Oct 29, 2007

വിലപിക്കുന്ന അവശ കഥാപാത്രങ്ങള്‍...

മെഹഫിലില്‍ നിന്നുയരുന്ന ഖവാലിയുടെ താളം ദ്രുത ഗതിയിലായിരിക്കുന്നു.

അതോടൊപ്പം അവനും ചരസിന്റെ പുക പടര്‍ത്തിനെ ആഞ്ഞ്‌ വലിച്ച്‌ ആത്മാവിലേക്കാവാഹിച്ചു.സംഗീതജ്ഞന്റെ സ്വരം വീണ്ടുമുയരുന്നു.. താളം മുറുകുന്നു. തന്റെ ശരീരത്തിന്റെ ഭാരം മുറുകുന്ന താളത്തോടൊപ്പം അലിഞ്ഞില്ലാതാവുന്നതായി അവനറിഞ്ഞു.പിന്നെ ഒരു തൂവലിനെ പോലെ ആകാശത്തേക്ക്‌ ഉയര്‍ന്ന്... പറന്ന്...അങ്ങനെ.........

തിരക്കേറിയ ഗ്വോളിയോര്‍ നഗരത്തിന്റെ ഏതോ ആളൊഴിഞ്ഞ ഇടവഴിയിലിരുന്ന് ഗോവര്‍ദ്ധന്‍ നിശ്വസിച്ചു.ഇപ്പോള്‍ നാദവും താളവും നിലച്ചിരിക്കുന്നു.ഖുരാനയുടേയും രാഗത്തിന്റെയും ഭാവം മറഞ്ഞിരിക്കുന്നു., മെഹഫിലുകളില്‍ ആളൊഴിഞ്ഞിരിക്കുന്നു.

ഈെ നിശബ്ദത ജഡ പിടിച്ച ഇരുട്ടിന്റെ ഏകാന്തതയില്‍ തന്റെ ശരീര ഭാരം വീണ്ടും വര്‍ദ്ധിക്കുന്നതായി അവനറിഞ്ഞു.ആത്മാവ്‌ അതിന്റെ യാത്ര കഴിഞ്ഞ്‌ മടങ്ങിയെത്തിയിരിക്കുന്നു.ക്രൂശിക്കാനുണ്ടായ നാലാമത്തെ ആണി പിറകെ കൂടി ഗതി കിട്ടാതെ അലയുന്ന ജിപ്സിയെപ്പോലെ എന്നും അലയാന്‍ വിധിക്കപ്പെട്ടവാനായിരുന്നല്ലോ താനും.എത്ര തെരുവീഥികളിലൂടെ എന്തെല്ലാം കണ്ട്‌, അറിഞ്ഞ്‌, എന്നാല്‍ ഒന്നും അറിയാതെ അവസാനം താന്‍സന്റെ സ്വരം ഇന്നും മുഴങ്ങുന്ന ഗ്വോളിയൊറിന്റെ ഈ ഇരുണ്ട തെരുവില്‍ നിശ്ചേഷ്‌ഠനായി ഇങ്ങനെ.....പക്ഷേ അവസാനിക്കാത്ത യാത്ര ശരീരത്തില്‍ നിന്നിപ്പോള്‍ അത്മാവേറ്റെടുത്തിരിക്കുന്നു.

ഞാനവന്‍ തന്നെ, മറക്കാനിടയില്ല,

അലച്ചിലിനിടയില്‍ അന്ധേര്‍ നഗരിയിലെത്തി. തൂക്കു മരത്തില്‍ നിന്നു "മംഹതി"നാല്‍ രക്ഷിക്കപ്പെട്ട 'ഭാരതേന്ദു ഹരിശ്ചന്ദ്ര"യുടെ ഗോവര്‍ദ്ധന്‍. അന്നു തുടങ്ങിയ യാത്രയായിരുന്നു. ഒരിക്കലും അവസനിക്കാതെ, മോശയുടെ വാക്കുകളിലെ "ഗര്‍ഷോം".പിന്നെ ആനന്ദായിരുന്നു ചലിപ്പിച്ചത്‌, ദീര്‍ഘ ദൂരം യാത്ര ചെയ്യിച്ച്‌ അദ്ദേഹവും കയ്യൊഴിഞ്ഞു.

