Apr 28, 2007

സദാചാരത്തിന്റെ കുപ്പായം - കവിത

സദാചാരത്തിന്റെ
കുപ്പായം
കനം കൂടിയതാണ്‌.
പക്ഷേ..
അത്‌ മെനഞ്ഞ
നൂലിഴകള്‍
മൃദുലവും
നേര്‍ത്തതുമാണ്‌.

മൃദുവായി ആരെങ്കിലും
ഒന്ന് തൊടുമ്പോഴേക്കും
ഈ നൂലിഴകള്‍
പിഞ്ഞിപ്പോകുന്നു.

ചെറുതായൊന്ന്പിഞ്ഞിയാല്‍ പൊലും
ആളുകള്‍
വല്ലാതെ പരിഹസിച്ചേക്കും.

സൂക്ഷ്മ നോട്ടത്തിലും
മറയത്തക്കം
അരികുകള്‍ തുന്നിയ
പോറലുകള്
‍പരിഹസിക്കുന്നവര്‍ക്കിടയിലെ
ചില കുപ്പായങ്ങളിലും കാണും.

ആ തുന്നലിന്റെ കല
പക്ഷെ നിനക്കറിയില്ലല്ലോ.

വര്‍ണ്ണാഭമായ
നിറങ്ങള്‍ പൂശിയ
വലിയ പോറലുകളുംചി
ലരിലുണ്ടാവും
പരിഹസിക്കരുത്‌.
പുതിയ ഫാഷനറിയാത്ത
പഴഞ്ചനാണ്‌
നീയെന്നവര്
‍പുഛിച്ചേക്കും.

രാജാവിന്റെ ചായം
പൂശിയ
കുപ്പായത്തിലെ
കീറലില്‍ കൂടി
നഗ്നത വെളിവകുന്നുണ്ടാവും
വിളിച്ച്‌ കൂവാന്‍
നിനക്കാവില്ല.
നിന്റെ കുട്ടിത്തം
എന്നേ കഴിഞ്ഞിരിക്കുന്നുവല്ലോ?..

Apr 22, 2007

ഹൃദയത്തെ ഊതികാച്ചുന്നത്‌

ഹൃദയം ചുട്ടു പൊള്ളുകയും
നെഞ്ചെരിയുകയും
ചെയ്യുമ്പോള്‍
സ്നേഹം കൊണ്ട്‌ പകര്‍ന്നെടുക്കാതെ,
പരിദേവനം കൊണ്ട്‌
ചൂട്‌ പടര്‍ത്തുന്നതെന്തിനാവാം?
നീറി പുകയുന്ന നെഞ്ചിനെ
ചുംബനം കൊണ്ട്‌ തണുപ്പിക്കാതെ,
കണ്ണീരൊഴിച്ച്‌ കത്തിച്ചെടുക്കുന്നതെന്തിനാവാം?
ഒരു പക്ഷേ
എരിതീയിലിട്ട്‌
ഊതികാച്ചി
ഹൃദയത്തിന്റെ
മാറ്റ്‌ കൂട്ടാന്‍
അവര്‍ക്കറിയുമായിരിക്കാം

Apr 18, 2007

ചിന്താ വിഷയം - കേരളീയര്‍ക്ക്‌ ധെര്യം കൂടുന്നുവോ?

കേരളീയര്‍ക്ക്‌ ധെര്യം കൂടുന്നുവോ?

ജീവിച്ചു കൊണ്ടിരിക്കുന്നതിനേക്കാള്‍ ധൈര്യം വേണം ആത്മഹത്യ ചെയ്യാന്‍.
പണ്ടാരോ പറഞ്ഞു വെച്ചതാണ്‌.
സത്യം തന്നെയാണെന്ന് എനിക്കും തോന്നുന്നു.
നിസ്സാരമായ സാമ്പത്തിക പ്രശ്നങ്ങളെ, പ്രണയ നൈരശ്യത്തെ ,രോഗത്തെ ഒക്കെ ഭയന്ന് അതിനെക്കാളൊക്കെ ഭീകരമായ മരണത്തെ പുല്‍കുന്നത്‌ ഒരു മാതിരി ആസ്തേലിയായോട്‌ ജയിച്ച സൌത്ത്‌ ആഫ്രിക്ക ബംഗ്ലാദേശിനോട്‌ തോല്‍ക്കുമ്പോലെയാണ്‌.
ഏതായാലും മലയാളിക്കഭിമാനിക്കാം മദ്യത്തിന്റെ ഉപയോഗത്തില്‍ ആത്മഹത്യാ നിരക്കില്‍ സാക്ഷരതാ നിരക്കില്‍ കേരളീയര്‍ ദേശീയ ശരാശരിയെക്കാല്‍ ബഹുദൂരം മുന്നിലാണ്‌.
ആത്മഹത്യ കൂടിയതു കൊണ്ട്‌ ധൈര്യത്തിനെ കാര്യത്തിലും............