Mar 25, 2008

ഇന്ന് ജന്മദിനം , ചില ഓര്‍മയും, പേടിയും

മാര്‍ച്ച്‌ 25 , എന്റെ ജന്മദിനമാണിന്ന്.1982 ലെ ഒരു വ്യാഴാഴ്ചയാണ്‌ ഞാന്‍ എന്റെ ജീവിത നിയോഗം തുടങ്ങുന്നത്‌.അതായത്‌ 26 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌. ഓരോ ജന്മദിനവും എനിക്ക്‌ പേടിയാണിപ്പോള്‍. ഞാനെന്റെ യുവത്വത്തെ അത്രമേല്‍ ഇഷ്ടപ്പെടുന്നു. ഓരോ ജന്മദിനവും എന്റെ യുവത്വത്തെ നഷ്ട്‌പ്പെടുത്തുന്നു എന്ന ഓര്‍മ എന്നെ ഭീതിപ്പെടുത്തുന്നു.

പക്ഷേ എന്റെ ജീവിതം എനിക്കു തുടങ്ങുന്നത്‌ ചിന്നം പിന്നം മഴപെയ്യുന്ന തുലാമാസത്തിലെ (മഴയുള്ളത്‌ കൊണ്ട്‌ തുലാം എന്ന് ഞാനങ്ങ്‌ നിരീക്ഷിച്ചതാണ്‌.കര്‍ക്കിടകവും ആവാം പക്ഷേ കര്‍കിടത്തിലെ പുഴ ഭീകര രൂപിണിയാണല്ലോ.ഓര്‍മയിലെ പുഴ സ്വച്ചന്ദമായിരുന്നു.) ഇരുട്ട്‌ മൂടിയ ഒരു മദ്ധ്യാഹ്നത്തിലാണ്‌.
എനിക്ക്‌ എന്റെ ജന്മദിനം എനിക്കോര്‍മയുള്ള എന്റെ ആദ്യത്തെ ദിനമാണല്ലോ.അന്ന് 3-4 ഒക്കെ ആവണം പ്രായം. ജനിച്ച്‌ വീണത്‌ എന്റെ ഉമ്മവീടിന്റെ പറമ്പിനെ ഉപദ്വീപ്‌ പോലെ അതിരുടുന്ന കടലുണ്ടി പുഴയിലും.

അന്നൊക്കെ എന്റെ ഉമ്മ വീട്ടിലും പരിസരവീടുകളിലൊന്നും കുളിപുരകള്‍ ഉണ്ടായിരുന്നില്ല.എല്ലാവര്‍ക്കും പുഴയിലേക്ക്‌ തുറക്കുന്ന സ്വകാര്യ കടവുകളുണ്ടായിരുന്നു.കടവുകളൊക്കെയും ഒരു സംസ്കാരമായിരുന്നു.
നാട്ടിലെ വാര്‍ത്തകളുടെ പ്രക്ഷേപണ കേന്ദ്രവും അപവാദങ്ങളുടെ സൃഷ്ടി കേന്ദ്രങ്ങളും പ്രസരണ കേന്ദ്രങ്ങളുമായിരുന്നു."പോയി നീന്തി കുളിക്കെടാ. കുട്ട്യോളിതൊന്നും കേക്കണ്ട' എന്ന പറച്ചില്‍ കടവുകളില്‍ ഞാന്‍ എത്ര കേട്ടിരുന്നു.
കടവുകള്‍ക്ക്‌ അപ്പുറത്തെ ഇല്ലികാടുകള്‍ കൌമാരങ്ങളുടെ ഉഷ്ണമേഘലകളുമായിരുന്നു. എന്നാല്‍ കൌമാരങ്ങള്‍ക്ക്‌ അലിഖിതമായൊരു പാരമ്പര്യ നിയമമുണ്ടായിരുന്നു.അതിന്റെ ഉല്ലംഘനം ഞാനൊരിക്കലും കണ്ടിട്ടില്ല.ചില സായാഹ്ന യൌവ്വനങ്ങളും മദ്ധ്യവയസ്സുകളും അതിനെ ലംഘിക്കുമ്പോഴൊക്കെയും കടവുകളിലെ സ്ത്രീകള്‍ കൂട്ടത്തോടെ ആര്‍ത്തു.കൌമാരങ്ങളൂം ബാല്യങ്ങളും ഇല്ലിക്കൂട്ടങ്ങളിലേക്ക്‌ കല്ലുകളെടുത്തെറിഞ്ഞു.

