Nov 20, 2007

മാനിഷാദ

കൊക്കുകളിലൂടെ പ്രണയം കൈമാറുന്ന
ഇണക്കിളികളിലൊന്നിനു നേരെ വേടന്‍ ഉന്നം പിടിച്ചു.

കാനന മറവുകളില്‍ നിന്ന് പ്രത്യക്ഷമായൊരു മുനി ഗര്‍ജ്ജിച്ചു.

"മാ നിഷാദ"

ഗര്‍ജനം കേട്ട്‌ കിളികള്‍ പറന്നു പോയി
വേടന്റെ ഉന്നം പിഴച്ചു.


ജീവന്‍ രക്ഷിച്ച ചാരിതാര്‍ത്ഥ്യം കൊണ്ട്‌ മുനിയുടെ കണ്ണു നിറഞ്ഞു.
അന്ന് രാത്രി വേടന്റെ കുടിലില്‍ വിശന്നു കരയുന്ന ഒരു കുഞ്ഞിന്റെ കണ്ണീര്‍ തോര്‍ന്നതേയില്ല....
ആശ്വസിപ്പിക്കുന്ന ഒരു അമ്മയുടേയും

Nov 19, 2007

പ്രണയത്തേയും വിവാഹത്തേയും കുറിച്ച്‌

പ്രണയം

എത്തിപിടിക്കാനാഞ്ഞാലും തൊട്ടു തൊട്ടില്ല എന്ന സ്പര്‍ശനമല്ലാതെ ഇറുക്കാനാവാതെ വരുമ്പോല്‍ ഏറ്റവും സുഗന്ധമുള്ളത്‌

ഏച്ചു കെട്ടിയത്

ഊഷരമായ പാറപുറത്ത്‌ പച്ചപ്പുണ്ടാവുമെന്ന് കരുതി വെള്ളമൊഴിക്കുന്നവന്‍ നഷ്ടപ്പെടുത്തുന്നത്‌ ഊര്‍ജ്ജവും ജലവുമാണ്‌.

Oct 29, 2007

വിലപിക്കുന്ന അവശ കഥാപാത്രങ്ങള്‍...

മെഹഫിലില്‍ നിന്നുയരുന്ന ഖവാലിയുടെ താളം ദ്രുത ഗതിയിലായിരിക്കുന്നു.

അതോടൊപ്പം അവനും ചരസിന്റെ പുക പടര്‍ത്തിനെ ആഞ്ഞ്‌ വലിച്ച്‌ ആത്മാവിലേക്കാവാഹിച്ചു.സംഗീതജ്ഞന്റെ സ്വരം വീണ്ടുമുയരുന്നു.. താളം മുറുകുന്നു. തന്റെ ശരീരത്തിന്റെ ഭാരം മുറുകുന്ന താളത്തോടൊപ്പം അലിഞ്ഞില്ലാതാവുന്നതായി അവനറിഞ്ഞു.പിന്നെ ഒരു തൂവലിനെ പോലെ ആകാശത്തേക്ക്‌ ഉയര്‍ന്ന്... പറന്ന്...അങ്ങനെ.........

തിരക്കേറിയ ഗ്വോളിയോര്‍ നഗരത്തിന്റെ ഏതോ ആളൊഴിഞ്ഞ ഇടവഴിയിലിരുന്ന് ഗോവര്‍ദ്ധന്‍ നിശ്വസിച്ചു.ഇപ്പോള്‍ നാദവും താളവും നിലച്ചിരിക്കുന്നു.ഖുരാനയുടേയും രാഗത്തിന്റെയും ഭാവം മറഞ്ഞിരിക്കുന്നു., മെഹഫിലുകളില്‍ ആളൊഴിഞ്ഞിരിക്കുന്നു.

ഈെ നിശബ്ദത ജഡ പിടിച്ച ഇരുട്ടിന്റെ ഏകാന്തതയില്‍ തന്റെ ശരീര ഭാരം വീണ്ടും വര്‍ദ്ധിക്കുന്നതായി അവനറിഞ്ഞു.ആത്മാവ്‌ അതിന്റെ യാത്ര കഴിഞ്ഞ്‌ മടങ്ങിയെത്തിയിരിക്കുന്നു.ക്രൂശിക്കാനുണ്ടായ നാലാമത്തെ ആണി പിറകെ കൂടി ഗതി കിട്ടാതെ അലയുന്ന ജിപ്സിയെപ്പോലെ എന്നും അലയാന്‍ വിധിക്കപ്പെട്ടവാനായിരുന്നല്ലോ താനും.എത്ര തെരുവീഥികളിലൂടെ എന്തെല്ലാം കണ്ട്‌, അറിഞ്ഞ്‌, എന്നാല്‍ ഒന്നും അറിയാതെ അവസാനം താന്‍സന്റെ സ്വരം ഇന്നും മുഴങ്ങുന്ന ഗ്വോളിയൊറിന്റെ ഈ ഇരുണ്ട തെരുവില്‍ നിശ്ചേഷ്‌ഠനായി ഇങ്ങനെ.....പക്ഷേ അവസാനിക്കാത്ത യാത്ര ശരീരത്തില്‍ നിന്നിപ്പോള്‍ അത്മാവേറ്റെടുത്തിരിക്കുന്നു.

ഞാനവന്‍ തന്നെ, മറക്കാനിടയില്ല,

അലച്ചിലിനിടയില്‍ അന്ധേര്‍ നഗരിയിലെത്തി. തൂക്കു മരത്തില്‍ നിന്നു "മംഹതി"നാല്‍ രക്ഷിക്കപ്പെട്ട 'ഭാരതേന്ദു ഹരിശ്ചന്ദ്ര"യുടെ ഗോവര്‍ദ്ധന്‍. അന്നു തുടങ്ങിയ യാത്രയായിരുന്നു. ഒരിക്കലും അവസനിക്കാതെ, മോശയുടെ വാക്കുകളിലെ "ഗര്‍ഷോം".പിന്നെ ആനന്ദായിരുന്നു ചലിപ്പിച്ചത്‌, ദീര്‍ഘ ദൂരം യാത്ര ചെയ്യിച്ച്‌ അദ്ദേഹവും കയ്യൊഴിഞ്ഞു.

