Jul 27, 2008

ചെതലിമലയിലെ കല്ല്

ചെതലി മലയില്‍
നിന്നൊരാള്‍
ഒരു കല്ലുരുട്ടി വിട്ടു

ദശാബ്ദങ്ങള്‍
കഴിഞ്ഞിട്ടും
അത്‌
കാലത്തിനു
മീതേകൂടി
ഉരുണ്ടു കൊണ്ടേയിരിക്കുന്നു

കാലില്‍
കല്ലുകേറി
ചലന ശേഷി
നഷിച്ച
പുരാതന
യൌവ്വനങ്ങള്‍
കല്ലിനെ
കുറിച്ച്‌
പേര്‍ത്തും പേര്‍ത്തും
പറഞ്ഞ്‌ ഊറ്റം കൊള്ളുന്നു.

ഇന്നലത്തെ
യുവാക്കളുടെ
മുതുകിലൂടെ
ഉരുണ്ട കല്ല്
അതിന്റെ
പ്രതിരൂപം
അവിടെ ഒരു
മുഴയായി
സൃഷ്ടിച്ചു.
അവര്‍ മുതുകിലെ
മുഴയുടെ ഭാരം പേറി
വളഞ്ഞു കുത്തി
നടന്നു കൊണ്ടിരിക്കുന്നു.

കല്ലിടി കൊള്ളാതെ
കുതറി മാറിയ
ഇന്നത്തെ യുവാക്കളെ
ഇരു കൂട്ടരും
ചെതലി കല്ല്
കൊള്ളാത്ത
മണ്ണുണ്ണികള്‍
എന്ന് പരിഹസിച്ചു.

ഇനി നാളത്തെ
യുവാക്കളുടെ
മുഖത്തെങ്ങാന്‍
ചെതലി കല്ലിടിച്ച്‌
തല തിരിഞ്ഞ്‌
മുന്നോട്ട്‌ നോക്കാനാവാതെ
പിന്‍കാഴ്ചകള്‍
മാത്രം കാണുന്നവരായി
അവരെങ്ങാന്‍
മാറിപോവുമോ ദൈവമേ!!
അവരെ കാത്തോളണേ!!!

Jul 22, 2008

മഹ്സൂസ്

ഈഫലിന്റെ ഉയരം,
സിനിംഫ്സിന്റെ
ഭീകര രൂപം,
ചെരിഞ്ഞ
ഗോപുരത്തില്‍
ചാരി നിന്നത്‌,
നയാഗ്രക്കും
സ്വാതന്ത്ര പ്രതിമക്കും
മുന്‍പില്‍ ഫോട്ടോക്ക്‌
പോസ്‌ ചെയ്തത്‌,
താജ്‌ മഹലിന്റെ
മായിക സൌന്ദര്യം,
ലിബിയായിലെ
മരുഭൂവുകള്‍,
ആഫ്രിക്കന്‍ കാടുകള്‍,
നേപ്പാളിലെ തണുപ്പ്‌,
അറേബ്യായിലെ ചൂട്‌,
കവിയേ പോലെ
വര്‍ണ്ണിച്ചു പറയാനറിയാം
സമീര്‍ ഖാലിദിന്‌.
ഇളം തണുപ്പുള്ള
അവന്റെ
പുതിയ ലെക്സസ് LS-430 യിലിരുന്ന്
അടുത്ത അവധിക്ക്‌
കാണാന്‍ പോവുന്ന
ലാറ്റിനമേരിക്കയെ
കുറിച്ച്‌ വാചാലനായപ്പോള്‍
പറഞ്ഞു പോയി
ഖാലിദ്‌ നീ ഭാഗ്യവാന്‍

ഓടുന്ന വണ്ടി
ഓരത്തെ കെ ഫ്‌ സിക്ക്‌
മുന്‍പില്‍ പാര്‍ക്ക്‌ ചെയ്ത്‌
അവന്‍ പറഞ്ഞു
അങ്ങ്‌ ഗസ്സയില്‍
പാതി പൊളിഞ്ഞ
ഒരു വീടും
അതിനടുത്തൊരു
പല്ലു മുളക്കും മുൻപേ
ശഹീദായ ഒരു
അഖുവിന്റെ
ഖബറുമുണ്ട്‌
അവിടം
ഒരു സിയാറത്തിന്‌
ഞാന്‍ പോവുന്ന
കാലം നിനക്കെന്നോട്
പറയാം
"ഖാലിദ് ഇൻ‌ത മഹ്സൂസ്"

അപ്പോള്‍
തുഷാരത്തുള്ളിയില്‍
വെയിലേറ്റെന്നപ്പോല്‍
അവന്റെ കണ്ണുകള്‍
തിളങ്ങിയിരുന്നു.

