യനിലെ നന്മകളുളെ ഗുണങ്ങള് മാത്രമാണെങ്കില് പോലും യഥാറ്ത്ഥത്തില്‌ മനുഷ്യത്ത്വം ഇതര ജീവികളില്‌ നിന്നു മനുഷ്യനെ വേറ്തിരിക്കുന്ന നന്മയും തിന്മയും മ്ലേഛവുമായ എല്ലാഗുണങ്ങളും ഉള്പെടുന്നത്‌ തന്നെയാണ്‌. നന്മ മാത്രം ചെയ്യുന്നവറ് ദൈവങ്ങളാണെന്നിരിക്കെ നമ്മളിലെ നന്മകള്‌ എന്ന് പറയുന്ന ഗുണങ്ങളെ (സ്നേഹം, കരുണ, സത്യസന്ധം, നിസ്വാർത്ഥം) മതവും ആത്മീയതയും ദൈവീകഗുണങ്ങളായാണ്‌ പരിചയപ്പെടുത്തുന്നത്‌. ദൈവീക ഗുണങ്ങളിലേക്ക്‌ മനുഷ്യനെ ക്ഷണിക്കലാണ്‌ ആത്മീയത. മനുഷ്യന് എത്രത്തോളാം ദൈവീക ഗുണങ്ങള്‌ ആറ്ജ്ജിക്കുന്നോ അത്രയും ആത്മീയമായി വിജയിക്കുന്നു. അതല്ലാതെ പേടിപ്പെടുത്തലിലൂടെയോ സ്വാറ്ത്ഥ മോഹങ്ങള്കൊണ്ടോ ഉണ്ടാവുന്ന ആത്മീയത അപൂറ്ണ്ണമാവുന്നു. നിസ്വാറ്ത്ഥം എന്ന ദൈവിക ഗുണത്തിലെത്താന് ഞാനിനെയും സ്വാറ്ത്ഥതേയും മറ്റീവ്ക്കലാണ്‌ ആത്മീയതയുടെ പൂറ്ണ്ണാതയെങ്കില് പോലും സ്വാറ്ത്ഥത പൂറ്ണ്ണമായും ഇല്ലാതായാല ജീവിതത്തിന്റെ ചലനം തന്നെ നിലച്ചേക്കും

Jun 15, 2008

നമ്മുടെ മക്കള്‍ക്കല്ല, നമുക്കു വേണ്ടി തന്നെ.

ഭൂമിയെ മനുഷ്യന്‍ തിന്നു തീര്‍ക്കുകയാണ്‌.ഈ തോതില്‍ മനുഷ്യന്‍ ഭൂമിയെ തിന്നു കൊണ്ടിരുന്നാല്‍ അടുത്ത 40 വര്‍ഷത്തിനു ശേഷം ഭൂമിയില്‍ ലഭ്യമാവുന്ന വിഭവങ്ങളുടെ ഇരട്ടിയായിരിക്കും ആവശ്യം. അതായത്‌ മൊത്തം ജനതയുടെ 50 ശതമാനം പേര്‍ക്ക്‌ മാത്രമേ വിഭവങ്ങള്‍ ലഭ്യമവൂ. "വിഭവങ്ങള്‍ സൂക്ഷിക്കുക നമ്മുടെ മക്കള്‍ക്കായ്‌" എന്ന slogan "കരുതി ഉപയോഗിക്കുക, നമുക്ക്‌ വേണ്ടി തന്നെ" എന്ന് മാറിക്കഴിഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായ ഭക്ഷ്യ് സാധനങ്ങളുടെ വിലവര്‍ദ്ധന 50 ശതമാനത്തോളമാണ്‌.2000 ആം ആണ്ടിനു ശേഷം 75 ശതമാനവും. ഗോതമ്പിനു മാത്രം 200 ശതമാനവും.

വിദഗ്ദാഭിപ്രായത്തില്‍ ലോക ചരിത്രത്തില്‍ ആദ്യമായി വികസിത രാജ്യങ്ങളേയും ഭക്ഷ്യ ക്ഷാമം ഗുരുതരമായി ബാധിച്ചേക്കും.
ഭക്ഷണ സാധനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമെന്നിരിക്കെ തന്നെയും പോള്ളുന്ന വില കാരണം അവ അപ്രാപ്യമാവുന്നതുമൂലമുണ്ടാവുന്ന പട്ടിണിയായിരിക്കും ഈ മുഖത്തിന്റെ ഏറ്റവും ക്രൂരഭാവം. അത്‌ സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കും.

ആഫ്രിക്കയിലെ 19 രാജ്യങ്ങളില്‍ ഈ വര്‍ഷാന്ത്യത്തോടെ തന്നെ ഭക്ഷ്യ ക്ഷാമം രൂക്ഷമാവും . ചില രാജ്യങ്ങളില്‍ ചതുരശ്രകിലോമീറ്ററുകളില്‍ ഒരാള്‍ക്ക്‌ എന്ന തോതില്‍ പോലും ഭക്ഷണം ലഭ്യമല്ലാത്ത അവസ്ഥ സംജാതമാവും.

ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണങ്ങള്‍ പലതാണ്‌.

ജനസംഖ്യാ സ്ഫോടനം

ത്വരിതഗതിയില്‍ വികസിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിച്ച കാരണമുണ്ടായ ഉപഭോഗത്തിലുണ്ടായ വര്‍ദ്ധനവ്‌

മാംസത്തിന്റെ ഉപയോഗം കൂടിയത്‌.മാംസോല്‍പന്നത്തിനാവശ്യമായ കന്നുകാലി, കാലിത്തീറ്റ വളര്‍ത്തലിനു ധാന്യ കൃഷിയേക്കാള്‍ പതിന്മടക്ക്‌ കൃഷിയിടങ്ങള്‍ ആവശ്യമാണെന്നിരിക്കെ അവയുടെ ഉത്പാദനം തുച്ചമായ ജനങ്ങളുടെ ആവശ്യത്തെ പൂര്‍ത്തീകരിക്കുന്നുള്ളൂ. ധാന്യ കൃഷിയിടങ്ങള്‍ മാംസകൃഷിയിടങ്ങളായി മാറിയതും കാരണങളിലൊന്നാണ്‌.

എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവും ഡോളറിലുണ്ടായ ഇടിവും സമസ്ത മേഖലകളിലും ചെലുത്തിയ വിലവര്‍ദ്ധനവ്‌.

എന്നാല്‍ എറ്റവും വലിയ വില്ലന്‍ ഗ്ലോബല്‍ വാമിംഗ്‌ എന്ന ആഗോള താപനം മൂലമുണ്ടാവുന്ന പ്രകൃതിയുടെ അസംതുലിതാവസ്ഥയാണ്‌.

ആഗോള താപനം വഴി ഉയരുന്ന സമുദ്ര നിരപ്പ്‌ ഏറ്റവും അധികം വെള്ളത്തിലാഴ്‌ത്തുന്നത്‌ ധാന്യ കൃഷിയിടങ്ങളെയാണ്‌. അടുത്ത നൂറുവര്‍ഷത്തിനുള്ളില്‍ ഒരു മീറ്റര്‍ വരെ ഉയര്‍ന്നേക്കാവുന്ന സമുദ്ര ജല നിരപ്പ്‌ നിലവിലുള്ള ധാന്യ കൃഷിയിടങ്ങളിലെ 3 ല്‍ ഒരു ഭാഗത്തും വെള്ള പൊക്കം സൃഷ്ടിക്കും

കഴിഞ്ഞ നൂറുവര്‍ഷത്തിനിടക്ക്‌ ശരശരി ആഗോള താപന വര്‍ദ്ധനവ്‌ 0.18 ഡിഗ്രിയാണ്‌. അത്‌ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ1.1 മുതല്‍ 6 ഡിഗ്രി വരെ ആയേക്കാം.

ആഗോള താപനത്തിന്റെ മുഖ്യ കാരണം പ്രകൃതിക്കു മേലെയുള്ള മനുഷ്യന്റെ കൈകടത്തല്‍ തന്നെയാണ്‌.

കാടു വെളുപ്പിച്ചതും, ഗ്രീന്‍ ഹൌസ്‌ വാതകങ്ങളെ അമിതമായി പുറന്തള്ളുന്നതും ശരാശരി ഇക്കോളജിക്കല്‍ ഫൂട്ട്‌ പ്രിന്റ്‌ കൂടികൊണ്ടിരിക്കുന്നതുമെല്ലാം ആഢംബരത്തിന്റെ ഉപോല്‍പന്നങ്ങളാണ്‌.

കാര്‍ബണ്‍ വാതകങ്ങള്‍, സി എഫ്‌ സി, നൈട്രസ്‌ ഓക്സൈഡ്‌ തുടങ്ങിയ ഗ്രീന്‍ ഹൌസ്‌ വാതകങ്ങളുടെ പുറന്തള്ളല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ 150 ശതമാനത്തോളമാണ്‌ വര്‍ദ്ധിച്ചത്‌. വര്‍ദ്ധിച്ചു വന്ന വാഹങ്ങളുടേ ഉപയോഗവും ഇന്‍ഡസ്ട്രിയലൈസേഷന്റെ കുതിച്ചു ചാട്ടവുമാണ്‌ ഈ വാതക പുറന്തള്ളലിന്റെ പ്രധാന ഹേതു.

ഗ്ലോബല്‍ വാര്‍മിങ്ങിന്റെ മറ്റൊരു കാരണം ഇക്കോളജിക്കല്‍ ഫൂട്ട്‌ പ്രിന്റിന്റെ ശരാശരി നിരക്കില്‍ ഉണ്ടായ വര്‍ദ്ധനവാണ്‌. ഒരു വ്യക്തിയോ, പ്രദേശമോ, പ്രവര്‍ത്തനമോ പ്രകൃതിക്കുമേല്‍ സൃഷ്ടിക്കുന്ന impact അളക്കുന്നതിനുള്ള മാനദണ്ഡമാണ് ഇക്കോളജിക്കല്‍ ഫൂട്ട്‌ പ്രിന്റ്‌.
ഒരാളുടെ ഉപഭോഗത്തിനും അയാളുടെ വിസര്‍ജ്യങ്ങളുടേയും പാഴ്‌വസ്തുക്കളുടേയും പുറന്തള്ളലിനും ആവശ്യമായ ഭൂനിലത്തിന്റെ അളവാണ്‌ അയാളുടെ ഇക്കോളജിക്കല്‍ ഫൂട്ട്‌ പ്രിന്റ്‌.
1.19 ഹെക്റ്ററാണ്‌ ശരാശരി ഭൂമിയില്‍ ഒരാള്‍ക്ക്‌ ലഭ്യമാവുന്ന ഇക്കോളജിക്കല്‍ ഫൂട്ട്‌ പ്രിന്റ്‌. എന്നാല്‍ ഓരോ മനുഷ്യനും ശരാശരി 2.3 ഹെക്റ്റര്‍ എന്ന തോതില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.

