Jun 15, 2008

നമ്മുടെ മക്കള്‍ക്കല്ല, നമുക്കു വേണ്ടി തന്നെ.

ഭൂമിയെ മനുഷ്യന്‍ തിന്നു തീര്‍ക്കുകയാണ്‌.ഈ തോതില്‍ മനുഷ്യന്‍ ഭൂമിയെ തിന്നു കൊണ്ടിരുന്നാല്‍ അടുത്ത 40 വര്‍ഷത്തിനു ശേഷം ഭൂമിയില്‍ ലഭ്യമാവുന്ന വിഭവങ്ങളുടെ ഇരട്ടിയായിരിക്കും ആവശ്യം. അതായത്‌ മൊത്തം ജനതയുടെ 50 ശതമാനം പേര്‍ക്ക്‌ മാത്രമേ വിഭവങ്ങള്‍ ലഭ്യമവൂ. "വിഭവങ്ങള്‍ സൂക്ഷിക്കുക നമ്മുടെ മക്കള്‍ക്കായ്‌" എന്ന slogan "കരുതി ഉപയോഗിക്കുക, നമുക്ക്‌ വേണ്ടി തന്നെ" എന്ന് മാറിക്കഴിഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായ ഭക്ഷ്യ് സാധനങ്ങളുടെ വിലവര്‍ദ്ധന 50 ശതമാനത്തോളമാണ്‌.2000 ആം ആണ്ടിനു ശേഷം 75 ശതമാനവും. ഗോതമ്പിനു മാത്രം 200 ശതമാനവും.

വിദഗ്ദാഭിപ്രായത്തില്‍ ലോക ചരിത്രത്തില്‍ ആദ്യമായി വികസിത രാജ്യങ്ങളേയും ഭക്ഷ്യ ക്ഷാമം ഗുരുതരമായി ബാധിച്ചേക്കും.
ഭക്ഷണ സാധനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമെന്നിരിക്കെ തന്നെയും പോള്ളുന്ന വില കാരണം അവ അപ്രാപ്യമാവുന്നതുമൂലമുണ്ടാവുന്ന പട്ടിണിയായിരിക്കും ഈ മുഖത്തിന്റെ ഏറ്റവും ക്രൂരഭാവം. അത്‌ സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കും.

ആഫ്രിക്കയിലെ 19 രാജ്യങ്ങളില്‍ ഈ വര്‍ഷാന്ത്യത്തോടെ തന്നെ ഭക്ഷ്യ ക്ഷാമം രൂക്ഷമാവും . ചില രാജ്യങ്ങളില്‍ ചതുരശ്രകിലോമീറ്ററുകളില്‍ ഒരാള്‍ക്ക്‌ എന്ന തോതില്‍ പോലും ഭക്ഷണം ലഭ്യമല്ലാത്ത അവസ്ഥ സംജാതമാവും.

ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണങ്ങള്‍ പലതാണ്‌.

ജനസംഖ്യാ സ്ഫോടനം

ത്വരിതഗതിയില്‍ വികസിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിച്ച കാരണമുണ്ടായ ഉപഭോഗത്തിലുണ്ടായ വര്‍ദ്ധനവ്‌

മാംസത്തിന്റെ ഉപയോഗം കൂടിയത്‌.മാംസോല്‍പന്നത്തിനാവശ്യമായ കന്നുകാലി, കാലിത്തീറ്റ വളര്‍ത്തലിനു ധാന്യ കൃഷിയേക്കാള്‍ പതിന്മടക്ക്‌ കൃഷിയിടങ്ങള്‍ ആവശ്യമാണെന്നിരിക്കെ അവയുടെ ഉത്പാദനം തുച്ചമായ ജനങ്ങളുടെ ആവശ്യത്തെ പൂര്‍ത്തീകരിക്കുന്നുള്ളൂ. ധാന്യ കൃഷിയിടങ്ങള്‍ മാംസകൃഷിയിടങ്ങളായി മാറിയതും കാരണങളിലൊന്നാണ്‌.

എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവും ഡോളറിലുണ്ടായ ഇടിവും സമസ്ത മേഖലകളിലും ചെലുത്തിയ വിലവര്‍ദ്ധനവ്‌.

എന്നാല്‍ എറ്റവും വലിയ വില്ലന്‍ ഗ്ലോബല്‍ വാമിംഗ്‌ എന്ന ആഗോള താപനം മൂലമുണ്ടാവുന്ന പ്രകൃതിയുടെ അസംതുലിതാവസ്ഥയാണ്‌.

