Mar 24, 2010

ജന്മദിനം , ചില ഓര്‍മയും, പേടിയും

മാര്‍ച്ച്‌ 25 , എന്റെ ജന്മദിനമാണ്.1982 ലെ ഒരു വ്യാഴാഴ്ചയാണ്‌ ഞാന്‍ എന്റെ ജീവിത നിയോഗം തുടങ്ങുന്നത്‌.അതായത്‌ 28വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌. ഓരോ ജന്മദിനവും എനിക്ക്‌ പേടിയാണിപ്പോള്‍. ഞാനെന്റെ യുവത്വത്തെ അത്രമേല്‍ ഇഷ്ടപ്പെടുന്നു. ഓരോ ജന്മദിനവും എന്റെ യുവത്വത്തെ നഷ്ട്‌പ്പെടുത്തുന്നു എന്ന ഓര്‍മ എന്നെ ഭീതിപ്പെടുത്തുന്നു.
പക്ഷേ എന്റെ ജീവിതം എനിക്കു തുടങ്ങുന്നത്‌ ചിന്നം പിന്നം മഴപെയ്യുന്ന തുലാമാസത്തിലെ (മഴയുള്ളത്‌ കൊണ്ട്‌ തുലാം എന്ന് ഞാനങ്ങ്‌ നിരീക്ഷിച്ചതാണ്‌.കര്‍ക്കിടകവും ആവാം പക്ഷേ കര്‍കിടത്തിലെ പുഴ ഭീകര രൂപിണിയാണല്ലോ.ഓര്‍മയിലെ പുഴ സ്വച്ചന്ദമായിരുന്നു.) ഇരുട്ട്‌ മൂടിയ ഒരു മദ്ധ്യാഹ്നത്തിലാണ്‌.
എനിക്ക്‌ എന്റെ ജന്മദിനം എനിക്കോര്‍മയുള്ള എന്റെ ആദ്യത്തെ ദിനമാണല്ലോ.അന്ന് 3-4 ഒക്കെ ആവണം പ്രായം. ജനിച്ച്‌ വീണത്‌ എന്റെ ഉമ്മവീടിന്റെ പറമ്പിനെ ഉപദ്വീപ്‌ പോലെ അതിരുടുന്ന കടലുണ്ടി പുഴയിലും.അന്നൊക്കെ എന്റെ ഉമ്മ വീട്ടിലും പരിസരവീടുകളിലൊന്നും കുളിപുരകള്‍ ഉണ്ടായിരുന്നില്ല.എല്ലാവര്‍ക്കും പുഴയിലേക്ക്‌ തുറക്കുന്ന സ്വകാര്യ കടവുകളുണ്ടായിരുന്നു.കടവുകളൊക്കെയും ഒരു സംസ്കാരമായിരുന്നു.നാട്ടിലെ വാര്‍ത്തകളുടെ പ്രക്ഷേപണ കേന്ദ്രവും അപവാദങ്ങളുടെ സൃഷ്ടി കേന്ദ്രങ്ങളും പ്രസരണ കേന്ദ്രങ്ങളുമായിരുന്നു."പോയി നീന്തി കുളിക്കെടാ. കുട്ട്യോളിതൊന്നും കേക്കണ്ട' എന്ന പറച്ചില്‍ കടവുകളില്‍ ഞാന്‍ എത്ര കേട്ടിരുന്നു.
കടവുകള്‍ക്ക്‌ അപ്പുറത്തെ ഇല്ലികാടുകള്‍ കൌമാരങ്ങളുടെ ഉഷ്ണമേഘലകളുമായിരുന്നു. എന്നാല്‍ കൌമാരങ്ങള്‍ക്ക്‌ അലിഖിതമായൊരു പാരമ്പര്യ നിയമമുണ്ടായിരുന്നു.അതിന്റെ ഉല്ലംഘനം ഞാനൊരിക്കലും കണ്ടിട്ടില്ല.ചില സായാഹ്ന യൌവ്വനങ്ങളും മദ്ധ്യവയസ്സുകളും അതിനെ ലംഘിക്കുമ്പോഴൊക്കെയും കടവുകളിലെ സ്ത്രീകള്‍ കൂട്ടത്തോടെ ആര്‍ത്തു.കൌമാരങ്ങളൂം ബാല്യങ്ങളും ഇല്ലിക്കൂട്ടങ്ങളിലേക്ക്‌ കല്ലുകളെടുത്തെറിഞ്ഞു.നാടിന്റെ നിയമം ഇങ്ങനെയായിരുന്നു. "നമ്മുടെ കരയിലെ പെണ്ണുങ്ങള്‍ടെ കുളി നമ്മുടെ കാഴ്ചകളിലെ കുളിരാവരുത്‌. നമ്മുടെ കരയിലെ പെണ്ണുങ്ങളൊക്കെയും പെങ്ങന്മാരാവുന്നു. എന്നാല്‍ അക്കരപുറത്തെ പെണ്ണുങ്ങള്‍ കാഴ്ചയിലെ ഇമ്പവും ആണുങ്ങള്‍ നമ്മുടെപാരമ്പര്യ ശത്രുക്കളുമാകുന്നു.അവര്‍ നമ്മുടെ പെണ്ണുങ്ങളുടെ ശരീരത്തെ കാഴ്ചകള്‍ കൊണ്ട്‌ തുളക്കുമ്പോഴൊക്കെയും പ്രതിരോധിക്കേണ്ടിയിരിക്കുന്നു."
പുഴ നിര്‍ണ്ണയിക്കുന്ന അതിര്‍വര്‍മ്പ്‌ വല്ലാത്തതാണ്‌. പുഴയുടെ ഇരുകരകളിലും പരസ്പരം കാണുന്ന വീടുകളിലിരിക്കുന്നവര്‍ പോലും അയല്‍പക്കം എന്ന ശ്രേണിയില്‍ വരുന്നില്ല തന്നെ, നമ്മുടെ കരയിലെ 600-800 മീറ്റര്‍ അകലെയുള്ളവര്‍ പോലും അയല്‍വാസികളായിരിക്കെ തന്നെയും."അക്കരെ കുട്ടികള്‍" പോലും പന്തുകളിക്ക്‌ രണ്ട്‌ പോസ്റ്റുകള്‍ വേറെനാട്ടുന്നു.
