Mar 31, 2009

ഒരു മാന്ദ്യ കാല കവിത

അനാഥാലയം
എന്ന വാക്കിന്
നരച്ച വെളുത്ത
നിറവും
മങ്ങിയ നീല
പശ്ചാതലവുമായിരുന്നു
മൂക്കളയുടെ മണവും
ദൈന്യത ഭാവവും

പൊടുന്നനെ
ഭൂമി തിരിഞ്
കറങ്ങുകയും
സൂര്യൻ
പടിഞ്ഞാറുദിച്ച്
കിഴക്കോട്ട്
നീങ്ങുകയും
വെളുത്ത രാത്രികളും
കറുത്ത പകലുകളും
ഉണ്ടാവുകയും
ചെയത അന്നു തൊട്ട്
അനാഥാലയത്തിന്
വർണ പ്രതലവും
തിളങ്ങുന്ന നിറവുമായി.
അവകാശങ്ങളെ
ചോദിച്ചു
വാങ്ങുന്നവന്റെ
ആജ്ഞാഭാവവും.

അന്നും
ക്ലോണിംഗിലെ
പിഴവു കൊണ്ടൊരു
മ്യൂട്ടേഷൻ വന്നു പോയ
വെളുത്ത പശുവിന്
വൈക്കോലും പുല്ലും
തിന്നിട്ടും തിന്നിട്ടും
വിശപ്പാറാഞ്ഞ്
മാംസം ഭക്ഷിച്ചു
തുടങ്ങി
എന്നിട്ടവൾ
വെളുത്ത ചാണകവും
കറുത്ത പാലും
ഉത്സർജ്ജിച്ചു.

അപ്പോഴും
അവൾക്ക്
പുറത്തിരുന്നൊരു
കാക്ക
വെളുത്ത
സംസ്കാര പുഴുക്കളെ
അവളുടെ പുറത്തു നിന്നും
കൊത്തി കൊറിച്ചു
കൊണ്ടിരുന്നു.

Mar 16, 2009

മാനം കാണാത്ത പീലി

അന്തി മദ്രസയിലേക്ക്‌
ഓടിയിറങ്ങുമ്പോഴൊക്കെയും
ടോർച്ചെടുക്കാൻ
മറന്നുപോവും.
ഗൾഫിൽ നിന്ന്‌
ഉപ്പ അയച്ച
മഞ്ഞ ശരീരവും
കറുത്ത
ബട്ടണുമുള്ള
സാന്യോ ടോർച്ചിന്
എനിക്കായ്‌
വെളിച്ചം
വിതറാനായില്ല.

ഇടവഴിയിലേക്ക്‌
തിരിയും മുമ്പ്‌
റജീന
നിപ്പോയുടെ
മൂന്ന് കട്ടയിടുന്ന
വെള്ളിക്കാൽ ടോർച്ച്‌
നീട്ടിയടിച്ചു തരും.
ടോർച്ചിന്റെ
മങ്ങിയ വെളിച്ചപ്പൊട്ട്‌
എത്ര തിരഞ്ഞാലും
കാണാനാവില്ല.

എങ്കിലും........
പുറകിൽ
ഇരുട്ടിനുമപ്പുറം
ഒരാൾ
വെളിച്ചം വീശുന്നുവല്ലോ
എന്നൊരു
ആശ്വാസപ്പെടലിൽ
വീട്ടിലേക്കോടും.

മദ്രസക്കിടയിൽ
ഇശാവാങ്ക്‌ വിളിക്കാൻ
മൊല്ലാക്ക
പള്ളിയിൽ പോകുന്നേരം
അഞ്ചും പത്തും
പൈസ പങ്കു ചേർത്ത്‌
മരക്കാർകാക്കാന്റെ
വീട്ടിൽ നിന്ന്
കൽക്കം വാങ്ങും
ആങ്കുട്ടികൾ.

ഉപ്പുചേർത്ത
പച്ചക്കുരുമുളകിനും
ചീനിക്കക്കും
ചാമ്പക്കക്കും
കൽക്കം കൊണ്ട്‌
ബാർട്ടർ വിനിമയം
തീർക്കും പെങ്കുട്ടികൾ.

ലീഡർ ആയി
പോയതുകൊണ്ടുമാത്രം
മൊല്ലാക്കയുടെ
അഭാവത്തിൽ
മുണ്ടുന്നവരുടെ
പേരെഴുതണം.
ആ നാമാവലിയിൽ
പേരു വരാതിരിക്കാൻ
പെൻസിലും
റബ്ബറും
റീഫില്ലും
കൈക്കൂലിയും
കാണിക്കയുമാകും.

എട്ടാം ക്ലാസിൽ നിന്ന്‌
പണവും പണ്ടവും
വാങ്ങാത്ത
അറബി കെട്ടിക്കൊണ്ടു
പോകുന്നതിനും
തലേയാഴ്ച
റജീന
കാണിക്ക വെച്ചത്‌
ഒരു മയിൽപ്പീലി ...
"മാനം കാണാതെ
വെച്ചേക്കണം പെറ്റുകൂട്ടുമെന്നും".

അറബി കൊണ്ടോയതിന്റെ
പിറ്റേമാസം
അവളുടെ വീട്‌ പുല്ലുമാറ്റി
ഓടുമേഞ്ഞു.
മൂന്നരയാണ്ടറുതിക്കുശേഷം
ബസ്സ്റ്റോപ്പിൽ നിന്ന്
പൊട്ടിയ പല്ലിന്റെ
കറുത്ത
പൊട്ടുമായി വെളുക്കെ
ചിരിച്ചു അവൾ.
പുറകിൽ തൂങ്ങുന്ന
മൂന്നുകിടാങ്ങൾ.
മുസായഫിന്റെ
യാസീനേടിൽ
അന്ന് വെച്ചെന്റെ
മയിൽപീലി പോലെ
പിന്നെ
ഇവളും മാനം
കണ്ടിട്ടുണ്ടാവില്ല,
പെറ്റുകൂട്ടുന്നങ്ങനെ...

മാനത്തുദിക്കുന്ന
നിലാവിന്റെ
ഇത്തിരി വെട്ടം
പോലുമില്ലാത്ത
ആ അന്ധകാരത്തിൽ
മൂന്ന് കട്ടയുടെ
വെള്ളിക്കാൽ ടോർച്ച്‌
അവൾക്കാരെങ്കിലും
നീട്ടിയടിച്ചു
കൊടുത്തിരുന്നോ എന്തോ?