വളരെ പണ്ട്‌ ചൊവ്വക്ക് സമാനമായ ഒരു സഹ ഗ്രഹം ഭൂമിയെ വന്നിടിച്ചത്രെ. ആ ഇടിയിലാണ്‌ ഭൂമി അല്‍പം ചെരിഞ്ഞ്‌ പോയത്‌. ആ ചെരിവ്‌ ഭൂമിക്ക്‌ ഒരനുഗ്രഹമാവുകയായിരുന്നു. അത്‌ കൃത്യമായ ഇടവേളകളില്‍ നമുക്ക്‌ ഋതുക്കളെ തന്നു.ഋതുഭേദങ്ങള്‍ നമ്മുടെ കൃഷിക്കടിസ്ഥാനങ്ങളായി.എന്നാല്‍ ആ ഋതുഭേദങ്ങളെ തന്നെ ആഗോള താപനം മാറ്റി മറിക്കുന്നു.

ചൊവ്വാ ഗ്രഹം വന്നിടിക്കുന്ന ആഘാത്തതിലെന്നോണം ഭൂമിയെ പ്രഹരിക്കുന്ന ആഗോള താപനത്തെ ചെറുക്കാന്‍ ഒരു രാഷ്ട്രവും ഭരണകൂടവും വ്യവസ്ഥാപിതമായി ഒന്നും തന്നെ ചെയ്യുന്നില്ല. സൈനിക ചെലവിലേക്ക്‌ ബജറ്റില്‍ നീക്കി വെക്കുന്നതിന്റെ 5% പോലും ഈയിനത്തിലേക്കോ പ്രകൃതി സംരക്ഷണത്തിലേക്കോ മാറ്റി വെക്കുന്നില്ല.

നമുക്ക്‌ ചെയ്യാവുന്നത്‌

നമ്മുടെ ആവശ്യങ്ങളെ നാം നിര്‍ണ്ണയിക്കുക. ആ ആവശ്യങ്ങളിലേക്ക്‌ വാങ്ങി ചെലവഴിക്കുക. ഉല്‍പന്നങ്ങള്‍ വാങ്ങിയതിനു ശേഷം ആവശ്യങ്ങള്‍ കണ്ടെത്തുന്നതിനു പകരം ആവശ്യങ്ങളെ അറിഞ്ഞു ഉല്‍പന്നങ്ങളെ വാങ്ങുക.

നമ്മുടെ ബാല്‍ക്കണികളില്‍ തോട്ടങ്ങള്‍ വളരുമോ എന്ന് പരീക്ഷിച്ച് നോക്കുക.

ആഴ്ചയില്‍ രണ്ട്‌ ദിവസമെങ്കിലും നമ്മുടെ സ്വകാര്യ വാഹങ്ങള്‍ക്ക്‌ പണിമുടക്ക്‌ പ്രഖ്യാപിച്ച പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ടേഷനെ ആശ്രയിക്കുക.

നമ്മുടെ ഇക്കോളജിക്കള്‍ ഫൂട്ട്‌ പ്രിന്റിനെ അറിയാന്‍ ശ്രമിക്കുക.

വെള്ളത്തിലും ഊര്‍ജ്ജത്തിലും പിശുക്കനാവുക

തന്നാലായത നമുക്കും....

Jun 9, 2008

ഞാനും പ്രതിഷേധിക്കുന്നു, എന്റെതും കട്ടിരുന്നു.

കട്ടെടുക്കലിനെതിരെ ഇഞ്ചിക്കു പിന്തുണ പ്രഖ്യപിച്ചു എന്റെ ബ്ലോഗിലും കരിവാരി തേച്ച്‌ ഞാനും പ്രതിഷേധിക്കുന്നു ..

അതിനെതിരെ മുന്നോട്ട്‌ പോവുന്ന എല്ലാവര്‍ക്കും പിന്തുണ പ്രഖ്യപിക്കുന്നു.

എന്റെ പോസ്റ്റുകള്‍ അടിച്ചു മാറ്റിയിരുന്നു എന്ന് തോന്നിയപ്പോള്‍ ഞാ അവര്‍ക്ക്‌ അയച്ച മെയിലും ഇവിടെ ഇടുന്നു . എനിക്ക്‌ മറുപടി ഒന്നും കിട്ടിയിരുന്നുമില്ല.
-------- Forwarded message ----------
From: shafeeq izzudheen
Date: 2008/5/13
Subject: my story in your site
To: Mazhathully50@yahoo.com


സ്നേഹിതാ....
ക്ഷേമം നേരുന്നു.
എന്റെ പേരു ശഫീഖ്‌ ഇസുദ്ധീന്‍, ശെഫി എന്ന പേരില്‍ മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യുന്നു. ബ്ലോഗ്‌ നാമം ബഡായികള്‍
(www.shefees.blogspot.com)
യാദൃശ്ചികമായി ഞാന്‍ ഇന്നു നിങ്ങളുടെ മഴത്തുള്ളി വെബ്‌ കാണാനിടയായി. അതില്‍ സ്റ്റോറി വിഭാഗത്തില്‍ എന്റെ ബ്ലോഗില്‍ ഞാന്‍ പ്രസിദ്ധീകരിച്ച കഥ കാണാനിടയായി(ക്യാമ്പസ്‌ പ്രണയം) .

അങ്ങനെ പ്രസിദ്ധപ്പെടുത്തന്നതില്‍ വിരോധമൊന്നും എനിക്കില്ല. എങ്കിലും എന്റെ ഒരു സൃഷ്ടി പ്രസിദ്ധപ്പെടുത്തുമ്പോള്‍ ഒന്നുകില്‍ എന്നെ അറിയിക്കുകയോ അതല്ലെങ്കില്‍ അതു ആദ്യം പ്രസിദ്ധീകരിച്ച എന്റെ ബ്ലോഗിന്റെ ലിങ്കോ അഡ്രസ്സോ കൊടുക്കേണ്ടതില്ലായിരുന്നോസസ്നേഹം

ശെഫി

Jun 7, 2008

തിരക്കഥ

ചുരുണ്ട തലമുടിയുള്ള
രണ്ട്‌ കറുത്ത കുഞ്ഞുങ്ങള്‍
തെരുവോരത്ത്‌
ആക്രോഷിച്ച്‌
അടിപിടി കൂടുന്നു.
അതേ മൂശയിലെ
വാര്‍ക്കപ്പെട്ടൊരു
വല്യുമ്മ
കുമാമ* പെട്ടിയില്‍
തലതാഴ്‌ത്തി
ഒഴിഞ്ഞ പെപ്സി
ടിന്നുകള്‍ തിരയുന്നു.

ഏഴാം നിലയിലെക്ക്‌
കയറിപ്പോവുന്ന
ഗോവണിയിലെ
പടികളിലൊന്നിലിരുന്ന്
ചുമലിലെ
കുടിവെള്ള ബോട്ടിലിന്റെ
ഭാരം ഇറക്കി
നെഞ്ചത്ത കൈവെച്ച്‌
വിയര്‍ക്കുന്ന
ഒരു ഓഫീസ്‌ ബോയ്‌.

ജനാലയിലൂടെ
തെരുവിലേക്കുള്ള ഷോട്ടില്‍
N.95 ല്‍
ഇംഗ്ലീഷ്‌ കലര്‍ന്ന
അറബിയില്‍
സംസാരിക്കുന്ന
ഇന്തോനേഷി ഗദ്ദാമ*

ഓര്‍ഡര്‍ ചെയ്ത്‌
ഡോമിനൊസ്സ്‌ പിസ്സയുടെ
ഡെലിവെറി
വൈകിയതിന്‌
ഓഫീസ്‌ സെക്രട്ടറിയോട്‌
കയര്‍ക്കുന്ന
പശ്ചാത്തല ശബ്ദം
കോസപ്പില്‍
സെക്രട്ടറിയുടെ മുഖം

മുന്‍പില്‍ നിര്‍ത്തിയിട്ട
മാനേജരുടെ
ലെകസസ്‌ കാറില്‍
അക്ഷരങ്ങളെഴുതി
പഠിക്കുന്ന കുട്ടികള്‍
പശ്ചാതലത്തില്‍
അസര്‍ വാങ്കിന്റെ ധ്വനി


തിരിയുന്ന കസേരയില്‍
ഇരിക്കുന്ന
"മുതലാളിത്ത്വത്തിന്‌"
മയക്കം വന്നതപ്പോഴാണ്‌
ആ ലോംഗ്‌ ഷോട്ടാവട്ടെ
ക്ലൈമാക്സ്‌
---------------
കുമാമ = ചവര്‍, വേസ്റ്റ്‌

ഗദ്ദാമ = വീട്ടു ജോലിക്കാരി

Jun 4, 2008

@ എയര്‍പോര്‍ട്ട്‌....

ചുവന്ന വാലുള്ള
വെളുത്ത പുഷ്‌പക
വിമാനത്തില്‍
രാമന്മാരെ
രാഞ്ചി പറക്കുന്ന
രാവണ വിധികളെ
കാണുമ്പോഴും

പിന്നോട്ടായുന്ന
മനസ്സും കണ്ണുകളുമായി
അവര്‍ മുന്നോട്ട്‌
നടന്നു കയറുന്നത്‌
കാണുമ്പോഴും

ഒച്ചയില്ലാതെ
കരയുന്നചുണ്ടുകളും
നെടുവീര്‍പ്പായി
വറ്റിപ്പോകുന്ന
കണ്ണീരുമുള്ള
സീതമാര്‍
ചരടില്ലാതെ
ബന്ധനസ്ഥരാവുന്നത്‌
കാണുമ്പോഴും

കവിത വിരസമാവുന്നതും
വിരഹം സ്വപ്നങ്ങളുടെ
മരണം ഒളിപ്പിക്കുന്ന
വാക്കാവുന്നതും അറിഞ്ഞു

Jun 1, 2008

വിരഹച്ചൂട്‌

മരുഭൂവിലെ
മണലിന്റെ ചൂട്‌
പ്രവസിക്കുന്ന
ഭര്‍ത്താക്കളുടെ
ഹൃദയത്തിന്റെ
പൊള്ളലെറ്റിട്ടാണ്‌.

കാലം തെറ്റി
വര്‍ഷിക്കുന്നത്‌
വിരഹിണിയായ
ഭാര്യമാരുടെ
കണ്ണീരാണ്‌.

മണലിലെ
വെയിലില്‍
കരിയുന്നത്‌
മണ്‍സൂണിലെ
മഴയില്‍
തളിര്‍ത്ത
സ്വപനങ്ങളും
മോഹങ്ങളുമാണ്‌.