നാടിന്റെ നിയമം ഇങ്ങനെയായിരുന്നു. "നമ്മുടെ കരയിലെ പെണ്ണുങ്ങള്‍ടെ കുളി നമ്മുടെ കാഴ്ചകളിലെ കുളിരാവരുത്‌. നമ്മുടെ കരയിലെ പെണ്ണുങ്ങളൊക്കെയും പെങ്ങന്മാരാവുന്നു. എന്നാല്‍ അക്കരപുറത്തെ പെണ്ണുങ്ങള്‍ കാഴ്ചയിലെ ഇമ്പവും ആണുങ്ങള്‍ നമ്മുടെപാരമ്പര്യ ശത്രുക്കളുമാകുന്നു.അവര്‍ നമ്മുടെ പെണ്ണുങ്ങളുടെ ശരീരത്തെ കാഴ്ചകള്‍ കൊണ്ട്‌ തുളക്കുമ്പോഴൊക്കെയും പ്രതിരോധിക്കേണ്ടിയിരിക്കുന്നു."

പുഴ നിര്‍ണ്ണയിക്കുന്ന അതിര്‍വര്‍മ്പ്‌ വല്ലാത്തതാണ്‌. പുഴയുടെ ഇരുകരകളിലും പരസ്പരം കാണുന്ന വീടുകളിലിരിക്കുന്നവര്‍ പോലും അയല്‍പക്കം എന്ന ശ്രേണിയില്‍ വരുന്നില്ല തന്നെ, നമ്മുടെ കരയിലെ 600-800 മീറ്റര്‍ അകലെയുള്ളവര്‍ പോലും അയല്‍വാസികളായിരിക്കെ തന്നെയും.

"അക്കരെ കുട്ടികള്‍" പോലും പന്തുകളിക്ക്‌ രണ്ട്‌ പോസ്റ്റുകള്‍ വേറെനാട്ടുന്നു.
പിന്നെയൊക്കെ കുളിമുറികള്‍ വീട്ടിനാഢംബര്‍വും ആളുകളുടെ അഭിമാനവുമായപ്പോള്‍ പുഴയിലെക്കുള്ള വഴികളിലൊക്കെ മുള്ളു പടര്‍ന്നു.ഇല്ലികൂട്ടങ്ങളൊക്കെ എന്നേ ഞങ്ങള്‍ വെട്ടി വിറ്റിരിന്നു. കുട്ടികള്‍ക്ക്‌ പോലും വൈകുന്നേരങ്ങളിലെ മണല്‍പരപ്പിലെ പന്തുകളിയും അതുകഴിഞ്ഞുള്ള വെള്ളത്തിലെക്കുള്ള ഊളിയിടലും പഴഞ്ചന്‍ ആസ്വാദങ്ങളുടെ ലിസ്റ്റിലേക്ക്‌ തള്ളി.

വേനലിലെ വെള്ളമൊഴിഞ്ഞ മലപ്പുറം പുഴകളിലെ സെവന്‍സ്‌ ഫുട്‌ബാളില്‍ നിന്ന് ഇന്ത്യന്‍ പന്തുകളിയുടെ അഭിമാനമായി മാറിയവരെ നോക്കി ഇന്ന് മലപ്പുറം കുഞ്ഞു റൊണാള്‍ഡൊകള്‍ പറയുന്നു.അവരൊടെയൊന്നും പ്രൊഫഷണല്‍ ആയിരുന്നില്ലെന്ന്.

