Oct 19, 2007

കഥ എന്തായിരിക്കണം?

ഒരു കാലഘട്ടത്തിന്റെ മനുഷ്യ ജീവിതങ്ങളെ കുറിച്ചറിയണമെങ്കില്‍ ആ കാലഘട്ടത്തിന്റെ സാഹിത്യങ്ങളിലേക്കും കലകളിലേക്കും നോക്കിയാല്‍ മതി എന്നാണു വെയ്പ്‌. സാഹിത്യത്തിലേയും കലയിലേയും ഭൂരിപക്ഷ സൃഷ്ടികളും സാമൂഹിക ജീവിതങ്ങളുടെ പരിഛേദമാണ്‌. അതു കൊണ്ടു തന്നെ കഥകള്‍ എപ്പോഴും ചുറ്റുപാടുകളോട്‌ സംവദിക്കുന്നവയായിരിക്കും, ആയിരിക്കണം. പക്ഷേ കഥ ഒരിക്കലും ചരിത്ര രേഖകളല്ല. അവ എഴുത്തുകാരന്‍ ചുറ്റുപാടുകളില്‍ നിന്ന് സ്വാംശീകരിച്ചെടുത്ത ജീവിതങ്ങളുടെ ഭാവനാത്മകമായ പകര്‍ത്തല്‍ ആണ്‌. അതില്‍ ചിന്തകളെക്കാള്‍ കൂടുതല്‍ ഭാവനകള്‍ക്കാണ്‌ പ്രാധാന്യം.

കഥകളുടെ ജനനം ആത്മാവില്‍ നിന്നും അതിന്റെ പാകപ്പെടല്‍ മസ്തിഷ്കത്തിലുമാണ്‌. അതുകൊണ്ട്‌ തന്നെ കഥകളിലെ ബിംബങ്ങള്‍ കാലാനുവര്‍ത്തികളായിരിക്കും, ആയിരിക്കണം.

ഒരു കഥ വായിക്കുമ്പോള്‍ അല്ലെങ്കില്‍ കഥയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുമ്പോള്‍ അനുവാചകന്റെ മനസ്സില്‍ ഒരു മുഖം തെളിയുന്നുവെങ്കില്‍ അത്‌ തീര്‍ച്ചയായും കഥാകാരന്റെ വിജയമാണ്‌. പക്ഷേ എല്ലാ അനുവാചകരിലും അതുണര്‍ത്തുന്നത്‌ ഒരേ മുഖമാവുകയും അതല്ലാതെ മറ്റൊരു മുഖത്തെ പൊലും മനസ്സില്‍ തെളിയിക്കാനാവാതെ വരുകയും ചെയ്യുമ്പോല്‍ അത്‌ ആ കഥയുടെ ഹൃസ്വായുസ്സിനെ സൂചിപ്പിക്കുന്നു. അങ്ങനെയുള്ള കഥകള്‍ക്ക്‌ വര്‍ത്തമാന കാല പ്രാധാന്യത്തിനപ്പുറം കാലാനുവര്‍ത്തിയാവാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

കഥാപാത്രങ്ങള്‍ ഒരാളെ മാത്രം എല്ലാ വായനക്കാരെയും ഓര്‍മിപ്പ്പിക്കുമ്പോള്‍ അത്‌ ബിംബാത്മക രചനയല്ല എന്ന് പറയേണ്ടി വരും. ബിംബാത്മകമല്ലാതെ പ്രത്യക്ഷമായി കാലത്തെ പറയുന്നത്‌ കഥയല്ല, ചരിത്രമാണ്‌. ചരിത്രത്തിലും പഠനത്തിലും ബുദ്ധിയുടേയും ബൌദ്ധികതയുടേയും അളവാണ്‌ കൂടുതല്‍, കഥയില്‍ ഭാവനയുടെ അളവും.

