Oct 27, 2008

മൈഥുനം എണ്ണിയെടുക്കുന്നവര്‍

എന്റെ ജനനത്തിനും കൃത്യം ഒരു മാസം മുന്‍പാണ് എന്റെ ഉപ്പ പ്രവാസിയാകുന്നത്.ഞാന്‍ പ്രവാസിയായതിനും ആറുമാസങ്ങള്‍ക്ക് ശേഷമാണ് ഉപ്പ പ്രവാസം അവസാനിപ്പിക്കുന്നത്.
ഓര്‍മ വെച്ച നാള്‍ മുതലുള്ള ഈ ജീവിതത്തിനിടക്ക് ഉപ്പയുമായി ഒത്തു കഴിഞത് കേവലം മൂന്നു വര്‍ഷം മാത്രമാണെന്ന കണക്കെടുപ്പ് ഏറെ കാലം മുന്‍പേ എടുത്തു തുടങ്ങിയതാണ്. ഒരു പക്ഷേ ഒന്നു സ്വസ്ഥമായിരുന്നാല്‍ ഒരേകദേശ കണക്കെടുപ്പിനപ്പുറം കൃത്യമായ ദിനങ്ങളുടെ കണക്കെടുപ്പു തന്നെ എടുക്കാനായേക്കും.

വിവര സാങ്കേതികങ്ങള്‍ അത്രയൊന്നും വിപുലമല്ലാതിരുന്ന ഒരു കാല‍ത്തെ പിതാവ്-പുത്രന്‍ എന്ന ജൈവികവും സാമൂഹികവുമായ ക്രമത്തേയും പരസ്പര്യ ബന്ധത്തേയും എങനെയാണ് പടുത്ത് ഉയര്‍ത്തിയിരുന്നത് എന്നും ഞങ്ങള്‍ക്കിടയിലെ സ്നേഹ ബന്ധം എങനെയാണ് സൃഷ്ടിക്കപ്പെട്ടതും പരിപാലിക്കപെട്ടതും എന്നത് ഏറെ കൌതുകത്തോടെ ഓര്‍ത്തെടുക്കാറുണ്ട്.