ചെങ്കടലിന്റെ
ചുവപ്പ്‌
ദാമ്പത്യങ്ങളുടെ
മുറിവേറ്റ
ഹൃദയത്തിലെ
രക്തക്കറയാണ്‌.

May 27, 2008

സംശയങ്ങള്‍.

കുളിച്ച്‌
തുളസിക്കതിര്‍ ചൂടി,
പട്ടു പാവാടയുമുടുത്ത്‌
വരുന്ന
വെളുത്ത്‌ മെലിഞ്ഞ
ഒന്നാം ബെഞ്ചില്‍
ഒന്നാമതിരിക്കുന്ന
ആ ശാലീന സുന്ദരി
കടക്കെണ്ണിട്ട്‌
ആഭ്യജാത്ത്യമായി
ഒരു നോട്ടം
എറിയുമ്പോള്‍
എനിക്ക്‌
പുളകവും
അഭിമാനവും
തോന്നുന്നത്‌
എന്തു കൊണ്ട്‌?

****
കുളിച്ച്‌
തുളസിക്കതിര്‍ ചൂടി,
പട്ടു പാവാടയുമുടുത്ത്‌
സുന്ദരി ചമയാന്‍
നോക്കുന്ന,
കറുത്ത്‌, തടിച്ച്‌
പല്ലുന്തിയ
ഒന്നാം ബെഞ്ചില്‍
രണ്ടാമതിരിക്കുന്ന
ആ കുലട
കടക്കണ്ണിട്ട്‌
വശീകരണ
നോട്ടം
എറിയുമ്പോള്‍
എനിക്ക്‌
ഓക്കാനം വരുന്നത്‌
എന്തു കൊണ്ട്‌?

May 17, 2008

സഹീറാ തങ്ങള്‍: ഈയിടെ ശ്രദ്ധിച്ച എഴുത്തുകാരി.

സഹീറാ തങ്ങളെ ഞാന്‍ അധികമൊന്നും വായിച്ചിട്ടില്ല.ആനുകാലികങ്ങളില്‍ അവരെഴുതിയിരുന്ന ചില കഥകളും കവിതകളും വായിച്ചിരുന്നു എന്നതിലപ്പുറം പുസ്തകരൂപത്തില്‍ അവരുടെ എഴുത്തൊന്നും ഞാന്‍ വായിച്ചിട്ടേ ഇല്ല.പുസ്തക രൂപത്തില്‍ അവരുടേതായി എത്ര കൃതികള്‍ ഉണ്ടെന്നും അറിയില്ല. എനിക്കറിയവുന്നതായി റാബിയ എന്ന നോവലും ഞനെന്ന ഒറ്റ വര എന്ന കവിതാ സമാഹാരവും.

മാധ്യമം വാര്‍ഷികപതിപ്പില്‍ വന്ന റാബിയ എന്ന നോവലാണ്‌ അവര്‍ മലയാള എഴുത്തില്‍ നിര്‍ണ്ണയിക്കുന്ന ഇടവും ആശയവും അതിലൂടെ അവരുടെ എഴുത്തുകളിലേക്കും എന്നെ ശ്രദ്ധിപ്പിച്ചത്‌.

മലയാള ഭാഷാ ലോകത്ത്‌ മുസ്ലിം സാമൂഹിക ഇടങ്ങളേയും ജീവിതത്തേയും പ്രതിനിധീകരിക്കാന്‍ ഒത്തിരി പ്രതിഭാധനരായ എഴുത്തുകാര്‍ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ മുസ്ലിം സ്ത്രികളില്‍ നിന്ന് അവരുടെ സാമൂഹിക ജീവിതത്തെ കുറിച്ചെഴുതാന്‍ എഴുത്തുകാരികള്‍ അധികമൊന്നും ഉണ്ടായിരുന്നില്ല എന്നതാണ്‌ വാസ്തവം.ഒരു ബി,എം സുഹറയെയോ മറ്റോ ചൂണ്ടിക്കാണിക്കാനാവും

സ്ത്രീപ്രതിരോധങ്ങളെ ശക്തമായ കഥാപാത്രങ്ങളിലൂടെ ആണും പെണ്ണുമായ മലയാള എഴുത്തുകാര്‍ ചിത്രീകരിച്ചിട്ടുണ്ട്‌.സിതാരയുടെ അഗ്നിയിലെ പ്രിയ.അബു ഇരിങ്ങാട്ടിരിയുടെ ഭീകരജന്തുവിലെ കാഞ്ചനയൊക്കെയും ശക്തമായ സ്ത്രീപ്രതിരോധ കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ അവയൊന്നും നേര്‍ക്കുനേരെ വ്യവസ്ഥിതിയോട്‌ കലഹിക്കുന്നവരോ ഒരു സമൂഹിക വ്യവസ്ഥിതി നിര്‍ണ്ണയിക്കുന്ന സ്ത്രീക്കുമേലുള്ള അധീഷത്തെ പ്രതിരോധിക്കുന്നവയോ ആയിരുന്നില്ല.റാബിയ സൃഷ്ടിക്കുന്ന പ്രതിരോധം വ്യത്യസ്ഥമാവുന്നത്‌ അതുകൊണ്ടാണ്‌. ലളിതാംബിക അന്തര്‍ജനത്തിന്റെയൊക്കെ കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നിരിക്കെ തന്നെയും റാബിയ നിര്‍ണ്ണയിക്കുന്നത്‌ ഇസ്ലാമിക സ്ത്രീപക്ഷം എന്ന ഇസ്ലാമിക്‌ ഫെമിനിസം എന്ന മലയാളികള്‍ക്ക്‌ അത്രയൊന്നും പരിചയമ്മില്ലത്ത പുതിയൊരു ചിന്തയും ആശയവുമാണ്‌.
കഥയുടെ അവസാനം റാബിയയുടെ പെണ്‍കുഞ്ഞിനെ നാമത്തെ കുറിച്ച്‌ റാബിയ തന്നെ പറയുന്നുണ്ട്‌. "അവളുടെ പേര്‍ ഇബറാബിയ.അവള്‍ക്ക്‌ ഉമ്മയുണ്ട്‌. ഇബ എന്ന അവളുടെ പേരിന്റെ കൂടെ ചേരാന്‍ റാബിയ എന്ന അവളുടെ ഉമ്മയുടെ പേരിനാണു ഉപ്പയുടെ പേരിനേക്കാള്‍ യോഗ്യത.".
ഉമ്മയുടെ പേര്‍ റാബിയ എന്നും കുഞ്ഞിന്റെ പേര്‍ ഇബറാബിയ എന്നും അറിയുന്ന അനുവാചകന്‌ എന്തു കൊണ്ട്‌ അങ്ങനെ ആ പേര്‍ വന്നു എന്ന് സ്വയം ചിന്തക്ക്‌ വിടാതെ കഥയില്‍ റാബിയയെ കൊണ്ട്‌ അങ്ങനെ പറയിപ്പിക്കുന്നത്‌ കഥയില്‍ കാര്യങ്ങളെ വസ്തുനിഷ്ട്‌മായി പറയുന്ന ലേഖന വിരസത നല്‍കുന്നുവെങ്കിലും ആ ഒരൊറ്റ വാചകം കഥ നിര്‍ണ്ണയിക്കുന്ന ഇടവും എഴുത്തുകാരിയുടേ ആശയവും വ്യക്തമാക്കുന്നു.

ഇസ്ലാം അനുവദിക്കുന്ന സ്വാതന്ത്ര്യം മുസ്ലിം സ്ത്രീകള്‍ക്ക്‌ അന്യമായി പോവുന്നതെങ്ങനെയെന്ന് ആ സമൂഹിക ചുറ്റുപാടില്‍ നിന്നുള്ള അനുഭവങ്ങളില്‍ നിന്ന് കുറച്ചൊക്കെ അതിശയോക്തി കലര്‍ത്തിയാണെങ്കിലും (നോവലിലെ ഒരു സ്ത്രീകഥാപാത്രം പോലും സംതൃപതയല്ല) നന്നായി ചിത്രീകരിക്കാന്‍ സഹീറക്കായിരിക്കുന്നു. സ്ത്രീകളാല്‍ അത്രയൊന്നും എഴുതപ്പെടാത്ത ആ സാമൂഹിക ചുറ്റുപാടില്‍ നിന്നും ഈയൊരു ചിന്താ ആശയത്തില്‍ നിന്നു കൊണ്ടും ഈ എഴുത്തുകാരിക്ക്‌ ഒത്തിരി ചെയ്യാനാവും എന്ന പ്രതീക്ഷ അവരുടെ എഴുത്തിലേക്ക്‌ ശ്രദ്ധിക്കുന്നവനാക്കുന്നു

Apr 11, 2008

Apr 8, 2008

മിസ്സിങ്

ഫാനുകളൊക്കെ
നേര്‍ രെഖയില്‍
വീശിക്കൊണ്ടിരുന്നത്രെ പണ്ട്.

പ്രണയിനി വന്ന്
ബന്ധം കൊണ്ട്
മധ്യത്തില്‍ ബന്ധിപ്പിക്കാന്‍
ശ്രമിച്ചപ്പോഴൊക്ക്
അസ്വാന്ത്ര്യം പറഞൊഴിഞു

പിന്നെയെപ്പോഴേ ബന്ധത്തിന്റെ
കുറ്റിയില്‍ പെട്ട്
ചലനം വര്‍ത്തുളമായപ്പോള്‍
വരാനിരിക്കിന്ന ഇടത്തിന്റെ
ആകാംക്ഷയില്‍ പിടഞു

കഴിഞു പോയ ഇടത്തിന്റെ
മിസ്സിംഗിങില്‍
വീണ്ടുമെത്താന്‍ വേഗത്തില്‍
കറങ്ങി
ബന്ധനത്തിലും
സ്വതന്ത്ര്യത്തിന്റെ മധുരം
മിസ്സിംഗ് ചലിപ്പിക്കുന്നത്
ജീവിതം

Apr 2, 2008

അവളുമാര്‍

അന്ന് (അവളുടെ ഹൃദയത്തില്‍ ഭാവനയുടെ മരം വളര്‍ന്നു വരുന്നുണ്ടായിരുന്നു)

വാര്‍ത്തകളുടെ മേലീല്‍ക്കൂടെ കാഴ്ചയരിയിപ്പിക്കുന്ന ഉണ്ണിയുടെ നട്ടെല്ലിനു മുകളില്‍ കൂടി ഒരു കറുത്ത എട്ടുകാലി അരിച്ചങ്ങനെ കയറുന്നത്‌ മിനിമോള്‍ വെറുതെയങ്ങനെ കണ്ടിരുന്നു.
"കറുത്ത എട്ടുകാല്യോ? ഇവിടെ ആദ്യമായിട്ടാണല്ലോ അത്തരം ഒന്ന്. ആ അണ്ടിക്കാട്ടീന്ന് ഇറങ്ങി വന്നതാവും"

"ദെ നിന്റെ പൊറത്തൊരു ഉറ്യേലി"
"ഈഹ്‌" എവടെ?