പാര്‍ക്കു ചെയ്തില്ലെ
ഇനി ഒരു കെ.ഫ്‌.സി
കഴിച്ചിട്ടു പോവാം


സിയാറത്ത് - സന്ദർശനം
അഖു- സഹോദരൻ,
മെഹ്സൂസ് –ഭാഗ്യവൻ

Jul 20, 2008

ആതമവിമര്‍ശനത്തിന്റെ കവിതകള്‍

സ്വന്തം നെഞ്ചും മസ്തിഷ്കവും ചുഴിഞ്ഞ്‌ കീറിയുള്ള ആതമ വിമര്‍ശനം കൊണ്ട്‌ സമൂഹത്തെ പരിഹാസ്യമായി വിമര്‍ശിക്കുന്ന രീതിക്ക്‌ പുതുമ അവകാശപ്പെടാനാവില്ലെങ്കിലും നല്ല സങ്കേതമാണ്‌
അത്തരം സങ്കേതങ്ങളിലാണ്‌ നജൂസിന്റെ കവിതകള്‍ പടുത്തിയര്‍ത്തിയിരിക്കുന്നത്‌.
നജൂസിന്റെ ഒട്ടു മിക്ക കവിതകളും കപട നിരര്‍ത്ഥക മൂല്യങ്ങളുടെ നിരാസമാണ്‌. നേര്‍ക്കാഴ്ചകളോടുള്ള അവഗണനയും.

ഈ കവിതകളൊന്നും തന്നെ കണ്ണില്‍ പതിയുന്ന കാഴ്ചകളുടെ വെറും പകര്‍ത്തലുകളല്ല. അതേ സമയം കപട സദാചാര പ്രബുദ്ധതയുടെ മുഖം മൂടികളില്‍ വാക്കുകള്‍ കൊണ്ട്‌ പോറലുകളിടുന്നു. അതിലൂടെ മുഖങ്ങളുടെ യഥാര്‍ത്ഥ നിറങ്ങളില്‍ വേളിച്ചം തട്ടിക്കുന്നു. ഈ കവിതകളുടെ വായന ചങ്കില്‍ തറച്ചേക്കും പൊള്ളെലേല്‍പിച്ചേക്കും അതു കൊണ്ട്‌ വീണ്ടും വീണ്ടും ഇവനെ വായിക്കും

പ്രണയത്തെ പറയുകയാണെങ്കില്‍ വിരഹമായിരിക്കും നജൂസിന്റെ കവിതയിലെ ഭാവം. "കാത്തിരിപ്പ്‌" തീര്‍ത്തും ഒരു വിരഹ കവിതയാണ്‌. ബോഡി സെലിബ്രിറ്റി (ശരീരാഘോഷം) പ്രണയമാവുന്ന കാലത്തും ആത്മാവ്‌ പ്രണയാഘോഷ ശരീരത്തിലെ ഒരു അവയവമാണെന്നും അവക്ക്‌ വേദനിക്കുമെന്നും മുറിവേല്‍ക്കുമെന്നും ഈ കവിത പറയുന്നു. നൃത്തത്തിന്റേയും ചിലങ്കയുടേയും ആഘോഷത്തിനും ആരവത്തിനും ശേഷം ഇടവഴികളില്‍ ഒരു വളപ്പൊട്ട്‌ തേടുന്ന ഒരു ആത്മാവിനെ കവിതയുടെ വഴിയില്‍ കാണാം. ഏകദേശം ഇതേ അച്ചില്‍ വാര്‍ക്കപ്പെട്ട പ്രണയ വിരഹ കവിത തന്നെയാണ്‌ "പായയും" പക്ഷേ അതിതീവ്രവും വൈകാരിവുമായ ബിംബങ്ങളാണ്‌ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്‌,
“കാത്തിരിപ്പിലേതു” പോലെ അധികമായി പോയതും മുഴച്ചു നില്‍ക്കുന്നതുമായ ഒറ്റ വാക്കു പോലും ഇതിലില്ല . ഒരു പക്ഷേ കാത്തിരിപ്പെഴുതിയ ശേഷം എഴുതിയതായതു കൊണ്ട്‌ കവി എഴുത്തില്‍ പാകത കൈവരിച്ചതുമാവാം , പിന്നീട്‌ വരൂന്ന കവിതകളും കാലം കവിയുടെ കൈവഴക്കത്തിനും കരവിരുതിനും ചാരുത കൂട്ടുന്നതായും ന്യൂനതകളെ കുറക്കുകയും ചെയ്ത്‌ കവിയില്‍ പാകത വരുത്തിയതായി കാണാം.
പായ എന്ന കവിതയില്‍ തീക്ഷ്ണ ബിംബങ്ങള്‍ നോക്കുക. അസംതൃപ്ത രതിയുടെ ഏറ്റവും സമൂര്‍ത്ത
ബിംബങ്ങളാണല്ലോ നാഗങ്ങള്‍,തലക്കെട്ടിലെ പായ തന്നെ ചൂടും തണുപ്പുമുള്ള (കാമവും മരണവും) ബിംബമായി കവിതയില്‍ വരുന്നു.
പക്ഷേ ഈ കവിതയിലും ഞാനിലേക്കും എന്നിലേക്കും തന്നെയാണ്‌ കവി നടന്ന് കയറുന്നത്‌. എല്ലാ കവിതകളിലുമെന്ന പോലെ.