കേരളത്തെ കുറിച്ചുള്ള യാത്രാവിവരണത്തില്‍ വൈദേശിയായ ഒരു പത്രപ്രവര്‍ത്തക വരച്ചു വെച്ചു.“ കേരളത്തിലെ പാതയോരത്തും കായലോരത്തും വലിയ മാളികകളും സൌധങ്ങളും കാണും ഭംഗിയുള്ള വീടുകളും ഒത്തിരി കാണും. പക്ഷേ അവയില്‍ പലതും ശൂന്യമാണ്. വിദേശത്ത് ജീവിച്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വന്നു താമസിച്ചു പോവുന്നവര്‍.മറ്റു ചിലതില്‍ കുഞുങ്ങളും സ്ത്രീകളും മാത്രമേ ജീവിക്കുന്നുള്ളൂ. പുരുഷന്മാര്‍ വിദേശത്ത് ജോലി നോക്കുന്നവര്‍ , ഈ വലിയ വീടുകളില്‍ വര്‍ഷത്തിലൊരിക്കല്‍ അഥിതികളായ് എത്തുന്നവര്‍”.
കേരളീയന്റെ പ്രവാസം ഈയടുത്തൊന്നും തുടങ്ങിയതല്ല. ആവശ്യത്തിലധികം ചര്‍ച്ച ചെയ്ത് ക്ലീഷേ ആയി പോയ പദമാണ് പ്രവാസമിപ്പോള്‍ മലയാളത്തില്‍. എങ്കിലും ഈയൊരു തലക്കെട്ടില്‍ ഇത്തരം ഒരു കുറിപ്പിനു ഇപ്പോള്‍ കാരണം ബീരാന്‍ കുട്ടിയുടെ ഗള്‍ഫ് ഭാര്യ പോസ്റ്റും അതിന്മേല്‍ നടന്ന ചര്‍ച്ചയും , മാധ്യമം വാര്‍ഷിക പതിപ്പില്‍ എന്‍.പി ഹാഫിസ് മുഹമദിന്റേതായി വന്ന ഒരു പഠനവും ചേര്‍ത്തു വായിച്ചതു കൊണ്ടാണ്.
കേരളത്തില്‍ മൊത്തം പതിനെട്ടര ലക്ഷത്തോളം പ്രവാസികള്‍ ഉണ്ടെന്നാണ് കണക്ക്, ഏറ്റവും കൂടുതല്‍ ഗള്‍ഫ് ഭാര്യമാര്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനം കേരളമാണ്.കേരളത്തിലെ നൂറു കുടുംബങ്ങളില്‍ 27 പേരും വിദേശത്ത്.
70 കളിലെ ഗള്‍ഫ് ബൂമോടെ ശക്തമായി തുടങ്ങിയ പ്രവാസം മലയാളി സാമൂഹിക സാമ്പത്തിക ജീവിതത്തെ മാറ്റി മറിച്ചത് നിസ്സാരാളവിലൊന്നുമല്ല.
കേരളീയന്റെ പ്രവാസം മലയാളത്തിന്റെ ചില വാക്കുകകളുടെ അര്‍ത്ഥതലം തന്നെ മാറ്റി കളഞു.കുടുംബം ,വിരഹം തുടങ്ങിയവ പോലെ,
അണുകുടുംബത്തില്‍ പോലും കുടുംബം എന്ന സങ്കല്പം അഛന്‍,അമ്മ, കുട്ടികള്‍ എന്നിവരുടെ ചേര്‍ന്നുള്ള ജീവിതമെങ്കില്‍ പ്രവാസകാല മലയാളത്തിലെ കുടുംബത്തില്‍ ആംഗങ്ങളില്‍ പലരും അതിഥികളെ പോലെയായ്.
ഏറ്റവും തീക്ഷണമായ വൈകാരികാനുഭവമായിരുന്നു വിരഹം. വിരഹം എന്ന് ആ വാക്ക് അതിതീക്ഷണ്മായി അത് അര്‍ത്ഥമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനിച്ചു വീഴുമ്പോഴേ കുടുബാംഗത്തിന്റെ അകന്നിരിക്കല്‍ അനുഭവിക്കയും അതിലേക്ക് മാനസികമായി കണ്ടീഷന്‍ ചെയ്യപ്പെടുകയും ചെയ്ത പുതു പ്രവാസ കുടുംബത്തിലെ തലമുറക്ക് വിരഹം തീക്ഷണമാവുന്നില്ല. വിരഹാവസ്ഥ ജീവിതത്തിലെ അനിവാര്യതയാണെന്ന് അവര്‍ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ മനസ്സില്‍ പാകപ്പെടുത്തി വെച്ചിരിക്കുന്നു. അത്തരത്തില്‍ പ്രവാസം അര്‍ത്ഥതീക്ഷണത ചോര്‍ത്തികളഞ വാക്കാണ് വിരഹം.
************************

എന്റെ ഫ്ലാറ്റിനോട് ചേര്‍ന്ന വാതിലുള്ള അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നത് ഒരു ഫിലിപ്പിനോ കുടുംബം , 50 കഴിഞ അച്ചന്‍, 27 ഉം 25 ഉം വയസ്സ് പ്രായമുള്ള രണ്ട് ആണ്മക്കള്‍. അമ്മയും അനിയത്തികുട്ടിയും വരുന്നത് അവധികാലത്ത് കേവലം ചില ദിനങ്ങളിലേക്ക് മാത്രം.

ആ ഫ്ലാറ്റിലേക്ക് പല ദിനങ്ങളിലും അച്ചന്‍ അയാളുടെയും മക്കള്‍ അവരുടെയും ഗേള്‍ഫ് ഫ്രണ്ട്സ് (സെക്സ് മേറ്റ്??)മായി വരുനു. ലൈഗികത, ദാഹ വിശപ്പ് വിസര്‍ജ്ജനം പോലെയുള്ള ശാരീരികാവശ്യമാണെന്ന മാനസിക ബോധമുള്ള ഒരു സമൂഹത്തില്‍ സംഭവിക്കാവുന്നത്.

എന്നാല്‍ ലൈഗികത ജീവിത നിലനില്‍പ്പിന് അനിവാര്യമായി വെള്ളവും ഭക്ഷണവും പോലെയോ, അല്ലെങ്കില്‍ വിസര്‍ജ്ജനം പോലെ അടക്കി വെക്കാനാവാത്ത ഒന്നെല്ലെന്നും അത് സ്വയം നിയന്ത്രിക്കാവുന്ന വികാരമാണെന്നും വിദഗദര്‍ പറയുന്നു. അതൊരിക്കലും അടക്കി വെക്കാനാവുമായിരുന്നില്ലെന്കില്‍ വിവാഹ പൂ‍ര്‍വ്വ ലൈഗിക ബന്ധം നമ്മുടെ സമൂഹത്തില്‍ സാധാ‍രണമായി പോയേനെ.