ഇനി ഈ ഖുരാനകളുടെ തെരുവീഥികളില്‍ അനാഥനായി.അവസാനിക്കാത്ത യാത്രയിലേക്ക്‌ ആത്മാവിനെ പുറത്തു വിട്ട്‌....

ഗോവര്‍ദ്ധന്‍ ഗാഢമായൊന്നു നിശ്വസിച്ച്‌ വീണ്ടു ചരസ്സ്‌ ആഞ്ഞു വലിച്ചു. അതോടൊപ്പം ഓര്‍മകള്‍ വീണ്ടും തെളിഞ്ഞു.എത്ര യാത്രകള്‍ ഇരുട്ടിന്റെ നഗരിയില്‍ നിന്ന് ദൈവത്തിന്റെ നാട്ടിലേക്ക്‌,,ഭാരതേന്ദുവിന്റെ വികാരങ്ങളും സംഘര്‍ഷങ്ങളും പിന്നെ ആനന്ദിന്റെ പിരിമുറുക്കങ്ങളും ഏറ്റു വാങ്ങി...പാതി വഴിയില്‍ അനന്തയാത്രക്ക്‌ വിട്ട്‌ എല്ലവരും കയ്യൊഴിഞ്ഞു....

അനന്തമായ യാത്ര. കഥാപാത്രങ്ങളെന്നും ചരസ്സ്‌ നിറജ്ജ ബീഡിയെപ്പോലെ തെരുവിധികളിലേക്ക്‌ വലിച്ചെറിയുന്നവരല്ലോ....കഥാകാരന്റെ സംഘര്‍ഷങ്ങക്കും പിരിമുറുക്കങ്ങളും ഏല്‍ക്കാന്‍ വിധിപ്പെട്ടവര്‍...

എത്ര പേരെ കണ്ടു.ഇന്നിന്റെ ദുഖങ്ങളെല്ലാം തന്നിലേക്കാവാഹിച്ച ഗോവിന്ദന്‍ നായരും, അദ്ദുവും പിന്നെ വെറും മനുഷ്യനുമായ അസുരവിത്ത്‌.ഖസാക്കില്‍ നിന്ന് പറഞ്ഞു വിട്ട രവി.ഇന്ന് പരിദേവനങ്ങളുമായി കഴിയുന്ന ഗീവര്‍ഗീസാച്ചനെ.അങ്ങനെയെത്രപേര്‍. തന്റെ നിയോഗം ഒന്നും കേള്‍ക്കാതെ അറിയാതെയുള്ള യാത്രയായത്‌ എത്ര ഭാഗ്യം..ളൊഹയിലെ നിയമങ്ങളെ മാറ്റിയെറിഞ്ഞ്‌ സ്ത്രീയുടെ മാനം രക്ഷിച്ചവന്‌ മുന്‍പില്‍ കിടന്ന് പിടയുന്നവളെ നോക്കി വിലപിക്കാനാവാതെ ഒന്നിനുമാവുന്നില്ലല്ലോ?

ഈ അവശ കഥാപാത്രങ്ങളെ മരിക്കാന്‍ പോലും വിടാതെ എങ്ങനെ പിടഞ്ഞു ജീവിക്കാന്‍ വിടുന്നതെന്തിന്‌..

കത്തി തീരാറായ ചരസ്സിന്റെ അവസാന പുകയും ആത്മാവിലേക്കാവാഹിച്ചു ഗോവര്‍ദ്ധന്‍ അപ്പോള്‍ അകലെ നദീ തീരത്തെ അഘോരികളുടെ അവതാളത്തിന്റെ താളം കേള്‍ക്കാറായി..കണ്‍ മുന്നില്‍ പരശ്ശതം അഘോരികല്‍ നഗ്ന നൃത്തം തുടങ്ങി..ഗോവര്‍ദ്ധന്റെ ജട വളരുന്നു. ശരീരത്തില്‍ ചാരം പുര്‍ണ്ടു..അഘോരികളുടെ താളത്തിനൊത്ത്‌ ഗോവര്‍ദ്ധനും .അഘോരികളിലൊന്നായി....