"മാപ്പ്‌ സതീര്‍ത്ഥ്യാ" എന്ന കവിത വ്യക്തിപരമായി ആര്‍ക്കോ ഉള്ള കുറിപ്പായി തോന്നും വായനയില്‍. ഭാഷയും വാക്കുകളുടെ പെറുക്കി വെക്കലും മാത്രമല്ല കവിത എന്നുള്ളതു കൊണ്ട്‌ തീര്‍ത്തും പരാജയപ്പെട്ട ഒരു കവിതയാണിത്‌.

ബിംബങ്ങളുടെ സഹായമൊന്നും തേടാത്തെ അയച്ചു കൊണ്ട്‌ തന്നെ സ്വയം വിമര്‍ശിച്ച്‌ ശക്തമായ സാമൂഹിക വിമര്‍ശം നടത്തുന്ന കവിതയാണ്‌ “പുരുഷമേധം“‘, ആഴവും വേരുമിറങ്ങാതെ തന്നെ നേര്‍ക്കുനേര്‍ വായിച്ചു പോവാവുന്ന ഒരു കവിത.
ചിന്തകളില്‍ നിന്നും കവിത പൊട്ടിയൊലിച്ച്‌ വന്നേക്കാം, അതിലെ ബിംബങ്ങളൊക്കെ ഒരു പ്ലാസ്റ്റിക് ബിംബങ്ങള്‍ പോലെ ജീവന്‍ കുറവാവും എന്നാല്‍ അവ ചിന്തിപ്പിക്കും , പക്ഷെ കുറെ കാണുമ്പോള്‍ മടുപ്പിക്കും അത്തരം ബിംബ നിര്‍മിതിയാണ്‌ കുപ്പായങ്ങള്‍ എന്ന കവിത. ചിന്തോദ്ധീപകമാണ്‌ കവിത, പക്ഷേ എഴുതാന്‍ വേണ്ടി എഴുതിയ പോലെ.

ഈ കവിതാ കൂട്ടത്തിലെ പതിരാണ്‌ സ്വതന്ത്ര്യം എന്ന കവിത.കവിത എന്ന് വിളിക്കാനാവാത്ത ഒന്ന്.

"ആദ്യരാത്രിയും" പറയുന്ന പ്രമേയത്തെ വേറിട്ട്‌ പറയുന്നതു കൊണ്ടുള്ള രസംകൊണ്ട്‌ വായനാ സുഖം നല്‍കുന്ന കവിതയാണ്‌. അവസാനവരി കവിയുടെ ആത്മീയതയും പുനര്‍ജനി വിശ്വാസവും പുറത്ത്‌ കൊണ്ട്‌ വരുമ്പോലെ തോന്നിക്കുന്നു.