ഇനി ഈ ഖുരാനകളുടെ തെരുവീഥികളില്‍ അനാഥനായി.അവസാനിക്കാത്ത യാത്രയിലേക്ക്‌ ആത്മാവിനെ പുറത്തു വിട്ട്‌....

ഗോവര്‍ദ്ധന്‍ ഗാഢമായൊന്നു നിശ്വസിച്ച്‌ വീണ്ടു ചരസ്സ്‌ ആഞ്ഞു വലിച്ചു. അതോടൊപ്പം ഓര്‍മകള്‍ വീണ്ടും തെളിഞ്ഞു.എത്ര യാത്രകള്‍ ഇരുട്ടിന്റെ നഗരിയില്‍ നിന്ന് ദൈവത്തിന്റെ നാട്ടിലേക്ക്‌,,ഭാരതേന്ദുവിന്റെ വികാരങ്ങളും സംഘര്‍ഷങ്ങളും പിന്നെ ആനന്ദിന്റെ പിരിമുറുക്കങ്ങളും ഏറ്റു വാങ്ങി...പാതി വഴിയില്‍ അനന്തയാത്രക്ക്‌ വിട്ട്‌ എല്ലവരും കയ്യൊഴിഞ്ഞു....

അനന്തമായ യാത്ര. കഥാപാത്രങ്ങളെന്നും ചരസ്സ്‌ നിറജ്ജ ബീഡിയെപ്പോലെ തെരുവിധികളിലേക്ക്‌ വലിച്ചെറിയുന്നവരല്ലോ....കഥാകാരന്റെ സംഘര്‍ഷങ്ങക്കും പിരിമുറുക്കങ്ങളും ഏല്‍ക്കാന്‍ വിധിപ്പെട്ടവര്‍...

എത്ര പേരെ കണ്ടു.ഇന്നിന്റെ ദുഖങ്ങളെല്ലാം തന്നിലേക്കാവാഹിച്ച ഗോവിന്ദന്‍ നായരും, അദ്ദുവും പിന്നെ വെറും മനുഷ്യനുമായ അസുരവിത്ത്‌.ഖസാക്കില്‍ നിന്ന് പറഞ്ഞു വിട്ട രവി.ഇന്ന് പരിദേവനങ്ങളുമായി കഴിയുന്ന ഗീവര്‍ഗീസാച്ചനെ.അങ്ങനെയെത്രപേര്‍. തന്റെ നിയോഗം ഒന്നും കേള്‍ക്കാതെ അറിയാതെയുള്ള യാത്രയായത്‌ എത്ര ഭാഗ്യം..ളൊഹയിലെ നിയമങ്ങളെ മാറ്റിയെറിഞ്ഞ്‌ സ്ത്രീയുടെ മാനം രക്ഷിച്ചവന്‌ മുന്‍പില്‍ കിടന്ന് പിടയുന്നവളെ നോക്കി വിലപിക്കാനാവാതെ ഒന്നിനുമാവുന്നില്ലല്ലോ?

ഈ അവശ കഥാപാത്രങ്ങളെ മരിക്കാന്‍ പോലും വിടാതെ എങ്ങനെ പിടഞ്ഞു ജീവിക്കാന്‍ വിടുന്നതെന്തിന്‌..

കത്തി തീരാറായ ചരസ്സിന്റെ അവസാന പുകയും ആത്മാവിലേക്കാവാഹിച്ചു ഗോവര്‍ദ്ധന്‍ അപ്പോള്‍ അകലെ നദീ തീരത്തെ അഘോരികളുടെ അവതാളത്തിന്റെ താളം കേള്‍ക്കാറായി..കണ്‍ മുന്നില്‍ പരശ്ശതം അഘോരികല്‍ നഗ്ന നൃത്തം തുടങ്ങി..ഗോവര്‍ദ്ധന്റെ ജട വളരുന്നു. ശരീരത്തില്‍ ചാരം പുര്‍ണ്ടു..അഘോരികളുടെ താളത്തിനൊത്ത്‌ ഗോവര്‍ദ്ധനും .അഘോരികളിലൊന്നായി....

Oct 27, 2007

അമ്മ, അച്ഛന്‍, ദൈവം...

.........

..........

"എന്നാലും അവര്‍ നിന്റെ അച്ഛനും അമ്മയുമാകുന്നു"

"അതെന്റെ തെറ്റല്ല., ഞാന്‍ ആസക്തിയുടെ സന്താനമാകുന്നു."

"മാതാവും പിതാവും ദൈവങ്ങളാകുന്നു."

"അതു ഒരു വാസ്തവമായേക്കാം..പക്ഷേ ശാസ്ത്ര യുഗത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ വെറും വിഢികളകുന്നു..."

Oct 19, 2007

കഥ എന്തായിരിക്കണം?

ഒരു കാലഘട്ടത്തിന്റെ മനുഷ്യ ജീവിതങ്ങളെ കുറിച്ചറിയണമെങ്കില്‍ ആ കാലഘട്ടത്തിന്റെ സാഹിത്യങ്ങളിലേക്കും കലകളിലേക്കും നോക്കിയാല്‍ മതി എന്നാണു വെയ്പ്‌. സാഹിത്യത്തിലേയും കലയിലേയും ഭൂരിപക്ഷ സൃഷ്ടികളും സാമൂഹിക ജീവിതങ്ങളുടെ പരിഛേദമാണ്‌. അതു കൊണ്ടു തന്നെ കഥകള്‍ എപ്പോഴും ചുറ്റുപാടുകളോട്‌ സംവദിക്കുന്നവയായിരിക്കും, ആയിരിക്കണം. പക്ഷേ കഥ ഒരിക്കലും ചരിത്ര രേഖകളല്ല. അവ എഴുത്തുകാരന്‍ ചുറ്റുപാടുകളില്‍ നിന്ന് സ്വാംശീകരിച്ചെടുത്ത ജീവിതങ്ങളുടെ ഭാവനാത്മകമായ പകര്‍ത്തല്‍ ആണ്‌. അതില്‍ ചിന്തകളെക്കാള്‍ കൂടുതല്‍ ഭാവനകള്‍ക്കാണ്‌ പ്രാധാന്യം.

