Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Aug 20, 2009

കണ്ണാ‍ടി - ആതമ കവിത

കണ്ണാടിക്കുള്ളിൽ
ഉടൽ
ഉടയുകയാണെപ്പോഴും
എത്രയണിണൊരുങ്ങിയാലും
ചമയങ്ങളൊന്നും
കാണാനാവുന്നില്ല
നഗനത,
വെറും നഗനത
തൊലിയും മാംസവും
തുളഞ്ഞ്
ഹൃദയം
വെളിവാകുന്ന
അറപ്പുളവാക്കുന്ന
നഗനത.

Jun 26, 2009

TO : ഉപ്പ@ഗൾഫ്

മൂസായുടെ വടി കളഞ്ഞു
കിട്ടുകയാണെങ്കിൽ
കൂട്ടായി കടപ്പുറത്തൂന്ന്
ജിദ്ദ തീരത്തേക്ക്
ഒരിടവഴി പണിയൂ

അച്ചപ്പവും ഹൽ‌വയും
പൊന്നും അത്തറും
സ്നേഹവും വാത്സല്യവും
നമുക്ക് കടത്തികൊണ്ടിരിക്കാം

നൂഹിന്റെ പെട്ടകം
അവിടെയുണ്ടെങ്കിൽ
ഈ തീരത്തേക്കയക്കൂ
ആടിനേം കോഴിയേം
ഇണകളോടെയും
മാവും പ്ലാവും തൈകളായും
എക്സ്പോർട്ട് ചെയ്തു തരാം

കുരിശു പേറുന്ന
മിശിഹായെ കാണുമ്പോൾ
ചോദിക്കുക
കിനാവു പേറുന്ന
നിന്റെ കുരിശ്
പാപം പേറുന്ന
മിശിഹായുടെ
കുരിശുമായൊന്ന്
മാറിയെടുക്കാവോ എന്ന്.

Mar 31, 2009

ഒരു മാന്ദ്യ കാല കവിത

അനാഥാലയം
എന്ന വാക്കിന്
നരച്ച വെളുത്ത
നിറവും
മങ്ങിയ നീല
പശ്ചാതലവുമായിരുന്നു
മൂക്കളയുടെ മണവും
ദൈന്യത ഭാവവും

പൊടുന്നനെ
ഭൂമി തിരിഞ്
കറങ്ങുകയും
സൂര്യൻ
പടിഞ്ഞാറുദിച്ച്
കിഴക്കോട്ട്
നീങ്ങുകയും
വെളുത്ത രാത്രികളും
കറുത്ത പകലുകളും
ഉണ്ടാവുകയും
ചെയത അന്നു തൊട്ട്
അനാഥാലയത്തിന്
വർണ പ്രതലവും
തിളങ്ങുന്ന നിറവുമായി.
അവകാശങ്ങളെ
ചോദിച്ചു
വാങ്ങുന്നവന്റെ
ആജ്ഞാഭാവവും.

അന്നും
ക്ലോണിംഗിലെ
പിഴവു കൊണ്ടൊരു
മ്യൂട്ടേഷൻ വന്നു പോയ
വെളുത്ത പശുവിന്
വൈക്കോലും പുല്ലും
തിന്നിട്ടും തിന്നിട്ടും
വിശപ്പാറാഞ്ഞ്
മാംസം ഭക്ഷിച്ചു
തുടങ്ങി
എന്നിട്ടവൾ
വെളുത്ത ചാണകവും
കറുത്ത പാലും
ഉത്സർജ്ജിച്ചു.

അപ്പോഴും
അവൾക്ക്
പുറത്തിരുന്നൊരു
കാക്ക
വെളുത്ത
സംസ്കാര പുഴുക്കളെ
അവളുടെ പുറത്തു നിന്നും
കൊത്തി കൊറിച്ചു
കൊണ്ടിരുന്നു.

Mar 16, 2009

മാനം കാണാത്ത പീലി

അന്തി മദ്രസയിലേക്ക്‌
ഓടിയിറങ്ങുമ്പോഴൊക്കെയും
ടോർച്ചെടുക്കാൻ
മറന്നുപോവും.
ഗൾഫിൽ നിന്ന്‌
ഉപ്പ അയച്ച
മഞ്ഞ ശരീരവും
കറുത്ത
ബട്ടണുമുള്ള
സാന്യോ ടോർച്ചിന്
എനിക്കായ്‌
വെളിച്ചം
വിതറാനായില്ല.