"അന്യന്‍" നേരെ ചൊവ്വേയുള്ള വിരഹകവിതയെന്ന് തോന്നുമെങ്കിലും അത്‌ ആധുനിക കുമിള പ്രണയങ്ങള്‍ക്ക്‌ നേരെയുള്ള സാമൂഹിക വിമര്‍ശം കുറഞ്ഞ വരികളില്‍ ഞാനിലൂടെ ചിത്രീകരിച്ചതാണ്‌. എന്ത്‌ തന്നെ പറയുമ്പോഴും ഞാനിന്റെ കൂട്ട്‌ വേണമല്ലോ ഈ കവിക്ക്‌.

നജൂസിന്റെ ഏറ്റവും നല്ല കവിത "വേശ്യ"യാണെന്നതില്‍ സംശയമില്ല. നേരത്തെ പറഞ്ഞ പോലെ കപട പ്രബുദ്ധതയുടെയും മൂല്യ സദാചാരങ്ങളുടെയും നിരാസമാണീ കവിത. പ്രണയത്തിന്റെ വാര്‍പ്പുമാതൃകകളായ ഉപമകളെ പാടെ അട്ടിമറിച്ച്‌ കൊണ്ട്‌ കള്‍ട്ട്‌കളായ കവിതയേയും കവികളേയും കൊണ്ട്‌ പ്രണയത്തെ ഉപമികുന്നു. ആധുനികകാലത്തെ അത്യുദാത്തമായ ഉപമകള്‍ അതു തന്നെയാണ്‌. വേശ്യ ജീവിതത്തിന്റെ ഇരുണ്ട മേച്ചില്‍ പുറങ്ങളിലാണെന്നും അവിടെ വെളിച്ചം പോയിട്ട്‌ ഒരു തീ പൊരി പോലും കത്തിക്കാന്‍ അനുവദികാത്ത സമൂഹം അസംതൃപ്ത ലൈഗിംക തൃഷണയുമായി പാമ്പുകളേ പോലെ അവളില്‍ വിഷം ചീറ്റുമെന്നും പിശുക്കിയ വാക്കുകളില്‍ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അതും പോരാഞ്ഞ്‌ പോക്കറ്റിലെ ഗാന്ധിതലയിലെ ചുംബനം കൃത്രിമത്ത്വത്തിനപ്പുറം എങ്ങനെ തൃഷണയെ ക്ഷമിപ്പിക്കും എന്നു കൂടി ചോദിച്ച്‌ നിര്‍ത്തുന്ന കവിത അതി മനോഹരമായി അതീവ മുറുക്കത്തോടെ എഴുതിയതു തന്നെയാണ്‌. ഭോഗിക്കുമ്പോള്‍ ഏറ്റവും തരം താണ വേശ്യപ്രാപിക്കണമെന്ന ലൈഗിക ചൊല്ലുകളെ ഒരു നോട്ടിന്റെ വിലയുള്ള കൃത്രിമത്ത്വമേ ഈ ഭോഗത്തിനുമുള്ളൂ എന്ന വരിയിലൂടെ തിരുത്തിയടിക്കുന്നു കവി. പക്ഷേ അവസാന വരിയിലെ കടലിലെ അരയന്നങ്ങള്‍ എന്നത്‌ ശരിയായ ഒരു പ്രയോഗം തന്നെയോ എന്ന് സംശയിക്കേണ്ടിയിരിക്കും.കവിത മൊത്തത്തില്‍ അപനിര്‍മിതിയായതു കൊണ്ട്‌ തെറ്റാണെന്നും പറയാനുമാവില്ല

“കത്തിയും“ “വാതിലും“ ബിംബവല്‍ക്കരിച്ച കവിതയാണെങ്കിലും മസ്തിഷ്ക രചനയായതിനാല്‍ ബിംബങ്ങളിലൂടെ ആഴങ്ങളിലേക്കിറങ്ങേണ്ട അനിവാര്യതയില്ല. ഒരു ഈസി റീഡിഗ്‌ ആണ്‌ ഈ കവിതകള്‍ . എന്നാല്‍ നജു സ്പര്‍ശം ഈ കവിതകൾലിലെ പിരിമുറുക്കങ്ങളിലൂടെ നമ്മിലേക്ക്‌ ആഴ്ന്നിറങ്ങും.