പുഴ എന്നെ ഇങ്ങനെ വാചാലനാക്കും .എന്റെ ഓര്‍മ, ജീവിതം തുടങ്ങുന്നത്‌ ആ പുഴയില്‍ നിന്നാണ്‌.

മദ്ധ്യാഹ്നത്തില്‍ വീട്ടിലെ ജോലിയൊക്കെ തീര്‍ത്താവണം ഉമ്മ എന്നേം കൊണ്ട്‌ പുഴയിലെക്ക്‌ കുളിക്കാനും അലക്കാനുമിറങ്ങിയത്‌.ആദ്യമൊക്കെ പുഴയിലേക്ക്‌ വീട്ടിലെ ആരെങ്കിലും പോവുന്നത്‌ ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കും.ഊഴമിട്ടാണ്‌ വീട്ടിലെ മുതിര്‍ന്നപെണ്ണുങ്ങള്‍ അന്ന് കുളിക്കാനിറങ്ങിയിരുന്നത്‌. ആദ്യം അമ്മായിയും , പിന്നെ വല്ല്യുമ്മ, കുഞ്ഞാമ, രണ്ടാമത്തെ അമ്മായി. എന്നിങ്ങനെ ഈ ഊഴത്തിന്റെ അനുക്രമങ്ങളില്‍ മാറ്റമുണ്ടാവാമെങ്കിലും രണ്ടില്‍ കൂടുതല്‍ പേര്‍ ഒന്നിച്ച്‌ പുഴയിലേക്കിറങ്ങാറില്ല.
പിന്നെ ഞങ്ങളൊക്കെ ആദ്യം പോവുന്നവരുടെ കൂടെയിറങ്ങുകയും അവസാനം വരുന്നവരുടെ കൂടെ കേറുകയും പതിവാക്കി.3-4 മണികൂര്‍ നീളുന്ന കുളികള്‍. അത്ര നീണ്ട കുളികള്‍ ബാല്യത്തിനു ശേഷം ഞാന്‍ കുളിച്ചിട്ടില്ല.
പുഴയില്‍ നിന്ന് ഓര്‍മ തുടങ്ങാന്‍ കാരണം അന്ന് ഉമ്മ എന്ന് വട്ടക്കല്ലില്‍ ഇരുത്തി. കടവിലെ ഓരോ കല്ലിന്നും ഓരൊ പേരാണ്‌.കുളികഴിഞ്ഞു വരുന്നവറോട്‌ മറ്റുള്ളവര്‍ ചോദിക്കും "ഇന്ന് വെള്ളം കേറ്യൊ എര്‍ങ്ങ്യോ?"
മറുപടി ഇങ്ങനെ"വട്ടകല്ല് മൂടി, നിണ്ടകല്ലുമെക്കെത്ത്‌ണൂ" കല്ലുകളൊക്കെയും എത്ര നല്ല അടയാളപ്പെടുത്തലുകളാണ്‌. വയസ്സുകള്‍ പോലെ,.