ഇടവഴിയിലേക്ക്‌
തിരിയും മുമ്പ്‌
റജീന
നിപ്പോയുടെ
മൂന്ന് കട്ടയിടുന്ന
വെള്ളിക്കാൽ ടോർച്ച്‌
നീട്ടിയടിച്ചു തരും.
ടോർച്ചിന്റെ
മങ്ങിയ വെളിച്ചപ്പൊട്ട്‌
എത്ര തിരഞ്ഞാലും
കാണാനാവില്ല.

എങ്കിലും........
പുറകിൽ
ഇരുട്ടിനുമപ്പുറം
ഒരാൾ
വെളിച്ചം വീശുന്നുവല്ലോ
എന്നൊരു
ആശ്വാസപ്പെടലിൽ
വീട്ടിലേക്കോടും.

മദ്രസക്കിടയിൽ
ഇശാവാങ്ക്‌ വിളിക്കാൻ
മൊല്ലാക്ക
പള്ളിയിൽ പോകുന്നേരം
അഞ്ചും പത്തും
പൈസ പങ്കു ചേർത്ത്‌
മരക്കാർകാക്കാന്റെ
വീട്ടിൽ നിന്ന്
കൽക്കം വാങ്ങും
ആങ്കുട്ടികൾ.

ഉപ്പുചേർത്ത
പച്ചക്കുരുമുളകിനും
ചീനിക്കക്കും
ചാമ്പക്കക്കും
കൽക്കം കൊണ്ട്‌
ബാർട്ടർ വിനിമയം
തീർക്കും പെങ്കുട്ടികൾ.

ലീഡർ ആയി
പോയതുകൊണ്ടുമാത്രം
മൊല്ലാക്കയുടെ
അഭാവത്തിൽ
മുണ്ടുന്നവരുടെ
പേരെഴുതണം.
ആ നാമാവലിയിൽ
പേരു വരാതിരിക്കാൻ
പെൻസിലും
റബ്ബറും
റീഫില്ലും
കൈക്കൂലിയും
കാണിക്കയുമാകും.

എട്ടാം ക്ലാസിൽ നിന്ന്‌
പണവും പണ്ടവും
വാങ്ങാത്ത
അറബി കെട്ടിക്കൊണ്ടു
പോകുന്നതിനും
തലേയാഴ്ച
റജീന
കാണിക്ക വെച്ചത്‌
ഒരു മയിൽപ്പീലി ...
"മാനം കാണാതെ
വെച്ചേക്കണം പെറ്റുകൂട്ടുമെന്നും".

അറബി കൊണ്ടോയതിന്റെ
പിറ്റേമാസം
അവളുടെ വീട്‌ പുല്ലുമാറ്റി
ഓടുമേഞ്ഞു.
മൂന്നരയാണ്ടറുതിക്കുശേഷം
ബസ്സ്റ്റോപ്പിൽ നിന്ന്
പൊട്ടിയ പല്ലിന്റെ
കറുത്ത
പൊട്ടുമായി വെളുക്കെ
ചിരിച്ചു അവൾ.
പുറകിൽ തൂങ്ങുന്ന
മൂന്നുകിടാങ്ങൾ.
മുസായഫിന്റെ
യാസീനേടിൽ
അന്ന് വെച്ചെന്റെ
മയിൽപീലി പോലെ
പിന്നെ
ഇവളും മാനം
കണ്ടിട്ടുണ്ടാവില്ല,
പെറ്റുകൂട്ടുന്നങ്ങനെ...

മാനത്തുദിക്കുന്ന
നിലാവിന്റെ
ഇത്തിരി വെട്ടം
പോലുമില്ലാത്ത
ആ അന്ധകാരത്തിൽ
മൂന്ന് കട്ടയുടെ
വെള്ളിക്കാൽ ടോർച്ച്‌
അവൾക്കാരെങ്കിലും
നീട്ടിയടിച്ചു
കൊടുത്തിരുന്നോ എന്തോ?

