Mar 16, 2009

മാനം കാണാത്ത പീലി

അന്തി മദ്രസയിലേക്ക്‌
ഓടിയിറങ്ങുമ്പോഴൊക്കെയും
ടോർച്ചെടുക്കാൻ
മറന്നുപോവും.
ഗൾഫിൽ നിന്ന്‌
ഉപ്പ അയച്ച
മഞ്ഞ ശരീരവും
കറുത്ത
ബട്ടണുമുള്ള
സാന്യോ ടോർച്ചിന്
എനിക്കായ്‌
വെളിച്ചം
വിതറാനായില്ല.

ഇടവഴിയിലേക്ക്‌
തിരിയും മുമ്പ്‌
റജീന
നിപ്പോയുടെ
മൂന്ന് കട്ടയിടുന്ന
വെള്ളിക്കാൽ ടോർച്ച്‌
നീട്ടിയടിച്ചു തരും.
ടോർച്ചിന്റെ
മങ്ങിയ വെളിച്ചപ്പൊട്ട്‌
എത്ര തിരഞ്ഞാലും
കാണാനാവില്ല.

എങ്കിലും........
പുറകിൽ
ഇരുട്ടിനുമപ്പുറം
ഒരാൾ
വെളിച്ചം വീശുന്നുവല്ലോ
എന്നൊരു
ആശ്വാസപ്പെടലിൽ
വീട്ടിലേക്കോടും.

മദ്രസക്കിടയിൽ
ഇശാവാങ്ക്‌ വിളിക്കാൻ
മൊല്ലാക്ക
പള്ളിയിൽ പോകുന്നേരം
അഞ്ചും പത്തും
പൈസ പങ്കു ചേർത്ത്‌
മരക്കാർകാക്കാന്റെ
വീട്ടിൽ നിന്ന്
കൽക്കം വാങ്ങും
ആങ്കുട്ടികൾ.

ഉപ്പുചേർത്ത
പച്ചക്കുരുമുളകിനും
ചീനിക്കക്കും
ചാമ്പക്കക്കും
കൽക്കം കൊണ്ട്‌
ബാർട്ടർ വിനിമയം
തീർക്കും പെങ്കുട്ടികൾ.

ലീഡർ ആയി
പോയതുകൊണ്ടുമാത്രം
മൊല്ലാക്കയുടെ
അഭാവത്തിൽ
മുണ്ടുന്നവരുടെ
പേരെഴുതണം.
ആ നാമാവലിയിൽ
പേരു വരാതിരിക്കാൻ
പെൻസിലും
റബ്ബറും
റീഫില്ലും
കൈക്കൂലിയും
കാണിക്കയുമാകും.

എട്ടാം ക്ലാസിൽ നിന്ന്‌
പണവും പണ്ടവും
വാങ്ങാത്ത
അറബി കെട്ടിക്കൊണ്ടു
പോകുന്നതിനും
തലേയാഴ്ച
റജീന
കാണിക്ക വെച്ചത്‌
ഒരു മയിൽപ്പീലി ...
"മാനം കാണാതെ
വെച്ചേക്കണം പെറ്റുകൂട്ടുമെന്നും".

അറബി കൊണ്ടോയതിന്റെ
പിറ്റേമാസം
അവളുടെ വീട്‌ പുല്ലുമാറ്റി
ഓടുമേഞ്ഞു.
മൂന്നരയാണ്ടറുതിക്കുശേഷം
ബസ്സ്റ്റോപ്പിൽ നിന്ന്
പൊട്ടിയ പല്ലിന്റെ
കറുത്ത
പൊട്ടുമായി വെളുക്കെ
ചിരിച്ചു അവൾ.
പുറകിൽ തൂങ്ങുന്ന
മൂന്നുകിടാങ്ങൾ.
മുസായഫിന്റെ
യാസീനേടിൽ
അന്ന് വെച്ചെന്റെ
മയിൽപീലി പോലെ
പിന്നെ
ഇവളും മാനം
കണ്ടിട്ടുണ്ടാവില്ല,
പെറ്റുകൂട്ടുന്നങ്ങനെ...

മാനത്തുദിക്കുന്ന
നിലാവിന്റെ
ഇത്തിരി വെട്ടം
പോലുമില്ലാത്ത
ആ അന്ധകാരത്തിൽ
മൂന്ന് കട്ടയുടെ
വെള്ളിക്കാൽ ടോർച്ച്‌
അവൾക്കാരെങ്കിലും
നീട്ടിയടിച്ചു
കൊടുത്തിരുന്നോ എന്തോ?

16 comments:

ശെഫി said...

കുഴിച്ചു കുഴിച്ചെടുത്ത തുള്ളി തെളിമ കാണില്ല

തറവാടി said...

ഓര്‍മ്മകളുണര്‍ത്തുന്ന പോസ്റ്റ്.

അതേ സമയം നീളത്തില്‍ എഴുതി , ഇടക്കിടക്ക് എന്‍‌റ്റര്‍ കീ അമര്‍ത്തിയാല്‍ അത്
കവിതയാവും എന്ന് ബ്ലോഗില്‍ വന്നമുതലുള്ള അങ്കലാപ്പാണ്.
എന്നാപിന്നെ എന്താണ് ഹേ ഈ എന്താണ് കവിത എന്ന് ചോദിച്ചാല്‍ അതിലേറെ അങ്കലാപ്പ് :)

ശെഫി said...