കഥകളുടെ ജനനം ആത്മാവില്‍ നിന്നും അതിന്റെ പാകപ്പെടല്‍ മസ്തിഷ്കത്തിലുമാണ്‌. അതുകൊണ്ട്‌ തന്നെ കഥകളിലെ ബിംബങ്ങള്‍ കാലാനുവര്‍ത്തികളായിരിക്കും, ആയിരിക്കണം.

ഒരു കഥ വായിക്കുമ്പോള്‍ അല്ലെങ്കില്‍ കഥയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുമ്പോള്‍ അനുവാചകന്റെ മനസ്സില്‍ ഒരു മുഖം തെളിയുന്നുവെങ്കില്‍ അത്‌ തീര്‍ച്ചയായും കഥാകാരന്റെ വിജയമാണ്‌. പക്ഷേ എല്ലാ അനുവാചകരിലും അതുണര്‍ത്തുന്നത്‌ ഒരേ മുഖമാവുകയും അതല്ലാതെ മറ്റൊരു മുഖത്തെ പൊലും മനസ്സില്‍ തെളിയിക്കാനാവാതെ വരുകയും ചെയ്യുമ്പോല്‍ അത്‌ ആ കഥയുടെ ഹൃസ്വായുസ്സിനെ സൂചിപ്പിക്കുന്നു. അങ്ങനെയുള്ള കഥകള്‍ക്ക്‌ വര്‍ത്തമാന കാല പ്രാധാന്യത്തിനപ്പുറം കാലാനുവര്‍ത്തിയാവാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

കഥാപാത്രങ്ങള്‍ ഒരാളെ മാത്രം എല്ലാ വായനക്കാരെയും ഓര്‍മിപ്പ്പിക്കുമ്പോള്‍ അത്‌ ബിംബാത്മക രചനയല്ല എന്ന് പറയേണ്ടി വരും. ബിംബാത്മകമല്ലാതെ പ്രത്യക്ഷമായി കാലത്തെ പറയുന്നത്‌ കഥയല്ല, ചരിത്രമാണ്‌. ചരിത്രത്തിലും പഠനത്തിലും ബുദ്ധിയുടേയും ബൌദ്ധികതയുടേയും അളവാണ്‌ കൂടുതല്‍, കഥയില്‍ ഭാവനയുടെ അളവും.

ഭാവനാംശത്തെക്കാള്‍ ബൌദ്ധികാംശം കഥകളില്‍ കൂടുതലാവുമ്പോള്‍ കഥയുടെ രണ്ടാംവായന കഥാ വായനയുടെ രസം നല്‍കുകയില്ലെന്ന് മാത്രമല്ല ചരിത്ര വായനയുടെ അല്ലെങ്കില്‍ ലേഖന വായനയെ പോലെ ചിന്ത കളെ ഉണര്‍ത്തുന്നു.
പ്രത്യക്ഷമായി വര്‍ത്തമാന കാലാനുഭവങ്ങളെ പറയാതെ തന്നെ വര്‍ത്തമാന ജീവിത വ്യഥകളേയും പ്രതിസന്ധികളേയും എങ്ങനെ ചിത്രീകരിക്കാം എന്നതിന്‌ മലയാളത്തില്‍ വന്ന കഥകളിലെ ഏറ്റവും നല്ല ഉദാഹരണമാണ്‌ യുപി ജയരാജിന്റെ "മഞ്ഞ്‌" എന്ന കഥ.
പൊതു വായനയില്‍ കഥയുടെ ഒഴുക്കും നാടകീയതയും കിട്ടുന്ന ആ കഥ അടിയന്താരാവസ്ഥയുടെ പശ്ചാതലത്തിലെഴുതിയാതാണെന്ന ബോധത്തില്‍ വായിക്കുമ്പോഴാണ്‌ അതിലെ രാഷ്‌ട്രീയവും പ്രതിരോധവും വായനക്കാരനു മനസ്സിലാവുന്നത്‌.ആ കഥയില്‍ ഭാവന ചിന്തകളെക്കാള്‍ കൂടുതലുള്ളതി കൊണ്ട്‌ അല്ലെങ്കില്‍ അത്‌ പൂര്‍ണ്ണമായും മസ്തിഷ്ക രചനയല്ലാത്തതു കൊണ്ട്‌ ഇന്നും വായനക്കാരന്‌ ആസ്വാദ്യമാവുന്നു.ബിംബങ്ങളെ കഥാകാരന്‍ സൂക്ഷമമായി ഉപയോഗിക്കുമ്പോല്‍ അവ കാലാനുവര്‍ത്തിയാവുന്നതെങ്ങനെ എന്നതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ ജോര്‍ജ്‌ ഓര്‍വെലിന്റെ "അനിമല്‍ ഫാം" എന്ന നോവല്‍. രണ്ടോ മൂന്നോ തലമുറകള്‍ക്ക്‌ മുമ്പെഴുതിയ ആ നോവല്‍ ഇന്നത്തെ കാലത്തോടും നിഷ്‌പ്രയാസമായി സംവദിക്കുന്നു.

ചിന്തകളില്‍ നിന്നും മസ്തിഷ്കത്തില്‍ നിന്നും രൂപം കൊണ്ട കഥ വര്‍ത്തമാന കാലത്തിലെ നല്ല പ്രതിരൊധമോ ജീവിതത്തെ പകര്‍ത്തലോ ആയേക്കാം, പക്ഷേ അവക്ക്‌ കാലത്തെ അതിജയിക്കാനാവില്ല. കഥ കാലാനുവര്‍ത്തിയാകുന്നത്‌ അവയുടെ രൂപപ്പെടല്‍ ആത്മാവില്‍ നിന്നാവുമ്പോഴാണ്‌.

Sep 16, 2007

എഴുത്തുകാരന്റെ വേദന - കവിത.

