May 27, 2008

സംശയങ്ങള്‍.

കുളിച്ച്‌
തുളസിക്കതിര്‍ ചൂടി,
പട്ടു പാവാടയുമുടുത്ത്‌
വരുന്ന
വെളുത്ത്‌ മെലിഞ്ഞ
ഒന്നാം ബെഞ്ചില്‍
ഒന്നാമതിരിക്കുന്ന
ആ ശാലീന സുന്ദരി
കടക്കെണ്ണിട്ട്‌
ആഭ്യജാത്ത്യമായി
ഒരു നോട്ടം
എറിയുമ്പോള്‍
എനിക്ക്‌
പുളകവും
അഭിമാനവും
തോന്നുന്നത്‌
എന്തു കൊണ്ട്‌?

****
കുളിച്ച്‌
തുളസിക്കതിര്‍ ചൂടി,
പട്ടു പാവാടയുമുടുത്ത്‌
സുന്ദരി ചമയാന്‍
നോക്കുന്ന,
കറുത്ത്‌, തടിച്ച്‌
പല്ലുന്തിയ
ഒന്നാം ബെഞ്ചില്‍
രണ്ടാമതിരിക്കുന്ന
ആ കുലട
കടക്കണ്ണിട്ട്‌
വശീകരണ
നോട്ടം
എറിയുമ്പോള്‍
എനിക്ക്‌
ഓക്കാനം വരുന്നത്‌
എന്തു കൊണ്ട്‌?

May 17, 2008

സഹീറാ തങ്ങള്‍: ഈയിടെ ശ്രദ്ധിച്ച എഴുത്തുകാരി.

സഹീറാ തങ്ങളെ ഞാന്‍ അധികമൊന്നും വായിച്ചിട്ടില്ല.ആനുകാലികങ്ങളില്‍ അവരെഴുതിയിരുന്ന ചില കഥകളും കവിതകളും വായിച്ചിരുന്നു എന്നതിലപ്പുറം പുസ്തകരൂപത്തില്‍ അവരുടെ എഴുത്തൊന്നും ഞാന്‍ വായിച്ചിട്ടേ ഇല്ല.പുസ്തക രൂപത്തില്‍ അവരുടേതായി എത്ര കൃതികള്‍ ഉണ്ടെന്നും അറിയില്ല. എനിക്കറിയവുന്നതായി റാബിയ എന്ന നോവലും ഞനെന്ന ഒറ്റ വര എന്ന കവിതാ സമാഹാരവും.

മാധ്യമം വാര്‍ഷികപതിപ്പില്‍ വന്ന റാബിയ എന്ന നോവലാണ്‌ അവര്‍ മലയാള എഴുത്തില്‍ നിര്‍ണ്ണയിക്കുന്ന ഇടവും ആശയവും അതിലൂടെ അവരുടെ എഴുത്തുകളിലേക്കും എന്നെ ശ്രദ്ധിപ്പിച്ചത്‌.

മലയാള ഭാഷാ ലോകത്ത്‌ മുസ്ലിം സാമൂഹിക ഇടങ്ങളേയും ജീവിതത്തേയും പ്രതിനിധീകരിക്കാന്‍ ഒത്തിരി പ്രതിഭാധനരായ എഴുത്തുകാര്‍ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ മുസ്ലിം സ്ത്രികളില്‍ നിന്ന് അവരുടെ സാമൂഹിക ജീവിതത്തെ കുറിച്ചെഴുതാന്‍ എഴുത്തുകാരികള്‍ അധികമൊന്നും ഉണ്ടായിരുന്നില്ല എന്നതാണ്‌ വാസ്തവം.ഒരു ബി,എം സുഹറയെയോ മറ്റോ ചൂണ്ടിക്കാണിക്കാനാവും