ഉമ്മ എന്നെ വട്ടക്കല്ലില്‍ ഇരുത്തി അലക്ക്‌ തുടങ്ങി. ഞാന്‍ ഉമ്മയറിയാതെ പതുക്കെ പുഴയിലേക്കിറങ്ങിതലയും താഴ്‌ത്തി നീന്താനുള്ള ശ്രമം. ഞാന്‍ അക്കരപുറത്തെത്തും എന്നുതന്നെ വിശ്വാസം . തലയുയര്‍ത്തുമ്പോള്‍ ഉമ്മ ഒത്തിരി മേലെ.വാവിട്ടു ഒന്നലറി,ഞാനങ്ങനെ ഒലിച്ചു പോവുന്നു.മുങ്ങിയും താണും.പൊങ്ങുമ്പോഴെക്കെ പുഴയിലേക്ക്‌ താഴ്‌ന്നിറങ്ങുന്ന ഇല്ലിക്കൂട്ടങ്ങള്‍ കാണുന്നു,ഉമ്മ നീന്തിയോ നടന്നോ വന്ന്.(ഉമ്മക്ക്‌ നടക്കാന്‍ മാത്രേ വെള്ളം കാണൂ.) എന്നെ നിഷ്‌പ്രയാസം എന്നെ പൊക്കിയെടുത്തു. അന്നായിരുന്നെന്റെ ഓര്‍മകളിലെ ജന്മദിനം.അതിനു മുന്‍പുള്ള പുരാതനമായ ഒരു ഓര്‍മയും എനിക്ക്‌ കിട്ടുന്നില്ല.ആ ദിനം 22-23 ഓ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാവണം.അന്ന് ആ വെള്ളത്തിലൊഴുകിയ അതെ തീക്ഷ്ണതയില്‍ ഈ ജന്മ ദിനത്തിലും ഞാന്‍ മരണഭയം അനുഭവിക്കുന്നു.അതിലേറെ നഷ്ടമാകുന്ന പ്രായത്തെക്കുറിച്ച്‌ അസ്വസ്ഥനാകുന്നു.

Mar 22, 2008

ത്രീ ഡയമന്‍ഷന്‍ കവിത

X
---
കടല്‍ കരയില്‍
ശയിക്കുന്ന
ശംഖിനകത്തെ
കാമ ശീല്‍ക്കാരം
ഇതു വരേക്കും
കെട്ടടങ്ങീട്ടില്ല
ഒന്ന് ചെവിയോര്‍ത്ത്‌
പ്രണയിനിയുടെ
കാതിലേക്കടുപ്പിച്ച്‌
പ്രണയത്തിന്റെ
സാക്ഷാത്‌‍ക്കാര
സ്വരം
കേള്‍പ്പിക്കാനെത്തുന്ന
കാമുകരുടെ ഭാഗ്യം
---
Y
---
ചോളപ്പൊരി
കൊത്തിയെടുത്ത്‌
പറക്കുന്ന
ബലിക്കാക്കകള്‍ക്കെ-
റിഞ്ഞു കൊടുക്കാന്‍
പ്രണയിനിയിടെ
കയ്യിലും
കൊടുത്തേക്കണം
1 രൂപയുടെ ചോളപൊരി.
ചോളപൊരിക്ക്‌
കൊക്ക്‌ നീട്ടുന്ന
കൂട്ടിലിരിക്കുന്ന
കുഞ്ഞിന്റെ സ്വപനം
അവളില്‍ ദാമ്പത്യത്തിന്റെ
മോഹങ്ങള്‍ ഉണര്‍ത്തും
ഓര്‍മകളെ വലിച്ചെറിയാനും
രജിസ്റ്ററാപ്പീസില്‍
എത്താനുമുള്ള
സമയം അന്നേരം
അവളുടെ
കാതിലോതി
കൊടുക്കണം
ബലികാക്കള്‍
കാമുകരുടെ
ഭാഗ്യ ശകുനങ്ങളാണ്‌
---
Z
---
സല്ലപിക്കാനിറങ്ങുന്ന
അക്കേഷ്യകാട്ടിലെ
കുരുവി തള്ളയുടെ
കുഞ്ഞുങ്ങളും
പ്രിയതമനും
പുതിയ ബന്ധങ്ങള്‍ക്കൊപ്പം
പറന്നകന്നിരിക്കുന്നു
ആ ഏകാകിനിയുടെ
കരച്ചിലെത്തുമ്പോള്‍
കാമിനിയുടെ
ചെവികള്‍
പൊത്തി കൊടുത്തേക്കണം
ആ വിരഹഗാനങ്ങള്‍
പ്രണയത്തിന്റെ
അശുഭ ഗാനങ്ങളാണ്‌
ഏകാന്തതയുടെ
വിലാപം
കാമുകന്റെ
സ്വപ്നങ്ങളുടെ
ഘാതകനാണ്‌