എഴുതി തുടങ്ങുന്നവന്റെ

വേദന വാക്കുകള്‍

തൂലിക തുമ്പിലേക്ക്‌

ആഴ്‌ന്നിറങ്ങാത്തതാണ്‌.

ചിന്തയുടെയും ഭാവനയുടേയും

രതിമൂര്‍ച്ഛയില്‍

നിന്നാണ്‌ വാക്കുകള്‍

ഉരുവം കൊള്ളേണ്ടത്‌.

എഴുതി കഴിഞ്ഞവന്റെ

വേദന വാക്കുകള്‍

സമൂഹത്തോട്‌

സംവദിക്കാത്തതാണ്‌.

സംവേദനം സാധ്യമാകുന്നത്‌

ചിന്തയുടെ വസ്ത്രം ഉരിഞ്ഞുമാറ്റിയ

ഹൃദയത്തില്‍ അക്ഷരങ്ങളുടെ

ചൂട്‌ പൊള്ളിക്കുമ്പോഴാണ്‌.

Sep 7, 2007

പ്രവാസത്തിണ്റ്റെ നേര്‍കാഴ്ചകള്‍

ഇതു പ്രവസത്തിണ്റ്റെ നേര്‍കാഴ്ചകള്‍. കാഴ്ചക്കപ്പുറം കാണാനുള്ള ഉള്‍കാഴ്ചയോ ദീര്‍ഘവീക്ഷണമോ ഇല്ലാത്തതു കൊണ്ട്‌ കാഴ്ച വട്ടങ്ങളില്‍ പതിഞ്ഞവ മാത്രം പകര്‍ത്തുന്നു.
കാഴ്ച്‌ ഒന്ന്‌ - നൂറ.

നൂറയുടേയും എണ്റ്റേയും ഫ്ളാറ്റുകളുടെ വാതിലുകള്‍ മുഖത്തോട്‌ നോക്കിയാണിരുന്നിരുന്നത്‌.
ചാവക്കാട്ടുകാരന്‍ നിസ്സാറിണ്റ്റെ ഹൃസ്വ പ്രണയത്തിണ്റ്റെ സാക്ഷാത്കാരമായിരുന്നു ഇന്തോനേഷ്യക്കാരി നൂറയും അവരുടെ പൂച്ച കുഞ്ഞിന്‍ ശേലുള്ള കൈകുഞ്ഞും. വല്ലപ്പോഴും നിസാറിണ്റ്റേയും കുഞ്ഞിണ്റ്റേയും കൂടെ കാണാറുള്ള നൂറയില്‍ നിന്നും കിട്ടുന്ന പുഞ്ചിരിയും നിസാറിണ്റ്റെ "എന്തുണ്ട്‌?" എന്ന ചോദ്യത്തിനും കവിഞ്ഞ സൌഹൃദമൊന്നും ആ കുടുംബവുമായി എനിക്കുണ്ടായിരുന്നുമില്ല,മൂന്നു മാസം മുന്‍പ്‌ നിസാര്‍ അവധിക്കു നാട്ടില്‍ പോകുന്നതു വരെ.
ഇടക്കെപ്പൊഴങ്കിലും പാലും റൊട്ടിയും മറ്റും വാങ്ങി വരുന്ന നൂറയെ കാണാറുണ്ടെങ്കിലും പുഞ്ഞിരിക്കപ്പുറം സൌഹൃദം നീണ്ടതേയില്ല്ള. ഒരു മാസത്തിനെന്നും പറഞ്ഞ്‌ നാട്ടില്‍ പോയ നിസാറിനെ മൂന്നു മാസത്തിനു ശേഷവും കാണാതായപ്പോള്‍ നിസാര്‍ എന്നാണു തിരിച്ചു വരുന്നത്‌ എന്ന എണ്റ്റെ ചോദ്യത്തിനും നൂറ പുഞ്ചിരി മാത്രം മറുപടി തന്നപ്പോള്‍ അവളോട്‌ സംസാരിക്കാന്‍ ഞാന്‍ തുനിയാറാതായി. പിന്നെ പിന്നെ അവളെ പുറത്തു കാണാതായുമായി.

ഒരു ദിവസം ഞാന്‍ പുറത്തു പോയി വരവേ,നൂറ പര്‍ദയും ധരിച്ചു കുനിഞ്ഞിരിക്കുന്നു. അവര്‍ എന്താണവിടെ ചെയ്യുന്നത്‌ എന്നറിയാനുള്ള ആകാംക്ഷ കാരണം അവള്‍ കാണാതിരിക്കാന്‍ കുറച്ചു മാറി നിന്നു. തലേ ദിവസം ഞാനും സഹമുറിയനും കഴിച്ച ബ്രൊസ്റ്റഡ്‌ ചിക്കണ്റ്റെ കൂടെ കിട്ടിയ ബ്രഡ്‌( ചിക്കണ്റ്റെ എച്ചിലുകളോടൊപ്പം പുറത്തെ ചവറ്റു ബക്കലിട്ടതു) എടുത്ത്‌ പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിച്ച്‌ നൂറ ധൃതിയില്‍ അവളുടെ ഫ്ളാറ്റിലേക്കു കയറിപ്പോയി.
ഉടന്‍ തിരിച്ചു പോയി ഒരു പാലും ബ്രഡും, മുട്ടയും വാങ്ങി വന്നു നൂറയിടെ വാതിലില്‍ ഞാന്‍ മുട്ടി. അറിയുന്ന അറബിയും ബാക്കി ഇംഗ്ളീഷുമായി അവ വാങ്ങാന്‍ മടിച്ച അവളൊട്‌ നിസാര്‍ തിരിച്ചു വന്നാല്‍ ഇതിണ്റ്റെ പണം ഞാന്‍ അവണ്റ്റെ കയ്യില്‍ നിന്നു വാങ്ങി കൊള്ളാം എന്നു പറഞ്ഞു അവ അവളെ ഏല്‍പിച്ചു മടങ്ങാന്‍ ഒരുങ്ങുന്ന എന്നെ ഞെട്ടിച്ച്‌ അവള്‍ പറഞ്ഞു.

