Feb 26, 2008

മ്ലേഛ തുപ്പല്‍

പാര്‍ട്ടി പ്രകടനം
ലെവല്‍ ക്രോസ്സിങ്ങിന്‌
കാത്തു കിടക്കുമ്പോഴാണ്‌
തീവണ്ടിയില്‍ നിന്ന്
പാറി വന്നൊരു തുപ്പല്‍
നേതാവിന്റെ കുപ്പായത്തില്‍
പറ്റിപിടിച്ച്‌ ഉമ്മ വെച്ചത്‌

ഏത്‌ മേഛന്റെയാണാവോ?
ഇത്രേം ദുര്‍ഗന്ധം
വായില്‍ നുണഞ്ഞ്‌
നടക്കാന്‍ അറപ്പില്ലാത്തവന്‍

ചുണ്ടിനു മാത്രം
ഇന്നലത്തെ
ഗസ്റ്റ്‌ ഹൌസിലെ
ബലാല്‍ക്കാരമായൊരു
ചുംബനത്തിന്റെ
ഓര്‍മ വീണ്ടും.


തുപ്പലും കൊണ്ട്‌
വീണ്ടുമുയര്‍ന്ന
കൊടിക്ക്‌
നക്ഷത്ര തിളക്കം
വിപ്ലവത്തിന്റെ
പൊന്‍ പ്രഭ

പടിഞറേക്ക് ചാഞ
ഒരു സൂര്യ കിരണം
കൊടിയോട്
പ്രേമപൂര്‍വ്വം
കണ്ണിറുക്കി

Feb 12, 2008

കവിതയുടെ ഉറവ.(വീണ്ടും കണ്ടെടുത്തത്‌)

പുഴയിലെ ഓളങ്ങള്‍
കാലിലേക്ക്‌
അരിച്ചു കേറുമ്പോള്‍
കവിതയുടേ ഉറവ
വറ്റിപ്പോയിരിക്കുന്നെന്ന്
അവള്‍
വറ്റിയതാവില്ല
കാണാതെ പോയതാവുമെന്ന്
ഞാന്‍
എങ്കില്‍ വീണ്ടെടുക്കാമെന്ന്
ഞങ്ങളും
മുകളിലാരോ
നഞ്ചിട്ടപ്പോല്‍
ചാവാതെ പോയൊരു
മീന്‍ കാലില്‍
തടഞ്ഞ്‌ ഒന്നു പിടഞ്ഞു
പിന്നേം ഒലിച്ചു പോയി
മേലേ കടവില്‍
പെണ്‍ ബാല്യം
ആണ്‍ ബാല്യത്തോടൊരു
തുറന്ന ചോദ്യം
ഇവിടെ നീ "വളി"
വിട്ടെതെന്തിനെന്ന്
അപ്പോള്‍ കവിതയുടെ
ഒരു ഉറവ
അവളുടെ കണ്ണില്‍ നിന്ന്
ഞാന്‍ കണ്ടെടുത്തു