ചാടി എണ്ണീറ്റ്‌ തട്ടുന്ന ഉണ്ണിയുടെ കൈവിരലുകള്‍ എട്ടുകാലിയുടെ ശരീരത്തിലൂടെ കടന്നു പോവുന്നതും അതിന്‌ ഒന്നും പറ്റാതിരിക്കുന്നും കൌതുകത്തോടെ മിനീമോള്‍ നോക്കി നിന്നു,

"പറ്റിക്ക്യാ"
അടുത്തിരുന്ന മായ്‌കാ റബ്ബറെടുത്ത്‌ അവന്‍ എറിഞ്ഞത്‌ നെറ്റിയില്‍ കൊണ്ടപ്പോള്‍ പോലും അവള്‍ എട്ടുകാലിയുടെ വഴുവഴുപ്പുള്ള നീണ്ട കാലിലേക്ക്‌ നോക്കിയിരുന്നു.


ഉണ്ണി വീണ്ടും കണ്ണുകള്‍ കൊണ്ട്‌ പത്രത്തിലെ വാര്‍ത്തകളെ പീഡിപ്പിക്കാന്‍ തുടങ്ങി.

വാക്കുകളെ നിശബ്ദമായി കണ്ണുകള്‍ കൊണ്ട്‌ പരതുമ്പോഴും ശബ്ദമാനമായി അവന്‍ വേറേ എന്തൊക്കെയോ പറഞ്ഞു കൊണ്ടുമിരുന്നു.
"അവളുമാര്‍ക്കൊക്കെ അങ്ങനെ വേണം. ഒരാളു വന്ന് വിളിക്കുമ്പോ കൂടെ പോവാ, പത്തും നാപതും അളുള്‍ വന്നപ്പൊ മിണ്ടാനും നെലവിളിക്കാനും ആയില്യാ ന്നൊക്കെ പറ്യാ.ഒക്കെ കഴിഞ്ഞ്‌ കേസും കൂട്ടോം......"

അപ്പ്പോഴേക്കും കറുത്ത എട്ടുകാലി വലിഞ്ഞു കേറി അവന്റെ തലക്കു പുറകില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു, ഒരു രൂപ വട്ടത്തില്‍"

അതിന്റെ വഴു വഴുപ്പുള്ളതും വൃത്തിഹീനവുമായ കാലുകള്‍ അവന്റെ തലയോടു പിളര്‍ത്തി അവനെ മസ്തിഷ്ക്കത്തിലേക്ക്‌ ആഴ്‌ന്നങ്ങനെ പോവുന്നു.

അതിന്റെ എട്ടാം കാലിനുമാത്രം ഇത്തിരി നീളം കൂടുതലുള്ളതായി മിനിമോള്‍ക്ക്‌ തോന്നി.
\"ദേ ആ എട്ടാം കാല്‍ പിന്നേം നീളുന്നു."

"നെന്നക്കെന്തിന്റെ കേടാടീ. വട്ടായോ? പകലിരുന്ന് സ്വപനം കാണുന്നു." ഉണ്ണിയൊരു കളിയാക്കി ചിരികൊണ്ട്‌ ചോദിച്ചു.
ആ എട്ടാം കാല്‍ വീണ്ടും വീണ്ടും നീണ്ട്‌ അവന്റെ ഹൃദയത്തോടടുക്കുന്നു.അതിന്‍ നിന്ന് പശിമള്ളൊരു കറുത്തൊരു നൂല്‍ പുറത്തേക്ക്‌ നീണ്ടു വരുന്നു. ഇതെന്ത്‌ എട്ടുകാലി? കാലില്‍ നിന്നും നൂലോ.?


ഉണ്ണി ആ വാര്‍ത്ത വിട്ടു കളഞ്ഞ ലക്ഷണമില്ല അവന്‍ വീണ്ടു കമന്റെറ്ററി തുടങ്ങിയിരിക്കുന്നു.

"അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കൊണ്ട്‌ പോയപ്പോ കുതറി ഓടി രക്ഷപ്പെടാമായിരുന്നില്ലേ അവള്‍ക്ക്‌ അല്ലേലും അവളുമൊരൊക്കെ വേണ്ടാന്ന് വെച്ച്ട്ടന്നെ എറങ്ങ്‌ണതാവും"

ആ കറുത്ത നൂലുകൊണ്ട അതിപ്പോ വല നെയ്യാന്‍ തുടങ്ങിയിരിക്കുന്നു.ഒരു കാലുകൊണ്ട്‌ വലനെയ്യുന്നത്‌ കാണാനും ഒരു രസം.പതുക്കെ അത്‌ വല കൊണ്ട്‌ അവന്റെ ഹൃദയത്തെ വലിഞ്ഞു മുറുക്കാന്‍ തുടങ്ങി. ഇപ്പൊ ഹൃദയത്തിന്‌ നല്ല കറുത്ത നിറം.

****
ഈയടുത്ത്‌ (അന്നൊക്കെ അവളുടെ ഹൃദയത്തിലെ ഭാവനാ മരത്തില്‍ കിളികള്‍ കൂടു കൂട്ടിയിരുന്നു.അന്ന് അവള്‍ വല്ലത്ത മാനസിക സംഘര്‍ഷവും വിഷാദവും അനുഭവിച്ചിരുന്നു.)

ഉണ്ണി സ്ക്രീനിലെ സിനിമയിലേക്ക്‌ സാകൂതം നോക്കിയിരിക്കുന്നു.സലീം കുമാര്‍ സിനിമയിലങ്ങനെ ഒഴുകയാണ്‌ പുഴപോലെ. എത്ര വര്‍ഷം കൂടിയിട്ടാണ്‌ ഉണ്ണീനെ കാണുന്നത്‌. അപ്പോഴും ഒരു രൂപ വട്ടത്തില്‍ അവന്റെ തലക്കു പുറകില്‍ ആ എട്ടുകാലി കറുത്ത കാലുകളും ആഴ്‌ത്തി ഒരു രൂപ വട്ടത്തിലങ്ങനെ പറ്റി പിടിച്ച്‌ കെടക്കുന്നുണ്ടായിരുന്നു.

"അവന്‍ തന്നെ, അവളെകൊണ്ട്‌ ഒന്നിനുമാവില്ല, മിണ്ടാന്‍ പോലും. അവളുമാര്‍ പാവങ്ങള്‌. അവന്മാരെയൊക്കെ" ഉണ്ണിയുടെ കണ്ണുകളി രോഷം തിളച്ചു. ആ ചൂട്‌ പൊള്ളിച്ചിട്ടാവണം എട്ടുകാലിയുടെ എട്ടാം കാല്‍ പതുക്കെ വലിയുന്നു. ചുരുങ്ങി ചുരുങ്ങി വരുന്നു.മസ്തിഷ്‌കത്തിലാഴ്‌ത്തിയ മറ്റു കാലുകളും ഇളകി തുടങ്ങുന്നു." ഹൃദയത്തെ വരിഞ്ഞ വലയുടെ കണ്ണികളുരുകുന്നു.
******
ഇന്ന് (അവള്‍ ഹൃദയത്തിലെ ഭാവനയുടെ മരത്തെ വേരോടെ പിഴുതു കളഞ്ഞിരിക്കുന്നു)

മാഗസിനിലേക്ക്‌ കണ്ണു നട്ടിരിക്കുന്ന ഉണ്ണിയെ കാണാന്‍ നല്ല ചന്തമൊക്കെയുണ്ടെന്ന് മിനിമോള്‍ നിരീക്ഷിച്ചു.

അവനങ്ങനെ വായിക്കുകയാണ്‌ "ഒരു മകള്‍ മാത്രം അന്തസ്സും അഭിമാനവും ഇല്ലാത്തവളായി" .വായിച്ചങ്ങനെ പോവുമ്പോള്‍ ആത്മ നിന്ദ അവന്റെ കണ്ണിലൂടെ ഒഴുകിയിറങ്ങി ബാഷ്പമാവുന്നത്‌ മിനി കണ്ടു. ബാഷ്പം തട്ടിയപ്പോഴാവണം എട്ടുകാലി ഒന്നിളകി. പിന്നെ പതുകെ മസ്തിഷ്കത്തില്‍ നിന്ന് അതിന്റെ കാലുകള്‍ ഊരിയെടുക്കാന്‍ തുടങ്ങി .പതുക്കെ എഴഞ്ഞ്‌ നട്ടെല്ലിലൂടെ താഴേക്ക്‌ ഇറങ്ങാന്‍ തുടങ്ങി.
"ദേ നെന്റെ ബാക്കിലൊരു എട്ടുകാലി"


"ഷിറ്റ്‌" എവടെ?

ചാടി എണ്ണീറ്റ്‌ തട്ടുന്ന ഉണ്ണിയുടെ കൈവിരലുകള്‍ എട്ടുകാലിയുടെ ശരീരത്തിലൂടെ കടന്നു പോവുന്നതും അതിന്‌ ഒന്നും പറ്റാതിരിക്കുന്നും കൌതുകത്തോടെ മിനീ നോക്കി നിന്നു,

"പറ്റിക്ക്യാ"
അടുത്തിരുന്ന എറേസിംഗ്‌ റബ്ബറെടുത്ത അവന്‍ എറിഞ്ഞത്‌ നെറ്റിയില്‍ കൊണ്ടപ്പോള്‍ പോലും അവള്‍ എട്ടുകാലി വഴുത്ത കാലുകളും നീട്ടി താഴേേക്ക്‌ അരിച്ചിറങ്ങുന്നത്‌ മിനി കൌതുകത്തോടെ നോക്കി ഇരുന്നു.

പിന്നെ അത്‌ ഫ്ലാറ്റിന്റെ വിന്‍ഡൊയ്യിലൂടെ താഴെ ജനത്തിരക്കിലേക്ക്‌ അതിന്റെ നീണ്ട എട്ടാം കാല്‍ നീട്ടുന്നതും ജങ്ങങ്ങള്‍ക്ക്‌ മീതേക്കൂടെ ഒരു കറുത്ത വല നെയ്യുന്നതും അവള്‍ നോക്കിയിരുന്നു.

" ദേ അതിന്റെ വലക്കെന്തൊരു നീട്ടാ . എത്ര പേരാ അതില്‍ കുടുങ്ങിയേര്‍ക്കെണേ.."