"ഇന്ന്‌ രാത്രി ഒരു മണിക്കു റൂമില്‍ വന്നോളൂ.".

വാതിലടക്കാന്‍ നേറം കണ്ണുകളില്‍ യാചനാ ഭാവവും നിറച്ച്‌ അവള്‍ പറഞ്ഞു

" മാഫി നാഫര്‍ താനി. ഇന്‍ത ബസ്‌ പ്ളീസ്‌(നീ മാത്രം ,മറ്റാരേയും കൂടെ കൂട്ടരുത്‌ പ്ളീീസ്‌)

കാഴ്ച രണ്ട്‌ - താര.


പുതിയ ജോലി സ്ഥലത്തേക്കു മാറിയ ശേഷം തൊഴിലിടത്തിനു സമീപം നല്ലൊരു താമസത്തിനടവും തപ്പി നടക്കുന്ന കാലത്ത്‌ ചെറിയ ഒരു ഇടവേളയില്‍ ഞാന്‍ എറണാം കുളം സ്വദേഷി സ്റ്റാന്‍ലിയോടപ്പവും താമസിച്ചിരുന്നു.
ജീവിതം എന്നതു ആസ്വാദനമാണെന്നും ആസ്വാദനം എന്നത്‌ സ്ത്രീയും മദ്യവുമായിരുന്നുമെനായിരുന്നു സ്റ്റാന്‍ലുയുടെ ജീവിത തത്ത്വം.
വാരാന്ത്യങ്ങളില്‍ സ്റ്റാന്‍ലി അവണ്റ്റെ ബാല്യകാല സുഹൃത്തിനേയും തേടിപോവും. അവരിരുവരും പുതിയ ആസ്വാദനങ്ങളും. പിന്നെ അവന്‍ തിരിച്ചെത്തുന്നത്‌ വീക്കെണ്റ്റ്‌ അവധി കഴിഞ്ഞ ശെശമാവും.
പതിവു പോലെ ആ ആഴ്ചയിലും അവന്‍ വന്നു പറഞ്ഞു.
" ഈ ആഴ്ച പുതിയൊരു ചരക്കൊത്തിട്ടുണ്ട്‌. നിണ്റ്റെ ഒക്കെ പ്രായമെ കാണൂ. ഇവിടെ നഴ്സ്‌ ആയി ജൊലി ചെയ്യുന്നു. അടുത്ത ആഴ്ച നീയും കൂട്‌. "ഞാനില്ല പതിവു പോലെ ഞാന്‍ ഒഴിഞ്ഞു.
നീ ഈ ഫോട്ടൊ കണ്ട്‌ നോക്കീട്‌ പറ.
അവന്‍ മൊബില്‍ കയ്യില്‍ തന്നു.

ഇവളോാ??!!
അറിയാതെ ചോദിച്ചി പൊയി.. എന്താ നീ അറിയുമോ?
ങ്ങളുടെ ഭാഗത്തെവിടെയൊ ആണവളുടെ വീട്‌. വസ്ത്രങ്ങളുടെ അധികഭാരമില്ലാതെ ഫോണിണ്റ്റെ സ്ക്രീന്‍ നിറഞ്ഞു കിടക്കുന്ന താര.
താര എണ്റ്റെ പ്രയമറി സ്കൂളിലെ ക്ളാസ്‌മേറ്റ്‌ ആയിരുന്നു. പരിസര പ്രദേശങ്ങളിലെവിടെ നിന്നൊ വന്നു ഞങ്ങളുടേ സ്കൂളിനടുത്തൊരു വാടകവീട്ടില്‍ അച്ചനും അമ്മക്കും സഹോദരങ്ങള്‍ക്കുമൊപ്പം താമസിക്കുന്നവള്‍. വെളുത്ത ഇന്ത്യ മാഞ്ഞു നീല അമെരിക്ക കാണുന്ന ഹവായ്‌ ചെരിപ്പും ധരിച്ചു വരുന്നവള്‍.
ആരുമായും അധികം കൂട്ടിലാത്തവള്‍.
പാല്‍പൊടിയുടെ വെളുത്ത പ്ളാസ്തിക്ക്‌ കുപ്പിയില്‍ കൂടിവെളം കൊണ്ടൂ വരുന്നവള്‍.
തിങ്കളും താര്‍ങ്ങളും എന്ന പദ്യം പടിപ്പിച്ച അന്നു.തിങ്കളും താരയൂം എന്ന്‌ പാടി കളിയാക്കിയതിനു ഈര്‍ക്കിള്‍ ചന്ദ്രനെ സ്ളേറ്റുകൊണ്ടെറിഞ്ഞവള്‍..

എന്താടോ നിന്നക്കങ്ങു പിടിച്കൂ ന്ന് തോന്നുന്നു, അടുത്ത ആഴ്ച നീയും കൂട്‌. സ്റ്റാന്‍ലി മൊബ്ബൈല്‍ വാങ്ങി.

കാഴ്ച മൂന്ന്. മദ്ധ്യ വയസ്ക.

കാഴ്ച തുടങ്ങുന്നത്‌ കോഴിക്കോട്‌ അന്താരാഷ്ട്ര വിമാനതാവളത്തിലെ ബോര്‍ടിംഗ്‌ പാസിനായുള്ള ക്യൂവില്‍ നിന്നും.
ക്യുവില്‍ എനിക്ക്‌ തൊട്ടു മുന്‍പു നില്‍ക്കുന്നത്‌ പ്രവാസത്തിലേക്ക്‌ ആദ്യം പറക്കുന്നു എന്ന് തൊന്നിക്കുന്ന മുഖ ഭാവമുള്ള്ള് ഒരു യുവാവും അതിനു മുന്‍പില്‍ ഊര്‍ജ്ജസ്വലയായ ഒരു മദ്ദ്യവയസ്കയും .
ആരൊഗ്ഗ്യമുള്ള മെലിഞ്ഞ ശരീരവും യാത്ര ചെയ്തു പരിചയമുണ്ടെന്നു തോന്നിക്കുന്ന പെരുമാറ്റവും ഉള്ളവള്‍.

