സ്വന്തം നെഞ്ചും മസ്തിഷ്കവും ചുഴിഞ്ഞ് കീറിയുള്ള ആതമ വിമര്‍ശനം കൊണ്ട് സമൂഹത്തെ പരിഹാസ്യമായി വിമര്‍ശിക്കുന്ന രീതിക്ക് പുതുമ അവകാശപ്പെടാനാവില്ലെങ്കിലും നല്ല സങ്കേതമാണ്
അത്തരം സങ്കേതങ്ങളിലാണ് നജൂസിന്റെ കവിതകള്‍ പടുത്തിയര്‍ത്തിയിരിക്കുന്നത്.
നജൂസിന്റെ ഒട്ടു മിക്ക കവിതകളും കപട നിരര്‍ത്ഥക മൂല്യങ്ങളുടെ നിരാസമാണ്. നേര്‍ക്കാഴ്ചകളോടുള്ള അവഗണനയും.
ഈ കവിതകളൊന്നും തന്നെ കണ്ണില്‍ പതിയുന്ന കാഴ്ചകളുടെ വെറും പകര്‍ത്തലുകളല്ല. അതേ സമയം കപട സദാചാര പ്രബുദ്ധതയുടെ മുഖം മൂടികളില്‍ വാക്കുകള്‍ കൊണ്ട് പോറലുകളിടുന്നു. അതിലൂടെ മുഖങ്ങളുടെ യഥാര്‍ത്ഥ നിറങ്ങളില്‍ വേളിച്ചം തട്ടിക്കുന്നു. ഈ കവിതകളുടെ വായന ചങ്കില് തറച്ചേക്കും പൊള്ളെലേല്‍പിച്ചേക്കും അതു കൊണ്ട് വീണ്ടും വീണ്ടും ഇവനെ വായിക്കും
പ്രണയത്തെ പറയുകയാണെങ്കില്‍ വിരഹമായിരിക്കും നജൂസിന്റെ കവിതയിലെ ഭാവം. "കാത്തിരിപ്പ്" തീര്‍ത്തും ഒരു വിരഹ കവിതയാണ്. ബോഡി സെലിബ്രിറ്റി (ശരീരാഘോഷം) പ്രണയമാവുന്ന കാലത്തും ആത്മാവ് പ്രണയാഘോഷ ശരീരത്തിലെ ഒരു അവയവമാണെന്നും അവക്ക് വേദനിക്കുമെന്നും മുറിവേല്‍ക്കുമെന്നും ഈ കവിത പറയുന്നു. നൃത്തത്തിന്റേയും ചിലങ്കയുടേയും ആഘോഷത്തിനും ആരവത്തിനും ശേഷം ഇടവഴികളില്‍ ഒരു വളപ്പൊട്ട് തേടുന്ന ഒരു ആത്മാവിനെ കവിതയുടെ വഴിയില്‍ കാണാം. ഏകദേശം ഇതേ അച്ചില്‍ വാര്‍ക്കപ്പെട്ട പ്രണയ വിരഹ കവിത തന്നെയാണ് "പായയും" പക്ഷേ അതിതീവ്രവും വൈകാരിവുമായ ബിംബങ്ങളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്,
“കാത്തിരിപ്പിലേതു” പോലെ അധികമായി പോയതും മുഴച്ചു നില്ക്കുന്നതുമായ ഒറ്റ വാക്കു പോലും ഇതിലില്ല . ഒരു പക്ഷേ കാത്തിരിപ്പെഴുതിയ ശേഷം എഴുതിയതായതു കൊണ്ട് കവി എഴുത്തില്‍ പാകത കൈവരിച്ചതുമാവാം , പിന്നീട് വരൂന്ന കവിതകളും കാലം കവിയുടെ കൈവഴക്കത്തിനും കരവിരുതിനും ചാരുത കൂട്ടുന്നതായും ന്യൂനതകളെ കുറക്കുകയും ചെയ്ത് കവിയില്‍ പാകത വരുത്തിയതായി കാണാം.