ഭാവനാംശത്തെക്കാള്‍ ബൌദ്ധികാംശം കഥകളില്‍ കൂടുതലാവുമ്പോള്‍ കഥയുടെ രണ്ടാംവായന കഥാ വായനയുടെ രസം നല്‍കുകയില്ലെന്ന് മാത്രമല്ല ചരിത്ര വായനയുടെ അല്ലെങ്കില്‍ ലേഖന വായനയെ പോലെ ചിന്ത കളെ ഉണര്‍ത്തുന്നു.
പ്രത്യക്ഷമായി വര്‍ത്തമാന കാലാനുഭവങ്ങളെ പറയാതെ തന്നെ വര്‍ത്തമാന ജീവിത വ്യഥകളേയും പ്രതിസന്ധികളേയും എങ്ങനെ ചിത്രീകരിക്കാം എന്നതിന്‌ മലയാളത്തില്‍ വന്ന കഥകളിലെ ഏറ്റവും നല്ല ഉദാഹരണമാണ്‌ യുപി ജയരാജിന്റെ "മഞ്ഞ്‌" എന്ന കഥ.
പൊതു വായനയില്‍ കഥയുടെ ഒഴുക്കും നാടകീയതയും കിട്ടുന്ന ആ കഥ അടിയന്താരാവസ്ഥയുടെ പശ്ചാതലത്തിലെഴുതിയാതാണെന്ന ബോധത്തില്‍ വായിക്കുമ്പോഴാണ്‌ അതിലെ രാഷ്‌ട്രീയവും പ്രതിരോധവും വായനക്കാരനു മനസ്സിലാവുന്നത്‌.ആ കഥയില്‍ ഭാവന ചിന്തകളെക്കാള്‍ കൂടുതലുള്ളതി കൊണ്ട്‌ അല്ലെങ്കില്‍ അത്‌ പൂര്‍ണ്ണമായും മസ്തിഷ്ക രചനയല്ലാത്തതു കൊണ്ട്‌ ഇന്നും വായനക്കാരന്‌ ആസ്വാദ്യമാവുന്നു.ബിംബങ്ങളെ കഥാകാരന്‍ സൂക്ഷമമായി ഉപയോഗിക്കുമ്പോല്‍ അവ കാലാനുവര്‍ത്തിയാവുന്നതെങ്ങനെ എന്നതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ ജോര്‍ജ്‌ ഓര്‍വെലിന്റെ "അനിമല്‍ ഫാം" എന്ന നോവല്‍. രണ്ടോ മൂന്നോ തലമുറകള്‍ക്ക്‌ മുമ്പെഴുതിയ ആ നോവല്‍ ഇന്നത്തെ കാലത്തോടും നിഷ്‌പ്രയാസമായി സംവദിക്കുന്നു.

ചിന്തകളില്‍ നിന്നും മസ്തിഷ്കത്തില്‍ നിന്നും രൂപം കൊണ്ട കഥ വര്‍ത്തമാന കാലത്തിലെ നല്ല പ്രതിരൊധമോ ജീവിതത്തെ പകര്‍ത്തലോ ആയേക്കാം, പക്ഷേ അവക്ക്‌ കാലത്തെ അതിജയിക്കാനാവില്ല. കഥ കാലാനുവര്‍ത്തിയാകുന്നത്‌ അവയുടെ രൂപപ്പെടല്‍ ആത്മാവില്‍ നിന്നാവുമ്പോഴാണ്‌.

19 comments:

ശെഫി said...

കഥ എന്തായിരിക്കണം എങ്ങനെ ആയിരിക്കണം?
എന്റെ ചിന്തകളിലും നിരീക്ഷണങ്ങളിലും തോന്നിയ കാര്യങ്ങള്‍ ചര്‍ച്ചക്കായി വെക്കുന്നു.

ബാജി ഓടംവേലി said...

കഥയേക്കുറിച്ചുള്ള ചിന്ത നന്നായിരിക്കുന്നു
കഥയെ ഒരിടത്തുതന്നെ കെട്ടിയിടണമെന്ന് നിര്‍ബ്ബന്ധം പിടിക്കരുത്. അഴിച്ചു വിട്ടേക്കുക മേഞ്ഞു നടന്ന് തിന്ന് വളരട്ടെ

ശ്രീ said...

:)

സു | Su said...

:) ഇനിയും ഇതുപോലെ എഴുതൂ.

സിമി said...

ഷെഫീ,

നിരീക്ഷണങ്ങള്‍ നന്നായിട്ടുണ്ട്. എന്നാലും ബാജി പറഞ്ഞതാണ് ശരി. ഒരിടത്തും പിടിച്ച് കെട്ടിയിടാനുള്ളതല്ല കഥ. പലവഴിയേ വളരട്ടെ.

ഓര്‍വ്വെല്‍ ആനിമല്‍ ഫാം എഴുതിയത് 1945-ല്‍ ആണ്.

Manu said...

നല്ല നിരീക്ഷണങ്ങള്‍... തുടര്‍ന്നെഴുതൂ

അനിമല്‍ ഫാം പോലെ പ്രൊഫെറ്റിക് ആയ സാമൂഹ്യനിരീക്ഷണങ്ങള്‍ ആണ് ഓര്‍വെലിന്റെ 1984-ലും. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ അത് വായിക്കപ്പെട്ടത് post-perestroika മുന്‍‌വിധികളോടെയാണെന്നതു തന്നെ കാലങ്ങളിലേക്ക് കൂടുമാറാനുള്ള ആ നോവലിന്റെ കഴിവാണ് സൂചിപ്പിക്കുന്നത്.