"നെന്നക്കെന്തിന്റെ കേടാടീ. കഥ എഴുതണമ്ന്ന്ണ്ടോ?? പകലിരുന്ന് പിചും പേയും പറയണ്‌ ." ഉണ്ണിയൊരു പരിഹാസ ചിരികൊണ്ട്‌ ചോദിച്ചു.

അപ്പൊ ജനലില്‍കൂടെ അടുത്തുള്ള ടെറസിന്‍ മുകളിളെക്ക്‌ അവള്‍ ചര്‍ദ്ദിച്ചു. ആ ചര്‍ദിലില്‍ പിഴുതുമാറ്റപ്പെട്ട മരകഷ്ണങ്ങളായിരുന്നു നിറയെ.

Mar 25, 2008

ഇന്ന് ജന്മദിനം , ചില ഓര്‍മയും, പേടിയും

മാര്‍ച്ച്‌ 25 , എന്റെ ജന്മദിനമാണിന്ന്.1982 ലെ ഒരു വ്യാഴാഴ്ചയാണ്‌ ഞാന്‍ എന്റെ ജീവിത നിയോഗം തുടങ്ങുന്നത്‌.അതായത്‌ 26 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌. ഓരോ ജന്മദിനവും എനിക്ക്‌ പേടിയാണിപ്പോള്‍. ഞാനെന്റെ യുവത്വത്തെ അത്രമേല്‍ ഇഷ്ടപ്പെടുന്നു. ഓരോ ജന്മദിനവും എന്റെ യുവത്വത്തെ നഷ്ട്‌പ്പെടുത്തുന്നു എന്ന ഓര്‍മ എന്നെ ഭീതിപ്പെടുത്തുന്നു.

പക്ഷേ എന്റെ ജീവിതം എനിക്കു തുടങ്ങുന്നത്‌ ചിന്നം പിന്നം മഴപെയ്യുന്ന തുലാമാസത്തിലെ (മഴയുള്ളത്‌ കൊണ്ട്‌ തുലാം എന്ന് ഞാനങ്ങ്‌ നിരീക്ഷിച്ചതാണ്‌.കര്‍ക്കിടകവും ആവാം പക്ഷേ കര്‍കിടത്തിലെ പുഴ ഭീകര രൂപിണിയാണല്ലോ.ഓര്‍മയിലെ പുഴ സ്വച്ചന്ദമായിരുന്നു.) ഇരുട്ട്‌ മൂടിയ ഒരു മദ്ധ്യാഹ്നത്തിലാണ്‌.
എനിക്ക്‌ എന്റെ ജന്മദിനം എനിക്കോര്‍മയുള്ള എന്റെ ആദ്യത്തെ ദിനമാണല്ലോ.അന്ന് 3-4 ഒക്കെ ആവണം പ്രായം. ജനിച്ച്‌ വീണത്‌ എന്റെ ഉമ്മവീടിന്റെ പറമ്പിനെ ഉപദ്വീപ്‌ പോലെ അതിരുടുന്ന കടലുണ്ടി പുഴയിലും.

അന്നൊക്കെ എന്റെ ഉമ്മ വീട്ടിലും പരിസരവീടുകളിലൊന്നും കുളിപുരകള്‍ ഉണ്ടായിരുന്നില്ല.എല്ലാവര്‍ക്കും പുഴയിലേക്ക്‌ തുറക്കുന്ന സ്വകാര്യ കടവുകളുണ്ടായിരുന്നു.കടവുകളൊക്കെയും ഒരു സംസ്കാരമായിരുന്നു.
നാട്ടിലെ വാര്‍ത്തകളുടെ പ്രക്ഷേപണ കേന്ദ്രവും അപവാദങ്ങളുടെ സൃഷ്ടി കേന്ദ്രങ്ങളും പ്രസരണ കേന്ദ്രങ്ങളുമായിരുന്നു."പോയി നീന്തി കുളിക്കെടാ. കുട്ട്യോളിതൊന്നും കേക്കണ്ട' എന്ന പറച്ചില്‍ കടവുകളില്‍ ഞാന്‍ എത്ര കേട്ടിരുന്നു.
കടവുകള്‍ക്ക്‌ അപ്പുറത്തെ ഇല്ലികാടുകള്‍ കൌമാരങ്ങളുടെ ഉഷ്ണമേഘലകളുമായിരുന്നു. എന്നാല്‍ കൌമാരങ്ങള്‍ക്ക്‌ അലിഖിതമായൊരു പാരമ്പര്യ നിയമമുണ്ടായിരുന്നു.അതിന്റെ ഉല്ലംഘനം ഞാനൊരിക്കലും കണ്ടിട്ടില്ല.ചില സായാഹ്ന യൌവ്വനങ്ങളും മദ്ധ്യവയസ്സുകളും അതിനെ ലംഘിക്കുമ്പോഴൊക്കെയും കടവുകളിലെ സ്ത്രീകള്‍ കൂട്ടത്തോടെ ആര്‍ത്തു.കൌമാരങ്ങളൂം ബാല്യങ്ങളും ഇല്ലിക്കൂട്ടങ്ങളിലേക്ക്‌ കല്ലുകളെടുത്തെറിഞ്ഞു.

നാടിന്റെ നിയമം ഇങ്ങനെയായിരുന്നു. "നമ്മുടെ കരയിലെ പെണ്ണുങ്ങള്‍ടെ കുളി നമ്മുടെ കാഴ്ചകളിലെ കുളിരാവരുത്‌. നമ്മുടെ കരയിലെ പെണ്ണുങ്ങളൊക്കെയും പെങ്ങന്മാരാവുന്നു. എന്നാല്‍ അക്കരപുറത്തെ പെണ്ണുങ്ങള്‍ കാഴ്ചയിലെ ഇമ്പവും ആണുങ്ങള്‍ നമ്മുടെപാരമ്പര്യ ശത്രുക്കളുമാകുന്നു.അവര്‍ നമ്മുടെ പെണ്ണുങ്ങളുടെ ശരീരത്തെ കാഴ്ചകള്‍ കൊണ്ട്‌ തുളക്കുമ്പോഴൊക്കെയും പ്രതിരോധിക്കേണ്ടിയിരിക്കുന്നു."

പുഴ നിര്‍ണ്ണയിക്കുന്ന അതിര്‍വര്‍മ്പ്‌ വല്ലാത്തതാണ്‌. പുഴയുടെ ഇരുകരകളിലും പരസ്പരം കാണുന്ന വീടുകളിലിരിക്കുന്നവര്‍ പോലും അയല്‍പക്കം എന്ന ശ്രേണിയില്‍ വരുന്നില്ല തന്നെ, നമ്മുടെ കരയിലെ 600-800 മീറ്റര്‍ അകലെയുള്ളവര്‍ പോലും അയല്‍വാസികളായിരിക്കെ തന്നെയും.

"അക്കരെ കുട്ടികള്‍" പോലും പന്തുകളിക്ക്‌ രണ്ട്‌ പോസ്റ്റുകള്‍ വേറെനാട്ടുന്നു.
പിന്നെയൊക്കെ കുളിമുറികള്‍ വീട്ടിനാഢംബര്‍വും ആളുകളുടെ അഭിമാനവുമായപ്പോള്‍ പുഴയിലെക്കുള്ള വഴികളിലൊക്കെ മുള്ളു പടര്‍ന്നു.ഇല്ലികൂട്ടങ്ങളൊക്കെ എന്നേ ഞങ്ങള്‍ വെട്ടി വിറ്റിരിന്നു. കുട്ടികള്‍ക്ക്‌ പോലും വൈകുന്നേരങ്ങളിലെ മണല്‍പരപ്പിലെ പന്തുകളിയും അതുകഴിഞ്ഞുള്ള വെള്ളത്തിലെക്കുള്ള ഊളിയിടലും പഴഞ്ചന്‍ ആസ്വാദങ്ങളുടെ ലിസ്റ്റിലേക്ക്‌ തള്ളി.

വേനലിലെ വെള്ളമൊഴിഞ്ഞ മലപ്പുറം പുഴകളിലെ സെവന്‍സ്‌ ഫുട്‌ബാളില്‍ നിന്ന് ഇന്ത്യന്‍ പന്തുകളിയുടെ അഭിമാനമായി മാറിയവരെ നോക്കി ഇന്ന് മലപ്പുറം കുഞ്ഞു റൊണാള്‍ഡൊകള്‍ പറയുന്നു.അവരൊടെയൊന്നും പ്രൊഫഷണല്‍ ആയിരുന്നില്ലെന്ന്.

പുഴ എന്നെ ഇങ്ങനെ വാചാലനാക്കും .എന്റെ ഓര്‍മ, ജീവിതം തുടങ്ങുന്നത്‌ ആ പുഴയില്‍ നിന്നാണ്‌.

മദ്ധ്യാഹ്നത്തില്‍ വീട്ടിലെ ജോലിയൊക്കെ തീര്‍ത്താവണം ഉമ്മ എന്നേം കൊണ്ട്‌ പുഴയിലെക്ക്‌ കുളിക്കാനും അലക്കാനുമിറങ്ങിയത്‌.ആദ്യമൊക്കെ പുഴയിലേക്ക്‌ വീട്ടിലെ ആരെങ്കിലും പോവുന്നത്‌ ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കും.ഊഴമിട്ടാണ്‌ വീട്ടിലെ മുതിര്‍ന്നപെണ്ണുങ്ങള്‍ അന്ന് കുളിക്കാനിറങ്ങിയിരുന്നത്‌. ആദ്യം അമ്മായിയും , പിന്നെ വല്ല്യുമ്മ, കുഞ്ഞാമ, രണ്ടാമത്തെ അമ്മായി. എന്നിങ്ങനെ ഈ ഊഴത്തിന്റെ അനുക്രമങ്ങളില്‍ മാറ്റമുണ്ടാവാമെങ്കിലും രണ്ടില്‍ കൂടുതല്‍ പേര്‍ ഒന്നിച്ച്‌ പുഴയിലേക്കിറങ്ങാറില്ല.
പിന്നെ ഞങ്ങളൊക്കെ ആദ്യം പോവുന്നവരുടെ കൂടെയിറങ്ങുകയും അവസാനം വരുന്നവരുടെ കൂടെ കേറുകയും പതിവാക്കി.3-4 മണികൂര്‍ നീളുന്ന കുളികള്‍. അത്ര നീണ്ട കുളികള്‍ ബാല്യത്തിനു ശേഷം ഞാന്‍ കുളിച്ചിട്ടില്ല.
പുഴയില്‍ നിന്ന് ഓര്‍മ തുടങ്ങാന്‍ കാരണം അന്ന് ഉമ്മ എന്ന് വട്ടക്കല്ലില്‍ ഇരുത്തി. കടവിലെ ഓരോ കല്ലിന്നും ഓരൊ പേരാണ്‌.കുളികഴിഞ്ഞു വരുന്നവറോട്‌ മറ്റുള്ളവര്‍ ചോദിക്കും "ഇന്ന് വെള്ളം കേറ്യൊ എര്‍ങ്ങ്യോ?"
മറുപടി ഇങ്ങനെ"വട്ടകല്ല് മൂടി, നിണ്ടകല്ലുമെക്കെത്ത്‌ണൂ" കല്ലുകളൊക്കെയും എത്ര നല്ല അടയാളപ്പെടുത്തലുകളാണ്‌. വയസ്സുകള്‍ പോലെ,.