Oct 27, 2007

അമ്മ, അച്ഛന്‍, ദൈവം...

.........

..........

"എന്നാലും അവര്‍ നിന്റെ അച്ഛനും അമ്മയുമാകുന്നു"

"അതെന്റെ തെറ്റല്ല., ഞാന്‍ ആസക്തിയുടെ സന്താനമാകുന്നു."

"മാതാവും പിതാവും ദൈവങ്ങളാകുന്നു."

"അതു ഒരു വാസ്തവമായേക്കാം..പക്ഷേ ശാസ്ത്ര യുഗത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ വെറും വിഢികളകുന്നു..."

Oct 19, 2007

കഥ എന്തായിരിക്കണം?

ഒരു കാലഘട്ടത്തിന്റെ മനുഷ്യ ജീവിതങ്ങളെ കുറിച്ചറിയണമെങ്കില്‍ ആ കാലഘട്ടത്തിന്റെ സാഹിത്യങ്ങളിലേക്കും കലകളിലേക്കും നോക്കിയാല്‍ മതി എന്നാണു വെയ്പ്‌. സാഹിത്യത്തിലേയും കലയിലേയും ഭൂരിപക്ഷ സൃഷ്ടികളും സാമൂഹിക ജീവിതങ്ങളുടെ പരിഛേദമാണ്‌. അതു കൊണ്ടു തന്നെ കഥകള്‍ എപ്പോഴും ചുറ്റുപാടുകളോട്‌ സംവദിക്കുന്നവയായിരിക്കും, ആയിരിക്കണം. പക്ഷേ കഥ ഒരിക്കലും ചരിത്ര രേഖകളല്ല. അവ എഴുത്തുകാരന്‍ ചുറ്റുപാടുകളില്‍ നിന്ന് സ്വാംശീകരിച്ചെടുത്ത ജീവിതങ്ങളുടെ ഭാവനാത്മകമായ പകര്‍ത്തല്‍ ആണ്‌. അതില്‍ ചിന്തകളെക്കാള്‍ കൂടുതല്‍ ഭാവനകള്‍ക്കാണ്‌ പ്രാധാന്യം.

കഥകളുടെ ജനനം ആത്മാവില്‍ നിന്നും അതിന്റെ പാകപ്പെടല്‍ മസ്തിഷ്കത്തിലുമാണ്‌. അതുകൊണ്ട്‌ തന്നെ കഥകളിലെ ബിംബങ്ങള്‍ കാലാനുവര്‍ത്തികളായിരിക്കും, ആയിരിക്കണം.

ഒരു കഥ വായിക്കുമ്പോള്‍ അല്ലെങ്കില്‍ കഥയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുമ്പോള്‍ അനുവാചകന്റെ മനസ്സില്‍ ഒരു മുഖം തെളിയുന്നുവെങ്കില്‍ അത്‌ തീര്‍ച്ചയായും കഥാകാരന്റെ വിജയമാണ്‌. പക്ഷേ എല്ലാ അനുവാചകരിലും അതുണര്‍ത്തുന്നത്‌ ഒരേ മുഖമാവുകയും അതല്ലാതെ മറ്റൊരു മുഖത്തെ പൊലും മനസ്സില്‍ തെളിയിക്കാനാവാതെ വരുകയും ചെയ്യുമ്പോല്‍ അത്‌ ആ കഥയുടെ ഹൃസ്വായുസ്സിനെ സൂചിപ്പിക്കുന്നു. അങ്ങനെയുള്ള കഥകള്‍ക്ക്‌ വര്‍ത്തമാന കാല പ്രാധാന്യത്തിനപ്പുറം കാലാനുവര്‍ത്തിയാവാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