പായ എന്ന കവിതയില്‍ തീക്ഷ്ണ ബിംബങ്ങള്‍ നോക്കുക. അസംതൃപ്ത രതിയുടെ ഏറ്റവും സമൂര്‍ത്ത
ബിംബങ്ങളാണല്ലോ നാഗങ്ങള്‍,തലക്കെട്ടിലെ പായ തന്നെ ചൂടും തണുപ്പുമുള്ള (കാമവും മരണവും) ബിംബമായി കവിതയില്‍ വരുന്നു.
പക്ഷേ ഈ കവിതയിലും ഞാനിലേക്കും എന്നിലേക്കും തന്നെയാണ് കവി നടന്ന് കയറുന്നത്. എല്ലാ കവിതകളിലുമെന്ന പോലെ.
"മാപ്പ് സതീര്‍ത്ഥ്യാ" എന്ന കവിത വ്യക്തിപരമായി ആര്‍ക്കോ ഉള്ള കുറിപ്പായി തോന്നും വായനയില്‍. ഭാഷയും വാക്കുകളുടെ പെറുക്കി വെക്കലും മാത്രമല്ല കവിത എന്നുള്ളതു കൊണ്ട് തീര്‍ത്തും പരാജയപ്പെട്ട ഒരു കവിതയാണിത്.
ബിംബങ്ങളുടെ സഹായമൊന്നും തേടാത്തെ അയച്ചു കൊണ്ട് തന്നെ സ്വയം വിമര്‍ശിച്ച് ശക്തമായ സാമൂഹിക വിമര്‍ശം നടത്തുന്ന കവിതയാണ് “പുരുഷമേധം“‘, ആഴവും വേരുമിറങ്ങാതെ തന്നെ നേര്‍ക്കുനേര്‍ വായിച്ചു പോവാവുന്ന ഒരു കവിത.
ചിന്തകളില്‍ നിന്നും കവിത പൊട്ടിയൊലിച്ച് വന്നേക്കാം, അതിലെ ബിംബങ്ങളൊക്കെ ഒരു പ്ലാസ്റ്റിക് ബിംബങ്ങള്‍ പോലെ ജീവന് കുറവാവും എന്നാല്‍ അവ ചിന്തിപ്പിക്കും , പക്ഷെ കുറെ കാണുമ്പോള്‍ മടുപ്പിക്കും അത്തരം ബിംബ നിര്‍മിതിയാണ് കുപ്പായങ്ങള്‍ എന്ന കവിത. ചിന്തോദ്ധീപകമാണ് കവിത, പക്ഷേ എഴുതാന്‍ വേണ്ടി എഴുതിയ പോലെ.
ഈ കവിതാ കൂട്ടത്തിലെ പതിരാണ് സ്വതന്ത്ര്യം എന്ന കവിത.കവിത എന്ന് വിളിക്കാനാവാത്ത ഒന്ന്.
"ആദ്യരാത്രിയും" പറയുന്ന പ്രമേയത്തെ വേറിട്ട് പറയുന്നതു കൊണ്ടുള്ള രസംകൊണ്ട് വായനാ സുഖം നല്കുന്ന കവിതയാണ്. അവസാനവരി കവിയുടെ ആത്മീയതയും പുനര്‍ജനി വിശ്വാസവും പുറത്ത് കൊണ്ട് വരുമ്പോലെ തോന്നിക്കുന്നു.
"അന്യന്" നേരെ ചൊവ്വേയുള്ള വിരഹകവിതയെന്ന് തോന്നുമെങ്കിലും അത് ആധുനിക കുമിള പ്രണയങ്ങള്‍ക്ക് നേരെയുള്ള സാമൂഹിക വിമര്‍ശം കുറഞ്ഞ വരികളില്‍ ഞാനിലൂടെ ചിത്രീകരിച്ചതാണ്. എന്ത് തന്നെ പറയുമ്പോഴും ഞാനിന്റെ കൂട്ട് വേണമല്ലോ ഈ കവിക്ക്.