Mar 18, 2008

രാജിന്റെ ആണ്മയെ കുറിച്ച്‌

രാജിന്റെ ബ്ലോഗില്‍ സന്ദര്‍ശിക്കുമ്പോഴൊക്കെ ഈ വാക്ക്‌ എന്നെ വീണ്ടു വീണ്ടും ചിന്തിപ്പിക്കുന്നു.
യത്ഥാര്‍ത്തത്തില്‍ അത്‌ വല്ല്ലാത്തൊരു നാമകരണമായിപ്പോയി.ഇതു വരേക്കും എന്നിലെ ആണ്മയെന്ന ബോധത്തെ തിരിച്ചറിവിനെ ആരും ആ വാക്‌ വീണ്ടും വീണ്ടും പറഞ്ഞ്‌ ഉണര്‍ത്തിയിരുന്നില്ല.

ഞാന്‍ മുന്‍പ്‌ രാജിന് മെയിലയച്ച്‌ ചോദിച്ചു "ആ വാക്കില്‍ ഒരു മയില്‍ ഡൊമിനന്‍സി അഥവാ പുര്‍ഷ അധീഷത്ത്വം (മാനസികമ)ഇല്ലേ എന്ന്,.
ആ അധീശത്തെ കുറിച്ച്‌ ഞാന്‍ വീണ്ടും ചിന്തിക്കാനിടയായി. ആരുടെയൊക്കെ നിഷേധങ്ങള്‍ വന്നാലും സമകാലികവും ചരിത്രവുമായ ലോക നാഗരികതകളിലൊക്കെ തന്നെയും പ്രകടമായ പുരുഷമേധാവിത്ത്വ സ്വഭാവം ഉണ്ട്‌.അപ്പൊ തീര്‍ച്ചയായും ഈയൊരു അധീഷത്ത്വത്തിന്‌ ജൈവ ശാസ്ത്രപരമായ ഒരു കാരണം ഉണ്ടായിരിക്കണം

ജന്തു ശാസ്ത്രപരമായി പരിണാമ ഘട്ടത്തില്‍ സ്ത്രീ പുരുഷനെക്കാള്‍ ഒരു പരിണാമ ചക്രകൂടി മുന്നെക്ക്‌ ഗമിച്ചവരാണെന്ന് പറയേണ്ടി വരും
കാരണം ശരീര രോമം കുറയുന്നു എന്ന പരിണാമ പ്രക്രിയയില്‍ അവര്‍ പുരുഷനെ മുന്‍കടന്നിരിക്കുന്നു, അതേ പോലെ തന്നെ. അവയവങ്ങളുടെ ഫങ്ങഷനുകളുടെ ലളിതമാക്കല്‍,അഥവാ പുതിയ അവയവങ്ങളുടെ വികാസം, ഉദാഹരണം വിസര്‍ജ്യ,ജനനേന്ദൃയ, ലൈഗികാവയങ്ങള്‍ പുരുഷനില്‍ ഒരേ അവയത്തിന്റെ ഫംഗഷനാകുമ്പോല്‍ സ്തീ കുറച്ചു കൂടി മുന്‍കടന്ന് അവയിലും വളര്‍ച്ച പ്രാപിച്ചിരിക്കുന്നു,ഒരു പക്ഷേ എല്ലാത്തിനേയും അതിജയിക്കുക എന്ന ജന്തു സഹജമായ മാനസീകാവസ്ഥയുടെ പരിണാമത്തിലും സ്ത്രീ പുരുഷനെ മറികടന്നിരിക്കുന്നുവോ എന്തോ?