പിന്നെയൊക്കെ കുളിമുറികള്‍ വീട്ടിനാഢംബര്‍വും ആളുകളുടെ അഭിമാനവുമായപ്പോള്‍ പുഴയിലെക്കുള്ള വഴികളിലൊക്കെ മുള്ളു പടര്‍ന്നു.ഇല്ലികൂട്ടങ്ങളൊക്കെ എന്നേ ഞങ്ങള്‍ വെട്ടി വിറ്റിരിന്നു. കുട്ടികള്‍ക്ക്‌ പോലും വൈകുന്നേരങ്ങളിലെ മണല്‍പരപ്പിലെ പന്തുകളിയും അതുകഴിഞ്ഞുള്ള വെള്ളത്തിലെക്കുള്ള ഊളിയിടലും പഴഞ്ചന്‍ ആസ്വാദങ്ങളുടെ ലിസ്റ്റിലേക്ക്‌ തള്ളി.വേനലിലെ വെള്ളമൊഴിഞ്ഞ മലപ്പുറം പുഴകളിലെ സെവന്‍സ്‌ ഫുട്‌ബാളില്‍ നിന്ന് ഇന്ത്യന്‍ പന്തുകളിയുടെ അഭിമാനമായി മാറിയവരെ നോക്കി ഇന്ന് മലപ്പുറം കുഞ്ഞു റൊണാള്‍ഡൊകള്‍ പറയുന്നു.അവരൊടെയൊന്നും പ്രൊഫഷണല്‍ ആയിരുന്നില്ലെന്ന്.
പുഴ എന്നെ ഇങ്ങനെ വാചാലനാക്കും .എന്റെ ഓര്‍മ, ജീവിതം തുടങ്ങുന്നത്‌ ആ പുഴയില്‍ നിന്നാണ്‌.
മദ്ധ്യാഹ്നത്തില്‍ വീട്ടിലെ ജോലിയൊക്കെ തീര്‍ത്താവണം ഉമ്മ എന്നേം കൊണ്ട്‌ പുഴയിലെക്ക്‌ കുളിക്കാനും അലക്കാനുമിറങ്ങിയത്‌.ആദ്യമൊക്കെ പുഴയിലേക്ക്‌ വീട്ടിലെ ആരെങ്കിലും പോവുന്നത്‌ ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കും.ഊഴമിട്ടാണ്‌ വീട്ടിലെ മുതിര്‍ന്നപെണ്ണുങ്ങള്‍ അന്ന് കുളിക്കാനിറങ്ങിയിരുന്നത്‌. ആദ്യം അമ്മായിയും , പിന്നെ വല്ല്യുമ്മ, കുഞ്ഞാമ, രണ്ടാമത്തെ അമ്മായി. എന്നിങ്ങനെ ഈ ഊഴത്തിന്റെ അനുക്രമങ്ങളില്‍ മാറ്റമുണ്ടാവാമെങ്കിലും രണ്ടില്‍ കൂടുതല്‍ പേര്‍ ഒന്നിച്ച്‌ പുഴയിലേക്കിറങ്ങാറില്ല. പിന്നെ ഞങ്ങളൊക്കെ ആദ്യം പോവുന്നവരുടെ കൂടെയിറങ്ങുകയും അവസാനം വരുന്നവരുടെ കൂടെ കേറുകയും പതിവാക്കി.3-4 മണികൂര്‍ നീളുന്ന കുളികള്‍. അത്ര നീണ്ട കുളികള്‍ ബാല്യത്തിനു ശേഷം ഞാന്‍ കുളിച്ചിട്ടില്ല.
പുഴയില്‍ നിന്ന് ഓര്‍മ തുടങ്ങാന്‍ കാരണം അന്ന് ഉമ്മ എന്ന് വട്ടക്കല്ലില്‍ ഇരുത്തി. കടവിലെ ഓരോ കല്ലിന്നും ഓരൊ പേരാണ്‌.കുളികഴിഞ്ഞു വരുന്നവറോട്‌ മറ്റുള്ളവര്‍ ചോദിക്കും "ഇന്ന് വെള്ളം കേറ്യൊ എര്‍ങ്ങ്യോ?"മറുപടി ഇങ്ങനെ"വട്ടകല്ല് മൂടി, നിണ്ടകല്ലുമെക്കെത്ത്‌ണൂ" കല്ലുകളൊക്കെയും എത്ര നല്ല അടയാളപ്പെടുത്തലുകളാണ്‌. വയസ്സുകള്‍ പോലെ,.ഉമ്മ എന്നെ വട്ടക്കല്ലില്‍ ഇരുത്തി അലക്ക്‌ തുടങ്ങി. ഞാന്‍ ഉമ്മയറിയാതെ പതുക്കെ പുഴയിലേക്കിറങ്ങിതലയും താഴ്‌ത്തി നീന്താനുള്ള ശ്രമം. ഞാന്‍ അക്കരപുറത്തെത്തും എന്നുതന്നെ വിശ്വാസം . തലയുയര്‍ത്തുമ്പോള്‍ ഉമ്മ ഒത്തിരി മേലെ.വാവിട്ടു ഒന്നലറി,ഞാനങ്ങനെ ഒലിച്ചു പോവുന്നു.മുങ്ങിയും താണും.പൊങ്ങുമ്പോഴെക്കെ പുഴയിലേക്ക്‌ താഴ്‌ന്നിറങ്ങുന്ന ഇല്ലിക്കൂട്ടങ്ങള്‍ കാണുന്നു,ഉമ്മ നീന്തിയോ നടന്നോ വന്ന്.(ഉമ്മക്ക്‌ നടക്കാന്‍ മാത്രേ വെള്ളം കാണൂ.) എന്നെ നിഷ്‌പ്രയാസം എന്നെ പൊക്കിയെടുത്തു. അന്നായിരുന്നെന്റെ ഓര്‍മകളിലെ ജന്മദിനം.അതിനു മുന്‍പുള്ള പുരാതനമായ ഒരു ഓര്‍മയും എനിക്ക്‌ കിട്ടുന്നില്ല.ആ ദിനം 22-23 ഓ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാവണം.അന്ന് ആ വെള്ളത്തിലൊഴുകിയ അതെ തീക്ഷ്ണതയില്‍ ഈ ജന്മ ദിനത്തിലും ഞാന്‍ മരണഭയം അനുഭവിക്കുന്നു.അതിലേറെ നഷ്ടമാകുന്ന പ്രായത്തെക്കുറിച്ച്‌ അസ്വസ്ഥനാകുന്നു.