Dec 16, 2008

കാഗസ് കി കഷ്ടി (കടലാസു വഞ്ചി)

എടുക്കാം
തിരിച്ചെടുക്കാം
ധനവും യശ്ശസും
തിരിച്ചെടുക്കാം
എൻ താരുണ്യവും
പറിച്ചെടുക്കാം
തരൂ പകരം തിരിച്ചു തരൂ
മഴനനയിച്ചൊരെൻ
ബാല്യ ദിനങ്ങളെ
ആ കടലാസു വഞ്ചിയും
മഴച്ചാറലും

അവൾ,ഗ്രാമീണപഴമ തൻ
അടയാളമായവൾ
അവൾ.ബാല്യങ്ങൾ
ഞങ്ങൾ
മുത്തശ്ശിയെന്നു വിളിച്ചവൾ
അവൾ,മാലാഖ തൻ ഗീതം
വാക്കുകളിലെറ്റിയോൾ
അവൾ,ദശകങ്ങൾ വദനത്തിൽ
ചുളിവായ് വരഞവൾ
ആവില്ല മായ്ചാലും
മറക്കുവാനാവില്ല
നീളുന്ന കഥയും
ചുരുങ്ങുന്ന രാത്രികളും

ആ കടലാസു തോണിയും
മഴച്ചാറലും

പോള്ളുന്ന വെയിലിൽ
കിളികളെ പിടിച്ചും
ശലഭങ്ങൾ തൻ
പിറകെ കുതിച്ചും
പാവകലാണത്തിൽ
തമ്മിൽ കലഹിച്ചും
തിരയുന്ന കണ്ണുകളിൽ
നിന്നകന്നൊളിച്ചും
കിലുകിലെ നാദം
മുഴക്കുന്ന വളകളും
വളപ്പൊട്ട് തീർത്തൊരു
മുറിവിന്റെ പാടും

കടലാസു വഞ്ചിയും
മഴച്ചാറലും

കുന്നിൻ
നെറുകയിൽ
കളിവീട് തീർത്തും.
നമ്മുടെ,
കളങ്കങ്ങളില്ലാത്ത
ആശതൻ ചിത്രവും
സ്വപ്നവുംകളിക്കോപ്പു
മാത്രമാം ജീവനും.

ദുനിയാവിൻ
ദുഖവും
ബന്ധ്ത്തിൻ
ബന്ധനവും
തീർക്കാത്തൊരാ
കാലമെത്ര മനോഹരം

Dec 6, 2008

വേശ്യ

നിസ്സഹായതയുടെ
മകൾ.
തെറിഭാഷ
തന്റേടിയാവാനുള്ള
ചമയം.
ചമയത്തിനടിയിൽ
ഭാവം ദൈന്യത.
എങ്കിലും
മനസ്സുതട്ടി
പറയും
എന്നും
തേവിട്ശ്ശി മോൻ

Nov 14, 2008

പെറ്റ വയറല്ലേ,,

പെറ്റവയറല്ലേ
ഒരു നോക്കെങ്കിലും

മാറും തലയും
വെടിയുണ്ട
പിളർത്തിയ
മയ്യത്ത്‌
കാണുന്നതിലും....!!
എന്നാലും
പെറ്റവയറല്ലേ
ഒരു നോക്കെങ്കിലും....

കാണെണ്ടന്ന്
മൊഴിഞ്ഞുപോയത്
പോയവൻ പോയി
ജീവിക്കുന്നവർ-
ക്കെങ്കിലും
എന്ന് നിനച്ചതു
കൊണ്ടല്ല,
ഭീകരരുടെ
വേലിക്കെട്ടിൽ
പെട്ടേക്കുമോ
എന്ന് ഭയം
കൊണ്ടുമല്ല

അവനെറിയുന്ന
ബോംബിൽ
കരിഞ്ഞ
ശരീരത്തിന്റെ
പെറ്റവയറിനെ
ഓർത്ത്‌


എന്നാലും
പെറ്റവയറല്ലേ
ഒരു നോക്കെങ്കിലും...

Oct 16, 2008

സാക്ഷ്യങ്ങളാണ്‌

സാക്ഷ്യങ്ങളാണ്‌
മൊഴിയാവാന്‍
വാക്കുകളില്ലാത്ത
സാക്ഷ്യങ്ങള്‍

പാതി കടിച്ച
പേരക്ക
പഴയതെങ്കിലും
തേച്ചു വെളിപ്പിച്ച
ഒരു ജോടി ഹവായ്‌

അച്ചനെയറിയാത്ത
ജന്മം നല്‍കിയപ്പോഴെ
മരിച്ച അമ്മയുടെ
ഛായയുള്ള
പിച്ച വെച്ച്‌ തുടങ്ങുന്ന കുഞ്ഞ്‌
അമ്മയുടെ ഒക്കത്ത്‌
ചാനലുകളില്‍
ലൈവാകുന്ന
പിഞ്ചു കിടാവ്‌