“ആവലാതിയും“ “സംശയവും“ പുരുഷപക്ഷത്തു നിന്നുള്ള പെണ്‍ശബ്ദങ്ങളും സ്ത്രീപക്ഷ രചനയുമാണ്‌. മാതാവിന്റെ നൊമ്പരതെ അതി തീവ്രമായി ചിത്രീകരിക്കുന്നു ഇവ രണ്ടും. "സംശയം" കവിതയിലെ ഭാവനകൊണ്ട്‌ അത്ഭുതപ്പെടുത്തുന്നു ചേമ്പില കൂമ്പിലേക്ക്‌ അടയാളമില്ലാത്ത ചോര , പെണ്ണ് സ്നേഹവും കരുണയും തന്നെയാണെന്ന് ആവര്‍ത്തിച്ച്‌ പറയുന്നു ഈ കവിത. അതി മനോഹരമായ ശില്‍പഭംഗിയാണ്‌ “സംശയം" എന്ന കവിതക്ക്‌, നിസ്സാരമെന്ന് തൊന്നുന്ന വരികളില്‍ എന്തൊരു പിരിമുറുക്കമാണ്‌ പകരുന്നത്‌, വായിക്കുന്നവനൊക്കെയും പെണ്ണായി പോവുന്നു, പക്ഷേ കവി സ്വയം കുഴിക്കുക മാത്രമേ ചെയ്യുന്നുള്ളൂ..

"തടസ്സവും" ഒരു ഞാന്‍ കവിതയാണ്‌, എന്നാലും പ്രണയത്തിന്റെ ബോഡി സെലിബ്രിറ്റിയെ അല്ലെങ്കില്‍ ശരീരത്തിലൂടെ പ്രണയത്തിലേക്ക്‌ നടന്നു കയറാനാവത്തവന്റെ നിസ്സഹായതയെ ചിത്രീകരിക്കുന്നു.

“‘ഉഷ്ണം“ എന്ന കവിത അതിന്റെ ഘടനാശെയിലി കൊണ്ട്‌ രസകരമായ ഒന്നാണ്‌.

“‘ഉപ്പുമാങ്ങക്ക്‌“ ഇതര കവിതകളെ അപേക്ഷിച്ച്‌ മുറുക്കം കുറവാണ്‌. എന്നാലും അവ ചില സൂചകങ്ങളിലേക്ക്‌ ചൂണ്ടുവിരല്‍ നീട്ടുന്നുണ്ട്‌, കാണാതെ പോവുന്ന കാഴ്ചകളിലേക്ക്‌ അത്‌ വിരല്‍ ചൂണ്ടി കാണിക്കുന്നു. പൊന്നാനി കടപ്പുറത്തെ മുക്കുവരും ചെട്ടിച്ചിയും ഉമ്മൂമയും പിന്നെ വീണ്ടും ഞാനിലേക്ക്‌ തിരിക്കുന്ന മുത്തങ്ങാ മണം നുള്ളിമാറ്റിയതുമൊക്കെ കാണാതെ പോവുന്ന കാഴ്ചകളിലേേക്കുള്ള ഒരു ചൂണ്ടല്‍ മാത്രമാണ്‌.

പൊതുവായനയില്‍ ആത്മരതി എന്ന് തോന്നിപ്പോവും വിധത്തില്‍ എന്നിലേക്ക്‌ ഞാനിലേക്ക്‌ ആത്മത്തിലേക്ക്‌ ആഴ്ന്നിറങ്ങുന്ന കവിതകള്‍ എന്ന് തൊന്നുമെങ്കിലും ഞാന്‍,എന്നത്‌ സമൂഹത്തിലേക്ക്‌ തിരിച്ച്‌ വെച്ച കണ്ണാടി മാത്രമാണെന്ന് വേരുകളിറങ്ങിയ വായന തീര്‍ച്ചപ്പെടുത്തുന്നു.
ഈ കവിതകളൊക്കെയും സമൂഹത്തിന്റെ അടയാളപ്പെടുത്തലോ അവക്കു നേരേയുള്ള ചൂണ്ടലോ ആണ്‌. ഓരോ കവിതയിലൂടെയും സ്വയം വളര്‍ന്ന കവിയാണ്‌ നജൂസ്‌ എന്ന് ഈ ബ്ലോഗിന്റെ പൂര്‍ണ്ണ വായനമനസ്സിലാക്കുന്നു. പിരിമുറുക്കത്തിനും ബിംബസൃഷ്ടിക്കും വേണ്ടി ചിന്തിച്ചെടുത്ത്‌ ബുദ്ധി കൊണ്ട്‌ ബിംബങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നതാണ്‌ ഈ കവിയുടെ എറ്റവും വലിയ ന്യൂനത.