ശെഫി said...

പ്രിയ ബാജി, താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു.
കഥയെ ഒരിടത്തു തന്നെ കെട്ടിയിടണമെന്ന് ഞാന്‍‍ പറഞ്ഞിട്ടില്ല, ചിന്തകളില്‍ നിന്നു വരുന്ന കഥകളും കഥകള്‍ ആണെന്ന് തന്നയാണ്‌ ഞാന്‍ പറഞ്ഞത് . പക്ഷെ അത് കാലത്തെ അതിജയിക്കില്ലെന്നു മാത്രം. എങ്ങനെ എഴുതണം എന്ത് എഴുതണം എന്നൊക്കെ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാരനുണ്ട്‌ എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.

അഭിപ്രായങ്ങള്‍ അറിയിച്ച സൂ , സിമി, മനു, എന്നിവര്‍ക്ക് നന്ദി, വന്നതിനും വായിച്ചതിനും ശ്രീ കൂമ്

കരീം മാഷ്‌ said...

ലേഖനം നന്നായി.
കഥയെന്താണു എന്നതിനൊരു നിര്‍വചനമില്ലന്നാണു കേട്ടിട്ടുള്ളത്‌.
ബാങ്കിന്റെ നിര്‍വ്വചനം പറയുമ്പോള്‍ എന്താണോ ഒരു ബാങ്ക്‌ നിര്‍വ്വഹിക്കുന്നത്‌, അതിനെ ബാങ്കെന്നു പറയുന്നു എന്ന ഒരഴകൊഴമ്പന്‍ നിര്‍വ്വചനം കേട്ടിട്ടുണ്ട്‌. അതുപോലെ തന്നെ കഥയുടെ അസല്‍ നിര്‍വ്വചനവും.

മുരളി മേനോന്‍ (Murali Menon) said...

കഥ വായിച്ചവനു മനോജ്ഞമായ് തോന്നുതാണു കാര്യം എന്റെ സ്നേഹിതാ... ബാക്കിയൊക്കെ നമ്മള്‍ പടിഞ്ഞാറന്‍ നിരൂപണ സിദ്ധാന്തത്തിന്റെ മറപറ്റി തോണ്ടിയെടുത്ത് നിരത്തുന്ന കുറേ പദങ്ങളാണ്. താങ്കള്‍ പറഞ്ഞ ഒരു കാര്യം സത്യം. കാലാനുവര്‍ത്തിയാവാന്‍ കഴിയുന്നത് കഥയുടേയും കഥാകൃത്തിന്റേയും മേന്മ തന്നെയാണ്. എം.പി.നാരായണപിള്ള ഒരിക്കല്‍ പറഞ്ഞു, കലണ്ടറിന്റെ താളുകള്‍ മറിയുമ്പോഴും പണ്ടത്തെ കഥകള്‍ ആളുകള്‍ വായിക്കുന്നുണ്ടെങ്കില്‍ വിജയിച്ചുടോ എന്ന്.

പണ്ട് ഇ.എം.എസ് പറഞ്ഞു, പ്രസ്ഥാനത്തിലൂന്നാത്ത അല്ലെങ്കില്‍ തൊഴിലാളികളെ പരാമര്‍ശിക്കാത്ത, പ്രത്യയശാസ്ത്രത്തെ ഒഴിച്ചുനിര്‍ത്തിയതൊന്നും സാഹിത്യമല്ലെന്ന്... അന്ന് കോവിലനും, ഓ വി വിജയനും ഓടിപ്പോന്നു. പിന്നീട് അദ്ദേഹം തന്നെ അത് തിരുത്തി.
അപ്പോള്‍ ബാജി പറഞ്ഞതുപോലെ കഥയെ ഒരു നിശ്ചിത അളവുകോലൊന്നും വെച്ച് മുറിക്കണ്ട മാഷേ. ഓരോരുത്തര്‍ ഓരോരുത്തരുടെ ജീവിച്ചു വളര്‍ന്ന, പഠിച്ചു വളര്‍ന്ന, അനുഭവിച്ചു വളര്‍ന്ന സാഹചര്യങ്ങളിലൂടെ കഥ പറഞ്ഞുപോകുന്നു. ചിലത് കാലാനുവര്‍ത്തിയാകും, അല്ലാത്തത് കൊഴിഞ്ഞുപോകും.

എന്തായാലും പടിഞ്ഞാറ്റുമുറിയില്‍ നിന്ന് പടിഞ്ഞാട്ട് നോക്കിയാല്‍ എന്തെങ്കിലും മുറിപ്പാടുകളോ അല്ലാത്ത പാടുകളോ കണ്ടെടുക്കാനായെങ്കില്‍ വായനക്കായ് നല്‍കുക. വായനക്കാരുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ?