ചേറില്‍ പൂണ്ട്‌
കിടക്കുന്ന തലയോടിന്റെ
പടവും
സാക്ഷ്യങ്ങളാണ്‌

പടിയിറങ്ങുന്ന
ബാലികമാരുടെ
അമ്മമാരുടെ
നെഞ്ചിലേക്ക്‌
ഉന്നം പിടിച്ച
കവണകളും

Sep 24, 2008

സ്മാര്‍ത്ത വിചാരം

അവന്‍ കറുത്ത
കോട്ടിട്ട വെളുത്തവനായിരുന്നു

സാരിയണിഞ്ഞ
പൊട്ടുകുത്തിയ
“സാധനത്തിന്റെ
സാരിതുമ്പു
പിടിച്ചു കൊടുത്തത്
തലപ്പാവണിഞ്ഞ മകന്‍
കൂട്ടികൊടുത്തത്
വെളുത്ത തൊലിയുളള്ള
മരുമോളും

അതിനും പിറകില്‍
വിചാരം കാ‍ത്തു കിടന്ന
അവളുമാര്‍ പലതായിരുന്നു.
കറുത്തും വെളുത്തും മഞ്ഞച്ചും
കുര്‍ത്തയും ബുര്‍ഖയും ജീന്‍സും
ധരിച്ചവര്‍,

അവന്‍ കറുത്ത
കോട്ടിട്ട വെളുത്തവനായിരുന്നു
പൂര്‍വികന്റെ ഛായയുള്ളവൻ,

Sep 18, 2008

പടിഞ്ഞാറ്

പുഴയുടെ ഒഴുക്കെന്നും
പടിഞാറേക്കെന്ന
വിശ്വസിപ്പികലിനെ
തകരത്തത് ആറാം
ക്ലാസിലെ സ്റ്റഡുടൂറിന്റന്ന്
കാവേരി പുഴയാണ്.

നമസ്കാരം പടിഞ്ഞറേക്ക്
തിരിഞെന്നത്
പ്രവാസത്തിന്റന്ന്
അറേബ്യയ്യും

തകര്‍ക്കാനാവാ‍ത്തത്,
ഉദയയും
വെളിച്ചം വിരിയികുന്നതും
കിഴക്കെന്നും
ഉദിപ്പിച്ചതിനേയും
വെളിച്ചത്തേയും
കവരുന്നത്
പടിഞ്ഞാറെന്നുമുള്ള
വിശ്വാസം മാത്രം

Aug 13, 2008

കുടിയേറ്റ തെങ്ങുകൾ -ഒരു ദർവീശ് ഓർമ

ബാൽക്കണിയിലേക്ക്
പലയാനം ചെയത
ചെടികളെ
ഓമനിക്കുമ്പോൾ
പാതികിട്ടുന്ന
കാഴ്ചയിൽ
ഫ്ലാറ്റ് പങ്കിടുന്ന
വഹാബ്ക്കക്ക്
കവി ദർവീഷിന്റെ
ഛായയാണ്.


ബാൽക്കണിയിലെ
ചട്ടികളിലും,
ഫ്ലാറ്റിനു പിന്നിലെ
ഇടുങ്ങിയ
മുറ്റത്തെ
സിമന്റ് തറയിൽ
കുഴി കുഴിച്ചും,
അയാൾ
വെണ്ടയും
മുരിങ്ങയും നട്ട്
തോട്ടം സൃഷ്ടിക്കും
ആ തോട്ടങളിലൂടെ
ഒരു നാടിനേയും
ദർവീശ് വരികളിലെന്നപ്പോലെ.

എന്നിട്ടയാൾ
കഴിഞ അവധിക്ക്
നാട്ടിൽ പോയപ്പോൾ
നട്ട വാഴ കുലച്ചു
എന്ന് വീട്ടുകാരി
നൽകിയ
അറിവ് പങ്കു വെക്കും
ആവർത്തനമാവുന്ന
ഈ പങ്കിടൽ
ഞങളിൽ
കോട്ടുവായയെ
ഉണർത്തും
ദർവീശിന്റെ ദേശത്തെ
ആവർത്തനങളാവുന്ന
വർത്തമാനങൾ റ്റി.വി
വാർത്തയിൽ കാണുമ്പോഴെന്നപ്പോലെ.