Jul 19, 2008

>2015

ഒരു മില്ലി വിഷത്ത്നു
2500 ക
അതുണ്ടെങ്കിൽ
വിഷം വാങ്ങണമായിരുന്നോ?

ഒരു മുഴം കയറ്
കിട്ടനേയില്ല
12 മുഴത്തിലെ
ഇപ്പോ ബ്രാഡുകൾ വരുന്നുള്ളൂ‍
വില കുറഞതുണ്ട്
പക്ഷേ ആർക്കു വേണം
ചൈനാ മെയ്ഡ്

പിന്നെ ഒറ്റ വഴിയേയുള്ളൂ
അതു ചെയാം
ഛായ്, സർക്കാറ്
ട്രെയിനുനു മുന്നിൽ
മാനം കളയുന്നതിനെക്കാൾ
നല്ലത്
ആത്മയത്യ ചെയ്യുന്നതാ..

Jul 1, 2008

മതം, കല, ആതമീയത, നിരീശ്വരവാദം

കലയുടെ ജനന ഹേതുവെന്താവാം, ഒരു പക്ഷേ ചില ബാഹ്യമോ ആന്തരികമോ ആയ ഉദ്ദീപനങ്ങള്‍ക്കു നേരെ പ്രതിഭയുടേയും ഭാവനയുടേയും പ്രതികരണമാവാം കലയും സാഹിത്യവുമൊക്കെ. പക്ഷേ അവ ഏതു രാസപരിണാമം കാരണമാണ്‌ ജന്തു ശാസ്ത്രപരമായി സൃഷ്ടിക്കപ്പെടുന്നത്‌? ഉത്തരമെനിക്കറിയില്ല.

അടിസ്ഥാനപരമായി മരണം അനിവാര്യമായ ഒരു വസ്തുതയാണെന്ന തിരിച്ചറിവുണ്ടായിരിക്കെ തന്നെയും മനുഷ്യന്‍ അമരത്ത്വം ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ അവന്‍ സ്വനാമത്തിന്റെ അനശ്വരതക്ക്‌ ശ്രമം തുടങ്ങുന്നു.,
ജീവിതാന്ത്യത്തിനു ശേഷവും സ്വനാമം ജനതതികള്‍ ഓര്‍ത്തിരിക്കണമെന്ന ചോദനയില്‍ അവന്‍ താന്‍ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നു.
അതോടെ അമരത്ത്വത്തിനുള്ള തന്റെ അഭിവാഞ്ചയുടെ പൂര്‍ത്തീകരോണപാധിയായ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്താനുള്ള വഴികള്‍ തേടുന്നു.
തന്റെ സഹമനുഷ്യ ജീവികളില്‍ നിന്ന് സമാനമല്ലാത്തതും വേറിട്ടതുമായ എന്തെങ്കിലും ചെയ്യുക എന്നതാണ്‌ അടയാളപ്പെടുത്തലിനുള്ള ഏറ്റവും ലളിതമായ മാര്‍ഗം.ഈ ഒരു തിരിച്ചറിവ്‌ തനിക്ക്‌ പൊതു സമൂഹത്തില്‍ നിന്ന് വിഭിന്നമായി ചെയ്യാനാവുന്നതും അവര്‍ക്കാസാധ്യമായത്‌ എന്ത്‌ എന്നുമുള്ള അന്വേഷണത്തിനും കണ്ടെത്തലിനും ഹേതുവാവുന്നു.അതിന്റെ പ്രകടനങ്ങളാണ്‌ കല, സാഹിത്യം , സ്പോര്‍ട്‌സ്‌ എന്നിവയൊക്കെ.

ദൈവാസ്ഥിത്വ നിഷേധിയും ഭൌതികവാദിയും ആയ ഒരാള്‍ക്ക്‌ ജീവിതാടയാളപ്പെടുത്തലിന്റെ ഉപാധിയായി കല മാറുമ്പോള്‍ അയാള്‍ക്ക്‌ കല സൃഷ്ടിക്കേണ്ടത്‌ അയാളുടെ ആവശ്യമായി വരുന്നു. ഭാവനക്കപ്പുറം അനിവാര്യത നിര്‍ണ്ണയിക്കുന്ന ഇത്തരം കലകള്‍ മൌലികതക്കും മേലെ കൃത്രിമത്ത്വത്തിന്റെ കയ്പ്‌ പേറുന്നു.