ആഗോള താപനം വഴി ഉയരുന്ന സമുദ്ര നിരപ്പ്‌ ഏറ്റവും അധികം വെള്ളത്തിലാഴ്‌ത്തുന്നത്‌ ധാന്യ കൃഷിയിടങ്ങളെയാണ്‌. അടുത്ത നൂറുവര്‍ഷത്തിനുള്ളില്‍ ഒരു മീറ്റര്‍ വരെ ഉയര്‍ന്നേക്കാവുന്ന സമുദ്ര ജല നിരപ്പ്‌ നിലവിലുള്ള ധാന്യ കൃഷിയിടങ്ങളിലെ 3 ല്‍ ഒരു ഭാഗത്തും വെള്ള പൊക്കം സൃഷ്ടിക്കും

കഴിഞ്ഞ നൂറുവര്‍ഷത്തിനിടക്ക്‌ ശരശരി ആഗോള താപന വര്‍ദ്ധനവ്‌ 0.18 ഡിഗ്രിയാണ്‌. അത്‌ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ1.1 മുതല്‍ 6 ഡിഗ്രി വരെ ആയേക്കാം.

ആഗോള താപനത്തിന്റെ മുഖ്യ കാരണം പ്രകൃതിക്കു മേലെയുള്ള മനുഷ്യന്റെ കൈകടത്തല്‍ തന്നെയാണ്‌.

കാടു വെളുപ്പിച്ചതും, ഗ്രീന്‍ ഹൌസ്‌ വാതകങ്ങളെ അമിതമായി പുറന്തള്ളുന്നതും ശരാശരി ഇക്കോളജിക്കല്‍ ഫൂട്ട്‌ പ്രിന്റ്‌ കൂടികൊണ്ടിരിക്കുന്നതുമെല്ലാം ആഢംബരത്തിന്റെ ഉപോല്‍പന്നങ്ങളാണ്‌.

കാര്‍ബണ്‍ വാതകങ്ങള്‍, സി എഫ്‌ സി, നൈട്രസ്‌ ഓക്സൈഡ്‌ തുടങ്ങിയ ഗ്രീന്‍ ഹൌസ്‌ വാതകങ്ങളുടെ പുറന്തള്ളല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ 150 ശതമാനത്തോളമാണ്‌ വര്‍ദ്ധിച്ചത്‌. വര്‍ദ്ധിച്ചു വന്ന വാഹങ്ങളുടേ ഉപയോഗവും ഇന്‍ഡസ്ട്രിയലൈസേഷന്റെ കുതിച്ചു ചാട്ടവുമാണ്‌ ഈ വാതക പുറന്തള്ളലിന്റെ പ്രധാന ഹേതു.

ഗ്ലോബല്‍ വാര്‍മിങ്ങിന്റെ മറ്റൊരു കാരണം ഇക്കോളജിക്കല്‍ ഫൂട്ട്‌ പ്രിന്റിന്റെ ശരാശരി നിരക്കില്‍ ഉണ്ടായ വര്‍ദ്ധനവാണ്‌. ഒരു വ്യക്തിയോ, പ്രദേശമോ, പ്രവര്‍ത്തനമോ പ്രകൃതിക്കുമേല്‍ സൃഷ്ടിക്കുന്ന impact അളക്കുന്നതിനുള്ള മാനദണ്ഡമാണ് ഇക്കോളജിക്കല്‍ ഫൂട്ട്‌ പ്രിന്റ്‌.
ഒരാളുടെ ഉപഭോഗത്തിനും അയാളുടെ വിസര്‍ജ്യങ്ങളുടേയും പാഴ്‌വസ്തുക്കളുടേയും പുറന്തള്ളലിനും ആവശ്യമായ ഭൂനിലത്തിന്റെ അളവാണ്‌ അയാളുടെ ഇക്കോളജിക്കല്‍ ഫൂട്ട്‌ പ്രിന്റ്‌.
1.19 ഹെക്റ്ററാണ്‌ ശരാശരി ഭൂമിയില്‍ ഒരാള്‍ക്ക്‌ ലഭ്യമാവുന്ന ഇക്കോളജിക്കല്‍ ഫൂട്ട്‌ പ്രിന്റ്‌. എന്നാല്‍ ഓരോ മനുഷ്യനും ശരാശരി 2.3 ഹെക്റ്റര്‍ എന്ന തോതില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.