സ്ത്രീപ്രതിരോധങ്ങളെ ശക്തമായ കഥാപാത്രങ്ങളിലൂടെ ആണും പെണ്ണുമായ മലയാള എഴുത്തുകാര്‍ ചിത്രീകരിച്ചിട്ടുണ്ട്‌.സിതാരയുടെ അഗ്നിയിലെ പ്രിയ.അബു ഇരിങ്ങാട്ടിരിയുടെ ഭീകരജന്തുവിലെ കാഞ്ചനയൊക്കെയും ശക്തമായ സ്ത്രീപ്രതിരോധ കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ അവയൊന്നും നേര്‍ക്കുനേരെ വ്യവസ്ഥിതിയോട്‌ കലഹിക്കുന്നവരോ ഒരു സമൂഹിക വ്യവസ്ഥിതി നിര്‍ണ്ണയിക്കുന്ന സ്ത്രീക്കുമേലുള്ള അധീഷത്തെ പ്രതിരോധിക്കുന്നവയോ ആയിരുന്നില്ല.റാബിയ സൃഷ്ടിക്കുന്ന പ്രതിരോധം വ്യത്യസ്ഥമാവുന്നത്‌ അതുകൊണ്ടാണ്‌. ലളിതാംബിക അന്തര്‍ജനത്തിന്റെയൊക്കെ കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നിരിക്കെ തന്നെയും റാബിയ നിര്‍ണ്ണയിക്കുന്നത്‌ ഇസ്ലാമിക സ്ത്രീപക്ഷം എന്ന ഇസ്ലാമിക്‌ ഫെമിനിസം എന്ന മലയാളികള്‍ക്ക്‌ അത്രയൊന്നും പരിചയമ്മില്ലത്ത പുതിയൊരു ചിന്തയും ആശയവുമാണ്‌.
കഥയുടെ അവസാനം റാബിയയുടെ പെണ്‍കുഞ്ഞിനെ നാമത്തെ കുറിച്ച്‌ റാബിയ തന്നെ പറയുന്നുണ്ട്‌. "അവളുടെ പേര്‍ ഇബറാബിയ.അവള്‍ക്ക്‌ ഉമ്മയുണ്ട്‌. ഇബ എന്ന അവളുടെ പേരിന്റെ കൂടെ ചേരാന്‍ റാബിയ എന്ന അവളുടെ ഉമ്മയുടെ പേരിനാണു ഉപ്പയുടെ പേരിനേക്കാള്‍ യോഗ്യത.".
ഉമ്മയുടെ പേര്‍ റാബിയ എന്നും കുഞ്ഞിന്റെ പേര്‍ ഇബറാബിയ എന്നും അറിയുന്ന അനുവാചകന്‌ എന്തു കൊണ്ട്‌ അങ്ങനെ ആ പേര്‍ വന്നു എന്ന് സ്വയം ചിന്തക്ക്‌ വിടാതെ കഥയില്‍ റാബിയയെ കൊണ്ട്‌ അങ്ങനെ പറയിപ്പിക്കുന്നത്‌ കഥയില്‍ കാര്യങ്ങളെ വസ്തുനിഷ്ട്‌മായി പറയുന്ന ലേഖന വിരസത നല്‍കുന്നുവെങ്കിലും ആ ഒരൊറ്റ വാചകം കഥ നിര്‍ണ്ണയിക്കുന്ന ഇടവും എഴുത്തുകാരിയുടേ ആശയവും വ്യക്തമാക്കുന്നു.

ഇസ്ലാം അനുവദിക്കുന്ന സ്വാതന്ത്ര്യം മുസ്ലിം സ്ത്രീകള്‍ക്ക്‌ അന്യമായി പോവുന്നതെങ്ങനെയെന്ന് ആ സമൂഹിക ചുറ്റുപാടില്‍ നിന്നുള്ള അനുഭവങ്ങളില്‍ നിന്ന് കുറച്ചൊക്കെ അതിശയോക്തി കലര്‍ത്തിയാണെങ്കിലും (നോവലിലെ ഒരു സ്ത്രീകഥാപാത്രം പോലും സംതൃപതയല്ല) നന്നായി ചിത്രീകരിക്കാന്‍ സഹീറക്കായിരിക്കുന്നു. സ്ത്രീകളാല്‍ അത്രയൊന്നും എഴുതപ്പെടാത്ത ആ സാമൂഹിക ചുറ്റുപാടില്‍ നിന്നും ഈയൊരു ചിന്താ ആശയത്തില്‍ നിന്നു കൊണ്ടും ഈ എഴുത്തുകാരിക്ക്‌ ഒത്തിരി ചെയ്യാനാവും എന്ന പ്രതീക്ഷ അവരുടെ എഴുത്തിലേക്ക്‌ ശ്രദ്ധിക്കുന്നവനാക്കുന്നു