കേരളീയന്റെ മാനസിക ബോധം രതി എന്നത് പ്രണയത്തിന്റെയും സ്നേഹത്തിന്റേയും പൂരണതയിലാണ്. അത് ശാരീരികത്തോടൊപ്പം മാനസികവുമായ ആവശ്യമാണ്. മനസ്സു ചേരാതെ കേവലം ശരീരം കൊണ്ട് സംത്രൃപ്തമാക്കാന്‍ കഴിയാത്തത്. അതു കൊണ്ടാണ് ഇരുപതഞ്ചും ഇരുപതും വര്‍ഷം പ്രവാസിയാവുകയും ജീവിതത്തിലെ മൈഥുനങ്ങളെ എണ്ണിയെടുക്കാനും കഴിയുന്ന പ്രവാസികളൂം സംതൃപത കുടുംബ ജീവിതം നയിക്കുന്നത്.

എന്നാല്‍ നമ്മുടെ പൊതു സമൂഹത്തിന്റെ ഒരു ധാരണ പ്രവാസി ഭാര്യമാര്‍ രതി സംതൃപ്തികിട്ടാതെ കാമാ‍സക്തരായി തൃഷണ മുറ്റി നിലക്കയാണെന്നും ഒന്നും തൊട്ടാല്‍ അവള്‍ വളയും വീഴും എന്നൊക്കെയുള്ള മൌഢ്യമാണ്. ജീവിതത്തിന്റെ അനിവാര്യ ഘട്ടത്തില്‍ കുടുംബനാഥയാവേണ്ടി വന്ന അവള്‍ ആരോടെങ്കിലും സംസാരിക്കുന്നത് പോലും ഈയൊരു മഞ കണ്ണില്‍ നോക്കിയെടുത്ത് കളയും അത്തരക്കാര്‍. പ്രവാസി ഭര്‍ത്താക്കന്മാരൊക്കെയും പ്രവസിത ദേശത്ത് വിവാഹ ബാഹ്യ ലൈഗിക സംത്ര്പ്തി നേടുന്നു എന്ന വിപരീത അര്‍ഥം കല്പിച്ചു കൊടുക്കേണ്ടി വരും ഈ മിഥ്യാ ധാരണക്ക്. അല്ലെങ്കില്‍ അവരും അസംതൃപ്ത ലൈഗികതയുള്ളവരാണെന്ന് അര്‍ഥം വെക്കാം. മറ്റൊരു പ്രവാസ ജീവിത ശൈലി ലൈഗിക മരവിപ്പ് സൃഷ്ടിക്കുന്നുവെന്നും അവര്‍ക്ക് ഇണയെ സംതൃപ്തിപെടുത്താനാവില്ല എന്നുമുള്ള വിശ്വാസം. യുവത്വം പിന്നിടുന്ന ഒരു സമൂഹത്തിലെ വ്യായാമ ആരോഗ്യ ജീവിത ശീലങ്ങളില്‍ പ്രവാസിയിലും ഇതരനിലും വലിയ മാറ്റങ്ങളൊന്നുമില്ല്.മാനസീക തലത്തിലാണ് അവരുടെ വ്യത്യാസം കൂടുതലായും ഉള്ളത്. ഇത്തരം മരവിപ്പുകള്‍ ശരീരത്തിന്റെയല്ല മനസ്സിന്റെയാണ് , അതു തന്നെ പ്രവാസാത്തിലേക്ക് കണ്ടീഷന്‍ ചെയ്ത് വളര്‍ത്തിയെടുത്ത പുതു തലമുറയില്‍ വളരെ ന്യൂനപക്ഷത്തിനു സംഭവിച്ചേക്കാവുന്നതും.
പ്രവാസവും വിരഹവും അനിവാര്യമാണെന്ന് അറിഞു വളര്‍ന്ന യുവ തലമുറയുടെ ലൈഗിക പ്രതിക്ഷകളും അതിനൊടൊപ്പം തന്നെ അവര്‍ പാകപ്പെടുത്തുന്നുണ്ട്. അതു കൊണ്ട് തന്നെ തൊട്ടാല്‍ തെറിക്കുന്ന തൃഷണ പേറുന്നവരല്ല ഗള്‍ഫ് ഭാര്യമാര്‍.
അകന്നിരിക്കലിലൂടെ മരവിപ്പ് വരുന്നവരുമല്ല പുതു തലമുറയിലെ ഗള്‍ഫ് ഭര്‍ത്താക്കള്‍.
ലൈഗികത ഏകാംഗ പ്രക്രിയല്ലെന്നും അത് ഒരു കൂടിച്ചേരലിലൂടെ സാക്ഷാത്കരിക്കപ്പെടുന്ന കര്‍മവുമായിരിക്കെ അത് ഒരാള്‍ക്ക് മാത്രമായി നഷടപ്പെടുന്നോ നേടുന്നോ ഇല്ല പ്രവാസത്തിലൂടെ.പക്ഷേ ജീവിതത്തിലെ ഒരു വൈകാരിക ശമനത്തെ എണ്ണിയെടുക്കാവുന്നടെത്തോളം പരിമിതമാവുന്നതിന്റെ നിസ്സഹായതയില്‍ സങ്കടപെടാതെ വയ്യ.