ഉത്തരമായി
മാത്രം പറയും
ബാൽക്കണി
സിമന്റു തറത്തോട്ടങൾ
പ്രവസിക്കുന്നവനെ
പോലെയാണ്
അവ പുഷ്പിക്കുന്നത്
ആരുമറിയുന്നില്ല
അവയുടെ
ഫലങൾ
ആരു കൊത്തിപ്പറക്കുന്നു-
വെന്നും അറിയുന്നില്ല


വഹാബിന്റെ
അട്ടപെട്ടിയിൽ
ദിവസവും
പെന്നും, പെൻസിലും
പുതപ്പും വിരിപ്പും
സി.ഡിയും
ഡി.വി.ഡിയും
മൊബയിൽ ഫോണും
വന്ന് വീഴും
നിറയുമ്പോൾ
ആ പെട്ടി
വാതിൽ ചാടി
നാട്ടിലെ വീട്ടിലേക്കോടും
ദർവീശിന്റെ മനസ്സിൽ
വാക്കുകൾ
നിറയുമ്പോഴെന്ന പോലെ

തനിക്കായി
ഒരിക്കലും
പാടാത്ത
സി.ഡിയേയും
ഡി.വി.ഡിയേയും
രണ്ടു വർഷത്തിൽ
ഒരു മാസം മാത്രം
തനീക്കായ്
വിരിക്കപ്പെടുന്ന
വിരിപ്പിനേയും
പുതപ്പിനേയും
കുറിച്ച് ചൊദിച്ചാൽ
അയാൾ വർഷങളായി
നട്ടു നനച്ച് വളർത്തിയ
മുറ്റത്തെ വിളർത്ത
തെങിലേക്ക് ചൂണ്ടും
വഹാബ്
ഏകാന്തനായ ഒരു
കുടിയേറ്റ തെങ്ങ്

Aug 9, 2008

ഭാര്യയെ ബലാത്സംഗം ചെയ്യുന്നത്‌

സീറോ വാട്ടിന്റെ
മങ്ങിയ വെളിച്ചത്തിൽ
മത്തിച്ചൂര്‌
നടന്നടുത്ത് വരുമ്പോൾ


സമ്മാനിച്ച
പുടവകളൊക്കെയും
വിരുന്നെറങ്ങാനായി
വൃത്തിയായി മടക്കി
പൂട്ടി വെച്ച്‌
പിഞ്ഞിയ അഴുകിയ
പഴയ നൈറ്റിയിട്ട്‌
വരുമ്പോൾ.

നൈറ്റിയിലെ
മഞ്ഞളിന്റെ
കറയും
ചട്ടിയുടെ
കരിപ്പാടും
അറപ്പുളവാക്കുമ്പോൾ

വയറിലേക്ക്‌
ചലിപ്പിച്ച
കയ്യിലേക്ക്‌
തണുപ്പ്‌
അരിച്ചു
കേറുമ്പോൾ

മാറുകൾക്കിടയിലേക്ക്‌
കയ്യെത്തുമ്പോൾ
വിറകു കൊള്ളിയെ-
പോൽ മൃതവും
മൃദുല രഹിതവുമാണെന്ന
തോന്നലിൽ
ഊർജ്ജം ചോർന്നൊലിച്ച്‌
വാടി തുടങ്ങുമ്പോൾ

അമ്മ കാണെരുതെന്ന്
കരുതി
കൂട്ടുകാരന്റെ
പേരെഴുതിയ
കവറിൽ പൊതിഞ്ഞ്‌
സമ്മാനിച്ച
ഹെയർ റിമൂവർ
വടക്കേ പറമ്പിലെ
പൊട്ടകിണറിലേക്കെ-
ങാനും ഓടി പോയോ
എന്ന് സന്ദേഹപ്പെടുമ്പോൾ

കൂടെ തൊഴിലെടുക്കുന്ന
"ജെയിംസ്‌ റ്റെ"യുടേ
അമ്പതഞ്ച്‌ കഴിഞ്ഞ
ഭാര്യ ഉയർന്ന ഹീലിൽ
ലിപ്സ്റ്റിക്കിട്ട്‌
മുഖം മിനുക്കി
പെണ്ണാണെന്ന്
വിളിച്ച്‌ പറഞ്ഞ്‌
നടന്ന് വരുന്നത്‌
അറിയാതെ ഓർത്ത്‌
പോവുമ്പോൾ

