Jun 4, 2008

@ എയര്‍പോര്‍ട്ട്‌....

ചുവന്ന വാലുള്ള
വെളുത്ത പുഷ്‌പക
വിമാനത്തില്‍
രാമന്മാരെ
രാഞ്ചി പറക്കുന്ന
രാവണ വിധികളെ
കാണുമ്പോഴും

പിന്നോട്ടായുന്ന
മനസ്സും കണ്ണുകളുമായി
അവര്‍ മുന്നോട്ട്‌
നടന്നു കയറുന്നത്‌
കാണുമ്പോഴും

ഒച്ചയില്ലാതെ
കരയുന്നചുണ്ടുകളും
നെടുവീര്‍പ്പായി
വറ്റിപ്പോകുന്ന
കണ്ണീരുമുള്ള
സീതമാര്‍
ചരടില്ലാതെ
ബന്ധനസ്ഥരാവുന്നത്‌
കാണുമ്പോഴും

കവിത വിരസമാവുന്നതും
വിരഹം സ്വപ്നങ്ങളുടെ
മരണം ഒളിപ്പിക്കുന്ന
വാക്കാവുന്നതും അറിഞ്ഞു

13 comments:

മാണിക്യം said...

അവള്‍ പറഞ്ഞത്,
ഒരു നീലാ‍കാശം
വഗ്ദാനം ചെയ്തവന്‍
മറയുകയാണ്
എന്റെ രാമന്‍,
എല്ലാപുലരിയിലും
കുഴലൂ‍ത്തുമായി
ഉണര്‍ത്താമെന്ന് വാക്ക്
എല്ലാ സന്ധ്യയിലും
വിളിപ്പുറത്ത് എന്നുറപ്പ്
കാതിലോതിയ
കിന്നാരങ്ങള്‍
മൂളിപ്പാട്ടായ്
നെഞ്ചിലൊരു
ചുമടായ് എന്നിനി
കാണുമെന്നോര്‍ക്കവേ
പുഷ്പകവിമാനം
ഒരു കുഞ്ഞുപൊട്ടായ്
മാഞ്ഞുവല്ലോ!!

ഫസല്‍ ബിനാലി.. said...

ഒച്ചയില്ലാതെ
കരയുന്നചുണ്ടുകളും
നെടുവീര്‍പ്പായി
വറ്റിപ്പോകുന്ന
കണ്ണീരുമുള്ള
സീതമാര്‍
ചരടില്ലാതെ
ബന്ധനസ്ഥരാവുന്നത്‌
കാണുമ്പോഴും

Well
Shefi..well

നന്ദു said...

ഇതൊക്കെയാണ് ഷെഫീ പ്രവാസത്തിന്റെ കുഞ്ഞു കുഞ്ഞു ദുഖങ്ങൾ!. മുന്നോട്ട് നടക്കുമ്പോഴും തോരാത്ത മിഴികൾ നമുക്ക് പുറകിലായി ഉണ്ടെന്ന വിങ്ങലോടെ പറന്നുയരാൻ വിധിക്കപ്പെട്ടവർ, അടുത്ത സമാഗമത്തിനായി കാത്തുകാത്തിരിക്കുന്നവർ പ്രവാസികൾ!

ശ്രീ said...

നന്നായിരിയ്ക്കുന്നു ശെഫീ... കുറച്ചു വരികളില്‍ ഒരു വലിയ കാര്യം തന്നെ പറഞ്ഞിരിയ്ക്കുന്നു.

OAB/ഒഎബി said...

എനിക്ക് അസൂയയാ നിന്നോട്. ഈ ചിന്തകള്‍ വരുന്ന സീക്രറ്റ് ഒന്നു പറഞ്ഞ് തന്നില്ലെങ്കി ഞാനൊന്നും എഴുതൂല.

നജൂസ്‌ said...

ഒരാളില്‍ അല്‍പ്പം നാളുകളുണ്ടാക്കുന്ന മാറ്റങ്ങളേ....
ചില പിന്‍വിളികള്‍ അങ്ങനെയാണ്,
അത്രയ്ക്ക് നിശബ്ദമാണ്

GLPS VAKAYAD said...

ഷെഫീ ,
നമുക്കൊരു ചെറുകാറ്റെങ്കിലുമാകാം
അല്ലെങ്കില്‍ വിയര്‍പ്പില്‍ നാശത്തിന്റെ കൂത്താടികള്‍
മുട്ടയിടും............

Unknown said...

ഷെഫി മനോഹരമായി തന്റെ വരികള്‍

ടി.പി.വിനോദ് said...

വിരഹം സ്വപ്നങ്ങളുടെ മരണം ഒളിപ്പിക്കുന്ന
വാക്ക് മാത്രമല്ലെന്ന് തോന്നുന്നു. പ്രണയം പോലെ അല്ലേ അല്ല അത്. പ്രണയത്തിനുമേല്‍ ആരോപിക്കാവുന്ന ഹോര്‍മോണ്‍ കാരണങ്ങള്‍ പോലും ബാധകമല്ലാത്ത ഒന്നാണത്. ഒരു പക്ഷേ മനുഷ്യനായി ജീവിച്ചുകൊണ്ട് മാത്രം സാധ്യമാകുന്ന ഒന്ന്.
വിരഹം എന്ന വാക്കിന്റെ സാധ്യതകളെക്കുറിച്ച് ആലോചിപ്പിച്ചതിന് ഈ കവിതക്ക് നന്ദി.

മാന്മിഴി.... said...

ഈ മനസ്സിലാകുന്ന മന്സ്സുണ്ടല്ലോ..അതാണു എടുത്തു പറയേണ്ടത്...

Anonymous said...

ഈ മനസ്സിലാവുന്ന മനസ്സുണ്ടല്ലോ...അതാണു എടുത്ത്പറയെണ്ട്ത്....

ശെഫി said...

ശരിയാണ്‌ ലാപൂട, വിരഹത്തിനു ജൈവശാസ്ത്രപരമായ വിശദീകരണങ്ങള്‍ നല്‍കുക അസാധ്യം തന്നെ എന്നു തോന്നുന്നു.(കലയും സാഹിത്യവും ഉറവകൊള്ളും പോലെ) അത്തരം ഘട്ടങ്ങളിലാണു ഞാന്‍ അത്മീയവാദിയായി മാറുന്നത്‌.

നജൂസ്‌ said...

വിരഹത്തേടെ പ്രണയത്തെ വായിക്കുമ്പോള്‍ എനിക്കറിയാത്തത്‌ മറ്റൊന്നാണ്‌. ഒരവസ്തയോടും താരതമ്യം ചെയ്യാന്‍ കഴിയാത്ത ഒന്നാണ്‌ പ്രണയം. വിരഹത്തിനും, സന്തോഷത്തിനും, ദു:ഖത്തിനും വ്യക്തമായ ആസ്വാദനവും അതിനെ നിര്‍വചിക്കാന്‍ വാക്കുകളും പ്രതിഫലിക്കാന്‍ ഭാവങ്ങളും ഉള്ളപ്പോള്‍, പ്രണയം മാത്രം എല്ലാ നിര്‍വചനത്തിനപ്പുറത്ത്‌ ഒരു ആകാശത്തെ തേടുന്നു.