വാല്‍കഷ്ണം:- പ്രവാസത്തെ ഈയിടെയായി കുടിയേറ്റം എന്ന് വിളിച്ച് കാണുന്നു. കുടിയേറ്റം എന്ന വാക്കിനര്‍ത്തം തന്നെ “അന്യ ദിക്കില്‍ കുടി പാര്‍ക്കല്‍ “ എന്നാണ്. കുടിയേറുന്നവന്‍ കുടിയേറ്റദേശത്ത് തന്നെ ജീവിതം കരുപിടിപിച്ച് ആദേശത്തിന്റെ അംഗമായി കുടുംബം അവിട്ടെ നട്ടു നനച്ചെടുത്ത് കുടിവെക്കുന്നവനാണ്. പലപ്പോഴും ആ ദേശത്തിനെ ചില സംസ്കാരങ്ങളെ സ്വാംശീകരിക്കുന്നവരും. നമ്മുടെ പഴയ മലയോര കര്‍ഷക കുടിയേറ്റങ്ങള്‍ തന്നെ ഉദാഹരണം.
എന്നാല്‍ പ്രവാസത്തിനര്‍ത്തം താല്‍കാലിക വിരഹം, വിദേശവാസം എന്നാണ്. പ്രവാസി ഒരിക്കലും പ്രവസിത ദേശത്തോട് ഒട്ടുന്നില്ല. അവന്‍ അവിടെ അന്യന്യായി തന്നെ നില്‍ക്കുന്നു. അതൊരു താല്‍കാലിക ഇടം മാത്രമാണെന്നും എത്രയും പെട്ടെന്ന് ഒരു തിരിച്ച് പോക്ക്ക് ആശിക്കുന്നവനുമാണ്.അതു കൊണ്ട് തന്നെ പ്രവസിത ദേശത്ത് അവന്‍ ഒന്നും സ്വന്തമാക്കുന്നില്ല. സ്വന്തമായതൊക്കെ അവന്‍ നാട്ടിലേക്ക് എത്തിക്കുന്നു. കുടും‌ബം നാട്ടിലായി പോവുന്നവനെ പ്രവാസി എന്ന് തന്നെ വിളിക്കലാവും ചേര്‍ച്ച എന്ന് തോന്നുന്നു. മലയാളിയുടേത് ഗള്‍ഫ് കുടിയേറ്റമല്ല പ്രവാസം തന്നെയാണെന്ന് പറയാലാവും ശരി എന്ന് തോന്നുന്നു.

Oct 16, 2008

സാക്ഷ്യങ്ങളാണ്‌

സാക്ഷ്യങ്ങളാണ്‌
മൊഴിയാവാന്‍
വാക്കുകളില്ലാത്ത
സാക്ഷ്യങ്ങള്‍

പാതി കടിച്ച
പേരക്ക
പഴയതെങ്കിലും
തേച്ചു വെളിപ്പിച്ച
ഒരു ജോടി ഹവായ്‌

അച്ചനെയറിയാത്ത
ജന്മം നല്‍കിയപ്പോഴെ
മരിച്ച അമ്മയുടെ
ഛായയുള്ള
പിച്ച വെച്ച്‌ തുടങ്ങുന്ന കുഞ്ഞ്‌
അമ്മയുടെ ഒക്കത്ത്‌
ചാനലുകളില്‍
ലൈവാകുന്ന
പിഞ്ചു കിടാവ്‌

ചേറില്‍ പൂണ്ട്‌
കിടക്കുന്ന തലയോടിന്റെ
പടവും
സാക്ഷ്യങ്ങളാണ്‌

പടിയിറങ്ങുന്ന
ബാലികമാരുടെ
അമ്മമാരുടെ
നെഞ്ചിലേക്ക്‌
ഉന്നം പിടിച്ച
കവണകളും