അവധിദിനങ്ങൾ
ചോർന്നൊലിക്കുകയാണല്ലോ
എന്ന വേവലാതിയിൽ
ഒരു നിശ്വാസം കൊണ്ട്‌
പോലും പ്രതികരിക്കാത്ത
ശരീരത്തേക്ക്‌
മദിച്ച്‌ കയറുമ്പോൾ

25 ഡോളർ വില
കൊടുത്തു വാങ്ങിയ
ഭോഗത്തെക്കാൾ
കുറ്റബോധം
നിറയുക തന്നെയാണ്‌
ഭാര്യയെ ബലാത്സംഗം
ചെയ്ത്‌ പോവുകയാണ്‌.

Jul 27, 2008

ചെതലിമലയിലെ കല്ല്

ചെതലി മലയില്‍
നിന്നൊരാള്‍
ഒരു കല്ലുരുട്ടി വിട്ടു

ദശാബ്ദങ്ങള്‍
കഴിഞ്ഞിട്ടും
അത്‌
കാലത്തിനു
മീതേകൂടി
ഉരുണ്ടു കൊണ്ടേയിരിക്കുന്നു

കാലില്‍
കല്ലുകേറി
ചലന ശേഷി
നഷിച്ച
പുരാതന
യൌവ്വനങ്ങള്‍
കല്ലിനെ
കുറിച്ച്‌
പേര്‍ത്തും പേര്‍ത്തും
പറഞ്ഞ്‌ ഊറ്റം കൊള്ളുന്നു.

ഇന്നലത്തെ
യുവാക്കളുടെ
മുതുകിലൂടെ
ഉരുണ്ട കല്ല്
അതിന്റെ
പ്രതിരൂപം
അവിടെ ഒരു
മുഴയായി
സൃഷ്ടിച്ചു.
അവര്‍ മുതുകിലെ
മുഴയുടെ ഭാരം പേറി
വളഞ്ഞു കുത്തി
നടന്നു കൊണ്ടിരിക്കുന്നു.

കല്ലിടി കൊള്ളാതെ
കുതറി മാറിയ
ഇന്നത്തെ യുവാക്കളെ
ഇരു കൂട്ടരും
ചെതലി കല്ല്
കൊള്ളാത്ത
മണ്ണുണ്ണികള്‍
എന്ന് പരിഹസിച്ചു.

ഇനി നാളത്തെ
യുവാക്കളുടെ
മുഖത്തെങ്ങാന്‍
ചെതലി കല്ലിടിച്ച്‌
തല തിരിഞ്ഞ്‌
മുന്നോട്ട്‌ നോക്കാനാവാതെ
പിന്‍കാഴ്ചകള്‍
മാത്രം കാണുന്നവരായി
അവരെങ്ങാന്‍
മാറിപോവുമോ ദൈവമേ!!
അവരെ കാത്തോളണേ!!!

Jul 22, 2008

മഹ്സൂസ്

ഈഫലിന്റെ ഉയരം,
സിനിംഫ്സിന്റെ
ഭീകര രൂപം,
ചെരിഞ്ഞ
ഗോപുരത്തില്‍
ചാരി നിന്നത്‌,
നയാഗ്രക്കും
സ്വാതന്ത്ര പ്രതിമക്കും
മുന്‍പില്‍ ഫോട്ടോക്ക്‌
പോസ്‌ ചെയ്തത്‌,
താജ്‌ മഹലിന്റെ
മായിക സൌന്ദര്യം,
ലിബിയായിലെ
മരുഭൂവുകള്‍,
ആഫ്രിക്കന്‍ കാടുകള്‍,
നേപ്പാളിലെ തണുപ്പ്‌,
അറേബ്യായിലെ ചൂട്‌,
കവിയേ പോലെ
വര്‍ണ്ണിച്ചു പറയാനറിയാം
സമീര്‍ ഖാലിദിന്‌.
ഇളം തണുപ്പുള്ള
അവന്റെ
പുതിയ ലെക്സസ് LS-430 യിലിരുന്ന്
അടുത്ത അവധിക്ക്‌
കാണാന്‍ പോവുന്ന
ലാറ്റിനമേരിക്കയെ
കുറിച്ച്‌ വാചാലനായപ്പോള്‍
പറഞ്ഞു പോയി
ഖാലിദ്‌ നീ ഭാഗ്യവാന്‍