നജൂസിന്റെ ഏറ്റവും നല്ല കവിത "വേശ്യ"യാണെന്നതില്‍ സംശയമില്ല. നേരത്തെ പറഞ്ഞ പോലെ കപട പ്രബുദ്ധതയുടെയും മൂല്യ സദാചാരങ്ങളുടെയും നിരാസമാണീ കവിത. പ്രണയത്തിന്റെ വാര്‍പ്പുമാതൃകകളായ ഉപമകളെ പാടെ അട്ടിമറിച്ച് കൊണ്ട് കള്‍ട്ട്കളായ കവിതയേയും കവികളേയും കൊണ്ട് പ്രണയത്തെ ഉപമികുന്നു. ആധുനികകാലത്തെ അത്യുദാത്തമായ ഉപമകള്‍ അതു തന്നെയാണ്. വേശ്യ ജീവിതത്തിന്റെ ഇരുണ്ട മേച്ചില്‍ പുറങ്ങളിലാണെന്നും അവിടെ വെളിച്ചം പോയിട്ട് ഒരു തീ പൊരി പോലും കത്തിക്കാന്‍ അനുവദികാത്ത സമൂഹം അസംതൃപ്ത ലൈഗിംക തൃഷണയുമായി പാമ്പുകളേ പോലെ അവളില്‍ വിഷം ചീറ്റുമെന്നും പിശുക്കിയ വാക്കുകളില്‍ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അതും പോരാഞ്ഞ് പോക്കറ്റിലെ ഗാന്ധിതലയിലെ ചുംബനം കൃത്രിമത്ത്വത്തിനപ്പുറം എങ്ങനെ തൃഷണയെ ക്ഷമിപ്പിക്കും എന്നു കൂടി ചോദിച്ച് നിര്‍ത്തുന്ന കവിത അതി മനോഹരമായി അതീവ മുറുക്കത്തോടെ എഴുതിയതു തന്നെയാണ്. ഭോഗിക്കുമ്പോള്‍ ഏറ്റവും തരം താണ വേശ്യപ്രാപിക്കണമെന്ന ലൈഗിക ചൊല്ലുകളെ ഒരു നോട്ടിന്റെ വിലയുള്ള കൃത്രിമത്ത്വമേ ഈ ഭോഗത്തിനുമുള്ളൂ എന്ന വരിയിലൂടെ തിരുത്തിയടിക്കുന്നു കവി. പക്ഷേ അവസാന വരിയിലെ കടലിലെ അരയന്നങ്ങള്‍ എന്നത് ശരിയായ ഒരു പ്രയോഗം തന്നെയോ എന്ന് സംശയിക്കേണ്ടിയിരിക്കും.കവിത മൊത്തത്തില്‍ അപനിര്‍മിതിയായതു കൊണ്ട് തെറ്റാണെന്നും പറയാനുമാവില്ല
“കത്തിയും“ “വാതിലും“ ബിംബവല്‍ക്കരിച്ച കവിതയാണെങ്കിലും മസ്തിഷ്ക രചനയായതിനാല്‍ ബിംബങ്ങളിലൂടെ ആഴങ്ങളിലേക്കിറങ്ങേണ്ട അനിവാര്യതയില്ല. ഒരു ഈസി റീഡിഗ് ആണ് ഈ കവിതകള്‍ . എന്നാല്‍ നജു സ്പര്‍ശം ഈ കവിതകൾലിലെ പിരിമുറുക്കങ്ങളിലൂടെ നമ്മിലേക്ക് ആഴ്ന്നിറങ്ങും.
“ആവലാതിയും“ “സംശയവും“ പുരുഷപക്ഷത്തു നിന്നുള്ള പെണ്‍ശബ്ദങ്ങളും സ്ത്രീപക്ഷ രചനയുമാണ്. മാതാവിന്റെ നൊമ്പരതെ അതി തീവ്രമായി ചിത്രീകരിക്കുന്നു ഇവ രണ്ടും. "സംശയം" കവിതയിലെ ഭാവനകൊണ്ട് അത്ഭുതപ്പെടുത്തുന്നു ചേമ്പില കൂമ്പിലേക്ക് അടയാളമില്ലാത്ത ചോര , പെണ്ണ് സ്നേഹവും കരുണയും തന്നെയാണെന്ന് ആവര്‍ത്തിച്ച് പറയുന്നു ഈ കവിത. അതി മനോഹരമായ ശില്പഭംഗിയാണ് “സംശയം" എന്ന കവിതക്ക്, നിസ്സാരമെന്ന് തൊന്നുന്ന വരികളില്‍ എന്തൊരു പിരിമുറുക്കമാണ് പകരുന്നത്, വായിക്കുന്നവനൊക്കെയും പെണ്ണായി പോവുന്നു, പക്ഷേ കവി സ്വയം കുഴിക്കുക മാത്രമേ ചെയ്യുന്നുള്ളൂ..