ഉമ്മ എന്നെ വട്ടക്കല്ലില്‍ ഇരുത്തി അലക്ക്‌ തുടങ്ങി. ഞാന്‍ ഉമ്മയറിയാതെ പതുക്കെ പുഴയിലേക്കിറങ്ങിതലയും താഴ്‌ത്തി നീന്താനുള്ള ശ്രമം. ഞാന്‍ അക്കരപുറത്തെത്തും എന്നുതന്നെ വിശ്വാസം . തലയുയര്‍ത്തുമ്പോള്‍ ഉമ്മ ഒത്തിരി മേലെ.വാവിട്ടു ഒന്നലറി,ഞാനങ്ങനെ ഒലിച്ചു പോവുന്നു.മുങ്ങിയും താണും.പൊങ്ങുമ്പോഴെക്കെ പുഴയിലേക്ക്‌ താഴ്‌ന്നിറങ്ങുന്ന ഇല്ലിക്കൂട്ടങ്ങള്‍ കാണുന്നു,ഉമ്മ നീന്തിയോ നടന്നോ വന്ന്.(ഉമ്മക്ക്‌ നടക്കാന്‍ മാത്രേ വെള്ളം കാണൂ.) എന്നെ നിഷ്‌പ്രയാസം എന്നെ പൊക്കിയെടുത്തു. അന്നായിരുന്നെന്റെ ഓര്‍മകളിലെ ജന്മദിനം.അതിനു മുന്‍പുള്ള പുരാതനമായ ഒരു ഓര്‍മയും എനിക്ക്‌ കിട്ടുന്നില്ല.ആ ദിനം 22-23 ഓ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാവണം.അന്ന് ആ വെള്ളത്തിലൊഴുകിയ അതെ തീക്ഷ്ണതയില്‍ ഈ ജന്മ ദിനത്തിലും ഞാന്‍ മരണഭയം അനുഭവിക്കുന്നു.അതിലേറെ നഷ്ടമാകുന്ന പ്രായത്തെക്കുറിച്ച്‌ അസ്വസ്ഥനാകുന്നു.

Mar 22, 2008

ത്രീ ഡയമന്‍ഷന്‍ കവിത

X
---
കടല്‍ കരയില്‍
ശയിക്കുന്ന
ശംഖിനകത്തെ
കാമ ശീല്‍ക്കാരം
ഇതു വരേക്കും
കെട്ടടങ്ങീട്ടില്ല
ഒന്ന് ചെവിയോര്‍ത്ത്‌
പ്രണയിനിയുടെ
കാതിലേക്കടുപ്പിച്ച്‌
പ്രണയത്തിന്റെ
സാക്ഷാത്‌‍ക്കാര
സ്വരം
കേള്‍പ്പിക്കാനെത്തുന്ന
കാമുകരുടെ ഭാഗ്യം
---
Y
---
ചോളപ്പൊരി
കൊത്തിയെടുത്ത്‌
പറക്കുന്ന
ബലിക്കാക്കകള്‍ക്കെ-
റിഞ്ഞു കൊടുക്കാന്‍
പ്രണയിനിയിടെ
കയ്യിലും
കൊടുത്തേക്കണം
1 രൂപയുടെ ചോളപൊരി.
ചോളപൊരിക്ക്‌
കൊക്ക്‌ നീട്ടുന്ന
കൂട്ടിലിരിക്കുന്ന
കുഞ്ഞിന്റെ സ്വപനം
അവളില്‍ ദാമ്പത്യത്തിന്റെ
മോഹങ്ങള്‍ ഉണര്‍ത്തും
ഓര്‍മകളെ വലിച്ചെറിയാനും
രജിസ്റ്ററാപ്പീസില്‍
എത്താനുമുള്ള
സമയം അന്നേരം
അവളുടെ
കാതിലോതി
കൊടുക്കണം
ബലികാക്കള്‍
കാമുകരുടെ
ഭാഗ്യ ശകുനങ്ങളാണ്‌
---
Z
---
സല്ലപിക്കാനിറങ്ങുന്ന
അക്കേഷ്യകാട്ടിലെ
കുരുവി തള്ളയുടെ
കുഞ്ഞുങ്ങളും
പ്രിയതമനും
പുതിയ ബന്ധങ്ങള്‍ക്കൊപ്പം
പറന്നകന്നിരിക്കുന്നു
ആ ഏകാകിനിയുടെ
കരച്ചിലെത്തുമ്പോള്‍
കാമിനിയുടെ
ചെവികള്‍
പൊത്തി കൊടുത്തേക്കണം
ആ വിരഹഗാനങ്ങള്‍
പ്രണയത്തിന്റെ
അശുഭ ഗാനങ്ങളാണ്‌
ഏകാന്തതയുടെ
വിലാപം
കാമുകന്റെ
സ്വപ്നങ്ങളുടെ
ഘാതകനാണ്‌

Mar 18, 2008

രാജിന്റെ ആണ്മയെ കുറിച്ച്‌

രാജിന്റെ ബ്ലോഗില്‍ സന്ദര്‍ശിക്കുമ്പോഴൊക്കെ ഈ വാക്ക്‌ എന്നെ വീണ്ടു വീണ്ടും ചിന്തിപ്പിക്കുന്നു.
യത്ഥാര്‍ത്തത്തില്‍ അത്‌ വല്ല്ലാത്തൊരു നാമകരണമായിപ്പോയി.ഇതു വരേക്കും എന്നിലെ ആണ്മയെന്ന ബോധത്തെ തിരിച്ചറിവിനെ ആരും ആ വാക്‌ വീണ്ടും വീണ്ടും പറഞ്ഞ്‌ ഉണര്‍ത്തിയിരുന്നില്ല.

ഞാന്‍ മുന്‍പ്‌ രാജിന് മെയിലയച്ച്‌ ചോദിച്ചു "ആ വാക്കില്‍ ഒരു മയില്‍ ഡൊമിനന്‍സി അഥവാ പുര്‍ഷ അധീഷത്ത്വം (മാനസികമ)ഇല്ലേ എന്ന്,.
ആ അധീശത്തെ കുറിച്ച്‌ ഞാന്‍ വീണ്ടും ചിന്തിക്കാനിടയായി. ആരുടെയൊക്കെ നിഷേധങ്ങള്‍ വന്നാലും സമകാലികവും ചരിത്രവുമായ ലോക നാഗരികതകളിലൊക്കെ തന്നെയും പ്രകടമായ പുരുഷമേധാവിത്ത്വ സ്വഭാവം ഉണ്ട്‌.അപ്പൊ തീര്‍ച്ചയായും ഈയൊരു അധീഷത്ത്വത്തിന്‌ ജൈവ ശാസ്ത്രപരമായ ഒരു കാരണം ഉണ്ടായിരിക്കണം

ജന്തു ശാസ്ത്രപരമായി പരിണാമ ഘട്ടത്തില്‍ സ്ത്രീ പുരുഷനെക്കാള്‍ ഒരു പരിണാമ ചക്രകൂടി മുന്നെക്ക്‌ ഗമിച്ചവരാണെന്ന് പറയേണ്ടി വരും
കാരണം ശരീര രോമം കുറയുന്നു എന്ന പരിണാമ പ്രക്രിയയില്‍ അവര്‍ പുരുഷനെ മുന്‍കടന്നിരിക്കുന്നു, അതേ പോലെ തന്നെ. അവയവങ്ങളുടെ ഫങ്ങഷനുകളുടെ ലളിതമാക്കല്‍,അഥവാ പുതിയ അവയവങ്ങളുടെ വികാസം, ഉദാഹരണം വിസര്‍ജ്യ,ജനനേന്ദൃയ, ലൈഗികാവയങ്ങള്‍ പുരുഷനില്‍ ഒരേ അവയത്തിന്റെ ഫംഗഷനാകുമ്പോല്‍ സ്തീ കുറച്ചു കൂടി മുന്‍കടന്ന് അവയിലും വളര്‍ച്ച പ്രാപിച്ചിരിക്കുന്നു,ഒരു പക്ഷേ എല്ലാത്തിനേയും അതിജയിക്കുക എന്ന ജന്തു സഹജമായ മാനസീകാവസ്ഥയുടെ പരിണാമത്തിലും സ്ത്രീ പുരുഷനെ മറികടന്നിരിക്കുന്നുവോ എന്തോ?


ഇനി ബയോളജിക്കല്‍ നിര്‍മിതിയില്‍ സ്ത്രീയുടെ ഘടന നോക്കുക.അത്‌ ഒരു ആക്സപ്റ്റര്‍(സ്വീകര്‍ത്താവ്‌)ന്റെയും പുരുഷന്‍ ഒരു ദാതാവിന്റെേയുമാണ്‌.(ഇലക്‍ട്രോണിക്സിലെ മയി ഫിമയില്‍ കണക്ഷനുകള്‍ ഓര്‍ക്കുക).സ്വാഭാവികമായും ദാതാവിന്‌ സ്വീകര്‍ത്താവിനു മേല്‍ മാനസികമായ ഒരു അധീഷത്ത്വം ഉണ്ടാവും.(നമ്മുടെ നല്‍കലുകളേയും വാങ്ങലുകളെയും ഓര്‍മിക്കുക).ഇത്‌ സൈക്കോളജിക്കല്‍ അധീഷത്ത്വമാണ്‌.ശാരീരികമായ അധീഷത്തം മാനസികമായി സ്വാധീനിക്കപ്പെടുന്നതിന്റെ ഉദാഹരണം.