ഓടുന്ന വണ്ടി
ഓരത്തെ കെ ഫ്‌ സിക്ക്‌
മുന്‍പില്‍ പാര്‍ക്ക്‌ ചെയ്ത്‌
അവന്‍ പറഞ്ഞു
അങ്ങ്‌ ഗസ്സയില്‍
പാതി പൊളിഞ്ഞ
ഒരു വീടും
അതിനടുത്തൊരു
പല്ലു മുളക്കും മുൻപേ
ശഹീദായ ഒരു
അഖുവിന്റെ
ഖബറുമുണ്ട്‌
അവിടം
ഒരു സിയാറത്തിന്‌
ഞാന്‍ പോവുന്ന
കാലം നിനക്കെന്നോട്
പറയാം
"ഖാലിദ് ഇൻ‌ത മഹ്സൂസ്"

അപ്പോള്‍
തുഷാരത്തുള്ളിയില്‍
വെയിലേറ്റെന്നപ്പോല്‍
അവന്റെ കണ്ണുകള്‍
തിളങ്ങിയിരുന്നു.

പാര്‍ക്കു ചെയ്തില്ലെ
ഇനി ഒരു കെ.ഫ്‌.സി
കഴിച്ചിട്ടു പോവാം


സിയാറത്ത് - സന്ദർശനം
അഖു- സഹോദരൻ,
മെഹ്സൂസ് –ഭാഗ്യവൻ

Jul 19, 2008

>2015

ഒരു മില്ലി വിഷത്ത്നു
2500 ക
അതുണ്ടെങ്കിൽ
വിഷം വാങ്ങണമായിരുന്നോ?

ഒരു മുഴം കയറ്
കിട്ടനേയില്ല
12 മുഴത്തിലെ
ഇപ്പോ ബ്രാഡുകൾ വരുന്നുള്ളൂ‍
വില കുറഞതുണ്ട്
പക്ഷേ ആർക്കു വേണം
ചൈനാ മെയ്ഡ്

പിന്നെ ഒറ്റ വഴിയേയുള്ളൂ
അതു ചെയാം
ഛായ്, സർക്കാറ്
ട്രെയിനുനു മുന്നിൽ
മാനം കളയുന്നതിനെക്കാൾ
നല്ലത്
ആത്മയത്യ ചെയ്യുന്നതാ..

Jun 7, 2008

തിരക്കഥ

ചുരുണ്ട തലമുടിയുള്ള
രണ്ട്‌ കറുത്ത കുഞ്ഞുങ്ങള്‍
തെരുവോരത്ത്‌
ആക്രോഷിച്ച്‌
അടിപിടി കൂടുന്നു.
അതേ മൂശയിലെ
വാര്‍ക്കപ്പെട്ടൊരു
വല്യുമ്മ
കുമാമ* പെട്ടിയില്‍
തലതാഴ്‌ത്തി
ഒഴിഞ്ഞ പെപ്സി
ടിന്നുകള്‍ തിരയുന്നു.

ഏഴാം നിലയിലെക്ക്‌
കയറിപ്പോവുന്ന
ഗോവണിയിലെ
പടികളിലൊന്നിലിരുന്ന്
ചുമലിലെ
കുടിവെള്ള ബോട്ടിലിന്റെ
ഭാരം ഇറക്കി
നെഞ്ചത്ത കൈവെച്ച്‌
വിയര്‍ക്കുന്ന
ഒരു ഓഫീസ്‌ ബോയ്‌.

ജനാലയിലൂടെ
തെരുവിലേക്കുള്ള ഷോട്ടില്‍
N.95 ല്‍
ഇംഗ്ലീഷ്‌ കലര്‍ന്ന
അറബിയില്‍
സംസാരിക്കുന്ന
ഇന്തോനേഷി ഗദ്ദാമ*

ഓര്‍ഡര്‍ ചെയ്ത്‌
ഡോമിനൊസ്സ്‌ പിസ്സയുടെ
ഡെലിവെറി
വൈകിയതിന്‌
ഓഫീസ്‌ സെക്രട്ടറിയോട്‌
കയര്‍ക്കുന്ന
പശ്ചാത്തല ശബ്ദം
കോസപ്പില്‍
സെക്രട്ടറിയുടെ മുഖം