എന്നാല്‍ ആത്മീയവാദിയോ മത വിശ്വാസിയോ ആയ ഒരാള്‍ മരണാനന്തരമായ ജീവിതത്തില്‍ വിശ്വസിക്കുന്നതു കൊണ്ട്‌ അവന്‌ അമരത്ത്വം ആവശ്യമായി തോന്നാതിരിക്കുകയും ജീവിതം അടയാളപ്പെടുത്തല്‍ അനിവാര്യമല്ലാതാവുകയും ചെയ്യുന്നു. കല ഒരു വികാരവും ചോദനയും ആയി വരുമ്പോഴാണ്‌ അവന്‍ കലയെ പ്രകടനാത്മകമാക്കുന്നതും അതില്‍ പ്രവര്‍ത്തിക്കുന്നതും. അതുകൊണ്ട്‌ കൃത്രിമത്ത്വത്തെക്കാള്‍ അതിന്‌ മൌലികത കൂടും.
പ്രതിഭയുടെ കാര്യത്തില്‍ ഈ വൈജാത്യം ഉണ്ടാവും എന്നല്ല പറഞ്ഞുവന്നത്‌.കലയുണ്ടാവാന്‍ വേണ്ടി കല നിര്‍മിക്കുമ്പോള്‍ പ്രതിഭ ഉണ്ടായാല്‍ പോലും കൃത്രിമത്ത്വത്തിന്റെ കല്ലുകടി അനുഭവപ്പെട്ടേക്കും.
ദൈവത്തെ , പുനര്‍ജനിയെ നിരകരിക്കുന്നവന്റെ എല്ലാ കലയും മൌലികമല്ല എന്നുമല്ല പറയുന്നത്‌. ഹൃദയത്തില്‍ ഒരു സ്പാര്‍ക്‌ അത്‌ ഭാവനയില്‍ തൊടുന്ന നിമിഷം അവന്‍ സൃഷ്ടിക്കുന്ന എല്ലാ സാഹിത്യവും കലയും മൌലികമായിരിക്കും. അതേ സമയം എനിക്ക്‌ ഇപ്പോള്‍ ഒരു കല, സാഹിത്യം സൃഷ്ടിക്കേണ്ടതുണ്ട്‌ എന്ന അവന്റെ മസ്തിഷ്ക വികാരം ഹേതുവായി സൃഷ്ടിക്കപ്പെടുന്ന കലകളിലേറെയും മൌലികമായിരിക്കില്ല, കൃത്രിമത്ത്വത്തിന്റെ വിരസത ഉണ്ടാവും.
പറഞ്ഞു വരുന്നത്‌ കല ആത്മാവിന്റെ സൃഷ്ടിയാണ്‌. ആത്മാവില്‍ വിശ്വസികുന്ന.ആത്മാവില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്ന എല്ലാം അത്മീയമെങ്കില്‍ കലയെയും ആത്മീയമെന്ന് പറയേണ്ടി വരും.

"മൃഗത്ത്വം നിരാകരിക്കുന്ന മൃഗമാണ്‌ മനുഷ്യന്‍" കാമു പറഞ്ഞു വെച്ചതാണ്‌. പരിണാമ ദശയില്‍ ഏറ്റവും വികാസം പ്രാപിച്ച മൃഗമാണ്‌ മനുഷ്യന്‍ എന്ന് ശാസ്ത്രവും ഭൌതികവാദവും പറയുന്നു. ആ വികാസത്തില്‍ ഏറ്റവും ശ്രേഷ്ടമായത്‌ വിവേചന ബുദ്ധിയെന്നും ശാസ്ത്രം പറയുന്നു.
ഈ വിവേചന ബുദ്ധിയേയും മൃഗത്വത്തെ നിരാകരിക്കലിനേയും നാം മനുഷ്യത്ത്വം എന്നും പറയുന്നു. മൃദുലമായ പല വികാരങ്ങളേയും നാം മനുഷ്യത്ത്വം എന്ന ഈ തലക്കെട്ടിനു താഴെ ചേര്‍ക്കുന്നു, പ്രണയം , വിരഹം, കരുണ, ദയ തുടങ്ങിയവ,

ഈ ഗുണങ്ങള്‍ ഏറിയ തോതിലുള്ളവനെ നാം ഹൃദയമുളവനെന്നോ ആതമാവുള്ളവനെന്നോ വിളിക്കുന്നു. അതേ സമയം ശാസ്ത്രീയ പ്രശങ്ങളെ അനായാസം നിര്‍ദ്ദാരണം ചെയ്യാന്‍ കഴിവുള്ളാ ബുദ്ധികൂര്‍മതയുള്ളവനെ , ശാസ്ത്രകാരനെ തലച്ചോറുള്‍ലവന്‍ എന്നു വിളിക്കുന്നു. ആത്മാവുള്ളവന്റെ ഈ വികാരത്തില്‍ നിന്നാണല്ലോ കലയുടെ ജനനം.