ബൊര്‍ഡിംഗ്‌ പാസ്സ്ടേടുത്തു സീറ്റില്‍ വന്നിരിക്കുമ്പോള്‍ മുന്‍പിലെ സീറ്റിലിരുന്ന് ആ ചെറുപ്പക്കാരനെ എംബാര്‍ക്കേഷന്‍ ഫോം ഫില്‍ ചെയ്യാന്‍ സഹായിക്കുന്നു അവര്‍.

വിമാനത്തില്‍ എനിക്കു വലതു വശത്തെ നടവഴിയും കഴിഞ്ഞു വിന്‍ഡോയോട്‌ ചേര്‍ന്ന സീടുകളില്‍ ആ ചെറുപ്പക്കാരനും അവരും. സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാനും മറ്റും അവര്‍ അവനെ സഹായിക്കുന്നു. വീട്ടുകാരെ പിരിയുന്നതിണ്റ്റേയാവണം ഒരു വിഷമം അവണ്റ്റെ മുഖത്ത്‌ പ്രകടമാണൂ,അവര്‍ പ്രസന്നവതിയും.

ഭക്ഷണവും കഴിച്ച്‌ വിമാനത്തില്‍ കാണിച്ചു കൊണ്ടിരുന്ന മുഷിപ്പന്‍ സിനിമയെ പരിഗണിക്കാതെ എല്ലവരും മയക്കത്തിലാണു,കയ്യിലുണ്ടായിരുന്ന പുസ്തകവും വായിച്ച്‌ അറിയാതെ ഞാനും മയ്യങ്ങി.

കുറച്ച്‌ കഴിഞ്ഞ്‌ എണീറ്റ്‌ നോക്കുമ്പോള്‍ എല്ലാവരും മയക്കത്തില്‍ തന്നെ. ,വെറുതെ തൊട്ടപ്പുറത്തേക്കു നോക്കുമ്പ്പൊള്‍ ആ മദ്ധ്യവയസ്ക മുഖത്ത്‌ കയമര്‍ത്തി എങ്ങലടിച്ചു കരയുന്നു,. ശബ്ദം അടക്കാന്‍ അവര്‍ പരാമാവധി ശ്രമിക്കുന്നുമുണ്ട്‌. ഞാന്‍ വീണ്ടും ഉറക്കം നടിച്ചു. പിന്നെ എഴുനേല്‍ക്കുമ്പോള്‍ അവര്‍ സീറ്റിലില്ല. അല്‍പ സമയത്തിനു ശേഷം മടങ്ങി വന്നു സീറ്റിലിരുന്നു. മുഖത്ത്‌ പഴയ പ്രസന്നതയും പുഞ്ചിരിയും .

കാഴ്ച അവസാനിക്കുന്നത്‌. ജിദ്ദ ഇണ്റ്റര്‍നാഷണല്‍ എയര്‍പൊറ്‍ട്ടില്‍. കസ്റ്റംസ്‌ ക്ളിയറാന്‍സ്‌ കഴിഞ്ഞു പുറത്തിറങ്ങി വരുമ്പോള്‍ ആ മദ്ധ്യവയസ്ക മൊബൈലില്‍ ആരോടോ അറബിയില്‍ സംസാരിച്ചു നില്‍ക്കുന്നു.

Jul 11, 2007

പണയ മൊഴി

ഞാനെന്റെ
ശബ്ദവും മൊഴികളും
മര്‍ദ്ദിതന്‌കൊടുക്കാനുറച്ചതായിരുന്നു
.പക്ഷേ
30 വെള്ളിക്കാശിന്‌
അതു പണയത്തിലായി.
പലിശ പെരുത്ത്‌
ഒടുക്കാനാവാതായപ്പോള്
‍ജപ്തിക്കെത്തിയവന്‍ പറഞ്ഞു
നിന്റെ നാവിനി
നക്കി കുടിക്കാനുപയോഗിക്കാം
ഒരു കണ്ണീര്‍ തുള്ളി
ആഴ്‌ന്നിറങ്ങി
രക്ത തുള്ളിയായി
ഹൃദയത്തില്‍ പൊടിഞ്ഞു,
രക്തം തുപ്പലായി
നാവിന്‍ തുമ്പിലും
തൂ...
നീട്ടി തുപ്പിയത്‌
മുഖത്തേക്കല്ല,
നിലത്തേക്ക്‌.

Jul 4, 2007

എന്റെ ബ്ലോഗിനും ഒരു വയസ്സ്‌

എന്റെ ബ്ലോഗിനും ഒരു വയസ്സ്‌ഞാനും ബ്ലോഗ്‌ തുടങ്ങിയിട്ട്‌ ഒരു വര്‍ഷമാകുന്നു.ഇതുവരേക്കും 16 പോസ്റ്റുകളും..

May 27, 2007

നോട്ടം-സമര്‍പ്പണം:പെരിങ്ങോടന്റെ ഖകമേ എന്ന കവിതക്ക്‌

ബസ്‌ കാത്തു നില്‍ക്കുമ്പോള്
‍പതിവായി കാണാറുള്ള
പെണ്‍കുട്ടി പറഞ്ഞു.

നിന്റെ കണ്ണുകള്‍ എന്നെ
കൊത്തി വലിക്കാത്തതു കൊണ്ട്‌
നിന്നെ ഞാന്‍ പ്രേമിക്കുന്നു.
മൃദുവായി നൊട്ടം കൊണ്ട്‌
തടവാന്‍ നിനക്കറിയാം


ക്ലബിലേക്ക്‌ കയറുന്ന
കോണിപ്പടിയിലിരുന്ന
രണ്ടു പേരുടെ നോട്ടം
അവളുടെ ശരീരത്തില്‍
ചിക്കി ചിനഞ്ഞ്‌
എന്തോ കൊത്തി കൊറിക്കുന്നു.