വളരെ പണ്ട്‌ ചൊവ്വക്ക് സമാനമായ ഒരു സഹ ഗ്രഹം ഭൂമിയെ വന്നിടിച്ചത്രെ. ആ ഇടിയിലാണ്‌ ഭൂമി അല്‍പം ചെരിഞ്ഞ്‌ പോയത്‌. ആ ചെരിവ്‌ ഭൂമിക്ക്‌ ഒരനുഗ്രഹമാവുകയായിരുന്നു. അത്‌ കൃത്യമായ ഇടവേളകളില്‍ നമുക്ക്‌ ഋതുക്കളെ തന്നു.ഋതുഭേദങ്ങള്‍ നമ്മുടെ കൃഷിക്കടിസ്ഥാനങ്ങളായി.എന്നാല്‍ ആ ഋതുഭേദങ്ങളെ തന്നെ ആഗോള താപനം മാറ്റി മറിക്കുന്നു.

ചൊവ്വാ ഗ്രഹം വന്നിടിക്കുന്ന ആഘാത്തതിലെന്നോണം ഭൂമിയെ പ്രഹരിക്കുന്ന ആഗോള താപനത്തെ ചെറുക്കാന്‍ ഒരു രാഷ്ട്രവും ഭരണകൂടവും വ്യവസ്ഥാപിതമായി ഒന്നും തന്നെ ചെയ്യുന്നില്ല. സൈനിക ചെലവിലേക്ക്‌ ബജറ്റില്‍ നീക്കി വെക്കുന്നതിന്റെ 5% പോലും ഈയിനത്തിലേക്കോ പ്രകൃതി സംരക്ഷണത്തിലേക്കോ മാറ്റി വെക്കുന്നില്ല.

നമുക്ക്‌ ചെയ്യാവുന്നത്‌

നമ്മുടെ ആവശ്യങ്ങളെ നാം നിര്‍ണ്ണയിക്കുക. ആ ആവശ്യങ്ങളിലേക്ക്‌ വാങ്ങി ചെലവഴിക്കുക. ഉല്‍പന്നങ്ങള്‍ വാങ്ങിയതിനു ശേഷം ആവശ്യങ്ങള്‍ കണ്ടെത്തുന്നതിനു പകരം ആവശ്യങ്ങളെ അറിഞ്ഞു ഉല്‍പന്നങ്ങളെ വാങ്ങുക.

നമ്മുടെ ബാല്‍ക്കണികളില്‍ തോട്ടങ്ങള്‍ വളരുമോ എന്ന് പരീക്ഷിച്ച് നോക്കുക.

ആഴ്ചയില്‍ രണ്ട്‌ ദിവസമെങ്കിലും നമ്മുടെ സ്വകാര്യ വാഹങ്ങള്‍ക്ക്‌ പണിമുടക്ക്‌ പ്രഖ്യാപിച്ച പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ടേഷനെ ആശ്രയിക്കുക.

നമ്മുടെ ഇക്കോളജിക്കള്‍ ഫൂട്ട്‌ പ്രിന്റിനെ അറിയാന്‍ ശ്രമിക്കുക.

വെള്ളത്തിലും ഊര്‍ജ്ജത്തിലും പിശുക്കനാവുക

തന്നാലായത നമുക്കും....

3 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)

മാണിക്യം said...

പലരും മറക്കുന്ന കാര്യങ്ങള്‍
ഒര്‍മ്മൊപ്പിച്ച ഒരു പോസ്റ്റ്,.
നമ്മുടെ ആവശ്യങ്ങളെ നാം നിര്‍ണ്ണയിക്കുക.
ആ ആവശ്യങ്ങളിലേക്ക്‌ വാങ്ങി ചെലവഴിക്കുക. ഉല്‍പന്നങ്ങള്‍ വാങ്ങിയതിനു ശേഷം ആവശ്യങ്ങള്‍ കണ്ടെത്തുന്നതിനു പകരം ആവശ്യങ്ങളെ അറിഞ്ഞു ഉല്‍പന്നങ്ങളെ വാങ്ങുക. വളരെ ശരി ..

ആശംസകള്‍

ഒരു സ്നേഹിതന്‍ said...

ഈ പോസ്റ്റ് നല്ലൊരു ബോധവല്‍കരനമാണ്...
"ആവശ്യങ്ങളനുസരിച്ച്ചു ഉല്‍പന്നങ്ങള്‍ വാങ്ങുക"
ഇതു തന്നെ നല്ലൊരു കാര്യമാണ്...
നന്ദി... ആശംസകള്‍....