5 comments:

ശെഫി said...

പഴയൊരു പോസ്റ്റ് വീണ്ടും പോസ്റ്റുന്നു

ശ്രീ said...

പഴയ പോസ്റ്റാണെങ്കിലും ഒരോ ജന്മദിനത്തിലും ഓര്‍മ്മ പുതുക്കാവുന്ന ഒന്ന് തന്നെ, നല്ല ഓര്‍മ്മകളും.

അപ്പോ ജന്മദിനാശംസകള്‍ :)

Anonymous said...

ഞാന്‍ അമാന്‍ശഫീഫ് എന്ന കുസൃതിപയ്യന്‍, ശഫി എന്നാണ് വിളിക്കാറുള്ളത്.ബ്ലോഗ് രംഗത്തേക്ക് വരുന്ന നവാഗതനാണ്.എ൯റെ ബഡായി കേട്ടാല് ആരും പറയും ഇവന് വട്ടാണ് എനിക്ക് കത്തിവെയ്ക്കുവാ൯ ഉള്ള നല്ലൊരു ബ്ലോഗാണിത് ആശസംകൾ
ടംപ്ലേറ്റ് ഒന്ന് ഉഷാറാക്കണം വേണ്ണമെങ്കില് സഹായിക്കാം ബൂലോകത്തിലെ താങ്ങൾക്ക് സാധ്യത ഏറെയാണ് ഒന്ന് ഉഷാറാക്കൂ

achukka said...

very happy to know u r my shameem's brother. yu took my in my teenage bording hostel room.... i was wandering in chennamangallor, pulparamba koolimaadu and manassery. the background u have created is having MT touch.. definitely u will become a good writer...wishing u all the very best,,,convey my regards to ur brother...
ma'ssalama..

ബെഞ്ചാലി said...

ഈ പോസ്റ്റ് വീണ്ടും പോസ്റ്റാം അല്ലെ.. രണ്ട് ദിവസം കൂടി കഴിഞ്ഞു.... :)