ഓട്ടോ സ്റ്റാന്‍ഡില്‍
"മുലക്കു പിടിച്ചോട്ടെ ചേച്ചീ"*
എന്ന ചോദ്യ നോട്ടവുമായി
മീശ കിളിര്‍ത്തു തുടങ്ങുന്ന
ഒരു ചെക്കന്‍.

ടെലിഫോണ്‍ ബൂത്തിന്റെ
കണ്ണാടി ചില്ലും പൊട്ടിച്ച്‌
കൊത്തി വലിക്കുന്ന
ഒരു വയസ്സന്‍ നൊട്ടം

നൊട്ടങ്ങളെ തടുക്കാന്
‍നിന്റെ വസ്‌ത്രങ്ങള്‍ മതിയാവുന്നില്ലല്ലോ
എന്നിട്ടും
നിന്റെ പുതിയവസ്‌ത്രങ്ങള്‍ക്കൊക്കെ
നീളം കുറയൌന്നതെന്തു കൊണ്ട്‌?

തലയെ ചുറ്റി അലസമായി
മാറിലേക്ക്‌ വീണിരുന്ന
ഷാള്‍ പോലും കാണാറില്ല
ഈയിടെയായി...

എന്നും ഉമ്മയെ
കൂടെ കാണുന്നാല്ലോ?
ഭയക്കുന്നുവൊ?

ഗര്‍ഭ പാത്രത്തില്‍
ഒളിക്കാത്തത്‌
നൊട്ടത്തിന്റെ ദംഷ്‌ട്രകള്
‍ഉമ്മയുടെ ശരീരത്തിലൂടെ
ആഴ്‌ന്നിറങ്ങിതേടിയെത്തുമെന്ന്
ഭയന്നിട്ടാണ്‌.

* പെരിങ്ങോടന്റെ ഖകമേ എന്ന കവിതയില്‍ നിന്ന്..

Apr 28, 2007

സദാചാരത്തിന്റെ കുപ്പായം - കവിത

സദാചാരത്തിന്റെ
കുപ്പായം
കനം കൂടിയതാണ്‌.
പക്ഷേ..
അത്‌ മെനഞ്ഞ
നൂലിഴകള്‍
മൃദുലവും
നേര്‍ത്തതുമാണ്‌.

മൃദുവായി ആരെങ്കിലും
ഒന്ന് തൊടുമ്പോഴേക്കും
ഈ നൂലിഴകള്‍
പിഞ്ഞിപ്പോകുന്നു.

ചെറുതായൊന്ന്പിഞ്ഞിയാല്‍ പൊലും
ആളുകള്‍
വല്ലാതെ പരിഹസിച്ചേക്കും.

സൂക്ഷ്മ നോട്ടത്തിലും
മറയത്തക്കം
അരികുകള്‍ തുന്നിയ
പോറലുകള്
‍പരിഹസിക്കുന്നവര്‍ക്കിടയിലെ
ചില കുപ്പായങ്ങളിലും കാണും.

ആ തുന്നലിന്റെ കല
പക്ഷെ നിനക്കറിയില്ലല്ലോ.

വര്‍ണ്ണാഭമായ
നിറങ്ങള്‍ പൂശിയ
വലിയ പോറലുകളുംചി
ലരിലുണ്ടാവും
പരിഹസിക്കരുത്‌.
പുതിയ ഫാഷനറിയാത്ത
പഴഞ്ചനാണ്‌
നീയെന്നവര്
‍പുഛിച്ചേക്കും.

രാജാവിന്റെ ചായം
പൂശിയ
കുപ്പായത്തിലെ
കീറലില്‍ കൂടി
നഗ്നത വെളിവകുന്നുണ്ടാവും
വിളിച്ച്‌ കൂവാന്‍
നിനക്കാവില്ല.
നിന്റെ കുട്ടിത്തം
എന്നേ കഴിഞ്ഞിരിക്കുന്നുവല്ലോ?..

Apr 22, 2007

ഹൃദയത്തെ ഊതികാച്ചുന്നത്‌

ഹൃദയം ചുട്ടു പൊള്ളുകയും
നെഞ്ചെരിയുകയും
ചെയ്യുമ്പോള്‍
സ്നേഹം കൊണ്ട്‌ പകര്‍ന്നെടുക്കാതെ,
പരിദേവനം കൊണ്ട്‌
ചൂട്‌ പടര്‍ത്തുന്നതെന്തിനാവാം?
നീറി പുകയുന്ന നെഞ്ചിനെ
ചുംബനം കൊണ്ട്‌ തണുപ്പിക്കാതെ,
കണ്ണീരൊഴിച്ച്‌ കത്തിച്ചെടുക്കുന്നതെന്തിനാവാം?
ഒരു പക്ഷേ
എരിതീയിലിട്ട്‌
ഊതികാച്ചി
ഹൃദയത്തിന്റെ
മാറ്റ്‌ കൂട്ടാന്‍
അവര്‍ക്കറിയുമായിരിക്കാം

Apr 18, 2007

ചിന്താ വിഷയം - കേരളീയര്‍ക്ക്‌ ധെര്യം കൂടുന്നുവോ?

കേരളീയര്‍ക്ക്‌ ധെര്യം കൂടുന്നുവോ?

ജീവിച്ചു കൊണ്ടിരിക്കുന്നതിനേക്കാള്‍ ധൈര്യം വേണം ആത്മഹത്യ ചെയ്യാന്‍.
പണ്ടാരോ പറഞ്ഞു വെച്ചതാണ്‌.
സത്യം തന്നെയാണെന്ന് എനിക്കും തോന്നുന്നു.
നിസ്സാരമായ സാമ്പത്തിക പ്രശ്നങ്ങളെ, പ്രണയ നൈരശ്യത്തെ ,രോഗത്തെ ഒക്കെ ഭയന്ന് അതിനെക്കാളൊക്കെ ഭീകരമായ മരണത്തെ പുല്‍കുന്നത്‌ ഒരു മാതിരി ആസ്തേലിയായോട്‌ ജയിച്ച സൌത്ത്‌ ആഫ്രിക്ക ബംഗ്ലാദേശിനോട്‌ തോല്‍ക്കുമ്പോലെയാണ്‌.
ഏതായാലും മലയാളിക്കഭിമാനിക്കാം മദ്യത്തിന്റെ ഉപയോഗത്തില്‍ ആത്മഹത്യാ നിരക്കില്‍ സാക്ഷരതാ നിരക്കില്‍ കേരളീയര്‍ ദേശീയ ശരാശരിയെക്കാല്‍ ബഹുദൂരം മുന്നിലാണ്‌.
ആത്മഹത്യ കൂടിയതു കൊണ്ട്‌ ധൈര്യത്തിനെ കാര്യത്തിലും............