കഥാപാത്രങ്ങള്‍ ഒരാളെ മാത്രം എല്ലാ വായനക്കാരെയും ഓര്‍മിപ്പ്പിക്കുമ്പോള്‍ അത്‌ ബിംബാത്മക രചനയല്ല എന്ന് പറയേണ്ടി വരും. ബിംബാത്മകമല്ലാതെ പ്രത്യക്ഷമായി കാലത്തെ പറയുന്നത്‌ കഥയല്ല, ചരിത്രമാണ്‌. ചരിത്രത്തിലും പഠനത്തിലും ബുദ്ധിയുടേയും ബൌദ്ധികതയുടേയും അളവാണ്‌ കൂടുതല്‍, കഥയില്‍ ഭാവനയുടെ അളവും.

ഭാവനാംശത്തെക്കാള്‍ ബൌദ്ധികാംശം കഥകളില്‍ കൂടുതലാവുമ്പോള്‍ കഥയുടെ രണ്ടാംവായന കഥാ വായനയുടെ രസം നല്‍കുകയില്ലെന്ന് മാത്രമല്ല ചരിത്ര വായനയുടെ അല്ലെങ്കില്‍ ലേഖന വായനയെ പോലെ ചിന്ത കളെ ഉണര്‍ത്തുന്നു.
പ്രത്യക്ഷമായി വര്‍ത്തമാന കാലാനുഭവങ്ങളെ പറയാതെ തന്നെ വര്‍ത്തമാന ജീവിത വ്യഥകളേയും പ്രതിസന്ധികളേയും എങ്ങനെ ചിത്രീകരിക്കാം എന്നതിന്‌ മലയാളത്തില്‍ വന്ന കഥകളിലെ ഏറ്റവും നല്ല ഉദാഹരണമാണ്‌ യുപി ജയരാജിന്റെ "മഞ്ഞ്‌" എന്ന കഥ.
പൊതു വായനയില്‍ കഥയുടെ ഒഴുക്കും നാടകീയതയും കിട്ടുന്ന ആ കഥ അടിയന്താരാവസ്ഥയുടെ പശ്ചാതലത്തിലെഴുതിയാതാണെന്ന ബോധത്തില്‍ വായിക്കുമ്പോഴാണ്‌ അതിലെ രാഷ്‌ട്രീയവും പ്രതിരോധവും വായനക്കാരനു മനസ്സിലാവുന്നത്‌.ആ കഥയില്‍ ഭാവന ചിന്തകളെക്കാള്‍ കൂടുതലുള്ളതി കൊണ്ട്‌ അല്ലെങ്കില്‍ അത്‌ പൂര്‍ണ്ണമായും മസ്തിഷ്ക രചനയല്ലാത്തതു കൊണ്ട്‌ ഇന്നും വായനക്കാരന്‌ ആസ്വാദ്യമാവുന്നു.ബിംബങ്ങളെ കഥാകാരന്‍ സൂക്ഷമമായി ഉപയോഗിക്കുമ്പോല്‍ അവ കാലാനുവര്‍ത്തിയാവുന്നതെങ്ങനെ എന്നതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ ജോര്‍ജ്‌ ഓര്‍വെലിന്റെ "അനിമല്‍ ഫാം" എന്ന നോവല്‍. രണ്ടോ മൂന്നോ തലമുറകള്‍ക്ക്‌ മുമ്പെഴുതിയ ആ നോവല്‍ ഇന്നത്തെ കാലത്തോടും നിഷ്‌പ്രയാസമായി സംവദിക്കുന്നു.

ചിന്തകളില്‍ നിന്നും മസ്തിഷ്കത്തില്‍ നിന്നും രൂപം കൊണ്ട കഥ വര്‍ത്തമാന കാലത്തിലെ നല്ല പ്രതിരൊധമോ ജീവിതത്തെ പകര്‍ത്തലോ ആയേക്കാം, പക്ഷേ അവക്ക്‌ കാലത്തെ അതിജയിക്കാനാവില്ല. കഥ കാലാനുവര്‍ത്തിയാകുന്നത്‌ അവയുടെ രൂപപ്പെടല്‍ ആത്മാവില്‍ നിന്നാവുമ്പോഴാണ്‌.