ഇനി ബയോളജിക്കല്‍ നിര്‍മിതിയില്‍ സ്ത്രീയുടെ ഘടന നോക്കുക.അത്‌ ഒരു ആക്സപ്റ്റര്‍(സ്വീകര്‍ത്താവ്‌)ന്റെയും പുരുഷന്‍ ഒരു ദാതാവിന്റെേയുമാണ്‌.(ഇലക്‍ട്രോണിക്സിലെ മയി ഫിമയില്‍ കണക്ഷനുകള്‍ ഓര്‍ക്കുക).സ്വാഭാവികമായും ദാതാവിന്‌ സ്വീകര്‍ത്താവിനു മേല്‍ മാനസികമായ ഒരു അധീഷത്ത്വം ഉണ്ടാവും.(നമ്മുടെ നല്‍കലുകളേയും വാങ്ങലുകളെയും ഓര്‍മിക്കുക).ഇത്‌ സൈക്കോളജിക്കല്‍ അധീഷത്ത്വമാണ്‌.ശാരീരികമായ അധീഷത്തം മാനസികമായി സ്വാധീനിക്കപ്പെടുന്നതിന്റെ ഉദാഹരണം.

പുരാണത്തിലെ ഉപമ പോലെ ആണെന്നമാവിനെ ചുറ്റുന്ന മുല്ലവള്ളിയാകുന്നു പെണ്ണ്‍. സ്ത്രീ സമത്ത്വവാദികള്‍ മുല്ലവളിയെ മാവില്‍ നിന്ന് വേര്‍പ്പെടുത്തി സ്വയം പടരല്‍ നടത്തിക്കാന്‍ ശ്രമിക്കുന്നു അത്‌ എത്രത്തോളം അസാധ്യമാവുന്നുവോ അത്രതന്നെ അപ്രസക്തമാണ്‌ മുല്ലവള്ളിയെ വേര്‍പ്പെടുത്തുമ്പോള്‍ മാവിന്റെ കായബലം. ആര്‍ക്കെങ്കിലും പറ്റി പിടിച്ച വളരാനാവുന്നില്ലെങ്കില്‍ പിന്നെ എന്തിന്‌ മാവിന്‍ കായബലം, അവിടെയും പ്രകടമാവുന്ന ഡിപെന്റന്‍സിക്കുമേലുള്ള മാനസിക അധീഷത്ത്വവും പുരുഷന്‍ നെടുന്നു. ഈയൊരു മാന്‍സികമായ തരം തിരിവ്‌ ആണ്മ പെണ്മ എന്ന വാക്കൌകള്‍ ആണിലും പെണ്ണിലും മാനസികമായ ചില പ്രതികരണം ഉളവാക്കുന്നു.

കിം കി ഡ്യൂക്കിന്റെ 3 അയണ്‍, ബൊ, സ്പ്രിരിംഗ്‌ ,വിന്റര്‍ , ഫാള്‍ സ്പ്രിരിഗ്ഗ്‌ എന്നീ ചിത്രങ്ങള്‍ കാണുക. അവയില്‍ ആണ്മ നിര്‍വചിച്ചിരിക്കുന്നതെങ്ങനെയെന്ന് നോക്കുക.3 അയര്‍ എന്ന സിനിമയുടെ അവസാനഭാഗത്ത്‌ 0 അഥവാ പെര്‍ഫക്റ്റ്‌ ബാലന്‍സ്‌ ത്രാസില്‍ കാണിക്കുന്ന ഒരു സീനുണ്ട്‌. ആണ്മയുടേയും പെണ്മയുടേയും പൂര്‍ണ്ണത.

സ്പ്രിംഗ്‌, വിന്റര്‍, ഫാള്‍ എന്ന ചിത്രത്തില്‍ സ്ത്രീകളില്ലാത്ത ഒരു ഏകാന്ത തുരുത്തില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ നായകന്‍ അവിടെയുള്ള ഒറ്റയാനായ പൂവന്‍ കോഴിയേയും കൂടെയെടുക്കുന്ന സീന്‍, അതൊക്കെ ആണ്മയുടെ പൂര്‍ണ്ണതയെ കുറിച്ച്‌ ചിന്തിപ്പിക്കുന്നു.
കുറിപ്പിന്റെ ഉള്ളടക്കവും വിഷയും സ്ത്രീ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കരുത്‌.സമാനമാവുക എന്നല്ലല്ലോ സ്വാതന്ത്ര്യത്തിനും സമത്ത്വത്തിനും അര്‍ത്ഥം.