"തടസ്സവും" ഒരു ഞാന്‍ കവിതയാണ്, എന്നാലും പ്രണയത്തിന്റെ ബോഡി സെലിബ്രിറ്റിയെ അല്ലെങ്കില്‍ ശരീരത്തിലൂടെ പ്രണയത്തിലേക്ക് നടന്നു കയറാനാവത്തവന്റെ നിസ്സഹായതയെ ചിത്രീകരിക്കുന്നു.
“‘ഉഷ്ണം“ എന്ന കവിത അതിന്റെ ഘടനാശെയിലി കൊണ്ട് രസകരമായ ഒന്നാണ്.
“‘ഉപ്പുമാങ്ങക്ക്“ ഇതര കവിതകളെ അപേക്ഷിച്ച് മുറുക്കം കുറവാണ്. എന്നാലും അവ ചില സൂചകങ്ങളിലേക്ക് ചൂണ്ടുവിരല്‍ നീട്ടുന്നുണ്ട്, കാണാതെ പോവുന്ന കാഴ്ചകളിലേക്ക് അത് വിരല്‍ ചൂണ്ടി കാണിക്കുന്നു. പൊന്നാനി കടപ്പുറത്തെ മുക്കുവരും ചെട്ടിച്ചിയും ഉമ്മൂമയും പിന്നെ വീണ്ടും ഞാനിലേക്ക് തിരിക്കുന്ന മുത്തങ്ങാ മണം നുള്ളിമാറ്റിയതുമൊക്കെ കാണാതെ പോവുന്ന കാഴ്ചകളിലേേക്കുള്ള ഒരു ചൂണ്ടല്‍ മാത്രമാണ്.
പൊതുവായനയില്‍ ആത്മരതി എന്ന് തോന്നിപ്പോവും വിധത്തില്‍ എന്നിലേക്ക് ഞാനിലേക്ക് ആത്മത്തിലേക്ക് ആഴ്ന്നിറങ്ങുന്ന കവിതകള്‍ എന്ന് തൊന്നുമെങ്കിലും ഞാന്‍,എന്നത് സമൂഹത്തിലേക്ക് തിരിച്ച് വെച്ച കണ്ണാടി മാത്രമാണെന്ന് വേരുകളിറങ്ങിയ വായന തീര്‍ച്ചപ്പെടുത്തുന്നു.
ഈ കവിതകളൊക്കെയും സമൂഹത്തിന്റെ അടയാളപ്പെടുത്തലോ അവക്കു നേരേയുള്ള ചൂണ്ടലോ ആണ്. ഓരോ കവിതയിലൂടെയും സ്വയം വളര്‍ന്ന കവിയാണ് നജൂസ് എന്ന് ഈ ബ്ലോഗിന്റെ പൂര്‍ണ്ണ വായനമനസ്സിലാക്കുന്നു. പിരിമുറുക്കത്തിനും ബിംബസൃഷ്ടിക്കും വേണ്ടി ചിന്തിച്ചെടുത്ത് ബുദ്ധി കൊണ്ട് ബിംബങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നതാണ് ഈ കവിയുടെ എറ്റവും വലിയ ന്യൂനത.
Jul 20, 2008
Subscribe to:
Post Comments (Atom)
3 comments:
കൊള്ളാം. എന്നാലും ഇത്ര പരത്തിപറയേണ്ടിയിരുന്നില്ല. മൂന്നോ നാലോ കവിതകളെ മാത്രം പരാമര്‍ശിച്ച് ആഴത്തിലുള്ള അവലോകനമായിരുന്നു വേണ്ടിയിരുന്നത്. അത്തരത്തിലൊന്ന് ഉടന്‍ പ്രതീക്ഷിക്കുന്നു. :)
നല്ല വായന; നിരീക്ഷണങ്ങള്‍
ആശംസകള്‍...
കൊള്ളാം
Post a Comment