പുരാണത്തിലെ ഉപമ പോലെ ആണെന്നമാവിനെ ചുറ്റുന്ന മുല്ലവള്ളിയാകുന്നു പെണ്ണ്‍. സ്ത്രീ സമത്ത്വവാദികള്‍ മുല്ലവളിയെ മാവില്‍ നിന്ന് വേര്‍പ്പെടുത്തി സ്വയം പടരല്‍ നടത്തിക്കാന്‍ ശ്രമിക്കുന്നു അത്‌ എത്രത്തോളം അസാധ്യമാവുന്നുവോ അത്രതന്നെ അപ്രസക്തമാണ്‌ മുല്ലവള്ളിയെ വേര്‍പ്പെടുത്തുമ്പോള്‍ മാവിന്റെ കായബലം. ആര്‍ക്കെങ്കിലും പറ്റി പിടിച്ച വളരാനാവുന്നില്ലെങ്കില്‍ പിന്നെ എന്തിന്‌ മാവിന്‍ കായബലം, അവിടെയും പ്രകടമാവുന്ന ഡിപെന്റന്‍സിക്കുമേലുള്ള മാനസിക അധീഷത്ത്വവും പുരുഷന്‍ നെടുന്നു. ഈയൊരു മാന്‍സികമായ തരം തിരിവ്‌ ആണ്മ പെണ്മ എന്ന വാക്കൌകള്‍ ആണിലും പെണ്ണിലും മാനസികമായ ചില പ്രതികരണം ഉളവാക്കുന്നു.

കിം കി ഡ്യൂക്കിന്റെ 3 അയണ്‍, ബൊ, സ്പ്രിരിംഗ്‌ ,വിന്റര്‍ , ഫാള്‍ സ്പ്രിരിഗ്ഗ്‌ എന്നീ ചിത്രങ്ങള്‍ കാണുക. അവയില്‍ ആണ്മ നിര്‍വചിച്ചിരിക്കുന്നതെങ്ങനെയെന്ന് നോക്കുക.3 അയര്‍ എന്ന സിനിമയുടെ അവസാനഭാഗത്ത്‌ 0 അഥവാ പെര്‍ഫക്റ്റ്‌ ബാലന്‍സ്‌ ത്രാസില്‍ കാണിക്കുന്ന ഒരു സീനുണ്ട്‌. ആണ്മയുടേയും പെണ്മയുടേയും പൂര്‍ണ്ണത.

സ്പ്രിംഗ്‌, വിന്റര്‍, ഫാള്‍ എന്ന ചിത്രത്തില്‍ സ്ത്രീകളില്ലാത്ത ഒരു ഏകാന്ത തുരുത്തില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ നായകന്‍ അവിടെയുള്ള ഒറ്റയാനായ പൂവന്‍ കോഴിയേയും കൂടെയെടുക്കുന്ന സീന്‍, അതൊക്കെ ആണ്മയുടെ പൂര്‍ണ്ണതയെ കുറിച്ച്‌ ചിന്തിപ്പിക്കുന്നു.
കുറിപ്പിന്റെ ഉള്ളടക്കവും വിഷയും സ്ത്രീ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കരുത്‌.സമാനമാവുക എന്നല്ലല്ലോ സ്വാതന്ത്ര്യത്തിനും സമത്ത്വത്തിനും അര്‍ത്ഥം.

എനിക്കറിയാം ആ ഒരു പേരൂ നല്‍കള്‍ കൊണ്ട്‌ രാജ്‌ ഉദ്ദേശിക്കുന്ന ആണ്മയുടെ പുനര്‍നിര്‍വചനം ഇതല്ല തന്നെ ആ നിര്‍വചനം പൂരകങ്ങളാവുന്ന ഫംഗഷനുകളൊന്നിന്റെ യത്ഥാര്‍ത്ത വായനതന്നെയാണ്‌,പക്ഷേ ഈ വാക്ക്‌ കാണുമ്പോള്‍ ഒരു മനോഭാവം എന്നിലുണരുന്നു.ആ ബ്ലോഗ്‌ വായിക്കുമ്പോഴൊക്കെ ആ വാക്ക്‌ കാണുമ്പോഴൊക്കെ ഞാന്‍ അഹംകാരിയാവുന്നു

Mar 10, 2008

അഭിപ്രായപ്പെടലുകളിലെ വാക്കുകള്‍

മുഴ കോലു കൊണ്ട്‌
അളന്ന്
പാകമായി മുറിച്ചെടുക്കണം
അരികുകളില്‍ തട്ടി
പോറലേല്‍ക്കരുത്‌
മൃദുലമാക്കിയേക്കണം

ഒരൊറ്റ മഴക്ക്‌
ഒലിച്ചു പോവുന്നതായാലും
വര്‍ണ്ണാഭമായ
ചായങ്ങളില്‍
മുക്കിയെടുക്കണം

കണ്ണിനു ആനന്ദമാവിധം
"കൊള്ളാ" വുന്നതാവണം
കാതിനു ഇമ്പമേറും വിധം
"നന്നായി"രിക്കണം
തെറ്റുകളൊക്കെയും
ശരികളാവണം

രുചിക്കുമ്പോഴുള്ള
കയ്‌പുക്കള്‍
മധുരങ്ങളായി
തുപ്പണം

ഇല്ലെങ്കില്‍
മനസ്സു നോവും
ഉത്സാഹം കെടും
തൂലിക അടക്കും
സര്‍ഗ ശക്തി മരിക്കും
എഴുത്തിടം പൂട്ടും
നിങ്ങളും ഒരു
കൊലപാതകിയാവും

Mar 4, 2008

കാപ്പി കപ്പിലെ മരണം -സ്റ്റാര്‍ ബക്സിലേത്

അരയാലിന്റെ ഒരു കൊമ്പ്
പൊടുന്നനെ അയഞ്ഞ്
ആഴ്ന്ന് താഴേക്ക് കുതിച്ചു

ഒരു ഇക്കിളിപ്പെടലിന്റ്
അസ്വസ്ഥതയില്‍
ഞെട്ടിയുണര്‍ന്ന
സാമിയാര്‍
ആലിന്‍ വേര്‍ തൊട്ട്
രാമ നാമം ചൊല്ലി

ഒരു ഉദയത്തിനു
മുന്‍പിലെ
ഉത്സവ ഘോഷത്തിന്റെ
യുവാക്കളുടെ
ഉച്ചിഷ്ടം
അമ്പലക്കടവില്‍
രണ്ട് തുടകള്‍ക്കിടയിലെ
രക്തത്തില്‍
കട്ട പിടിച്ചു

ഭോഗാലസ്യത്തില്‍
ഞരങ്ങുന്ന
“സാധന”ത്തിനെ
ഭക്തന്‍ തിരുമേനി
“ഫ്” എന്നാട്ടി

പറന്നു വന്നു
മുങി കുളിച്ചിട്ടു പൊയ
കാക്കയെ
കറുത്ത ചിറകുള്ള
വെളുത്ത പക്ഷിയെന്ന്
തിരുമേനി ആള്‍കള്‍ക്ക്
കാണിച്ചു കൊടുത്തു.

അമ്മിണി വാരസ്യാരുടെ
പുരക്കു മുന്‍പില്‍
അസത്തു പിള്ളേര്‍
അശ്ലീലം പറഞ്ഞു കൂവി

കോലായയിലെ
വൃദ്ധനായ കസേരയിലിരുന്ന്
വാരാസ്യാര്‍
ചിരിച്ചു മുറുക്കി തുപ്പി

വരത്തനൊപ്പം
ഒളിച്ചോടി
കടലു കടന്ന
വാരസ്യാരുടെ
പെഴച്ച പെണ്ണ്
കുടിക്കാനാഞ്ഞ
സ്റ്റാര്‍ ബക്സിലെ
തുര്‍ക്കി കാപ്പിയില്‍
ഒരീച്ച ചോര
ചര്‍ദ്ദിച്ച് ചത്തു.

അമ്പല കടവിലെ
രക്തത്തിലൊട്ടി
പിടിച്ചു പോയ
പുളിയുറുമ്പ്
കിടന്നു പിടഞു

അമ്പല കടവില്‍
വെള്ളത്തിനു മുകളില്‍
ജലവസ്ത്രം ധരിച്ച്
ഒരു പെണ്ണ് കമഴ്ന്ന്
കിടന്ന് യോഗാസനം ചെയ്തു
കണ്ണ് തുറിച്ച
രണ്ട് വരാലുകള്‍
മലറ്ന്ന്
സണ്‍ ബാത്തിനും കിടന്നു

ഈച്ച വീണ
സ്റ്റാര്‍ബക്സിലെ
കാപ്പി കോപ്പയിലൊട്ടിയ
ലിപ്സ്റ്റിക്കിന്
വിപ്ലവത്തിന്റെ നിറം
ഉണങിയ രേതസ്സിന്റെ മണം

Mar 1, 2008

സ്ത്രീ രൂപകങ്ങള്‍ -(കൌമാര മനസ്സിന്റെ മാത്രം)

മുന്‍ നിര, ബഞ്ചിലെ
കഴുത്തില്‍ മറുകുള്ള പെണ്‍കുട്ടി
വെള്ളമൊഴിച്ച് വളര്‍ത്തുന്ന
മുല്ലയിലെ വിരിയാന്‍ പോവുന്ന മൊട്ട്
സ്വപ്നങളിലെ സുഗന്ധം

കോളേജില്‍ പഠിക്കുന്ന
അയലത്തെ ചേച്ചി
എത്തി പിടിക്കാനാവാത്ത
ശിഖരത്തിലെ ചെമ്പക പൂ
ഏതോ ഒരു വണ്ട്
എന്നും ഉമ്മ വെച്ച്
പറക്കുന്നുണ്ടെന്ന
പങ്കുവെക്കപ്പെടുന്ന ആശങ്ക

ഇണ പിരിഞിരിക്കുന്ന
മുന്നിലെ വീട്ടിലെ
യുവത്വം അവസാനിപ്പിക്കുന്ന ഇത്താത്ത
പതുക്കെയൊന്നാഞാല്‍
പൊട്ടിച്ചെടുക്കാവുന്ന
റൊസാ പൂവ്
ഏകാന്തമായ രാത്രികളിലെ
സിരകളിലെ ചൂടുള്ള മാദക ഗന്ധം

വെള്ള പുരികങ്ങളും
മുറുക്കി ചുവപ്പിച്ച
ചുണ്ടുകളുമുള്ള
വായടക്കാത്ത അമ്മൂമ
കാലഹരണപ്പെട്ട
ഒരിതള്‍ കൊഴിഞൊരു
ശവം നാറി പൂ

Feb 26, 2008

മ്ലേഛ തുപ്പല്‍

പാര്‍ട്ടി പ്രകടനം
ലെവല്‍ ക്രോസ്സിങ്ങിന്‌
കാത്തു കിടക്കുമ്പോഴാണ്‌
തീവണ്ടിയില്‍ നിന്ന്
പാറി വന്നൊരു തുപ്പല്‍
നേതാവിന്റെ കുപ്പായത്തില്‍
പറ്റിപിടിച്ച്‌ ഉമ്മ വെച്ചത്‌

ഏത്‌ മേഛന്റെയാണാവോ?
ഇത്രേം ദുര്‍ഗന്ധം
വായില്‍ നുണഞ്ഞ്‌
നടക്കാന്‍ അറപ്പില്ലാത്തവന്‍

ചുണ്ടിനു മാത്രം
ഇന്നലത്തെ
ഗസ്റ്റ്‌ ഹൌസിലെ
ബലാല്‍ക്കാരമായൊരു
ചുംബനത്തിന്റെ
ഓര്‍മ വീണ്ടും.