Mar 26, 2007

പ്രതികരണം

മാതാ കരയുന്നു...
ഏത്‌ മാതാ?
കേരള മാതാ....
അവരെന്തിനു കരയണം?
പീഡനം, വര്‍ഗീയ രാഷ്ട്രീയ കൊലപാതകം, ആത്മഹത്യ. ...ഒത്തിരി ഒത്തിരി.
പ്രതികരിക്കേണ്ട യുവത എവിടെ?
അവര്‍ ചുരുട്ടി വാനിലേക്കു ഉയര്‍ത്തേണ്ട മുഷ്ഠികളില്‍ മൌസും പിടിച്ച്‌ ബോഗില്‍ പ്രതിഷേധിക്കുകയാണ്‌. അധിനിവേശങ്ങള്‍ക്കെതിരെ ഇ മെയില്‍ ഫോര്‍വാര്‍ഡ്‌ ചെയ്ത്‌ പ്രതികരിക്കയാണ്‌.ഇത്രയൊക്കെയല്ലേ അവര്‍ക്കു ചേയ്യാനൊക്കൂ.

Feb 28, 2007

ബ്ലോഗില്‍ വിമര്‍ശനങ്ങളില്ലേ?

എന്റെ ഒരു ബ്ലോഗ്‌ പോസ്റ്റിന്‌ ആരോ കമന്റിയത്‌. ചര്‍ച്ചക്കായി പ്രതികരണത്തിനും വേണ്ടി പോസ്റ്റാക്കിയിടുന്നു.

ബ്ലോഗില്‍ വിമര്‍ശനം എന്ന പതിവില്ലാത്തതിനാല്‍ എല്ലാ പോസ്റ്റുകള്‍ക്കും നല്ലതാണെന്ന കമന്റാണു കിട്ടിയത്‌.പുകഴ്‌ത്തലുകളുടെ ലോകമാണു ബ്ലൊഗ്‌. വിമര്‍ശിക്കാനോ തെറ്റ്‌ ചൂണ്ടി കാണിക്കനോ മോശമായതിനെ മോശമെന്ന് പറയാനോ ആരും മുതിരുന്നില്ല. അല്ലെങ്കില്‍ ധൈര്യപെടുന്നില്ല

സര്‍ഗസൃഷ്ടി ജനിക്കേണ്ടത്‌ ഹൃദയത്തില്‍ നിന്നും ആത്മാവില്‍ നിന്നുമാണ്‌,അല്ലാതെ മസ്തിഷ്കത്തില്‍ നിന്നോ ചിന്തകളില്‍ നിന്നോ അല്ല. ഹൃദയത്തില്‍ നിന്ന് ഒരു സ്പാര്‍ക്ക്‌ ആ നിമഷമാണ്‌ രചന ജനിക്കേണ്ടത്‌

സൃഷ്ടികളുടെ ജനനം ഹൃദയത്തിലും പാകപ്പെടല്‍ മസ്തിഷ്കത്തിലുമാണ്‌.
ശക്തമായ വിമര്‍ശനത്തിന്റേയും തിരുത്തലുകളുടേയും തെറ്റുകളെ ചൂണ്ടികാണിക്കയും ചെയ്യുന്ന ക്രിയാത്മകമായ ഒരു സംസ്കാരം ബ്ലോഗില്‍ രൂപപ്പെടേണ്ടിയിരിക്കുന്നു,

Feb 21, 2007

കുഞ്ഞു കുറിപ്പുകള്‍


ബു.ജി (ബുദ്ധി ജീവി)

ബു.ജി ചക്കയിട്ടപ്പോള്‍ ഒരു മുയലിനെ കിട്ടി. കിട്ടിയ മുയലിന്‌ മൂന്നു കൊമ്പുണ്ടായിരുന്നെന്ന് ബു.ജി

ക്യാമ്പസ്‌ പ്രണയം


തളിര്‍ത്തതും മൊട്ടിട്ടതും സൌഹൃദമായിരുന്നു.
വിരിഞ്ഞത്‌ പ്രണയമായിട്ടും.
വേര്‍പാടിന്റെ നോവ്‌ സുഖമുള്ളതായിരുന്നു. ആത്മാവ്‌ മുറിഞ്ഞ വേദനയില്‍ ഒരു നിമിഷം
കണ്ണടച്ചിരുന്നു.
കോര്‍ത്തു വെച്ച വിരലുകള്‍ വേര്‍പ്പെടും മുന്‍പെ അവള്‍ക്ക്‌ നന്മകള്‍ നേര്‍ന്നു.
ഏവര്‍ക്കുമെന്ന പോലെ
ശേഷം ചിന്ത്യം , സാധാരണം


ദുര്‍ഗന്ധം

കൊച്ചമ്മമാരുടെ പരാതി, ചാളക്കെന്തെരു ദുര്‍ഗന്ധം.
അവരുടെ വീട്ടിലെ അഴുക്കുചാലും നീളുന്നത്‌ ചാളയിലേക്ക്‌ തന്നെ.
കടപ്പാട്‌ ഹിക്മത്തുളള.
കച്ചവടവല്‍ക്കരണം


"എല്ലാം കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു".സെമിനാറില്‍ സാംസ്കാരിക നായകന്റെ പരാതി,
സെമിനാറിനു ശേഷം പ്രസംഗത്തിനുള്ള പ്രതിഫലത്തില്‍ തര്‍ക്കിച്ചതും നായകന്‍ തന്നെ.