ഭാവുകങ്ങള്‍

ക്രിസ്‌വിന്‍ said...

:)

പ്രയാസി said...

ശെഫീ..
ഇനിയും ഒരുപാടെഴുതൂ..

മന്‍സുര്‍ said...

ഷെഫി...

നല്ല വിവരണം....
ഇഷ്ടമായി....ഇങ്ങിനെയും ഒരു പാട്‌ വ്യത്യസ്ത തലങ്ങള്‍ കഥകള്‍ക്കുള്ളിലുണ്ടെന്ന അറിവ്‌ ഹരം പകരുന്നു..
ആകെ മനസ്സിലോര്‍ക്കുന്നത്‌ ഒരു കെ.എം.റോയിയെ മാത്രം...അറിഞതോ..മംഗളത്തില്‍ നിന്നും ...
ഒരുപാട്‌ നല്ല പുസ്തകങ്ങള്‍ ഒരുപാട്‌ നല്ല കഥകളെ സ്രഷ്ടിക്കുമെന്നത്‌ എത്ര വാസ്തവം....ഒരു ഇടവേളക്ക്‌ ശേഷമുള്ള പോസ്റ്റ്‌ മനോഹരമായിരിക്കുന്നു...തുടരുക.....

നന്‍മകള്‍ നേരുന്നു

മയൂര said...

നല്ല ലേഖനം...കഥ എഴുതുമ്പോള്‍ ഇതൊക്കെ ഓര്‍ക്കാറുണ്ടോ?

സഹയാത്രികന്‍ said...

ശൈഫി... നല്ല ലേഖനം..പ്രയോജനകരമാണ്...
:)

MaaaS-jed said...

Dear Shefee,
A good observation and approach on the subject.

expect more from you, in this way...

in one, skilled keeps silence someone, ridiculous voice there!!!

appreciating....

shihab

ശെഫി said...

കരീം മാഷ്‌ : ഒരു കഥാ ക്യാമ്പില്‍ ഒരു നിരൂപകന്‍ കഥയും കവിതയാണെന്ന് പക്ഷെ കഥയുടെ നിര്‍വചനം ആ ക്യാമ്പില്‍ ആരും പറഞ്ഞു കേട്ടില്ല.

മുരളി മേനോന്‍: "ഓരോരുത്തര്‍ ഓരോരുത്തരുടെ ജീവിച്ചു വളര്‍ന്ന, പഠിച്ചു വളര്‍ന്ന, അനുഭവിച്ചു വളര്‍ന്ന സാഹചര്യങ്ങളിലൂടെ കഥ പറഞ്ഞുപോകുന്നു. ചിലത് കാലാനുവര്‍ത്തിയാകും, അല്ലാത്തത് കൊഴിഞ്ഞുപോകും"
കൊഴിഞ്ചു പോകുന്നത് എന്ത് കൊണ്ടു എന്നതിന് എന്റെ ഒരു നിരീക്ഷണം ഞാന്‍ ഇവിടെ പറയാന്‍ ശ്രമിച്ചു. അത്രമാത്രം.

നന്ദി ക്രിസ്വിന്‍, പ്രയാസി, മന്‍സൂര്‍, സഹയാത്രികന്‍, ശിഹാബ്,
മയൂര ചോദിച്ചതെന്ത് എന്ന് മനസ്സിലാവുന്നുണ്ട്, കഥ എഴുതുമ്പോള്‍ ഇവ മനസ്സില്‍ വരാറുണ്ട് പക്ഷെ ഇത്തരത്തില്‍ എഴുതനമെങ്ങില്‍ പ്രതിഭ കൂടി ആവശ്യമാണ്‌.
അതിന്റെ കുരവുള്ളത് കൊണ്ടു അങ്ങനെ എഴുതാന്‍ സാധിക്കരില്ലെന്നു മാത്രം.

നജൂസ്‌ said...

നല്ല നിരീക്ഷണം.
പഠനവിധെയമാക്കെണ്ടതണ്‍.

bhoomiputhri said...

ചറ്ച്ചക്കായി വീണ്ടും വരാം
ശെഫി

അലി said...

ശെഫി..
നന്നായിട്ടുണ്ട് നിരീക്ഷണങ്ങള്‍...
ജീവിതത്തിന്റെ തൊലിപ്പുറത്തുമാത്രം സ്പര്‍ശിച്ചുകടന്നുപോവുന്ന കഥകള്‍ അല്‍പ്പായുസ്സുകളാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്.

അഭിനന്ദനങ്ങള്‍!