മനുഷ്യനെ പ്രദ്ധാനമായും മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന ഒരു വ്യത്യാസമാവുന്നു കല. ഒരു വര്‍ഗത്തിനു സമാനമല്ലാത്തതോ മറ്റുള്ളവയില്‍ ഇല്ലാത്തതോ ജൈവ ശാസ്ത്രപരമായ എന്റെങ്കിലും ധര്‍മം നിര്‍വഹിക്കാത്തതൊ ആയ ഒരു കലയോ കളിയോ മൃഗങ്ങളില്‍ കണ്ടെത്താനാവുന്നില്ല. അതായത്‌ മനുഷ്യത്ത്വത്തിന്റെ ഒരു ചിഹനം കൂടിയാണ്‌ കല. ഹൃദയമുള്ളവന്റെ ഗുണങ്ങളായ കരുണ, ദയ, വിരഹം എന്നിവ മനുഷ്യനില്‍ ഉണ്ടാവാന്‍ കാരണമെന്തെന്നും അത്‌ ഏത്‌ രാസ ഹോര്‍മോണ്‍ പ്രക്രിയയുടെ പ്രതിഫലനമാണെന്നും അജ്നാതമായതു പോലെ തന്നെയും കലക്കു പിറകിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെയും കണ്ടു പിടീക്കുക അസാധ്യമാണ്‌.

ആദിമ മനുഷ്യരുടെ കലകളൊക്കെ തന്നെയും സ്വയം അണിഞ്ഞൊരുങ്ങാനോ ദൈവത്തെ പ്രീതിപ്പെടുത്താനോ ആയിരുന്നു.പ്രാചീന ഗുഹാചിത്രങ്ങളില്‍ ഭൂരിപക്ഷവും ദൈവപ്രീതിക്കുള്ളതായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ആത്മീയ വികാരങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനുള്ള ഉപാധിയായി കലയെ അന്നേ സ്വീകരിച്ചിരുന്നു.
ഏകാന്തമായിരിക്കുന്ന ഒരാള്‍ പാടുന്നതിന്‌ ആത്മാവിന്റെ ചോദനക്കപ്പുറം അതിന്‌ ബൌദ്ധിക കാരണങ്ങള്‍ കണ്ടെത്താനാവാത്തത്‌ പോലെ തന്നെ കലയുടെ ഉറവിടങ്ങളൊക്കെയും മനുഷ്യന്റെ ഹൃദയത്തോട്‌ അല്ലെനിലില്‍ മനസ്സിനോട്‌ ആത്മാവിനോടുള്ള സംവാദനമാണെന്ന് പറയാം. അതുകൊണ്ടാണ്‌ കല ആത്മീയമാണേന്ന് പറയേണ്ടി വരുന്നതും

അതുകൊണ്ടു തന്നെയാണ്‌ ഒരുശാസ്ത്രകാരന്‍ നിര്‍ദ്ധരിച്ചു അപൂര്‍ണ്ണമാക്കിയ ഒരു ശാസ്ത്ര പ്രശ്നത്തിന്റെ തുടര്‍ച്ച കണ്ടെത്താന്‍ ഇതര ശാസ്ത്രകാരന്‌ കഴിയുന്ന അനായാസതയോടെ ഒരു കവിയുടെ ചിത്രകാരന്റെ അപൂര്‍ണ്ണ സൃഷ്ടി മറ്റൊറാള്‍ക്ക്‌ പൂര്‍ത്തീകരിക്കാ സാധിക്കാത്തത്‌.
മനുഷ്യന്‌ തീര്‍ത്തും അജ്നാതമായ ആതമാവിന്റെ ഏതോ ഗുണങ്ങളില്‍ ഒന്നായി കലയേ കാണേണ്ടി വരുന്നതും കല ആത്മീയതയുമായി സമരസപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടിവരുന്നതും അതുകൊണ്ടാണ്‌.