തുപ്പലും കൊണ്ട്‌
വീണ്ടുമുയര്‍ന്ന
കൊടിക്ക്‌
നക്ഷത്ര തിളക്കം
വിപ്ലവത്തിന്റെ
പൊന്‍ പ്രഭ

പടിഞറേക്ക് ചാഞ
ഒരു സൂര്യ കിരണം
കൊടിയോട്
പ്രേമപൂര്‍വ്വം
കണ്ണിറുക്കി

Feb 12, 2008

കവിതയുടെ ഉറവ.(വീണ്ടും കണ്ടെടുത്തത്‌)

പുഴയിലെ ഓളങ്ങള്‍
കാലിലേക്ക്‌
അരിച്ചു കേറുമ്പോള്‍
കവിതയുടേ ഉറവ
വറ്റിപ്പോയിരിക്കുന്നെന്ന്
അവള്‍
വറ്റിയതാവില്ല
കാണാതെ പോയതാവുമെന്ന്
ഞാന്‍
എങ്കില്‍ വീണ്ടെടുക്കാമെന്ന്
ഞങ്ങളും
മുകളിലാരോ
നഞ്ചിട്ടപ്പോല്‍
ചാവാതെ പോയൊരു
മീന്‍ കാലില്‍
തടഞ്ഞ്‌ ഒന്നു പിടഞ്ഞു
പിന്നേം ഒലിച്ചു പോയി
മേലേ കടവില്‍
പെണ്‍ ബാല്യം
ആണ്‍ ബാല്യത്തോടൊരു
തുറന്ന ചോദ്യം
ഇവിടെ നീ "വളി"
വിട്ടെതെന്തിനെന്ന്
അപ്പോള്‍ കവിതയുടെ
ഒരു ഉറവ
അവളുടെ കണ്ണില്‍ നിന്ന്
ഞാന്‍ കണ്ടെടുത്തു

Jan 31, 2008

ആതംങ്കവാദി , ദേശ് സ്നേഹി

കാക്ക കൂട്‌
കമഴ്‌ത്തി വെച്ചതുപോലൊരു
തലപ്പാവ്‌
ആലിന്‍ വേരു പോലെ
നീളുന്ന താടി രോമങ്ങള്‍
തലയെ ഹൈപര്‍ ലിങ്കാക്കി
കഴുത്തിനെ ചുറ്റിയൊരു
നീല ഷാള്‍
വിന്റര്‍ കോട്ടിനെ
തുളക്കുന്ന
തണുത്ത കാറ്റിനോട്‌
പോരാടുമ്പോള്‍
പ്രായം ചതിക്കുന്ന
ദൃഢമായ മാറിടം
കുളിരുന്ന കാറ്റ്‌
മര്‍ദ്ദിച്ച്‌ ചുവപ്പിച്ച
മുഖം

"ഫജ്‌ര്‍ സ്വല"* ക്കെത്തുന്ന
റഫ്ദാര്‍ ദ മുഖം മറക്കില്ല

തൊപ്പിയും താടിയും
പൈജാമക്കുമേല്‍
ഉയര്‍ന്നു കാണുന്ന
വടിയും
ജന്മദേശവും
ആരുടെയെങ്കിലും
ചിന്തകളിലെ ജീവിതത്തിന്റെ
സ്വസ്ഥ്യം കെടുത്തിയെങ്കിലോ?

*****

ഒരു റപ്‌ ഗിഫ്റ്റായി
തന്ന
ഡയറിയിലെ
ലോക ഭൂപടത്തില്‍
കാശ്മീരിനൊരു
നിറഭേദം
"കീറി കളഞ്ഞില്ലേ ഈ ഭൂപടം"
എന്ന് അവധിയിലെത്തിയപ്പോള്‍
ഉപ്പ,

ആ എയര്‍ പോര്‍ട്ടില്‍
നിന്നാരെങ്കിലും
കണ്ടിരുന്നെങ്കില്‍...
നമ്മുടെ ആള്‍ക്കാരില്‍
നിന്നാവുമ്പോല്‍
വിശേഷിച്ചും.....


*ഫജ്‌ര്‍ സ്വല (സുബ്‌ഹി)-പ്രഭാത നമസ്കാരം

Jan 15, 2008

ഉപ്പ


ഇവന്‍ റസീന്‍,
ഇക്കയുടെ പുത്രനായി ഞങ്ങളുടെ കുടുംബത്തില്‍ കൂടിയിട്ട്‌ നാലുമാസമേ ആയുള്ളൂ,ഞാനും ഇക്കയും ആദ്യം കാണുന്നത്‌ കഴിഞ്ഞ ആഴ്ച ഇവന്‍ ജിദ്ദയിലെത്തുമ്പോഴും,

എന്നെ കാണുമ്പോഴൊക്കെ അലസമായി നോക്കുന്ന ഇവന്‍ അവന്റെ ഉപ്പയെ കാണുമ്പോഴേക്കും കണ്ണുകളുടെ ആഴങ്ങളില്‍ സ്നേഹത്തിന്റെ തിരി കത്തിക്കുന്നു,പുഞ്ചിരിക്കുന്നു, കൈ കാലുകള്‍ കൊണ്ട്‌ ആവേശം പ്രകടിപ്പിക്കുന്നു. എനിക്ക്‌ മനസ്സിലായിട്ടില്ല ഈ തിരിച്ചറിവിനെ,,,,

ഒരു പക്ഷേ ഉമ്മയുടെ സ്നേഹ പാത്രത്തില്‍ ഇരിക്കുമ്പോള്‍ ഉമ്മയെ കുസൃതി മര്‍ദ്ധനങ്ങളിലൂടെ സ്നേഹത്തിന്‍ വേദന നല്‍കുമ്പോല്‍ അവര്‍ അവന്റെ ഉപ്പയെ കുറിച്ച്‌ കഥകള്‍ പറഞ്ഞിരിക്കാം, അപ്പോള്‍ സ്നേഹത്തിന്റെ ഒരു മാലാഖ അവന്റെ ഹൃദയത്തില്‍ ഉപ്പയുടെ ചിത്രം വരഞ്ഞിരിക്കാം
വാശി പിടിക്കുന്ന രത്രികളില്‍ വാത്സാല്യാമൃതം മാറില്‍ നിന്ന് ചുണ്ടില്‍ ചുരത്തി താരങ്ങളുടേയും അമ്പിളി മാമന്റേയും പുത്തന്‍ കാഴ്ചകള്‍ കാണിക്കുമ്പോഴെക്ക്‌ ഉപ്പയെ കുറിച്ചു അഞ്ജാതമാം എതോ ഭാഷയില്‍ ഹൃദത്തിലേക്ക്‌ അവര്‍ പടര്‍ത്തിയിരിക്കാം..


മനസ്സില്‍ കോറിയിട്ടിരിക്കുന്ന ഈ ചിത്രങ്ങളെ കാണുമ്പോഴേ അവന്‍ തിരിച്ചറിയുന്നുണ്ടാവാം
അവന്‍ ഈ ഉത്സാഹങ്ങള്‍ കൊണ്ട്‌ എന്നെ ഉമ്മയുടേയും ഉപ്പയുടെയും സ്നേഹത്തെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു

Jan 13, 2008

വെറുതെ കാണുന്നതും തോന്നുന്നതും

ഇന്നലെ വെള്ളിയാഴ്ചയിലെ ഒഴിവു ദിനത്തില്‍

പൊഴിഞ്ഞു കൊണ്ടേയിരിക്കുന്ന
ഭീതി ജനിപ്പിക്കാത്ത ഒരു മഴ
ശരീരത്തിനു നല്ല പനി കുളിര്‌

നാവില്‍ നിന്ന് നഷ്ട്മാകുന്ന
വാക്കുകള്‍ ചെവികളിലേക്കും
പേനയില്‍ നിന്നു വീണു പോയ
അക്ഷരങ്ങള്‍ കണ്ണുകളിലേക്കും
എത്തപ്പ്പ്പെടുന്നില്ലേ എന്നൊരു
രോഗാതുരമായേക്കാവുന്ന സംശയം

കാഴ്ചകളുടേയും
കേള്‍വികളുടേയും
പടരല്‍ ചിന്തകളൊളം
എത്തുന്നില്ലേ എന്നൊരു ശങ്ക...

മഴ കാണാന്‍ തുറന്നിട്ട
ജാലകത്തില്‍ കൂടി
മൂക്കിന്‍ തുമ്പത്ത്‌
ഒരു തുള്ളി തണുത്ത ഓര്‍മ

പിച്ച വെക്കാനെണീറ്റതും
വീണു പോയ മുന്‍ ഫ്ലാറ്റിലെ
ഫിലിപ്പിനോ കൊച്ച്‌

വീണു കൊണ്ടേയിരുന്നിട്ടും
പിന്നേം പിന്നേം പറക്കാന്‍
ശ്രമിക്കുന്ന അടുത്ത ടെറസ്സിലെ
ഡിഷ്‌ ആന്റിനക്കു കീഴെ
കൂടു വെച്ച പേരറിയാകിളിയുടെ കുഞ്ഞ്‌

കിച്ചണിന്റെ അടക്കാന് ‍മറന്ന
കിളി വാതിലില്
‍റെഡ്‌ സ്ലീവ്‌ലെസ്സ്‌ ഗൌണില്
‍ധൃതിപ്പെട്ടെന്തൊ
ചെയ്യുന്നമിസിരി പെണ്ണ്
‍അവളുടെ ഒച്ചയെടുക്കുന്ന
കൊച്ചുങ്ങള്‍
ടൊയ്‌ലറ്റ്‌ കിളിവാതിലിലൂടെ
നേര്‍ രേഖയില്‍ കിട്ടുന്ന
ചുവപ്പും വെളുപ്പും ശബ്ദമാനവുമായ
ആ സമൃദ്ധകാഴ്ചയുടെ
ആസ്വാദകനായി എന്റെ ഫ്ലാറ്റിനെ
പങ്കിടുന്ന സുഹൃത്ത്‌
.
അന്നേരം അടക്കാന്‍
മറന്നു പോയ ഒരുവിന്‍ഡോയിലൂടെ
ലാപൂടെ കവിതയിലെ
ഒരു
വിരസത

കമ്പ്യൂട്ടര്‍ സ്ക്രീനിറങ്ങി
എന്റെ റൂമിലിടം പിടിച്ചു