എനിക്കറിയാം ആ ഒരു പേരൂ നല്‍കള്‍ കൊണ്ട്‌ രാജ്‌ ഉദ്ദേശിക്കുന്ന ആണ്മയുടെ പുനര്‍നിര്‍വചനം ഇതല്ല തന്നെ ആ നിര്‍വചനം പൂരകങ്ങളാവുന്ന ഫംഗഷനുകളൊന്നിന്റെ യത്ഥാര്‍ത്ത വായനതന്നെയാണ്‌,പക്ഷേ ഈ വാക്ക്‌ കാണുമ്പോള്‍ ഒരു മനോഭാവം എന്നിലുണരുന്നു.ആ ബ്ലോഗ്‌ വായിക്കുമ്പോഴൊക്കെ ആ വാക്ക്‌ കാണുമ്പോഴൊക്കെ ഞാന്‍ അഹംകാരിയാവുന്നു

Mar 10, 2008

അഭിപ്രായപ്പെടലുകളിലെ വാക്കുകള്‍

മുഴ കോലു കൊണ്ട്‌
അളന്ന്
പാകമായി മുറിച്ചെടുക്കണം
അരികുകളില്‍ തട്ടി
പോറലേല്‍ക്കരുത്‌
മൃദുലമാക്കിയേക്കണം

ഒരൊറ്റ മഴക്ക്‌
ഒലിച്ചു പോവുന്നതായാലും
വര്‍ണ്ണാഭമായ
ചായങ്ങളില്‍
മുക്കിയെടുക്കണം

കണ്ണിനു ആനന്ദമാവിധം
"കൊള്ളാ" വുന്നതാവണം
കാതിനു ഇമ്പമേറും വിധം
"നന്നായി"രിക്കണം
തെറ്റുകളൊക്കെയും
ശരികളാവണം

രുചിക്കുമ്പോഴുള്ള
കയ്‌പുക്കള്‍
മധുരങ്ങളായി
തുപ്പണം

ഇല്ലെങ്കില്‍
മനസ്സു നോവും
ഉത്സാഹം കെടും
തൂലിക അടക്കും
സര്‍ഗ ശക്തി മരിക്കും
എഴുത്തിടം പൂട്ടും
നിങ്ങളും ഒരു
കൊലപാതകിയാവും

Mar 4, 2008

കാപ്പി കപ്പിലെ മരണം -സ്റ്റാര്‍ ബക്സിലേത്

അരയാലിന്റെ ഒരു കൊമ്പ്
പൊടുന്നനെ അയഞ്ഞ്
ആഴ്ന്ന് താഴേക്ക് കുതിച്ചു

ഒരു ഇക്കിളിപ്പെടലിന്റ്
അസ്വസ്ഥതയില്‍
ഞെട്ടിയുണര്‍ന്ന
സാമിയാര്‍
ആലിന്‍ വേര്‍ തൊട്ട്
രാമ നാമം ചൊല്ലി

ഒരു ഉദയത്തിനു
മുന്‍പിലെ
ഉത്സവ ഘോഷത്തിന്റെ
യുവാക്കളുടെ
ഉച്ചിഷ്ടം
അമ്പലക്കടവില്‍
രണ്ട് തുടകള്‍ക്കിടയിലെ
രക്തത്തില്‍
കട്ട പിടിച്ചു

ഭോഗാലസ്യത്തില്‍
ഞരങ്ങുന്ന
“സാധന”ത്തിനെ
ഭക്തന്‍ തിരുമേനി
“ഫ്” എന്നാട്ടി

പറന്നു വന്നു
മുങി കുളിച്ചിട്ടു പൊയ
കാക്കയെ
കറുത്ത ചിറകുള്ള
വെളുത്ത പക്ഷിയെന്ന്
തിരുമേനി ആള്‍കള്‍ക്ക്
കാണിച്ചു കൊടുത്തു.