ഗദ്യ കവിത എന്നൊരു വിഭാഗം ബ്ലോഗിനു പുറത്തുമുണ്ട് എന്നാണറിവ്. പദ്യത്തിൽ നിന്ന് കവിതയിലേക്കുള്ള ദൂരവും ഇതുതന്നെയാണേഎന്ന് തോന്നുന്നു.

നജൂസ്‌ said...

എന്നും കാണാറുള്ള ഒരറബി ഇന്നലെ പറഞ്ഞു ഉമ്മ മലബാറിയാണെന്ന്‌. അവരെയൊന്ന്‌ കാണണന്ന്‌ തോന്നി അപ്പൊ. ഇപ്പൊ ദേ നിന്റെ കവിതയും.
ഒന്നും ഒഴിവാക്കാതെ വേണ്ടതെല്ലാം എഴുതണം. വിതയാണ് പ്രധാനം കവിതയല്ല.
വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നന്നായിരിക്കുന്നു..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മയില്‍പ്പീലിയ്ക്കൊപ്പം അവളിപ്പോ രണ്ടിറ്റ് കണ്ണീരും കരുതുന്നുണ്ടാവും.

നന്നായി ഇഷ്ടപ്പെട്ടു ഈകവിത.

കവിതകള്‍ക്ക്, കഥകള്‍ക്ക് ഒക്കെ നീളം കൂടുന്നു എന്ന് എപ്പഴും പറയുന്നത് കാണാം. നീളക്കൂടുതല്‍ ആസ്വാദനത്തെ മുറിക്കുന്നുണ്ടെന്നു തോന്നുന്നില്ല. പറയാനുള്ളത് പകുതി പറഞ്ഞാല്‍ മതീ എന്നാണോ?
ഓഎന്വി, ചുള്‍ലിക്കാട് തുടങ്ങിയ ഒട്ടേറെ കവികളുടെ വരികളൊക്കെ 60 ഉം 70 ഉം കടന്നുപോകാറുണ്‍ന്റ്. അതൊക്കെ ചുരുക്ക്യാല്‍ എന്താകുമോ എന്തോ....

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഒരു വാക്കുപോലും എടുത്തുമാറ്റാനാവാത്തത്ര
ഇഴയടുപ്പത്തില്‍, കാലങ്ങളെ കൊളാഷാക്കിയ ഈ ‘കവിത’ എനിക്കിഷ്ടപ്പെട്ടു. കവിതയ്ക്കുപുറത്തുള്ള നിയമങ്ങളല്ല, അതിനുള്ളിലെ വൈകാരികവും അനുഭവസമ്പന്നവുമായ ലോകമാണ് പ്രധാനം. നല്ല തെളിമയുണ്ട്, സംശയിക്കേണ്ട.

Shaf said...

very good shefe,,

As tharavadi said "ഓര്‍മ്മകളുണര്‍ത്തുന്ന പോസ്റ്റ്."

പകല്‍കിനാവന്‍ | daYdreaMer said...

ഹെന്റമ്മോ തകര്‍ത്തു നീയ്.. ! സംശയമില്ല ഇത് തന്നെയാ വേണ്ടത്...

പാവപ്പെട്ടവൻ said...

അര്‍ത്ഥഗര്‍ഭം പുണ്ട കവിത ലാളിത്യത്തിന്‍റെ പടവുകള്‍ ചവിട്ടി മറക്കുന്ന നേരിയ നേരിലേക്കു വിരല്‍ ചൂണ്ടുന്നു .
മനോഹരം
പൊള്ളയല്ലാത്ത ആശംസകള്‍

Pramod.KM said...

നന്നായി ഓര്‍മ്മകള്‍:)
വിശദാംശങ്ങള്‍ ഒഴിവാക്കി അല്‍പ്പം ചുരുക്കിയെഴുതിയെങ്കില്‍ എന്ന് തോന്നിപ്പോയി..

ശ്രീഇടമൺ said...

മാനത്തുദിക്കുന്ന
നിലാവിന്റെ
ഇത്തിരി വെട്ടം
പോലുമില്ലാത്ത
ആ അന്ധകാരത്തിൽ
മൂന്ന് കട്ടയുടെ
വെള്ളിക്കാൽ ടോർച്ച്‌
അവൾക്കാരെങ്കിലും
നീട്ടിയടിച്ചു
കൊടുത്തിരുന്നോ എന്തോ?

വരികള്‍ നന്നായിട്ടുണ്ട്...

സെറീന said...

ഇപ്പോള്‍ നീ വീശുന്ന ഈ ടോര്‍ച്ചു വെട്ടമെങ്കിലും
എത്തിയെങ്കില്‍ അവളുടെ ആകാശമില്ലാത്ത ലോകത്ത്..

konthuparambu said...

entha paraya ...its really beautifull ...really.

മുജീബ്‌ റഹ്മാന്‍ ചെമ്മന്കടവ് said...

നഷ്ടപ്പെട്ട ദിനങ്ങളുടെ നൊമ്പരങ്ങള്‍ ..എല്ലാവരിലും ,,,
ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും ,,,,,
വല്ലാതെ നോവിക്കുന്നു

മുജീബ്‌ റഹ്മാന്‍ ചെമ്മന്കടവ് said...

നഷ്ടപ്പെട്ട ദിനങ്ങളുടെ നൊമ്പരങ്ങള്‍ ..എല്ലാവരിലും ,,,
ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും ,,,,,