മുന്‍പില്‍ നിര്‍ത്തിയിട്ട
മാനേജരുടെ
ലെകസസ്‌ കാറില്‍
അക്ഷരങ്ങളെഴുതി
പഠിക്കുന്ന കുട്ടികള്‍
പശ്ചാതലത്തില്‍
അസര്‍ വാങ്കിന്റെ ധ്വനി


തിരിയുന്ന കസേരയില്‍
ഇരിക്കുന്ന
"മുതലാളിത്ത്വത്തിന്‌"
മയക്കം വന്നതപ്പോഴാണ്‌
ആ ലോംഗ്‌ ഷോട്ടാവട്ടെ
ക്ലൈമാക്സ്‌
---------------
കുമാമ = ചവര്‍, വേസ്റ്റ്‌

ഗദ്ദാമ = വീട്ടു ജോലിക്കാരി

Jun 4, 2008

@ എയര്‍പോര്‍ട്ട്‌....

ചുവന്ന വാലുള്ള
വെളുത്ത പുഷ്‌പക
വിമാനത്തില്‍
രാമന്മാരെ
രാഞ്ചി പറക്കുന്ന
രാവണ വിധികളെ
കാണുമ്പോഴും

പിന്നോട്ടായുന്ന
മനസ്സും കണ്ണുകളുമായി
അവര്‍ മുന്നോട്ട്‌
നടന്നു കയറുന്നത്‌
കാണുമ്പോഴും

ഒച്ചയില്ലാതെ
കരയുന്നചുണ്ടുകളും
നെടുവീര്‍പ്പായി
വറ്റിപ്പോകുന്ന
കണ്ണീരുമുള്ള
സീതമാര്‍
ചരടില്ലാതെ
ബന്ധനസ്ഥരാവുന്നത്‌
കാണുമ്പോഴും

കവിത വിരസമാവുന്നതും
വിരഹം സ്വപ്നങ്ങളുടെ
മരണം ഒളിപ്പിക്കുന്ന
വാക്കാവുന്നതും അറിഞ്ഞു

Jun 1, 2008

വിരഹച്ചൂട്‌

മരുഭൂവിലെ
മണലിന്റെ ചൂട്‌
പ്രവസിക്കുന്ന
ഭര്‍ത്താക്കളുടെ
ഹൃദയത്തിന്റെ
പൊള്ളലെറ്റിട്ടാണ്‌.

കാലം തെറ്റി
വര്‍ഷിക്കുന്നത്‌
വിരഹിണിയായ
ഭാര്യമാരുടെ
കണ്ണീരാണ്‌.

മണലിലെ
വെയിലില്‍
കരിയുന്നത്‌
മണ്‍സൂണിലെ
മഴയില്‍
തളിര്‍ത്ത
സ്വപനങ്ങളും
മോഹങ്ങളുമാണ്‌.

ചെങ്കടലിന്റെ
ചുവപ്പ്‌
ദാമ്പത്യങ്ങളുടെ
മുറിവേറ്റ
ഹൃദയത്തിലെ
രക്തക്കറയാണ്‌.

May 27, 2008

സംശയങ്ങള്‍.

കുളിച്ച്‌
തുളസിക്കതിര്‍ ചൂടി,
പട്ടു പാവാടയുമുടുത്ത്‌
വരുന്ന
വെളുത്ത്‌ മെലിഞ്ഞ
ഒന്നാം ബെഞ്ചില്‍
ഒന്നാമതിരിക്കുന്ന
ആ ശാലീന സുന്ദരി
കടക്കെണ്ണിട്ട്‌
ആഭ്യജാത്ത്യമായി
ഒരു നോട്ടം
എറിയുമ്പോള്‍
എനിക്ക്‌
പുളകവും
അഭിമാനവും
തോന്നുന്നത്‌
എന്തു കൊണ്ട്‌?

****
കുളിച്ച്‌
തുളസിക്കതിര്‍ ചൂടി,
പട്ടു പാവാടയുമുടുത്ത്‌
സുന്ദരി ചമയാന്‍
നോക്കുന്ന,
കറുത്ത്‌, തടിച്ച്‌
പല്ലുന്തിയ
ഒന്നാം ബെഞ്ചില്‍
രണ്ടാമതിരിക്കുന്ന
ആ കുലട
കടക്കണ്ണിട്ട്‌
വശീകരണ
നോട്ടം
എറിയുമ്പോള്‍
എനിക്ക്‌
ഓക്കാനം വരുന്നത്‌
എന്തു കൊണ്ട്‌?