അമ്മിണി വാരസ്യാരുടെ
പുരക്കു മുന്‍പില്‍
അസത്തു പിള്ളേര്‍
അശ്ലീലം പറഞ്ഞു കൂവി

കോലായയിലെ
വൃദ്ധനായ കസേരയിലിരുന്ന്
വാരാസ്യാര്‍
ചിരിച്ചു മുറുക്കി തുപ്പി

വരത്തനൊപ്പം
ഒളിച്ചോടി
കടലു കടന്ന
വാരസ്യാരുടെ
പെഴച്ച പെണ്ണ്
കുടിക്കാനാഞ്ഞ
സ്റ്റാര്‍ ബക്സിലെ
തുര്‍ക്കി കാപ്പിയില്‍
ഒരീച്ച ചോര
ചര്‍ദ്ദിച്ച് ചത്തു.

അമ്പല കടവിലെ
രക്തത്തിലൊട്ടി
പിടിച്ചു പോയ
പുളിയുറുമ്പ്
കിടന്നു പിടഞു

അമ്പല കടവില്‍
വെള്ളത്തിനു മുകളില്‍
ജലവസ്ത്രം ധരിച്ച്
ഒരു പെണ്ണ് കമഴ്ന്ന്
കിടന്ന് യോഗാസനം ചെയ്തു
കണ്ണ് തുറിച്ച
രണ്ട് വരാലുകള്‍
മലറ്ന്ന്
സണ്‍ ബാത്തിനും കിടന്നു

ഈച്ച വീണ
സ്റ്റാര്‍ബക്സിലെ
കാപ്പി കോപ്പയിലൊട്ടിയ
ലിപ്സ്റ്റിക്കിന്
വിപ്ലവത്തിന്റെ നിറം
ഉണങിയ രേതസ്സിന്റെ മണം

Mar 1, 2008

സ്ത്രീ രൂപകങ്ങള്‍ -(കൌമാര മനസ്സിന്റെ മാത്രം)

മുന്‍ നിര, ബഞ്ചിലെ
കഴുത്തില്‍ മറുകുള്ള പെണ്‍കുട്ടി
വെള്ളമൊഴിച്ച് വളര്‍ത്തുന്ന
മുല്ലയിലെ വിരിയാന്‍ പോവുന്ന മൊട്ട്
സ്വപ്നങളിലെ സുഗന്ധം

കോളേജില്‍ പഠിക്കുന്ന
അയലത്തെ ചേച്ചി
എത്തി പിടിക്കാനാവാത്ത
ശിഖരത്തിലെ ചെമ്പക പൂ
ഏതോ ഒരു വണ്ട്
എന്നും ഉമ്മ വെച്ച്
പറക്കുന്നുണ്ടെന്ന
പങ്കുവെക്കപ്പെടുന്ന ആശങ്ക

ഇണ പിരിഞിരിക്കുന്ന
മുന്നിലെ വീട്ടിലെ
യുവത്വം അവസാനിപ്പിക്കുന്ന ഇത്താത്ത
പതുക്കെയൊന്നാഞാല്‍
പൊട്ടിച്ചെടുക്കാവുന്ന
റൊസാ പൂവ്
ഏകാന്തമായ രാത്രികളിലെ
സിരകളിലെ ചൂടുള്ള മാദക ഗന്ധം

വെള്ള പുരികങ്ങളും
മുറുക്കി ചുവപ്പിച്ച
ചുണ്ടുകളുമുള്ള
വായടക്കാത്ത അമ്മൂമ
കാലഹരണപ്പെട്ട
ഒരിതള്‍ കൊഴിഞൊരു
ശവം നാറി പൂ